Sunday, May 31, 2009

മരിക്കാത്ത ഓർമ്മകൾ-9

-9-

ഉണ്ണിച്ചേട്ടൻ തന്നെ എല്ലാത്തിനും മുൻകൈഎടുത്തു, ആട്ട( ഗോതമ്പ് പൊടി) എടുത്ത് സാമാന്യം വ്യാസമുള്ള ഒരു പരന്ന അലുമിനിയം പാത്രത്തിലേയ്ക്ക് കുടഞ്ഞിട്ടു. പിന്നെ അല്പം ഉപ്പ്, പിന്നെ കുറച്ച് വെള്ളം ഒഴിച്ചു, പിന്നെ നന്നായി കുഴച്ചു, ഒരു വലിയ ബോളിന്റെ വലിപ്പം ഉണ്ടായിരുന്നു മാവ് കുഴച്ചതിന്, പിന്നെ അതിൽ വിരൽകൊണ്ട് അമർത്തി മാർദ്ദവം ഉറപ്പ് വരുത്തി. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് ഓരോരുത്തർക്കും പണി നിർദ്ദേശിച്ചു.
“ സുശീലൻ ചപ്പാത്തി പരത്തുക, അത് തവയിൽ (ദോശക്കല്ല് പോലെ ഒന്ന്) വേവിച്ചെടുക്കുന്ന പണി സുന്ദരന്, പിന്നെ നീ കറിക്കുള്ള പച്ചക്കറി അരിയുക “
“ശരി, ഞങ്ങൾ റെഡി”
ഞങ്ങൾ എല്ലാവരും നല്ല മൂഡിൽ ആയിരുന്നു, ഞങ്ങൾ മൂന്ന് പേരും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പാചകം ചെയ്യുന്നതോ സഹായിക്കുന്നതോ, പിന്നെ കാര്യങ്ങൾ വളരെ വേഗം പുരോഗമിച്ചു. റോട്ടി (ചപ്പാത്തി) ഒന്നിനുമേൽ ഒന്നായി ഉയർന്നുവന്നു, അതിൽ പലതും കേരളത്തിന്റേയും, തമിഴ്നാടിന്റേയും ഒക്കെ മാപ്പ് രൂപത്തിലായിരുന്നു പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും ഞങ്ങൾ പാചകം പൂർത്തിയാക്കി,കഴിക്കാനുള്ള പാത്രങ്ങൾ എല്ലാം കഴുകികൊണ്ട് സുന്ദരൻ വന്നു,
തറയിൽ ഒരു പേയ്പ്പർ വിരിച്ച് ഞങ്ങൾ നാലുപേരും ഇരുന്നു, നടുക്ക് മാഹാമേരുപോലെ റൊട്ടി, എല്ലവരും പരസ്പരം നോക്കി നാല്പേര് തിന്നാൽ ഇത് തീരുമോ എന്ന് ഞാൻ സംശയിച്ചു. ഉണ്ണിച്ചേട്ട് തന്നെ തുടക്കമിട്ടു
“ എങ്കിൽ പിന്നെ തുടങ്ങാം..”
“ശരി ആയിക്കോട്ടെ..”
ഞങ്ങൾ എല്ലാവാരും റൊട്ടി അവനവന്റെ പാത്രത്തിലേയ്ക്ക് എടുത്തു, ഫൂൽ ഗോപി, നാട്ടിൽ മൊട്ടകൂസ്സ് എന്നു പറയുന്ന (കോളിഫ്ലവർ) അതും ആലു (ഉരുള കിഴങ്ങ് എന്ന പൊട്ടറ്റോ) ഇതുരണ്ടും പിന്നെ മസാലയും ചേർന്ന തായിരുന്നു സബ്ജി (കറി) നല്ല ചൂട് കറി, പിന്നെ നടന്ന കലാപരിപാടിയിൽ മഹാമേരു, വെറും മരു ഭൂമി ആയി, ഒരു അമ്പരപ്പോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, ആരെയും ശ്രദ്ധിക്കാതെ തലകുനിച്ചിരിക്കുന്ന സുശീലൻ ആണ് ഈ വിജത്തിന്റെ മുഖ്യശില്പി എന്നത്. ഈ…ശ്വരാ. ഇവനെ കണ്ടാൽ പറയില്ലല്ലോ ഇവൻ ഒരു ഖിലാഡി ആണെന്ന്, പണിഉടനെ കിട്ടിയില്ലങ്കിൽ ഇവൻ ഞങ്ങളെ തിന്നും!
“ സംഗതി കൊള്ളാം….”
അവസാനത്തെ റൊട്ടികഷണവും ചവച്ചിറക്കിക്കൊണ്ട് സുശീലൻ പറഞ്ഞു… ചെറിയ ഞെട്ടലോടെയാണ് ഉണ്ണിച്ചേട്ടൻ അത് കേട്ടത്, മുഖത്തെ ചിരിയിൽ നിന്നും അത് വ്യക്തമായിരുന്നു
‘സുശീലന് നല്ല വിശപ്പുണ്ടായിരുന്നു അല്ലെ “
“ഉം..”
പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ചു,പിന്നെ ഞങ്ങൾ എല്ലാവരും റൂമിൽ വന്നു, ഉണ്ണിച്ചേട്ടന് ഒരു കട്ടിൽ ഉണ്ടായിരുന്നു, ഫോൾഡിംഗ് ടൈപ്പ് അതിലെ പ്ലാസ്റ്റിക്ക് ഇഴകൾ മിക്കവാറും എല്ലാം പൊട്ടിയതായിരുന്നു, റജായി എടുത്ത് വിരിച്ച് അതിന്റെ മുകളിൽ ഉണ്ണിച്ചേട്ടൻ കിടന്നു. ഞങ്ങൾ താഴെ പുതപ്പ് വിരിച്ച് അതിന്റെ മുകളിൽ കിടന്നു. നാട്ടുവർത്തമാനം പറഞ്ഞ് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു.
