Tuesday, February 23, 2010

മരിക്കാത്ത ഓർമ്മകൾ-25

ആദ്യ ദിവസം തന്നെ ഓഫീസിലേയ്ക്കുള്ള വഴിയിലെ ലാൻഡ്മാർക്കുകൾ ഓർത്ത് വച്ചിരുന്നു തെരുവിന്റെ വലതുവശത്തൂടെ ഞാൻ മുന്നോട്ട് നടന്നു അവിടെ ഉണ്ടായിരുന്ന മിക്കവാറും എല്ലാ കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതാണ്. മുകളിലെ നിലയിലേയ്ക്കുള്ള ആ ഇടുങ്ങിയ കോണിപ്പടിക്ക് മുന്നിൽ ഞാൻ നിന്നു മാമൂലുകൾ മറക്കാതെ വലതുകാൽവച്ചുതന്നെ കയറി. ഒന്നാം നിലയിലെ ചില്ലിട്ട വാതിലിന് മുന്നി ഞാൻ നിന്നു ഡോറിന്റെ ഹാൻഡിൽ പതിയെ തിരിച്ചു, ഭാഗ്യം ഞാൻ തന്നെയാണ് ആദ്യം എത്തിയിരിക്കുന്നത് രണ്ട് മിനിട്ട് അവിടെ നിന്ന ശേഷം ഞാൻ താഴേയ്ക്ക് തിരിച്ചിറങ്ങി. ആരെങ്കിലും വരുന്നതുവരെ താഴെ നിൽക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നി.എകദേശം പതിനഞ്ച്മിറ്റിട്ട് കഴിഞ്ഞപ്പോൾ സുരേഷ് എത്തി,
“വന്നിട്ട് ഒരുപാട് നേരമായോ”
“ഒരു പതിനഞ്ച് മിനിട്ട് ആയിക്കാണും”
“വണ്ടികിട്ടാൻ അല്പം വൈകി”
“മാഷ് എവിടെയാ താമസിക്കുന്നത്”
“മുഖർജി നഗറിൽ”
“അതേയോ…, ഞങ്ങൾ അതിനടുത്താ. ഡെക്കയിൽ”
“ഡെക്കയിൽ എവിടെ ?”
“അശോകൻ എന്നയാളുടെ കടയുടെ അടുത്താണ് അവിടെ ഒക്കെ അറിയുമോ ?”
“മുഖർജീ നഗർ എന്നു പറഞ്ഞന്നെ ഉള്ളു ഞാനും ഡെക്കയിൽ ആണ് താമസിക്കുന്നത്”
സുരേഷ് താമസിക്കുസ്ഥലത്തുനിന്നും അല്പം ദൂരമേ ഞങ്ങളുടെ റൂമിലേയ്ക്ക് ഉണ്ടായിരുന്നുള്ളു. സുരേഷും അവന്റെ രണ്ട് സഹോദരിമാരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരു ചേച്ചിയും ഒരനുജത്തിയും, (മൂത്തചേച്ചി ഇപ്പോൾ എയിംസിൽ സ്റ്റാഫ് നഴ്സാണ്, ഒരിക്കൽ 2002ൽ ആണെന്നാണ് ഓർമ്മ ആർ.കെ പുരം അയ്യപ്പ ക്ഷേത്രത്തിൽവച്ച് ഞാൻ ചേച്ചിയേയും ഭർത്താവിനേയും കണ്ടിരുന്നു)
സുരേഷ് മുൻപേ ഏണിപ്പടികയറി നമ്പർലോക്ക് തിരിച്ച് ഡോർ തുറന്നു, പടിയിൽ മാത്രമല്ല ഓഫീസിനുള്ളിലേയ്ക്ക് കയറിയപ്പോഴും വലതുകാൽ തന്നെ വയ്ക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അത് ഒരു വലിയ ഹാൾ ആയിരുന്നു ബോസ്സിന്റെ ക്യാബിൻ ആയിരിക്കണം വുഡൺ പാനലിംഗ് ചെയ്ത് ഭംഗിയാക്കിയ ഒരു മുറി അതിന്റെ എതിർവശത്ത് ആറ് ഡ്രാഫ്റ്റിംഗ് ടേബിളുകൾ പിന്നെ ഉയർന്ന സ്റ്റൂളുകളും ഐ.ടി.