Sunday, July 12, 2009

മരിക്കാത്ത ഓർമ്മകൾ-16

-16-

ബോസ്സിന്റെ പ്രതികരണം എന്നെ വല്ലാതെ ഉലച്ചു, ഇവർ തമ്മിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്, അതാണ് അവൾ ഇവിനെ ഗൌനിക്കാതിരുന്നതും, ഇത്തരം ഒരു പ്രതികരണം ഇവനിൽ നിന്നും ഉണ്ടായതും. ഞാൻ അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര് പക്ഷേ ഇപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നി, ഒരു പ്രണയം തകരുന്നത് ഞാൻ നേരിൽ കണ്ടിരുന്നു, അതിന് ഞാൻ കാരണമായി, അല്ലെങ്കിൽ ഞാനായിരുന്നു അതിന് വേണ്ടി പ്രവർത്തിച്ചത് എന്നതാകും കൂടുതൽ ശരി, അതിനെ കുറിച്ച് പിന്നീട് ഒരവസരത്തിൽ പറയാം ഒരു നാടൻ പ്രേമത്തിന്റെ, സ്നേഹപരിത്യാഗത്തിന്റെ കഥ.
‘നീ എന്താ ആലോചിക്കുന്നത്”
ബോസിന്റെ സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“ഏയ് ഒന്നുമില്ല”
സുശീലനും, സുന്ദരനും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു,
“ബോസ്സെ അവൾ ഒന്നും മിണ്ടാതെ പോയല്ലോ എന്തു പറ്റി ?”
“ഏയ് ഒന്നുമില്ല”
അവൻ ഒഴിഞ്ഞ് മാറുകയാണെന്ന് സുന്ദരന് മനസ്സിലായി പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല, ബോസ്സ് ആകെ മൂട് ഓഫായതുപോലെ ആയി
“ അളിയന്മാരെ ഞാൻ ഇറങ്ങുകയാണ്, അവളെ ഒന്നു കാണുകയും വേണം “
“ശരി”
ബോസ്സ് പുറത്തേയ്ക്ക് ഇറങ്ങി,അവൻ നടന്ന് മറയുന്നതുവരെ ഞങ്ങൾ അവിടെ നിന്നു പിന്നെ റൂമിലേയ്ക്ക് നടന്നു.
“അളിയ ഇന്ന് ഉച്ചയ്ക്ക് എന്ത് വയ്ക്കും”
“ചോറും കറിയും ആക്കാം”
“അരി ഉണ്ട്, പക്ഷേ കറിക്ക് സംഗതികൾ ഒന്നുമില്ല”
“എന്റെ സുന്ദരാ നീ എന്താ അവസരത്തിനൊത്ത് ഉയരാത്തത് ഒരു ട്രെ നിറയെ മുട്ടയിരിക്കുന്നു എന്നിട്ടും കറിക്കൊന്നുമില്ലന്ന് ? ഹ ഹ ഹ “
“ഞാൻ പച്ചക്കറിയാണ് ഉദ്ദേശിച്ചത്”
“ഒള്ളതുകൊണ്ട് ഓണം പോലെ, നീ ആ സവാള നാലായിട്ട് കീറ്, സുശീലാ നീ ആ പാത്രം ഒന്ന് കഴുകി എടുത്തേ പരിപാടി ഇപ്പോൾ ഞാൻ കാട്ടിത്തരാം”
പെട്ടന്നുതന്നെ ഞങ്ങൾ എല്ലാം ഉഷാറായി,1.8 പ്ലേബാക്കിൽ കാര്യങ്ങൾ ഓടി, ഞൊടി ഇടയിൽ കറി ശരിയായി, മുട്ടക്കറി ഇങ്ങനെയും മുട്ട കറിവയക്കാം എന്ന് ഞങ്ങൾക്ക് മനസ്സിലായി, മുട്ടക്കറിയുടെ മധുരിക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ചില അനുഭവങ്ങൾ മനസിലൂടെ പാഞ്ഞു പോയി, അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ദിവസം കലശലായ മോഹം അമ്മവീട്ടിൽ പോകണം, അന്ന് വെള്ളിയാഴ്ച്ച ആയിരുന്നു വൈകിട്ട് വന്ന ഉടനെ അമ്മയോട് പറഞ്ഞു എനിക്ക് കളങ്ങരയ്ക്ക് പോകണം അവിടെ ആണ് അമ്മയുടെ വീട് ആദ്യം അമ്മ സമ്മതിച്ചില്ല പിന്നെ കുറെ കരഞ്ഞപ്പോൾ അമ്മ സമ്മതിച്ചു. പത്ത് രൂപ അമ്മ തന്നു വഴിച്ചിലവിന്.
