Friday, April 10, 2009

മരിക്കാത്ത ഓർമ്മകൾ-4

-4-

ഞാൻ സുന്ദരന്റെ മുഖത്തുനോക്കി, അവന്റെ മുഖം വിവർണ്ണമായി, സുശീലൻ ഒന്നും മിണ്ടാതെ താഴെയ്ക്ക് നോക്കി നിന്നു.
“സാർ ഞങ്ങൾ പാലക്കാട്ട് ഇറങ്ങിക്കൊള്ളാം “
“ശരി എന്നാൽ ഇവിടെ നിന്നാൽ മതി, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട “
“ശരി സാർ”
“സുന്ദരാ ഉണ്ണിനമുക്കിട്ട് പണിതതാണല്ലോ, സമയമാകട്ടെ നോക്കാം”
“എനിക്കും തോന്നുന്നു”
അല്പം കഴിഞ്ഞപ്പോൾ ചേട്ടൻ ഞങ്ങളുടെ അടുത്തെത്തി, ചുറ്റിനും നൊക്കി പിന്നെ സ്വരം താഴ്ത്തി ചോദിച്ചു
“അയാൾ എന്നാ പറഞ്ഞു “
“പോലീസ്സിൽ ഏൽപ്പിക്കും അല്ലെങ്കിൽ ലോക്കൽ കമ്പാർട്ട് മെനിൽ പൊയ്ക്കൊള്ളാൻ “
“ഇത് ഇവന്മാരുടെ സ്ഥിരം പണിയാ നിങ്ങൾ അതൊന്നും കാര്യമാക്കെണ്ട”
ഞാൻ സുന്ദരനെ നോക്കി, ഉള്ള ദേഷ്യം ഉള്ളിലടക്കി ഞാൻ പറഞ്ഞു
“ഉണ്ണിച്ചേട്ട, സാരമില്ല ഞങ്ങൾ ലോക്കൽ കമ്പാർട്ട്മെന്റിൽ വന്നോളാം”
“എന്നാൽ നിങ്ങളുടെ ഇഷ്ടം”
“ഈ വലിയ ബാഗ് ചേട്ടൻ സൂക്ഷിച്ചാൽ മതി, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം”
“ശരി…,“
ഞങ്ങൾ ബാഗ് ചേട്ടന്റെ കയ്യിൽ എൽപ്പിച്ചു, ഭക്ഷണം കരുതിയിരുന്ന പോളിത്തീൻ കവറും, പിന്നെ സോപ്പ് ചീപ്പ് തുടങ്ങിയ സൌന്ദര്യ വർദ്ധന ടൂളുകളും ഏടുത്തു ഒപ്പം ചെറിയ ഹാൻഡ് കാരിയർ ബാഗും. ഏകദേശം അരമണിക്കൂർ ഞങ്ങൾ അവിടെ നിന്നു ബാത്ത്രൂമിൽ പോകാൻ വരുന്നവർ സഹതാപത്തോടെ ഞങ്ങളെ നോക്കി.ചിലർ അടക്കം പറഞ്ഞ്കടന്നുപോയി.
കുറേ പേർബാഗുകളും മറ്റ് സാധനങ്ങളുമായി വാതിൽക്കൽ എത്തി, അവർക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ആയെന്നുതോന്നി, ചിലർ തമിഴിൽ സംസാരിക്കുന്നു, മറ്റുചിലർ മലയാളത്തിലും. അതിൽ മലയാളിയായ ഒരു യാത്രക്കാരെനോട് ഞാൻ തിരക്കി
“ പാലക്കാടിന് ഇനി എത്ര ദൂരമുണ്ട് ചേട്ട”
“ഈ വരുന്ന സ്റ്റേഷൻ പാലക്കാടാണ്”
“നന്ദി…”
ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി, രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ട്രയിൽ പാലക്കാട് എത്തി, വണ്ടി നിന്നു, ഞങ്ങൾ വേഗം പ്ലറ്റ് ഫോമിലേയ്ക്കിറങ്ങി, ആദ്യ കണ്ട ബോഗിയിൽ കയറി.തിരക്ക് കുറവായിരുന്നെങ്കിലും, മിക്കവാറും എല്ലാ സീറ്റും ഫുൾ ആയിരുന്നു, അവസാനം ഞങ്ങൾക്ക് മൂന്ന് സീറ്റ് കിട്ടി. സ്ലീപ്പർ ക്ലാസിലെ പോലെ തന്നെ തടിയുടെ സീറ്റ് ആണ് എന്ന ഒരു വ്യത്യാസം മാത്രം. പക്ഷെ കാര്യങ്ങൾ ഇവിടെ കുറച്ചുകൂടെ ലളിതമാണ്, സ്ലീപ്പർ ക്ലാസ്സിൽ മൂന്നുപേർ ഇരിക്കുന്ന സീറ്റിൽ ഇവിടെ ആറുപേർ. പിന്നെ ആർക്കും എവിടെയും ഇരിക്കാം. ഒരെഒരു കുഴപ്പം എണീറ്റ് പോയാൽ പിന്നെ സീറ്റ് കിട്ടിയാൽ ഇരിക്കാം അല്ലെങ്കിൽ നിന്ന് യാത്ര ചെയ്യാം. ആർക്കും പരാതിയുമില്ല( പരാതിപെട്ടിട്ടും കാര്യമില്ല) ഏകോദര സഹോദരങ്ങളെ പോലെ, ജനാധിപത്യതിന്റെ അല്ലെങ്കിൽ സോഷ്യലിസത്തിന്റെ മാതൃക. സൂക്ഷിച്ചില്ലങ്കിൽ സോഷ്യലിസ്സം പൂർണ്ണമാകുന്നതും കാണാം ( ഇല്ലാത്തവൻ ഉള്ളവന്റെ അടിച്ചുമാറ്റുന്ന സിസ്റ്റം  ) ദസ് ക്യാപ്പിറ്റൽ വായിട്ടില്ലെങ്കിലും ഇതൊക്കെ നമ്മുടെ സഹജീവികൾക്ക് കൃത്യമായറിയാം
