Sunday, July 26, 2009

മരിക്കാത്ത ഓർമ്മകൾ-18

ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പുറത്തേയ്ക്ക് ഓടി., ഗേറ്റ് കടന്നുവരുന്ന രാധിക, ബ്രേക്കിട്ടപോലെ ഞാൻ നിന്നു,
“അല്ല ഇതാര്, രാധികയോ വരു”
“എന്താ ഓടിവരുന്നത് കണ്ടു.. ?”
“പാട്ട് കേട്ടിട്ടാ….”
“..? “
“അതല്ല, സുശീലൻ പാടുകയായിരുന്നു, ഞാൻ ചുമ്മാ തമാശയ്ക്ക്..”
“എവിടെ ഗായകൻ “
എന്റെ പിന്നാലെ രാധികയും റൂമിലേയ്ക്ക് വന്നു, സുശീലനും സുന്ദരനും ഞങ്ങളെ നോക്കി
“രാധികയോ, വരു…. ഇവിടെ സൌകര്യങ്ങൾ ഒക്കെ കുറവാണ്”
“ഇതൊക്കെ തന്നെ ധാരാളം, “
“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ , ജോലി ഒക്കെ എങ്ങനെ പോകുന്നു “
“തരക്കേടില്ല നിങ്ങൾക്ക് ജോലി ആയോ “
“ഉവ്വ്, ഇവിടെ അടുത്ത് ഒരു റോട്ടറിസ്വിച്ച് ഉണ്ടാക്കുന്ന കമ്പനിയിൽ”
“അതേയോ, നന്നായി ഭാഷ ഒക്കെ പഠിച്ചോ“
സുശീലൻ വളരെ കാര്യമായി സംസാരം തുടങ്ങി, ഈശ്വരാ ഇവൻ ആളൊരു കേമനാണല്ലോ, പ്രായംതികഞ്ഞ രണ്ട് ആത്മാക്കൾ ഇവിടെ നിൽക്കുമ്പോൾ നരന്ത് പയ്യൻ കയറി വീശിതപ്പുന്നല്ലോ, സുന്ദരൻ എന്നെ നോക്കി അവന്റെ ചുണ്ടിൽ ഒരു ഊറിയ ചിരി, എടാ വാനരാ, ഈ ശുനകൻ കാണിക്കുന്ന പണിക്ക് നീ കുടപിടിക്കെണ്ടാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവസാനം എന്നിലെ അസൂയ പുറത്തുചാടി
“സുശീലാ നീ ചെന്ന് ചായ ഇട്, നീ ചായ ഇട്ടാൽ അതിന് ഒരു പ്രത്യേഗ രുചിയാ “
അടികിട്ടിയ പോലെ സുശീലൻ എന്നെ നോക്കി, എടാ മരമാക്രി നീ അധികം ആളുകളിക്കല്ലെ എന്ന ഒരു ലുക്ക്, എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, കളി വിജയനോടാ…ഹും
“ഓ അതിനെന്നാ ഇപ്പോൾ തന്നെ ഇടാം”
അവന്റെ എളിമയ്ക്ക് ഒരു ശ്രീനിവാസൻ ടച്ച്, ഇവനാള് പുലികള് തന്നെ, എന്തായാലും അല്പനേരത്തേയ്ക്ക് ആ “വാരണം” ഒഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ രാധിക ഇരുന്ന കട്ടിലിൽ ഞാൻ ഇരുന്നു.
“എടാ നീ ഒരു കാര്യം ചെയ്യ് ആ കടയിൽ നിന്നും എന്തെങ്കിലും കൊറിക്കാൻ വാങ്ങ് ഒത്തിരി ദിവസം കൂടിയല്ലെ രാധിക ഈ വഴി വരുന്നത് “
ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി, സുന്ദരൻ അവന്റെ ഒടുക്കത്തെ സ്നേഹം പാര പണിയുന്നതിനും എന്തൊരു അടുക്കും ചിട്ടയും, ഒരുത്തനെ സ്നേഹത്തിന്റെ ഭാഷയിൽ ഒഴിവാക്കിയപ്പോൾ അതേ ചട്ടുകം കൊണ്ട് സുന്ദരൻ എന്നെ മറിച്ചിട്ടു. പൂഴ്ത്തിവച്ചിരുന്ന സ്നേഹക്കടൽ ഒരു തിരമാലയായി എന്റെ ഉള്ളിൽ നിന്നും പുറത്തുചാടി