നേരം നന്നേ പുലർന്ന ശേഷമായിരുന്നു ഞങ്ങൾ എണീറ്റത്. അപ്പോഴേയ്ക്കും ഞങ്ങൾടെ അപ്പാർട്ട്മെന്റ് സമുച്ഛയം ഏതാണ്ട് വിജനമായി എന്ന് പറയാം. ഉണ്ണിച്ചേട്ടൻ രാവിലെ തന്നെ എണീറ്റ് കുളികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങി
“ നിങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കഴിക്ക് ജോലിക്കാര്യത്തിനായി ഞാൻ പുറത്ത് വരെ പോകുകയാണ് ചിലപ്പോൾ വൈകിട്ടെ എത്തു “
“ ശരി..”
സുന്ദരൻ പല്ലുതേച്ച്, കുളി ഒക്കെ പാസാക്കി പുറത്തുവന്നു,
“എടെ, ചേട്ടൻ പണിക്ക് പോയതാണോ, പണി അന്വേഷിച്ച് പോയതാണോ “
“ നീ സമാധാനപ്പെട്., പുള്ളി എന്തെങ്കിലും തരികട കാണിക്കാതിരിക്കില്ല, റോട്ടി കഴിക്കണ്ടേ……മോനെ…”
ഒരീണത്തിൽ പറഞ്ഞുകൊണ്ട് അവൻ അകത്തേയ്ക്ക് പോയി, ബ്രഷും പേസ്റ്റും എടുത്തുകൊണ്ട് ഞാൻ ബാത്ത് റൂമിലേയ്ക്ക് കയറി, തറ നല്ല വൃത്തിയാട്ടാണ് കിടക്കുന്നത് പക്ഷെ വശങ്ങളിലെ ഭിത്തിയിൽ സോപ്പും ചെളിവെള്ളവും വീണ് ആകെ മനം മടുപ്പിക്കുന്ന വിധത്തിലും, ഒരു വിധത്തിൽ അവിടെ നിന്നും കുളിച്ച് ഇറങ്ങി, റൂമിൽ എത്തിയപ്പോൾ സുശീലൻ തന്റെ ഊഴത്തിനായി കാത്തിരിക്കുന്നു, ഞാൻ ചെന്നപ്പോൾ അവൻ പുറത്തേയ്ക്ക് ഇറങ്ങി
“സുന്ദരാ എങ്ങനാടാ അതിൽ നിന്നത്..? “
“ഉം എന്തുപറ്റി…”
“അതിന്റെ സൈഡ് ഭിത്തിയിൽ ഒക്കെ ആകെ അഴുക്ക്..”
“അതിന് നീ എന്തിനാ ഭിത്തിയിൽ പിടിക്കാൻ പോയത് നാളെ അശോക ഹോട്ടലിൽ നമുക്ക് മുറി പറഞ്ഞിട്ടുണ്ട് “
“എന്നാൽ പിന്നെ നാളെ അവിടെ ആകട്ടെ കുളി, ആളെ കോമാ ആക്കല്ലെ….. സുന്ദരാ…”
“ പിന്നെല്ലാതെ അവന്റെ ഒരു വൃത്തി….! “
“നീക്ഷമിക്കടെ! ഞാൻ പറഞ്ഞത് പിൻവലിച്ചിരിക്കുന്നു “
“എന്നാൽ നിനക്ക് കൊള്ളാം “
“ ഉവ്വ് സമ്മതിച്ചു, നീ വാ രാവിലെ എന്തെങ്കിലും ഞണ്ണണ്ടെ ? “
“എനിക്ക് ബ്രഡ് ഓംലെറ്റ് മതി “
“വേറെ എന്തെങ്കിലും ? ഹോട്ടായിട്ട്..?”
“ഒരു ചൂട് കാപ്പികൂടെ ആവാം, ഒരുബക്കറ്റ് തണുത്തവെള്ളം ദേഹത്ത് വീണിട്ട്, മൊത്തം കോച്ചി പിടിക്കുന്നു..”
“നിന്റെ ഈ കോഴി മസിൽ ആരെയും കാണിക്കെണ്ടാ, എല്ലിൽ കുരുങ്ങി കിടക്കുന്ന ആ കാഴ്ച്ച, ഹരീ ശ്രീ അശോകൻ കണ്ടാൽ കോപ്പി റൈറ്റിന് കേസ്സ് കൊടുക്കും, എന്റെ പൊന്നു കൂട്ടുകാര നീ ആ ബെനിയൻ എടുത്തിട് തണുപ്പടിച്ച് വടി ആയാൽ ബോഡി നാട്ടിലെത്തികാനുള്ള കാശ്പോലുമില്ല എന്റെ കയ്യിൽ”
“നീ നാക്ക് വളയ്ക്കാതെ അറമ്പറ്റും “
“ശരി നീവാ എനിക്ക് നന്നായി വിശക്കുന്നുണ്ട്”
ഞങ്ങൾ അടുക്കളയിൽ കയറി, മൂന്ന് കോഴിമുട്ടയും, സവാള, പച്ചമുളക് തുടങ്ങിയ അനുബന്ധ സാമഗ്രികളും എടുത്ത്, മുറിയിൽ വന്നു, കഴുകി എടുത്ത മുളകും സവാളയും വേഗം അരിഞ്ഞ് റെഡിയാക്കി പിന്നെ സുന്ദരൻ തവ അടുപ്പത്ത് വച്ചു. അലമാരിയിൽ നിന്നും ബ്രഡ് എടുത്ത് അതും ചൂടക്കി എല്ലാം പത്ത് മിനിട്ട് കൊണ്ട് റെഡിയാക്കി, അപ്പോഴെയ്ക്കും സുശീലൻ കുളികഴിഞ്ഞെത്തി
“സാറ് എത്തിയല്ലോ….”
“എന്താടാ അളിയന്മാരെ ഉണ്ടാക്കിയത്…. ആഹ ബ്രഡോ… എന്റെ ഫേവറേറ്റ്..”
“മോനെ സുശീല ഇവിടെ തീറ്റ മത്സരം ഒന്നുമില്ല വിശപ്പിനുള്ളത് കഴിക്കാവു “
“അത് ഒന്നാക്കിയതാണല്ലോ..”
“അല്ല മുന്നറിയിപ്പാ…. പണി ശരിയായി കഴിഞ്ഞ് കഴിക്കാൻ വേണ്ടി ജീവിച്ചോ
അതുവരെ ജീവിക്കാൻ വേണ്ടി കഴിക്കുക..”
“ശരി……”
“ഞങ്ങൾ മൂന്നുപേരും പ്രഭാതഭക്ഷണത്തിനായ് ഇരുന്നു………..