അന്ന് അമ്മ പാടത്ത് പണിയ്ക്ക് പോയാൽ കിട്ടുന്ന കൂലി പതിനഞ്ച് രൂപ അതിൽ നിന്നുമാണ് അമ്മ എനിക്ക് പത്തുരൂപ തന്നത്. അത് ഒരു വല്ല്യതുക ആയിരിരുന്നു. എന്റെ കണ്ണ് നിറയുന്നത് അമ്മസഹിക്കില്ലായിരുന്നു അതാണ് ആ പൈസ തരാനുള്ള കാരണം പിന്നെ ഒരു വഴിക്ക് പോകുന്നതല്ലെ ഒരു കരുതലായി ഇരിക്കട്ടെ എന്ന് കരുതിയിരിക്കും.
ഞാൻ വേഗംതന്നെ ഒരുങ്ങി, നിക്കറും ഷർട്ടും അതായിരുന്നു വേഷം, ചെരുപ്പ് ധരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ അതിൽ അഭിമാനക്ഷതം തോന്നിയുമില്ല. അമ്മാവന്റെ കടത്തു കടവിൽ എത്തിയപ്പോൾ എനിക്ക് ചെറിയ ഭയം തോന്നി. ആറ് മണിക്കാണ് ബോട്ട് അമ്മാവന്റെ കടത്ത് കടന്നാൽ അരമണിക്കൂർ നടന്നെങ്കിലെ മാമ്പുഴക്കരിയിൽ എത്തു, അവിടെ നിന്നാണ് എടത്വ എന്ന സ്ഥലത്തേയ്ക്കുള്ള ബോട്ട് (ബോട്ടിലെ സവാരി ബഹുരസമാണ് ആദ്യം യാത്ര ചെയ്യുന്നവർക്ക് അല്ലാത്തവർക്ക് അറുബോറൻ ഏർപ്പാടും). കൃത്യ സമയത്ത് എത്തിയില്ലെങ്കിൽ പിന്നെ ബോട്ട് കിട്ടില്ല. ഞാൻ സകല ദൈവങ്ങളേയും വിളിച്ച് വേഗം നടന്നു എങ്ങനെയും അവിടെ എത്തണം. ആറ് മണിക്ക് മുൻപ് തന്നെ അവിടെ എത്തി. ഒന്നുരണ്ട് പേർ ബോട്ടും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു ഞാൻ അവരോട് തിരക്കി ബോട്ട് എപ്പോൾ എത്തുമെന്ന്, ഇപ്പോൾ വരുമെന്ന് ഒരാൾ പറഞ്ഞു.
സമയം ഇഴഞ്ഞുനീങ്ങി ആറര ആയിട്ടും ബോട്ട് എത്തിയില്ല. എനിക്ക് പേടിയായിത്തുടങ്ങി, തിരികെ വീട്ടിലേയ്ക്ക് പോകാൻ മനസ്സനുവദിച്ചില്ല. അവസാനം യാത്രക്കാർ ഓരോരുത്തരായി തിരിച്ചു പോയി, ഞാൻ കുറച്ച് സമയം കൂടെ അവിടെ നിന്നു.അതുവഴിവന്ന ഒരു വഴിപോക്കൻ എന്നോട് ചോദിച്ചു
“മോൻ എടത്വയ്ക്ക് പോകാൻ നിൽക്കുകയാണോ ? “
“അതെ..”