“ ഓ…. ഞാനതോർത്തില്ല.. എങ്കിൽ നീയൊരു കാര്യം ചെയ്യ് അപ്പുറത്തെ കടയിൽ നിന്നും വാങ്ങി വേഗം വാ, ദാ പൈസ വച്ചോ “
പഴ്സിൽ നിന്നും ഇരുപത് രൂപ എടുത്ത് ഞാൻ സുന്ദരന്റെ കയ്യിൽ കൊടുത്തു അവൻ എന്തെങ്കിലും പറയുന്നതിന് മുൻപുതന്നെ ഞാൻ അടുക്കളയിലേയ്ക്ക് വലിഞ്ഞു
“സുന്ദരാ നംകീൻ മതി കേട്ടോ, അപ്പോഴേയ്ക്കും ഞാൻ ഈ ഗ്ലാസുകൾ ഒക്കെ കഴുകി വയ്ക്കാം “
പണിത പാര സ്വയം വിഴിങ്ങി സുന്ദരൻ പടിയിറങ്ങി, ജന്നലിന്റെ വിടവിലൂടെ ഞാൻ അത് കണ്ടു അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഗ്ലാസ്സ് പെട്ടന്ന് കഴുകി ഞാൻ സുശീലന്റെ കയ്യിൽ കൊടുത്തു പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു
“ സാവധാനം ചയ ഉണ്ടാക്കിയാൽ മതി കേട്ടോടാ…..”
“ചെവിയിൽ നുള്ളിക്കോ പണിഞാനും തരാം “
“ഉവ്വേ ഇയ്യാവ് ആര് പെരുന്തച്ചന്നോ..”
ഞാൻ പെട്ടന്ന് റൂമിലേയ്ക്ക് വന്നു.മേശപ്പുറത്ത് കിടന്നിരുന്ന പഴയ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് കട്ടിലിൽ ഇരിക്കുന്ന രാധിക, ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ കൊട്ടാരത്തിൽ ഇരിക്കുവാൻ പറ്റിയ ഉയരമുള്ള ഫർണീച്ചർ ഇഴകൾ പൊട്ടിയ ആ കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം എങ്കിലും ഞങ്ങൾ അവിടെ സംതൃപ്തർ ആയിരുന്നു (പ്രകൃതി നിയമം) എന്റെ പതചലനങ്ങൾ കേട്ടാവം അവളുടെ മിഴികൾ വാതിക്കലേയ്ക്ക് നീണ്ടു. എന്നെ കണ്ടപ്പോൾ ആ ചുണ്ടുകളിൽ ഒരു മന്ദസ്മിതം, ആഗ്രഹങ്ങൾ കൊണ്ടുനടക്കാത്ത എന്റെ മനസ്സിലേയ്ക്ക് ഒരു നിലാമഴയായി അത് പെയ്തിറങ്ങി , ചങ്ങം പുഴ ആയിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷം, ഒപ്പം ബോസ്സിന്റെ ഓർമ്മകൾ അതിന്റെ മേൽ കരിനിഴൽ വീഴ്ത്തി, എന്നിലെ സാമൂഹ്യജീവി, ന്യായാന്യായങ്ങളുടെ നീതി വിസ്ഥാരവുമായെത്തി അന്യന്റെ കാമിനിയെ കാമിക്കുന്നതും, മനോരുഹത്തിൽ പ്രദിഷ്ടിക്കുന്നതും, സാമൂഹ്യ വിരുദ്ധതയാണത്രെ!, ഞാൻ എന്റെ മിഴികൾ പിൻവലിച്ചു, ഛെ, ബോസ്സ് എന്ത് വിചാരിക്കും, ഞാൻ എന്നിലെ കാമുകനെ അടിച്ചൊതുക്കി മൂലക്കിരുത്തി, അവന്റെ പരിനിവേദനങ്ങൾ ഞാൻ ചെവിക്കൊണ്ടില്ല. ഇത്രയും കാര്യങ്ങൾ രണ്ട് മൈക്രോ സക്കന്റ് കൊണ്ടു നടന്നതാണ്, ഈ ചിന്തയുടെ ഒരു സ്പീടെ!!
“ഉം… എന്താ ആലോചിക്കുന്നത്.. “
ചറിയ ഒരു ഞടുക്കം എന്നിലുണ്ടായി കാരണം മുഖം മനസ്സിന്റെ കണ്ണാടി ആണന്നല്ലെ മൂപ്പിലാൻ പറഞ്ഞത് (അങ്ങനെ ആരാണ്ടൊക്കെ പറഞ്ഞത് ഞാൻ ഓർത്തു ) അങ്ങനെ ആണെങ്കിൽ ഈ തരുണീരത്നം എന്റെ മനോവിചാരങ്ങൾ ഒട്ടും വെളുത്തതല്ലാത്തെ എന്റെ മുഖശ്രീയിൽ നിന്നും വായിച്ചെടുത്താൽ!