Sunday, May 24, 2009

മരിക്കാത്ത ഓർമ്മകൾ-8

-8-
ഉണ്ണിച്ചേട്ടൻ, അശോകന് നമസ്തേ പറഞ്ഞു, പിന്നെ കാര്യത്തിലേയ്ക്ക് കടന്നു, (ഹിന്ദി ഒഴിവാക്കുന്നു, അതായിരിക്കും എളുപ്പം എന്ന് തോന്നുന്നു)
“ഇന്നലെ സുന്ദരിമാ, ഒരൂ റൂം കിച്ചൺ ഉണ്ടെന്നു പറഞ്ഞു ഞാൻ അഡ്രസ്സ് പറഞ്ഞുതരാം ഒന്നു തിരക്കി നോക്കു, ചിലപ്പോൾ കിട്ടും “
“ശരി..”
ഞങ്ങൾ അഡ്രസ്സ് വാങ്ങി അവിടുന്ന്, സുന്ദരി മായുടെ വീട് ലക്ഷ്യമാക്കി നടന്നു. കുറച്ച് ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഗാവിന്റെ (ഗ്രാമത്തിന്റെ) പ്രതീതി, ചില രാജേഷ ഖന്ന സിനിമയുടെ ഒരു ടച്ച്. ചാണകവും, (പശുവിന്റെ വിസർജ്ജം) ഗോതമ്പിന്റെ വേസ്റ്റും ചേർത്ത് വൃത്താകൃതിയിൽ പരത്തി ഉണക്കി എടുത്ത ഒരു സംഭവം ഞങ്ങളുടെ നാട്ടിൽ ഇതിന് ചാണകപരള എന്ന് പറയും ശവദാഹത്തിനും മറ്റും ഉപയോഗിക്കും, ഇവിടെ വിറകിന് പകരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഈ സംഭവം വൃത്താകൃതിയിൽ അടുക്കി കൂന പോലെ വച്ചരിക്കുന്നു, അങ്ങനെ അവിടെ നിറയെ ഇത്തരം കൂനകൾ കാണപ്പെട്ടു, ഇനി എവിടെ ആയിരിക്കും സുന്ദരി മായുടെ വീട് ? വീടിന് പുറത്ത് കണ്ട ഒരു വൃദ്ധനോട് സുന്ദരി മായെ കുറിച്ച് തിരക്കി,
അയാൾ അപ്പുറത്തുള്ള ഒരു വീട് ചൂണ്ടികാട്ടി, കാലപ്പഴക്കം ചെന്ന വീടായിരുന്നു അത്. ഞങ്ങൾ ആ വീട്ടിൽ ചെന്നു അവിടെ പുറത്ത് ഇട്ടിരുന്ന ചാറപ്പായിൽ (ചണം പാകിയ കട്ടിലിന് തുല്ല്യമായ ഉപകരണം) ഒരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു, അതായിരുന്നു സുന്ദരിമാ…. തലയിൽ കൂടെസാരിതലപ്പിട്ട് അവർ മുഖം മറച്ചിരുന്നു. ഞങ്ങളെ കണ്ട് അവർ അതിൽ നിന്നും എണീറ്റു,
“ ആന്റിജി, ഞങ്ങൾക്ക് ഒരു റൂം വാടകയ്ക്ക് വേണമായിരുന്നു, കടയിലെ അശോകനാണ് ആന്റിയോട് ചോദിക്കാൻ പറഞ്ഞത് “
“ശരി,….റൂം ഉണ്ട് പക്ഷേ വാടക ഞാൻ കുറയ്ക്കില്ല “
“ശരി, ആദ്യം റൂം കാണട്ടെ…”
ആന്റി ഞങ്ങളുടെ കൂടെ വന്നു, അവിടെ നിന്നും കുറച്ച് ദൂരെ ആയിരുന്നു ആന്റിയുടെ വാടക വീട്, രണ്ട് ഗള്ളി പിന്നിട്ട് ഒരു കോർണറിൽ ആയിരുന്നു ആന്റിയുടെ ഫ്ലാറ്റ് സമുച്ഛയം. (രണ്ട് നിലയെ ഉള്ളു അല്പം അശ്ചര്യത്തിനായി പ്രയോഗിച്ചെന്നു മാത്രം)
ഞങ്ങൾ അഞ്ചുപേരും ആന്റിയും അവിടേയ്ക്ക് കടന്നു, ഒരു പടിപ്പുര, അത് നാട്ടിലെ പോലെ തന്നെ തടികൊണ്ട് ഉണ്ടാക്കിയതാണ്. അതിന്റെ വിജാഗിരിഒക്കെ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചിരുന്നു, കിരുകിര ശബ്ദത്തോടെ തുറന്നു (പണ്ടത്തെ കൈരളിവിലാസം ലോഡ്ജ് എന്ന സീരിയൽ ഓർമ്മ വന്നു) ഞങ്ങളെ കണ്ടിട്ടാവാം കിളിവാതിലുകളിൽ നിന്നും പല തലകളും പുറത്തേയ്ക്ക് നീണ്ടു, അക്കൂട്ടത്തിൽ ചില തരുണീ തലകളും കണ്ടു, ഈ…ശ്വരാ എല്ലാം കാണാൻ ആളുകൾ ഉണ്ടല്ലോ! എന്നൊരാശ്വാസമായിരുന്നു എല്ലാ മുഖങ്ങളിലും (ഞങ്ങളുടെ)
വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയാൽ അല്പം തുറസായ സ്ഥലം അത്, കടപ്പ കല്ല് പാകിയിരുന്നു. പിന്നെ നാട്ടിലെ തിണ്ണ പോലെ ഒരു വഴി അതിലേയ്ക്കാണ് എല്ലാ മുറുകളുടേയും വാതിൽ തുറക്കുന്നത്.ഗ്രൌണ്ട് ഫ്ലോറിൽ നാല് മുറികൾ ഒന്ന് ഞങ്ങൾക്ക് പറഞ്ഞ മുറി, മറ്റൊന്നിൽ ഒരു തടിയൻ സർദാർ താമസിക്കുന്നു, അതിനപ്പുറത്ത്, ബീഹാറികൾ (ബീഹാർ സ്വദേശികൾ) താമസിക്കുന്നു, നാലാമത്തെ മുറി ഞങ്ങളുടെ മുറിയുടെ ഓപ്പസിറ്റാണ് അതിന്റെ വാതിൽ ഗള്ളിയിലേയ്ക്കാണ് തുറക്കുന്നത്, ഈ നാലമത്തെ മുറിയോട് ചേർന്നാണ് കക്കൂസ്സ്, കുളിമുറി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഈ ഫ്ലോറിൽ താമസ്സിക്കുന്ന എല്ലവർക്കും ഉപയോഗിക്കണം അതായത് കോമൺബാത്ത്റൂം,
ആന്റി പൂട്ട് തുറന്ന് മുറി കാട്ടിത്തന്നു, തരക്കേടില്ലാത്ത മുറി, ചുവരിൽ അലമാര, (കടപ്പ കല്ല്കൊണ്ട് തട്ടുണ്ടാക്കിയ ഇൻ ബിൽറ്റ് സംഭവം).പിന്നെ അതിനോട് ചേർന്ന് അടുക്കള (രസോയി) മൂന്നടി നീളം രണ്ടടി വീതി ഒരാൾക്ക് നിൽക്കാം പിന്നെ ചെറിയ ഒരു സ്ലാബ്, പാതകം (വർക്ക് ടോപ്പ്). ഇത്രയുമായിരുന്നു ആ ലക്ഷ്വറി അപ്പാർട്ട് മെന്റ്, ആന്റി അഭിമാനത്തോടെ തല ഉയർത്തി നിന്നു, എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ!!
“ങാ.. ഇനി വാടക..”
ഞങ്ങൾ ശബ്ദം കേട്ട് നോക്കി, ആന്റി ഞങ്ങളെ നോക്കി കച്ചവടത്തെകുറിച്ച് പറയുന്നു,
“വാടക തൊള്ളായിരം രൂപ, ഇതിൽ ഒരു രൂപ പോലും സുന്ദരി മാ കുറയ്ക്കില്ല”
“ആന്റി ഈ തൊള്ളായിരം അല്പം കൂടുതൽ അല്ലെ “
ഉണ്ണിച്ചേട്ടൻ ആന്റിയെ മയപ്പെടുത്താൻ ശ്രമം ആരംഭ്ച്ചു
“ശരി എങ്കിൽ മക്കള് ചെല്ല്….”
ദൈവമേ, ഇത് പണിയാകുന്ന ലക്ഷണമാണല്ലോ, നേരം ഉച്ചയാകുന്നു, നേരം ഇരുട്ടുന്ന പോലെ നാരായണൻ കുട്ടിയുടെ മുഖവും ഇരുളും, മര്യാദ പാലിച്ചില്ലങ്കിൽ, ഞാൻ ഉണ്ണിച്ചേട്ടനോട് പറഞ്ഞു ഇതുതന്നെ എടുക്കാം ബാക്കി വരുന്നിടത്തുവച്ച് കാണാം, അങ്ങനെ അത് ഞങ്ങളുടെ “വീട്“ ആയി
അന്നുതന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറി, അശോകന്റെ കടയിൽ നിന്ന് സാധനങ്ങൾ “പറ്റായി” വാങ്ങാൻ തുടങ്ങി. ഉണ്ണിച്ചേട്ടൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് വന്നു, പഴയ ഒരു മണ്ണെണ്ണ സ്റ്റൌ, പിന്നെ പാചകം ചെയ്യാനുള്ള ഒന്നുരണ്ട് അലുമിനിയം പാത്രം പിന്നെ അങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു പോരാത്തത് ഞങ്ങൾ പുറത്തു നിന്നും വാങ്ങി. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വയം പാചകം ചെയ്ത് കഴിക്കാൻ പോകുന്നു!!!