“ബോട്ട് ഇന്നുണ്ടാവുമെന്ന് തോന്നുന്നില്ല”
“അതെന്താ ? “
“കഴിഞ്ഞട്രിപ്പിൽ അവർ പറഞ്ഞു ഇത് കേടാകുന്ന ലക്ഷണമാണെന്ന്”
ആവശ്യാനുസരണം പ്രവചനം നടത്താൻ നമ്മുടെ സർക്കാർ ജീവനക്കാർ മുൻപന്മാർ ആണല്ലോ, അയാൾ നടന്നകന്നു, എന്തുചെയ്യണം എന്നറിയാതെ ഞാൻ ആകെ വിഷമിച്ചു. ബസ്സിന് പോയാലോ എന്ന് ആലോചിച്ചു, പത്തുരൂപ ഉള്ളതുകൊണ്ട് തികയുമായിരിക്കും. പിന്നെ ഞാൻ അധികം ആലോചിച്ചില്ല, ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു
ആദ്യം വന്ന വണ്ടിയിൽ തന്നെ കയറി.എൺപത് പൈസ ആയിരുന്നു ടിക്കറ്റ് ചാർജ്ജ് (ആണ് എന്നാണ് എന്റെ ഓർമ്മ) ബാക്കി പൈസ വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു, എകദേശം എരുപത് മിനിട്ട് കൊണ്ട് വണ്ടി ചങ്ങനാശ്ശേരി ഡിപ്പോയിൽ എത്തി അവിടുന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ കയറി തിരുവല്ലയ്ക്കുള്ള ടിക്കറ്റ് എടുത്തു പക്ഷേ തിരുവല്ല സ്റ്റാൻഡിൽ എനിക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, ആരോ തിരുവല്ല കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ നടുങ്ങി, കരച്ചിലിന്റെ വക്കത്തെത്തി, ഫാസ്റ്റ് പാസ്സഞ്ചർ ആയതിനാൽ ബസ്സ് നിറുത്താൻ കണ്ടക്ടർ കൂട്ടാക്കിയില്ല. പിന്നെ യാത്രക്കാർ ബഹളം വച്ചപ്പോൾ വണ്ടി സൈഡൊതുക്കി നിർത്തി, അതിൽ ഒരാൾ പറഞ്ഞു പൊടിയാടി വഴി പോകുന്ന ബസ്സിൽ കയറി പൊടിയാടിയിൽ ഇറങ്ങുക അവിടുന്ന് എടത്വായ്ക്ക് ബസ്സ് കിട്ടും. ഞാൻ കുറെ നേരം കാത്തു നിന്നപ്പോൾ ആയാൾ പറഞ്ഞ ബസ്സ് കിട്ടി അവിടെ നിന്നും ആ ബസ്സിൽ പൊടിയാടി എന്ന സ്ഥലത്ത് എത്തി അപ്പോൾ സമയം ഒൻപത് മണി. ഭയം മനസ്സിൽ അരിച്ചുകയറി, സകല ദുർച്ചിന്തകളും മനസ്സിൽ ഓടി എത്തി, പിള്ളേരെ പിടിക്കുന്നവർ, ഭിക്ഷക്കാർ…പിന്നെ ഭൂത പ്രേത പിശാചുക്കളും, എന്നെ വിറയ്ക്കാൻ തുടങ്ങി,
ദൈവമേ എത്രയും പെട്ടന്ന് ബസ്സ് കിട്ടണേ എന്ന് മൻസ്സുരുകി പ്രാർത്ഥിച്ചു, അമ്മയെ ധിക്കരിച്ചതിന്റെ ഫലമാണ് ഇത് എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ബസ്സ് ഒന്നും കിട്ടിയില്ല, അവസാനം ബസ് സ്റ്റോപ്പിൽ ഞാൻ മാത്രമായി. പിന്നെയും കുറെ കഴിഞ്ഞപ്പോൾ ഒരു ടെമ്പോ വാൻ അതുവഴിവന്നു അത് എന്റെ അടുത്ത് നിർത്തി
“മോൻ എവിടെ പോകാൻ നിൽക്കുകയാ ?”
അതിലെ ഡ്രൈവർ എന്നോട് ചോദിച്ചു, അയാളെ കൂടാതെ അതിൽ വെറെ രണ്ട് പേർകൂടെ ഉണ്ടായിരുന്നു
“എടത്വായ്ക്ക്…”
പറയുമ്പോൾ എന്റെ സ്വരം വിറച്ചിരുന്നു.