ഐ ലെ അതേ സെറ്റപ്പ്, സുരേഷ് കാണിച്ചുതന്ന ഒരു സീറ്റിൽ ഞാൻ ഇരുന്നു. അവൻ ബോസ്സിന്റെ ക്യാബിനിലേയ്ക്ക് പോയി പിന്നെ ഒരു തുണികഷ്ണം എടുത്ത് ബോസ്സിന്റെ മേശ വൃത്തിയാക്കാൻ തുടങ്ങി. ടേബിളിലെ പേയ്പ്പറുകൾ ഒക്കെ അടുക്കിവെടിപ്പാക്കി. ഒരു ഓഫീസ് ബോയിയുടെ പണികൾ എല്ലാം സുരേഷ് കൃത്യമായി ചെയ്തു അജീഷ് പറഞ്ഞകാര്യം അപ്പോൾ ഞാൻ ഓർത്തു
“അളിയാ ഒരു കുഴപ്പമുണ്ട്, അവിടെ കിളവന്റെ ടേബിൾ തുടച്ച് കൊടുക്കണം, പിന്നെ കിളവന് പാൻ വാങ്ങി ക്കൊടുക്കണം, അതു കൂടാതെ ചായ കൂടെ വാങ്ങി കൊടുക്കണം ഇതൊക്കെ ചെയ്യാൻ തയ്യാറാണെങ്കിലേ പോകാവു അല്ലാതെ അവിടെ ചെന്നിട്ട് ഇതൊന്നും ഞാൻ ചെയ്യുകില്ല എന്ന് പറഞ്ഞ് മസ്സിലുപിടിച്ചാൽ അവർ പറഞ്ഞു വിടും പിന്നെ നിന്നെ അവിടെ എത്തിച്ചതിന്റെ ഉപകാര സ്മരണയ്ക്ക് സുരേഷിന്റെ പൂരപ്പാട്ടും ഞാൻ കേൾക്കേണ്ടി വരും “
“ഏയ്……എല്ലാം ഞാൻ ചെയ്തോളാം ഇനീ കക്കൂസ് കഴുകാൻ പറഞ്ഞാലും ഞാൻ ചെയ്യും നിനക്കെന്നെ വിശ്വാസമില്ലെ….”
എന്റെ അതിവിനയം അക്കര അക്കരയിലെ ശ്രീനിവാസന്റെ ഡയലോഗിനെ കടത്തി വെട്ടുന്നതായിരുന്നു
“ഉം ആപത്തിൽ സഹായിച്ചവനെ മറക്കാൻ പാടില്ലല്ലോ… ദേ അവന്റെ വിസിറ്റിംഗ് കാർഡ്”
ആ കാർഡാണ് ഇന്ന് ഇവിടെത്തിച്ചത് സുരേഷിന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
“മാഷെ ഇതൊക്കെ ഇവിടുത്തെ രീതികളാണ്, ആദ്യം അല്പം ബുദ്ധിമുട്ട് തോന്നും പിന്നെ ശീലമായൽ പ്രശ്നമില്ല “
അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു,
“ഇവിടെ മലയാളികൾ ആയി നമ്മൾ രണ്ടുപേരെ ഉള്ളു, പിന്നെ കിളവന്റെ അനിയന്റെ മകൻ ഒരു സുശീൽ കുമാർ, സിവിൾ ഡിപ്ലൊമാ കഴിഞ്ഞ് എ.എം.ഐ പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുന്നു, പിന്നെ ഒരു പഞ്ചാബി പെണ്ണുണ്ട് സീമ, കൂടാതെ ജൂണിയർ ആർക്കിടെക്റ്റിന് പഠിക്കുന്ന ഒരു പെണ്ണ് വല്ലപ്പോഴും വരും അത് കിളവന്റെ ഏതോ ബന്ധുവാണ് ഇത്രയുമാണ് നമ്മുടെ സ്റ്റാഫ് സ്ട്രെംഗ്ത് പറഞ്ഞുവരുന്നത് ഓഫീസ് ബോയ് എന്ന തസ്ഥിക ഇല്ല അത് നമ്മൾ തന്നെ മാനേജ് ചെയ്യണം”
“ശരി “
“കിളവൻ പത്ത്മണി കഴിഞ്ഞേ വരു, കിളവൻ വന്നതിന് ശേഷമേ മിക്കവാറും അവൾ വരാറുള്ളു”
ഞാൻ ചോദ്യാർത്ഥത്തിൽ സുരേഷിനെ നോക്കി
“സീമ..”