Thursday, May 21, 2009

മരിക്കാത്ത ഓർമ്മകൾ - 7

-7-
ഏകദേശം രണ്ട് മണികൂർ കൊണ്ട് ഞങ്ങൾ വസീർപൂരിൽ എത്തി. ഇതാണോ ഡെൽഹി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു! കാരണം ചങ്ങനാശ്ശേരി ടൌൺ ഇതിലും ഭംഗിഉള്ളതും വലുതുമായാണ് എനിക്ക് തോന്നിയത്. വസീർപൂർ (ഇന്നത്തെ അല്ലെ കേട്ടോ പതിനേഴ് വർഷം മുൻപുള്ള ഡെൽഹിയാണെ ഇത്, പിന്നെ ഞാൻ കണ്ട ഡെൽഹിയുടെ വളർച്ച വരും ഭാഗങ്ങളിൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം) ഒരു ബസ്സ് സ്റ്റോപ്പ് മാത്രമായിരുന്നു അന്ന്. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് എതിർവശത്തുള്ള നാരായണൻകുട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നു, ലോറൻസ് റോഡ് എന്നാണ് എന്റെ ഓർമ്മ അന്ന് അവിടെ ഫ്ലൈഓവർ ഒന്നുമില്ലായിരുന്നു, ബസ്റ്റാന്റും. ഇന്ന് നേതാജി സുഭാഷ് പ്ലേസ്സ് ബസ് ഡിപ്പോയും മറ്റുമൊക്കെ വന്നു, ഇന്നത്തെ വസീർപൂർ അന്നത്തേതിൽനിന്നും ഒക്കെ ഒത്തിരി മാറിയിരിക്കുന്നു, ഞാനും.
റോഡിൽ നിന്നും അവിടേയ്ക്ക് തറഓട് പാകിയ പാതയായിരുന്നു, വളരെ തിരക്കുള്ള വഴി , രണ്ട് വശത്തും മരങ്ങൾവച്ച്പിടിപ്പിച്ചിരുന്നു. മെയിൻ ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തേയ്ക്ക് നടന്നു, നാരയണൻകുട്ടി താമസിച്ചിരുന്നത് അല്പം വലിയ ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഞങ്ങൾ സാധനങ്ങൾ അടങ്ങിയ ബാഗ് ഹാളിൽ കൊണ്ടു വച്ചു., പുറത്ത് നല്ല തണുപ്പ്, അപരിചിതമായ സ്ഥലം ഉണ്ണിച്ചേട്ടൻ ഒഴികെ മറ്റാരെയും ഞങ്ങൾക്ക് നേരിട്ട് അറിവുമില്ല, ഭയം തോന്നിയില്ലങ്കിലും, ഒരു ബുദ്ധിമുട്ട് തോന്നി…
നാരായണൻകുട്ടി നിറഞ്ഞ സന്തോഷത്തോടെ ആണ് നാട്ടുകാരെ (ഞങ്ങളെ) എതിരേറ്റത്, അദ്ദേഹത്തിന്റെ ശ്രീമതിയും, ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ ഞങ്ങൾക്ക് കാപ്പി ഇട്ടുതന്നു, തണുപ്പിന് നല്ല ഔഷധമാണല്ലോ കാപ്പി, പിന്നെ അല്പനേരം കുശലം ചോദിച്ചും, നാട്ട് വർത്തമാനം പറഞ്ഞും നേരം കൊഴിഞ്ഞു, എല്ലാവരും ഊണ് കഴിച്ചു, അറ്റുത്ത അയിറ്റം നന്നായി ഉറങ്ങുക എന്നതാണല്ലോ അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല, ഉറങ്ങണം എന്ന് എങ്ങനെ വീട്ടുകാരോട് പറയും എന്ന ബുദ്ധിമുട്ടിലായിരുന്നു ഞങ്ങൾ
നാരായാണൻകുട്ടിതന്നെ അതിന് പരിഹാരം കണ്ടു,
“ എല്ലാവരും ഉള്ള സൌകര്യത്തിൽ, അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങാം “
അദ്ദേഹം അകത്തുനിന്നും ഒരു കാർപ്പെറ്റ് സംഘടിപ്പിച്ചു, അതിന്റെ മുകളിൽ ഞങ്ങൾ പുതപ്പുകൾ വിരിച്ചു, അപ്പോഴേയ്ക്കും നാരായനകുട്ടി ഒരു റൂം ഹീറ്ററുമായി വന്നു.
“ഇത് ഇവിടിരിക്കട്ടെ, ശ്രദ്ധിച്ചു വേണം, കാരണം ഇതിൽ പ്രൊട്ടക്ഷൻ കെയ്സ് ഒന്നുമില്ലാത്തതാണ്, കുറച്ചു കാലമായി ഇവൻ സേവനം തുടങ്ങിയിട്ട്’
പാതി കാര്യമായും, കളിയായും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആ ഹീറ്റർ റൂമിന്റെ ഒരു മൂലയ്ക്ക് വച്ചു, അല്ലങ്കിൽ ചിലപ്പോൾ ഉറക്കത്തിൽ ചരമ കോളത്തിൽ കയറിയാലോ ? ശുഭരാത്രി നേർന്നുകൊണ്ട് അദ്ദേഹം അകത്തേയ്ക്ക് പോയി കൂടെ ശ്രീമതിയും. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞുകൂടി. രാവിലെ ഞങ്ങൾ എല്ലാവരും കൂടെ പുറത്തേയ്ക്കിറങ്ങി, ഒപ്പം മുരളിയും ഉണ്ടായിരുന്നു.
“ഉണ്ണി ആദ്യം നമുക്ക് അസാദ്പൂരിൽ ഇറങ്ങാം അവിടെ ഒരു റൂം ഉണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു “
“ ശരി അവിടുന്നുതന്നെ ആകട്ടെ തുടക്കം “
പഴയ മുദ്രിക വണ്ടിക്ക് തന്നെ ഞങ്ങൾ അസാദ്പൂരിലേയ്ക്ക് യാത്ര തിരിച്ചു. ഇനീ സ്ഥലപേരുകൾ അവിടുത്തെ രീതിയിൽ തന്നെ വിളിക്കാം കാരണം ആസാദ്പൂർ ഹിന്ദിക്കാരന് അജാദ്പൂർ ആണ്, വസീർപൂർ വജീർപൂരും. അങ്ങനെ ഞങ്ങൾ അജാദ്പൂരിൽ എത്തി, ഒരു ടൌൺ എന്ന് പറയാൻ കഴിയില്ല കുറച്ച് കടകളും മറ്റുമുള്ള ഒരു സ്ഥലം അങ്ങനെയെ വിവക്ഷിക്കാൻ പറ്റു. ബസ്റ്റാൻഡിന്റെ എതിർവശത്തുള്ള ഏരിയായിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. റോഡ് മുറിച്ച്കടക്കണം നിരത്തിൽ ആണെങ്കിൽ നല്ല തിരക്കും, വളരെ ശ്രദ്ധിച്ച് ഞങ്ങൾ റോഡ് മുറിച്ചുകടന്നു. അവിടെ മുഴുവൻ ഫ്ലാറ്റ്കൾ ആയിരുന്നു, എല്ലാം പഴകിയവ. ഞങ്ങൾ ഒരു ഇടവഴി (ഗള്ളി) യിലൂടെ മുരളിയെ പിൻതുടർന്നു, പത്ത് മിനിട്ട് നടന്നപ്പോൾ ആ ഗള്ളിയുടെ അവസാനം ഒരു പഴകിയ വീട് ഒരു മുറിയും അടുക്കളയും പിന്നെ കോമൺ ആയി ഒരു ടോയിലെറ്റും, ആയിരത്തി ഇരുനൂറ് രൂപ വാടക, ഒരാൾക്ക് മുന്നൂറ് വച്ച്.., എന്തോ ആവീട് എനിക്ക് ഇഷടപ്പെട്ടില്ല, ഒപ്പം വാടക ഭയങ്കരമാണെന്ന ഉണ്ണിച്ചേട്ടന്റെ കമന്റും കൂടെ ആയപ്പോൾ ഇനീ ഒരു വാതിൽ തേടുക എന്നതായി ഞങ്ങളുടെ അടുത്ത ലക്ഷ്യം