“ഇനി ഇതുവഴി ബസ്സ് എപ്പോൾ വരും എന്നറിയില്ല വരുന്നെങ്കിൽ വണ്ടിയുടെ പുറകിൽ കേറിക്കോ”
ഞാൻ മടിച്ചു നിന്നപ്പോൾ അയാൾപറഞ്ഞു
“മോൻ പൈസ ഒന്നും തരേണ്ടാ, ഇത്രയും ഇരുട്ടിയില്ലെ പുറകിലെ കമ്പിയിൽ നന്നായി പിടിച്ച് ഇരുന്നാൽ മതി “
എന്തും വരെട്ടെ എന്നുകരുതി ഞാൻ അതിന്റെ പിന്നിൽ കയറി കുറെ പഴയ ചക്ക്കെട്ടുകൾ അതിൽ വച്ചിരുന്നു ഞാൻ അതിന്റെ മുകളിൽ കയറി ഇരുന്നു പിന്നെ പുറകുവശത്തെ കമ്പിയിൽ ബലമായി പിടിച്ചിരുന്നു, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു
“മോനെ ഇറങ്ങിക്കോ, എടത്വാ ആയി”
ഒരു ഞടുക്കത്തോടെ ഞാൻ ഉണർന്നു, പെട്ടന്ന് എനിക്ക് സ്ഥലം മനസ്സിലായില്ല, പിന്നെ മെയിൻ റോഡിന്റെ അരികിലായി പണിതുയർത്തിയിരിക്കുന്ന ഗീവർഗ്ഗീസ്സ് പുണ്യാളന്റെ രൂപക്കൂട് ആണ് സ്ഥലം തിരിച്ചറിയാൻ സഹായിച്ചത്. അവിടെ ഇറങ്ങി ഡ്രൈവർക്ക് നന്ദി പറഞ്ഞുകൊണ്ട് റോഡ് മുറിച്ച് കടന്നു. നല്ല വിശപ്പ് ഇനീ എന്തെങ്കിലും കഴിച്ചിട്ട് ബാക്കി കാര്യം ഞാൻ അടുത്ത് കണ്ട് ഹോട്ടലിലേയ്ക്ക് നടന്നു. ഹോട്ടൽ ഭക്ഷണം ഇന്നും എന്റെ ദൌർബല്ല്യമാണ്, അന്ന് എടത്വായിൽ ഉള്ളതിൽ മുന്തിയ ഹോട്ടൽ ആയിരുന്നു അത് അതിന്റെ പേര് ഞാൻ ഓർക്കുന്നില്ല ബോട്ടുജെട്ടി റോഡിലെ ആ ഹോട്ടലിലേയ്ക്ക് ഞാൻ നടന്നു
വാഷ് ബെയ്സണിൽ കൈകഴുകി ടേബിളിൽ വന്നു,
“ എന്താണ് കഴിക്കാൻ വേണ്ടത്”
“പൊറോട്ടാ..”
“കറി എന്തുവേണം ? മുട്ട റോസ്റ്റ്, ബീഫ് ഫ്രൈ, ചിക്കൻ…..“
“മുട്ട മതി “
അത് യുക്തിപരമായ തീരുമാനമായിരുന്നു കാരണം ഇതിനൊക്കെ എത്ര വില ആകും എന്ന് അറിയത്തില്ലല്ലോ, താമസ്സിക്കാതെ മുട്ടറോസ്റ്റും, പൊറോട്ടയും വന്നു, പൊറോട്ട നല്ല ചൂടുള്ളതും ടേയ്സ്റ്റുള്ളതുമായിരുന്നു. മുട്ടറോസ്റ്റിന്റെ ചാർ പൊറോട്ടായിൽ ഒഴിച്ച് ഞാൻ കഴിച്ചുതുടങ്ങി, അല്പം കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ നിൽക്കുന്നപോലെ തോന്നി ഞാൻ മുഖമുയർത്തി നോക്കി, ആദ്യം ഒന്നു ഞെട്ടി എങ്കിലും, പിന്നീട് വളരെ സന്തോഷിച്ചു രാജപ്പൻ അമ്മാവൻ, അമ്മാവന്മാരെ ഒക്കെ പോടിയായിരുന്നു, പ്രത്യേകിച്ച് രാജപ്പൻ അമ്മവനെ അമ്മാവൻ ആരോടും അങ്ങനെ അടുത്ത് ഇടപഴകാറില്ല, അമ്മാവൻ എന്നെ നോക്കി ചിരിച്ചു., ഞാനും ചിരിച്ചു, അഞ്ഞൂറാന്റെ മകൻ സ്വാമിനാഥന്റെ ചിരി!!! പിന്നെ എന്തു സംഭവിച്ചിരിക്കാം, അത് ഞാൻ നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു….

1 comment:

വെള്ളത്തൂവൽ said...

അമ്മാവൻ എന്നെ നോക്കി ചിരിച്ചു., ഞാനും ചിരിച്ചു, അഞ്ഞൂറാന്റെ മകൻ സ്വാമിനാഥന്റെ ചിരി!!!