“ഓ..”
“പിന്നെ ഒരാളുടെ കാര്യം പറയാൻ മറന്നു, സതീഷ് മലയാളിയാണ് പാർട്ട് ടൈം ആയി ഇവിടെ അക്കൌണ്ടന്റാണ് ഇന്ന് പുള്ളിക്കാരൻ വരുന്ന ദിവസമാണ്”
“ശരി…”
“തൽക്കാലം കിളവൻ വരുന്നതുവരെ ആ സീറ്റിൽ തന്നെ ഇരിക്ക് അയാൾ ബാക്കി കാര്യം പറഞ്ഞുതരും”
സുരേഷ് അവന്റെ സീറ്റിൽ ഇരുന്നു ജോലി തുടങ്ങി, എന്റെ നേരെ മുൻപിലെ ടേബിളിൽ ആയിരുന്നു അവൻ ഇരുന്നത് എനിക്ക് അവന്റെ ടേബിൾ നല്ലവണ്ണം കാണാമായിരുന്നു, ട്രേസിംഗ് ഷീറ്റിൽ ഏതോ വലിയ പ്രോജക്ടിന്റെ ലേയൌട്ട് തയ്യാറക്കുകയായിരുന്നു അവൻ, ദൈവമെ നല്ല സ്ഥലത്തുതന്നെ നീ എന്നെ എത്തിച്ചതിന് നന്ദി. എന്റെ സ്വപ്നങ്ങൾക്ക് ചിറക്മുളച്ചുതുടങ്ങി. 9 മുതൽ 6 അവരെ ആയിരുന്നു ഓഫീസ് ടൈം ഏകദേശം പത്തുമണി ആയപ്പോൾ കോളിംഗ് ബൽ ശബ്ദിച്ചു, സുരേഷ് ചെന്ന് വാതിൽ തുറന്നു. കിളവൻ (അദ്ദേഹത്തിന്റെ പേർ ഓംപ്രകാശ് ഭരദ്വാജ് അല്ലെങ്കിൽ ഓ.പി. ഭരദ്വാജ് എന്നായിരുന്നു, കിളവൻ എന്നാൽ ബോസ്സ് എന്ന് വാമൊഴി) കൈയ്യിൽ ഒരു കറുത്ത ലതർ ബാഗുമായി അദ്ദേഹത്തിന്റെ ക്യാബിനിലെയ്ക്ക് പോയി, സുരേഷ് സീറ്റിൽ വന്നിരുന്നു
“മാഷെ, ഇപ്പോൾ അയാൾ വിളിക്കും “
“ശരി..”