അവിടുന്ന് ഞങ്ങൾ തിരിച്ച് മെയിൻ റോഡിൽ എത്തി. അവിടെ ഉണ്ടായിരുന്ന ഒരു പലചരക്ക് കടക്കാരനോട് വീട് വാടകയ്ക്ക് കിട്ടുമോ എന്ന് ചോദിച്ചു അയാൾ ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല കുറഞ്ഞ വാടകയ്ക്ക് ഇവിടെ എങ്ങും കിട്ടില്ല, പിന്നെ കിംഗ്സ് വേ ക്യാമ്പിൽ അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും എന്നു പറഞ്ഞു.
“മുരളി.., എനിക്കറിയാവുന്ന കുറച്ച് പേർ അവിടുണ്ട്, ഞാൻ അവിടായിരുന്നല്ലോ താമസിച്ചിരുന്നത്, അവിടെ ഒരു സർദാറിന്റെ വീട്ടിൽ ഒരു വൺ റൂം ഖാലി (ഒഴിഞ്ഞ് കിടക്കുക) ആണെന്ന് ഒരാൾ പറഞ്ഞിരുന്നു, അവിടെ ഒന്നു തിരക്കാം “
“ഒരു മാസം മുൻപല്ലെ…… ഇപ്പോൾ അങ്ങനെ തന്നെ കാണും ഉണ്ണിവരുന്നതും നോക്കി…..”
“നീ ചുമ്മ കളിയാക്കല്ലെ മുരളി, ഇന്ന് വൈകുന്നതിനകം വീട് കിട്ടണം അല്ലെങ്കിൽ പെരുവഴിയിൽ കിടക്കെണ്ടിവരും “
“അത് ചിലപ്പോൾ വേണ്ടിവരും..”
ഉണ്ണിച്ചേട്ടൻ അപ്പോൾ റൂം ഒക്കെ എടുത്തിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞത് കളവായിരുന്നോ ?, ഞാൻ സുന്ദരനെ നോക്കി, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. പിന്നെ അടുത്ത വണ്ടി കയറി ഞങ്ങൾ കിംഗസ് വേ ക്യാമ്പിൽ എത്തി. അവിടെ ഭയങ്കര തിക്കും തിരക്കുമായിരുന്നു, ഒരു ഉദ്സവത്തിന്റെ പ്രദീതി, സൈക്കിൾ റിക്ഷ, ഭട് ഭട് വണ്ടികൾ ( മുന്ന് വീൽ ഉള്ള എൻഫീൽഡിന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഓട്ടോറിക്ഷ പോലുള്ള ഒരു സംഭവം പക്ഷെ ആള് പുലിയാണ് കേട്ടോ ഇന്ന് ഈ ഇനം അന്യം നിന്നും എന്നാണ് കേട്ടത്) അതിലൊന്നിൽ ഞങ്ങൾ കയറി, ഒരാൾക്ക് രണ്ട് രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
കിംഗ്സ് വേ ക്യാമ്പിൽ നിന്നും കുറച്ച് ഉള്ളിലോട്ട് മാറിയാണ് ഡക്ക എന്ന ഗാവ് (ഗ്രാമം) അവിടെ ആയിരുന്നു ഉണ്ണിച്ചേട്ടൻ താമസിച്ചിരുന്നത്. ചെറിയ ഗള്ളികൾ, ധാരാളം സാധരണക്കാർ തിങ്ങിപാർക്കുന്ന സ്ഥലം, ആവീടുകളിൽ ഏറിയഭാഗവും കയ്യേറി വീട്കെട്ടിയപോലെ തോന്നി കാരണം ഒരു കൃത്യമായ ആകൃതിയോ, വലിപ്പമോ ഇല്ലായിരുന്നു പല വീടുകൾക്കും.
ഗള്ളികൾ കുട്ടികളാൽ ശബ്ദപൂരിതമായിരുന്നു, അതിനിടയിലൂടെ നടന്നു നീങ്ങുന്ന നാൽക്കാലികൾ (ഗോഹത്യ പാപമാണന്നതിന്റെ തിരുശേഷിപ്പുകൾ) അവിടെ മൊത്തത്തിൽ മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു. ഡെക്കയിൽ ഇറങ്ങിയ ശേഷം ഞങ്ങൾ അകത്തേയ്ക്കുള്ള വഴിയിലേയ്ക്ക് നീങ്ങി ഇടയ്ക്ക് പരിചയക്കാരുമായി ചേട്ടനും മുരളിയും പരിചയം പുതുക്കി. കുറച്ച് ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ഒരു വളവിന് ഉണ്ണിച്ചേട്ടൻ പറഞ്ഞ സർദാറിന്റെ വീട്, അവിടുത്തെ കോളിംഗ് ബല്ലിൽ ഉണ്ണിച്ചേട്ടൻ വിരൽ അമർത്തി. അല്പം കഴിഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരു സർദാർ വളിയിലേയ്ക്ക് വന്നു
“ഹാം ജീ ക്യാ ചാഹിയെ ?”
ഞാൻ സർദാർ പറഞ്ഞത് അതുപോലെ റിപ്പീറ്റ് ചെയ്ത് പതിയെ പറഞ്ഞു, മുരളി ഉടനെ അതിന്റെ മലയാള പരിഭാഷ പറഞ്ഞു തന്നു
“പറഞ്ഞാലും, എന്തു വേണം ?”
നല്ല ആളുകൾ എത്ര എളിമയോടെ ആണ് കാര്യങ്ങൾ അന്വേഷിക്കുന്നത്, ഇവിടെ ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര പാടുള്ള പണി ആണെന്ന് തോന്നുന്നില്ല. ഉണ്ണിച്ചേട്ടൻ റൂമിന്റെ കാര്യം പറഞ്ഞു, സർദാർ ഞങ്ങളെ മുകളിലത്തെ നിലയിൽ കൊണ്ടുചെന്നു. ഒരു വലിയ മുറി പിന്നെ ഒരു ചെറിയ അടുക്കള, പിന്നെ ചെറിയ ഒരു ടൊയിലെറ്റും. ആയിരത്തി അഞ്ഞൂറ് രൂപ., സംഗതി ഇവിടെ ആയിരത്തിൽ കുറഞ്ഞ് ഒന്നും നടക്കില്ല എന്ന് തോന്നുന്നു. പിന്നെ വരാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും താഴേയ്ക്കിറങ്ങി…..,
“മുരളി, വാ…, നമുക്ക് അശോകന്റെ കടയിൽ ഒന്നു തിരക്കാം “
ഡക്കയിൽ അറിയപ്പെടുന്ന പലചരക്ക് കടക്കാരനാണ് അശോക്, അശോക് ചൌഹാൻ എന്നോ മറ്റോ ആണെന്നു തോന്നുന്നു അയാളുടെ മുഴുവൻ പേര്, പിന്നെ നമ്മൾ മലയാളികരിച്ച് അശോക”ൻ” എന്നാക്കി. മെയിൻ റോഡിൽ നിന്നും അധികം ദൂരത്തിലായിരുന്നില്ല അശോകന്റെ കട. അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും, അവിടുത്തെ പറ്റുപടിക്കാരാവട്ടെ മലയാളികളും., അശോകന്റെ കട ലക്ഷ്യമാക്കി നീങ്ങി……. ഉണ്ണിച്ചേട്ടനും പിറകെ ഞങ്ങളും……..