“സുന്ദരാ..”
“ഉം..”
“തുടക്കം തന്നെ അടിപൊളി ആണല്ലോ അളിയാ..”
അവൻ തലുയർത്തി എന്നെ നോക്കി
“താമാശിച്ചതാ നീയ്..”
“നീ എന്താ പേടിച്ചു പോയോ “
“എടാ എന്നാലും ഉണ്ണി ആൾ ഒരു ത…..തയ്യൽ കാരൻ …, ആണല്ലോടാ..”
“വിട്ടുകള…”
“അല്ലാതെന്തു ചെയ്യും ഇനീ കരുതി ഇരിക്കാം”
“മോനെ സുശീല നിനക്ക് ഉറക്കം വരുന്നുണ്ടോ.”
“ഇല്ല എന്തേ?”
“അല്ല ഉറങ്ങുന്നെങ്കിൽ കയ്യിലുള്ള സാധനം സൂക്ഷിച്ചോ, ഈ ലോകത്ത് മുഴുവൻ ഉണ്ണികളാ…”
സുശീലൻ പാന്റിന്റെ പോക്കറ്റിൽ പരിശോധിച്ചു, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പുവരുത്തി, ഇനീ ഉള്ള യാത്രയിൽ വേണ്ട മുങ്കരുതലുകളെ പറ്റിഞങ്ങൾ സംസാരിച്ചു
“രാത്രിയിൽ രണ്ട് പേർ ഉറങ്ങുമ്പോൾ ഒരാൾ കാവലിരിക്കണം”
“അതെ, ഇനി ഒരു തട്ടുകേട് വന്നാൽ പിച്ച എടുക്കേണ്ടിവരും”
“ശരിയാണ്.”
ഞങ്ങൾ അങ്ങനെ രണ്ടുപേർ ഉറങ്ങുമ്പോൾ ഒരാൾ സാധനങ്ങൾ നോക്കണം എന്ന തീരുമാനത്തിൽ ഉറച്ചു, ആദ്യം എന്റെ ഊഴമായിരുന്നു. സുന്ദരനും, സുശീലനും സീറ്റിൽ പിറകോട്ട് ചാരി ഇരുന്ന് ഉറങ്ങി, കാരണം കോയമ്പത്തൂരിൽ നിന്നും കുറെ തമിഴന്മാർ കേറീയിരുന്നു. അതിൽ കുറച്ച് ആളുകൾ ബർത്തിൽ കയറി ഇരുന്നു. ഇപ്പോൾ വണ്ടി ഫുൾ ആയി എന്ന് പറയാം ഞാൻ വളരെ ശ്രദ്ധയോടെ ഇരുന്നു. കയ്യിൽ കരുതിയിരുന്ന ചെയിൻകൊണ്ട് ബാഗുകൾ ലോക്ക് ചെയ്തിരുന്നു എങ്കിലും. മറ്റൊരു പിഴവ് ഇനി വരാതെ നോക്കണമല്ലോ. അന്നത്തെ രാത്രി അങ്ങനെ അനിഷ്ടങ്ങൾ ഒന്നും സംഭവിക്കാതെ കടന്നുപോയി. നേരം വെളുക്കാറായപ്പോഴേയ്ക്കും അവരെ വിളിച്ചുണർത്തി.
“എടാ…അളിയ വേഗം എഴുന്നേറ്റ് ബാത്ത്റൂമിൽ പോ, തിരക്കായി കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ല കേട്ടല്ലോ”
“ശരിയാ ഇവന്മാർ കേറിയാൽ പിന്നെ ജീവിതം പാഴാ..”
ആളുകൾ ഏണീക്കും മുൻപുതന്നെ ഞങ്ങൾ പ്രാധമിക കാര്യങ്ങൾ എല്ലാം കഴിച്ചു. വണ്ടി ഇപ്പോൾ തമിഴ് നാട്ടിലൂടെ ആണ് പോകുന്നത്, ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഡിസമ്പർ ആയതിനാൽ അന്തരീക്ഷം പൊതുവേ തണുത്തതും. ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തി. ഒരു പാണ്ടിച്ചെറുക്കൻ, ചായപാത്രവുമായി വണ്ടിയിൽ ചാടിക്കയറി
“അണ്ണ നല്ല സൂട് സായ ഇരിക്ക് എടുക്കട്ടുമാ”
“ഏതായാലും മൂന്നെണ്ണം എടുക്ക് “
പ്ലാസ്റ്റിക്ക് കപ്പിൽ ചായ പകർന്നു തന്നു, പൈസ വാങ്ങി അവൻ അടുത്ത സീറ്റിലേയ്ക്ക് നടന്നു. ചായ വല്ല്യ കുഴപ്പമില്ലായിരുന്നു, കേറ്ററിംഗ് കാരക്കാൾ ഭേദം പുറത്ത് വെളിച്ചം വീണുതുടങ്ങി. മറ്റൊരു ദിവസത്തിന്റെ ആരംഭം…… ജീവിതത്തിൽ നിന്നും മറ്റൊരു ദിവസം കൂടെ അടർന്നുപോയി…….