“ഒന്നുമില്ല ഞാൻ തന്നെ ഒന്നു കാണുകയായിരുന്നു “
ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല, ഞാൻ ഇടിവെട്ടറ്റപോലായി, എനിക്ക് വിശ്വാസം വന്നില്ല, ഈ ഞാൻ തന്നെ ആണോ അങ്ങനെ പറഞ്ഞത്!! ???.
ഞാൻ വാതിൽക്കലേയ്ക്ക് നോക്കി ഇനീ സുശീലൻ ആണോ പറഞ്ഞത് അല്ല എന്ന് ഉറപ്പിച്ചു,
“ഈ ചിരുദാറിൽ താൻ എത്ര സുന്ദരി ആണ് എന്ന് പറയുകയായിരുന്നു”
എടാ മഹാപാപി നീ ആളെ കൊലയ്ക്ക് കൊടുത്തേ അടങ്ങു, ഞാൻ കയ്കൊണ്ട് എന്റെ കഴുത്തിൽ അമർത്തി, ബോസ്സിന്റെ ഉറച്ച ശരീരം മനസ്സിൽ പതിഞ്ഞു
“അയ്യോ…. “
അത്രയും കൂടെ എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നു, പിന്നെ അതിന്റെ തുടർച്ചയായി ഒരു ഉരുണ്ടുകളിയും
“ ഞാൻ ഇപ്പോഴാ ഓർത്തത്, ഞങ്ങളുടെ മണ്ണെണ്ണ തീരാറായി, ഉണ്ണിച്ചേട്ടൻ പറഞ്ഞു രാധികയോട് ഒന്ന് ചോദിക്കാൻ അതാ……“
“നോക്കട്ടെ…, നാളെ ഞാൻ പറയാം “
“ശരി..”
അപ്പോഴേയ്ക്കും സുന്ദരൻ നംകീനുമായി എത്തി, കൈയ്യിൽ ഉണ്ടായിരുന്ന പോളിബാഗ് തുറന്നപ്പോൾ എന്റെ കണ്ണുതള്ളി, ഇരുപത് രൂപയും ദുഷ്ടൻ തീർത്തിരിക്കുന്നു, പ്രതികാരം, പ്രതികാരം ഞാൻ അവനെ സൂക്ഷിച്ച് നോക്കി ദുഷ്ടാ ഇങ്ങനെ പണിയരുത് ഒരു പാവം സഹമുറിയനെ… , അവൻ എന്നെ നോക്കി ഊറി ചിരിച്ചു, പണി സുന്ദരനോടാണോ എന്ന രീതിയിൽ. സുശീലൻ ചായയുമായെത്തി ആദ്യം ഒരു നിറകപ്പ് ചായ രാധികയ്ക്ക് കൊടുത്തു, പിന്നെ സുന്ദരന്, ശേഷിച്ചത് ഡെസ്കിന്റെ മുകളിൽ വച്ചു
“ അളിയ ചായ ചൂടാറുന്നതിന് മുൻപ് കുടിക്ക് അല്ലെങ്കിൽ അതിന്റെ രുചി പോകും…”
ഇവന്മാരാരും മോശമില്ല, എങ്ങനെ മോശമാകും എല്ലാവരും എന്റെ നാട്ടുകാരല്ലെ, ങാ, സാരമില്ല, ഞാൻ ചായകപ്പ് ചുണ്ടോട് ചേർത്തു, സുന്ദരൻ നംകീനും ചിപ്സും എല്ലാം ഒരു പ്ലേറ്റിൽ ഇട്ട് കൊണ്ടുവന്നു. അല്പനേരം കൂടെ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു, അവൾ യാത്രപറഞ്ഞിറിങ്ങി, വാതിൽക്കൽ വരെ ഞാൻ അവളെ പിന്തുടർന്നു, പോകുന്നതിന് മുൻപ് ഒരിക്കൽ കൂടെ മണ്ണണ്ണയുടെ കാര്യം ഞാൻ അവളെ ഓർമ്മിപ്പിച്ചു, നാളെയും കാണമല്ലോ എന്ന വിചാരത്തിൽ ഞാൻ തിരിച്ചു നടന്നു.

1 comment:

വെള്ളത്തൂവൽ said...

“ഒന്നുമില്ല ഞാൻ തന്നെ ഒന്നു കാണുകയായിരുന്നു “
ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല, ഞാൻ ഇടിവെട്ടറ്റപോലായി, എനിക്ക് വിശ്വാസം വന്നില്ല, ഈ ഞാൻ തന്നെ ആണോ അങ്ങനെ പറഞ്ഞത്!! ???