Tuesday, May 12, 2009

മരിക്കാത്ത ഓർമ്മകൾ-6-

-6-

“ മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലോ നീ ഒക്കെ“
സുശീലൻ ശരിക്കും ഭയന്നു ഞങ്ങൾക്ക് കയറിപ്പറ്റാൻ കഴിയുമോ എന്ന് അവൻ സംശയിച്ചിരുന്നു, ഒരുഘട്ടത്തിൽ ഞാനും ഭയന്നു, ഏതെങ്കിലും ഒരുവൻ ഞങ്ങൾക്കിടയിൽ പെട്ടിരുന്നെങ്കിൽ കഥ മാറിപോയേനെ. സുന്ദരനും കിതയ്ക്കുന്നുണ്ടായിരുന്നു.
“എടാ സുശീല ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാ, ജീവിതത്തിൽ ഇങ്ങനെ ഓടി എത്താൻ കഴിഞ്ഞില്ലങ്കിൽ ലക്ഷ്യങ്ങളും കേരള എക്സ്പ്രസ്സ് പോലെ അകന്നു പോകും ഏത്…’
ഞാനവനെ കളിയാക്കിപറഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു വളിച്ച ചിരി… ഉവ്വ് ഇപ്പം കാണാമായിരുന്നു എന്ന ദ്വനിയിൽ.
“ ഏതായാലും ഇത്രയും കഷ്ടപ്പെട്ട പൂരിയും കറിയും, തണുക്കുന്നതിന് മുൻ പ്തന്നെ കഴിക്കാം “
എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു, വിശപ്പ് അതിന് പ്രേരിപ്പിച്ചു എന്നതാവും കുറച്ചുകൂടെ ശരി. ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി കൈകഴുകി സീറ്റിലേയ്ക്ക് വന്നു. വെള്ളം നന്നായി താണുത്തിരിക്കുന്നു, ഇന്ന് രാത്രി നല്ല തണുപ്പായിരിക്കുമെന്ന് ഉറപ്പായി, ഞാൻ എന്റെ ബാഗിൽ പരതി, അനിയൻ മധ്യപ്രദേശിൽ ആയിരുന്നപ്പോൾ വാങ്ങിയ ഒരു സ്വറ്റർ അമ്മ ബാഗിൽ വച്ചിരുന്നു. ബേച്ച്കളറിനെക്ക്ാൾ അല്പം കൂടെ ഇരുണ്ട നിറം, ഞാൻ അത് എടുത്ത് നിവർത്തി, ഒന്നുരണ്ട് സ്ഥലത്ത് എലികരണ്ടിയപോലെ കീറിയിരുന്നു, അത് ഷർട്ടിന്റെ മുകളിലൂടെ ഇട്ടു., പിന്നെയും എന്റെ കണ്ണുകൾ ആ കീറിയ ഭാഗത്തിൽ ഉടക്കി, അഭിമാനം സമ്മതിക്കാത്തതിനാൽ ഞാൻ അത് ഊരി വച്ചു, ഇതെല്ലാം നോക്കികൊണ്ടിരുന്ന മലയാളി ചേട്ടൻ പറഞ്ഞു
“ സാരമില്ല, അല്പം കഴിഞ്ഞാൽ നല്ല തണുപ്പായിരിക്കും കീറിയതൊന്നും കണക്കാക്കേണ്ട“
“അതല്ല പാകമാകുമോ എന്ന് നോക്കിയതാ, അനിയൻ പണ്ട് വാങ്ങിയതാ, മധ്യപ്രദേശിൽ വച്ച്…”
“ഉവ്വോ, അനിയൻ മധ്യപ്രദേശിൽ ഉണ്ടോ ?”
“ഉണ്ടായിരുന്നു….. ഇപ്പോൾ നാട്ടിൽ ഉണ്ട് അവന് അവിടുത്തെ കാലാവസ്ഥ പടിക്കുന്നില്ല “
“അതേയോ..”
ഞാൻ വീണ്ടും സ്വറ്റർ ബാഗിൽ നിന്നും എടുത്തു. ഷർട്ടിന്റെ മുകളിൽ അതുംകൂടെ ഇട്ടു. ജന്നലിന്റെ വിടവിലൂടെ തണുത്ത കാറ്റ് ശക്തിയായി അടിച്ചുകയറി, ഓരോ നിമിഷവും തണുപ്പ് ഏറിവരുന്നു. സുന്ദരൻ ബാഗിൽ നിന്നും കട്ടിയുള്ള പുതപ്പ് എടുത്തു, സുശീലനും എന്തോ കട്ടിയുള്ള തുണി എടുത്തു.
“സുന്ദര ഇന്ന് നീ ഇരിക്ക്, ഇന്നലത്തെ ഉറക്കക്ഷീണം, എനിക്ക് നന്നായി ഉറക്കം വരുന്നു.“
“ശരി ഞാൻ തന്നെ ഇരിക്കാം, “
ഞാൻ സീറ്റിലേയ്ക്ക് ചാരി ഇരുന്നു ഉറങ്ങാൻ ശ്രമിച്ചു, വണ്ടിയുടെ കുലുക്കം ഒരു സുഖകരമായി തോന്നി, അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന പോലെ….., സാവധാനം ഞാൻ ഉറക്കത്തിലേയ്ക്ക് കുപ്പുകുത്തി. അടുത്ത ദിവസം വെളുപ്പിന് തന്നെ സുന്ദരൻ വിളിച്ചുണർത്തി. അന്നും പ്രാധമിക കർമ്മങ്ങൾ ഞങ്ങൾതന്നെ ആദ്യം ചയ്തു. പിന്നെ അടുത്ത സ്റ്റേഷൻ വരുന്നതും നോക്കി ( ശരിക്കും പറഞ്ഞാൽ വരുന്നതല്ലല്ലോ, ചെല്ലുന്നതല്ലെ പക്ഷേ യാത്രക്കാർ അങ്ങനെയെ വിവക്ഷിക്കു) ഞങ്ങൾ ഇരുന്നു. ഇപ്പോൾ വണ്ടി വടക്കെ ഇന്ത്യയിലൂടെ ആണ് ഓടുന്നത്, ഗ്വാളിയറിൽ എത്തിയപ്പോൾ ഒരു പയ്യൻ ചായയുമായി കയറി, ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു, പുറത്ത് മൂടൽ മഞ്ഞ് നല്ലരീതിയിൽ ഉണ്ടായിരുന്നു. പത്ത് മീറ്റർ ദൂരെ ഉള്ളവ പോലും കാണുക സാധ്യമല്ലാത്ത അവസ്ഥ., പിന്നീട് വണ്ടി വേഗം കുറച്ചാണ് പോയത്.
പിന്നങ്ങോട്ട് ഓരോ സ്റ്റേഷനും വൃത്തികേടിന്റെ പര്യായ പദങ്ങൾ ആയിരുന്നു എന്നതാണ് ശരി. അവിടുന്ന് അങ്ങോട്ട് ആകാംഷ ആയിരുന്നു. എത്രയും പെട്ടന്ന് ഡെൽഹി എത്തിയാൽ മതി എന്നായിരുന്നു ആഗ്രഹം, പക്ഷെ വണ്ടി ഇഴഞ്ഞാണ് നീങ്ങിയത്. ചിലസമയങ്ങളിൽ വണ്ടി നിറുത്തിയിട്ടു, സിഗ്നൽ കിട്ടുന്നില്ലത്രെ! ഏതായാലും ഞങ്ങളുടെ വണ്ടി നാല് മണിക്കൂറിൽ ഏറേ വൈകിയാണ് ന്യൂഡെൽഹി റെയിവെ സ്റ്റേഷനിൽലെത്തിയത്. തിക്കും തിരക്കും ഒഴിഞ്ഞ ശേഷമാണ് ഞങ്ങൾ ബോഗിയിൽ നിന്നും പുറത്ത് വന്നത്. കൈകളിലുള്ള ബാഗുമായി ഞങ്ങൾ ചേട്ടന്റെ ബോഗി ലക്ഷ്യമാക്കി നടന്നു.
ചേട്ടൻ പ്ലാറ്റ്ഫോമിൽ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ അടുത്ത് ചെന്നപ്പോൾ പതിവ് ചിരി പാസ്സക്കി ചേട്ടൻ പറഞ്ഞു
“ഇത് മുരളി….നാരായണൻകുട്ടിയുടെ അളിയനാണ്..”
ഞാൻ അല്പം ശങ്കിച്ചു നിന്നു, പുതിയ അയിറ്റം സൂക്ഷിക്കണം, തലയോട്ടിയും കൈഎല്ലുകളും, ചുവന്ന പശ്ചാത്തലത്തിൽ!!
“ നമ്മുടെ സാറിന്റെ ജേഷ്ടന്റെ മകൻ….”
“ഉവ്വോ.. നമസ്കാരം ”
“നമസ്കാരങ്ങൾ”
മുരളിയും തിരിച്ച് വിഷ് ചെയ്തു, അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു, ചേട്ടൻ മുരളിയോട് കുശലം പറഞ്ഞ് മുന്നെ നടന്നു, ഞങ്ങൾ പിൻപേയും. റെയിൽവേ മേൽപ്പാലത്തിലൂടെ ഞങ്ങൾ പിൻവശത്തെ ഗേറ്റിൽ എത്തി, അവിടെ നിന്നും അല്പം ദൂരെ ആയിരുന്നു ബസ്സ് പാർക്ക് ചെയ്തിരുന്നത്. ആനവണ്ടിയിൽ മാത്രം (വളരെ അപൂർവ്വമായെ പ്രൈവറ്റ് ബസ്സിൽ കയറാറുള്ളു, കാരണം അതിൽ കയറണമെങ്കിൽ ആലപ്പുഴ ടൌണിൽ എത്തണം അല്ലങ്കിൽ ചങ്ങനാശേരി ടൌണിൽ എത്തണം) യാത്ര ചെയ്തിട്ടുള്ള നാട്ടിൻപുറത്തുകാരന്, ഡെൽഹിയിൽ, ഡെൽഹിയിലെ ബ്ലൂ ലൈൻ, ഗ്രീൻലൈൻ,ഡി.റ്റി.ഡി.സി വണ്ടികൾ ഒക്കെ കണ്ടപ്പോൾ അത്ഭുതം തോന്നി (ഒരു ഭംഗി ഇല്ലാത്ത വണ്ടികൾ). തിരക്ക് കുറഞ്ഞ ഒരു വണ്ടിയിൽ ഞങ്ങൾ കയറി. അത് മുദ്രിക എന്നറിയപ്പെടുന്ന റൂട്ട് (റിംഗ് സർവ്വീസ്സ് ) ബസ്സട്ട, കിംഗ്സ് വേ ക്യാമ്പ്, മോഡൽ ടൌൺ, അസ്സാദ്പൂർ, വസീർപൂർ, പഞ്ചാബിബാഗ്, മായാപുരി നാരായണ. ദൌളകുവാം.എന്നീ സ്ഥലങ്ങളെല്ലാം ചുറ്റി പോകുന്ന വണ്ടി ആയിരുന്നു അത് , ഞാൻ മനസ്സിൽ പറഞ്ഞു എന്തൊക്കെ പേരാ ഓരോ സ്ഥലങ്ങൾക്ക്, ങാ ഇനി ഇതൊക്കെ പഠിക്കണം ഇതാണല്ലോ ഇനി എന്റെ നാട്…, ശിവനെ തുണ.
ക്ലീനർ (കിളിപ്പയ്യൻ) ഉച്ചത്തിൽ ഏതൊക്കയോ സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞ് ആളെ വിളിച്ച് കയറ്റുന്നു, ഞങ്ങൾ എല്ലാവരും വണ്ടിയുടെ ബായ്ക്കിലെ സീറ്റിൽ ആയിരുന്നു. സാധനങ്ങൾ വയ്ക്കാൻ അതായിരുന്നു സൌകര്യം. എകദേശം അരമണിക്കൂർ എടുത്തു അവിടെ നിന്നും വണ്ടി നീങ്ങാൻ, പിന്നെ ഞാൻ ആകാം ഷയോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, വണ്ടി വേഗത്തിൽ നീങ്ങിത്തുടങ്ങി, ഇടയ്ക്ക് ചിലയിടങ്ങളിൽ ട്രാഫിക്ക് ജാം മൂലം വാഹനങ്ങളൂടെ നീണ്ട നിര തന്നെ കാണാമായിരുന്നു…………
എന്റെ (ഞങ്ങളുടെ) വിധി തേടിയുള്ളയാത്ര..,പ്രവാസത്തിൽ നിന്നും പ്രവാസത്തിലേയ്ക്കുള്ള തുടർ യാത്ര ആയിരുന്നു അത്…….

Saturday, May 9, 2009

മരിക്കാത്ത ഓർമ്മകൾ-5

-5-

അലസമായി പുറംകാഴ്ച്ചകൾ കണ്ടിരുന്നു, ആന്ത്രാപ്രദേശിലൂടെ ആണ് അപ്പോൾ വണ്ടി ഓടിക്കൊണ്ടിരുന്നത്, ഇന്നത്തെ ദിവസം മുഴുവൻ ആന്ത്രയിലൂടെ ആയിരിക്കും എന്ന് ആരോ പറയുന്നത് കെട്ടു. ഞാൻ അയാളെ ശ്രദ്ധിച്ചു, മലയാളം ആണ് സംസാരിക്കുന്നത്, തൊട്ടടുത്ത് ഒരാൾകൂടെ ഇരിക്കുന്നു, കാഴ്ച്ചയിൽ അയാളും മലയാളി ആണ് എന്ന് തോന്നുന്നു.
“ചേട്ടൻ മലയാളി ആണ് അല്ലെ “
മലയാളം സംസാരിക്കുന്ന ഒറ്റനോട്ടത്തിൽ മലയാളിലുക്ക് ഉള്ള തന്നോട് മലയാളി ആണോ എന്ന് ചോദിച്ച ഇവൻ ആരടെ എന്ന അർത്ഥത്തിൽ എന്നെ നോക്കി പിന്നെ അല്പം കടുപ്പിച്ചു പറഞ്ഞു
“അതെ…”
“ഹാവു ആശ്വാസമായി ഒരു മലയാളിയെ കണ്ടല്ലോ, കോയമ്പത്തൂർ കഴിഞ്ഞപ്പോൾ മുതൽ പാണ്ടികളുടെ ശല്ല്യമായിരുന്നു”
അയാൾ വല്ല്യ താത്പര്യമില്ലാത്ത മട്ടിൽ കേട്ടിരുന്നു, കൊല്ലാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
“ചേട്ടന് ഡെൽഹിയിൽ ജോലി ഉണ്ടോ “
“ഉവ്വ്..”
മുട്ടിക്കൂടിയാൽ ഒരു പണി ശരിയാകുമോ, ഭഗവതി ഉപകാരം ആരുടെ രൂപത്തിലാണെന്ന് പറയാൻ വയ്യല്ലോ, പിന്നെ അദ്ദേഹത്തിന്റെ ജോലി ഏത് കമ്പനിയ്ല് ആണെന്നും, ഏത് സ്ഥലത്താണ് എന്നൊക്കെ ചോദിച്ച് മനസ്സിലാക്കി. കൂടെ ഒരുകാര്യം കൂടെ ചോദിച്ചു, ഇവിടെ ഏത് ജോലിക്കാണ് കൂടുതൽ ശമ്പളവും, സാധ്യതയും. അവരോട് സംസാരിച്ച് ഡെൽഹിയിലെ തൊഴിൽ സാധ്യതയെ കുറിച്ച് ഒരു എകദേശരൂപം കിട്ടി. ഇനി വേണം തീരുമാനിക്കാൻ എത് വേഷം കെട്ടണമെന്ന്.
“നിങ്ങൾ മൂന്ന് പേരും തൊഴിൽ അന്വേഷിച്ചാണോ ഡെൽഹിയിലേയ്ക്ക്”
“അതെ..”
ചേട്ടൻ അർത്ഥം വച്ചാണോ ചോദിച്ചത് എന്ന ഒരു സംശയം തോന്നി
“എന്ത് പഠിച്ചിട്ടാ വരുന്നത്”
“ഇവൻ ഇലക്ട്രീഷൻ ആണ്”
സുന്ദരനെ ചൂണ്ടി ഞാൻ പറഞ്ഞു
“ഇവൻ ഇലക്ട്രോണികസ്”
“ഞാൻ ഡ്രാഫ്റ്റിംഗ്”
“എല്ലാവരും ഐ.ടി.ഐ”
“അതെ”
“ഞങ്ങളൊക്കെ ഡെൽഹിയിൽ വരുമ്പോൾ ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അത്രയുമില്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിൽ തൊഴിൽ കിട്ടുന്നത് ഒരു വല്ല്യകാര്യമല്ല, പിന്നെ നല്ല മനസ്സുണ്ടായിരിക്കണം ഒപ്പം ജീവിക്കണം എന്ന ആഗ്രഹവും”
പിന്നെ, അങ്ങോട്ടുള്ള യാത്ര വളരെ രസകരമായിരുന്നു, തങ്ങളുടെ ഡെൽഹി ജീവിതാനുഭവങ്ങൾ, എല്ലാം മനസ്സു തുറന്നു, പലസ്റ്റേഷനിലും വണ്ടി നിർത്തുമ്പോൾ ജീവിതത്തെന്റെ യാഥാർത്ഥ്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു, എത് ദുർബ്ബലന്റെയും മനസ്സ് ശക്തിപ്പെടുന്ന കാഴ്ച്ചയാണ്, ഓരോ സ്റ്റേഷനിലും നമ്മളെ വരവേൽക്കുന്നത്.അന്നത്തെ ദിവസം പെട്ടന്ന് കൊഴിഞ്ഞു, മറക്കാനാവത്ത ദിവസങ്ങൾ ആണ് കേരള എക്സ്പ്രസ്സ് സമ്മാനിച്ചത്.,
പുറത്ത് അസ്ഥമന സൂര്യന്റെ ചിവപ്പിന് കാഠിന്യം ഏറിവന്നു ഒപ്പം വീശി അടിക്കുന്ന കാറ്റിന് തണുപ്പും. വൈകുന്നേരം ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിന്നു. സുന്ദരൻ പുറത്തുനിന്നും നല്ല ചായ സംഘടിപ്പിച്ചു, ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ സുന്ദരനോട് പറഞ്ഞു
“അളിയ ഇന്ന് നല്ല തണുപ്പ് ഉണ്ടാകുമെന്നാണ് തോന്നുന്നത്, ഡിസംബർ അല്ലെ”
“ശരിയാ, പുറത്ത് ഇപ്പോൾ തന്നെ നല്ല തണുപ്പുണ്ട്”
“അടുത്ത സ്റ്റേഷനിൽ നിന്നും കഴിക്കാൻ എന്തെങ്കിലും വാങ്ങാം “
“ശരി”
അല്പം കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷൻ എത്തി, ഞാനും സുന്ദരനും കൂടെപുറത്തേയ്ക്ക് ഇറങ്ങി, സുശീലൻ ബാഗ് സൂക്ഷിക്കുന്ന ചുമതലയിൽ ആയിരുന്നു ഒരു തട്ട് കട (അല്ലെങ്കിൽ ഉന്തുവണ്ടി എന്നും പറയാം) യിൽ നിന്നും പൂരിയും കിഴങ്ങ് കറിയും വാങ്ങി. ദൂരെ ചുവന്ന ലൈറ്റ് പച്ചയിലേയ്ക്ക് കൂട്മാറി, ഞാനും സുന്ദരനും വേഗം വണ്ടിലക്ഷ്യമാക്കി നീങ്ങി, വണ്ടിച്ചക്രം പാളത്തിൽ ഉരസി നീങ്ങിതുടങ്ങി, ഒരുകുതിപ്പിന് ഞങ്ങൾ വണ്ടിയിൽ കയറിപറ്റി, നെഞ്ചിടിപ്പോടെ സുശീലൻ ഞങ്ങളെ നോക്കി നിൽക്കുന്നു…….