ഞാൻ അക്ഷമനായി കാത്തിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു
“ഹാം.. ജീ “
എന്ന് പറഞ്ഞുകൊണ്ട് ഞാൻ കിളവന്റെ ക്യാബിനിലേയ്ക്ക് നടന്നു, ഗ്ലാസ്സ് ടോപ്പോട് കൂടിയ വിലപിടിച്ച ഒരു ടേബിൾ ആയിരുന്നു അത് അതിന്റെ ഒരു വശത്ത് ഒരു കമ്പ്യൂട്ടർ വച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു എല്ലാം വിലകൂടിയ സാധനങ്ങൾ, ഫ്ലവർവേസ്, ബ്രോൺസ്സ്സ്റ്റാച്ചു… അങ്ങനെ പലതും, അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ശരിക്കും പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത് മനുഷ്യപ്പറ്റുള്ളവനാണെന്ന് തോന്നുന്നു. ഇന്റർവ്യൂവിന് ചോദിച്ച ചോദ്യങ്ങൾ ഒക്കെ ഒന്നൂടെ ആവർത്തിച്ചു, ഉത്തരങ്ങൾ ഞാനും കാരണം അധികം പറയാനുള്ള ആംമ്പിയർ എനിക്കുമില്ലായിരുന്നു
“സുരേഷ്…..ഇയാൾക്ക് വേണ്ട സാധനങ്ങൾ എല്ലാം കൊടുക്കുക “
ഞാൻ ക്യാബിന്റെ പുറത്തേയ്ക്ക് നടന്നു, സുരേഷ് എനിക്ക് പെൻസിലും, പേനയും മറ്റ് ടൂളുകളും തന്നു. അവിടെ പ്രധാനമായും പെൻസിലിൽ ആണ് ഡ്രോവിംഗുകൾ വരച്ചിരുന്നത് അത് പിന്നെ ബ്ലൂപ്രിന്റ് വഴി കോപ്പികൾ എടുക്കും.
“ഇനീ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി“
“ശരി….”
ഒരു പണിക്കായ് ഞാൻ കാത്തിരുന്നു………………………..!!

Sunday, February 14, 2010

മരിക്കാത്ത ഓർമ്മകൾ-24

വൈകിട്ട് ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ ഒത്തുകൂടി, പ്രധാന ചർച്ചാവിഷയം എന്റെ പുതിയ ജോലിക്കാര്യമായിരുന്നു. അജീഷിനോട് നന്ദി പറയാൻ അവന്റെ റൂം എവിടെ എന്നറിയില്ലത്ത കാരണത്താൽ അന്ന് നടന്നില്ല.എന്റെ പഴയ അന്നദാധാവിന്റെ ചോദ്യത്തിന്, ഞാൻ വരാതിരുന്നതിനെക്കുറിച്ച് സുന്ദരന്റെ വിശധീകരണം “സിക്ക്” ആണ് എന്നായിരുന്നു. ഗബ്ബർ സിംഗ് എന്ന സർദാർ പയ്യനായിരുന്നു കമ്പനിയുടെ ഓണർ കം മാനേജർ കം അക്കൌണ്ടന്റെ കം സെയിൽസ് . ഒരു ഒറ്റയാൾ പട്ടാളം അനന്തമായ തസ്തികകൾക്ക് അധിപനായിരുന്നു ആ ഇരുപത്തഞ്ചുവയസ്സുകാരൻ.
“സിക്ക് ആണ് എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു അവന്റെ പ്രതികരണം”
“ഒന്ന് അമർത്തി മൂളി… “
“ഉണ്ണിച്ചേട്ടാ കേട്ടിടത്തോളം അത് ഒരു പെശക് മൂളൽ ആണെന്ന് തോന്നുന്നു”
“എന്തായാലും ഇന്ന് ബീഫ് വാങ്ങാതിരുന്നത് മണ്ടത്തരമായി, അളിയന് പണികിട്ടിയതല്ലെ അടിച്ച് പൊളിക്കാമായിരുന്നു”
ഞാൻ സുശീലനെ തറപ്പിച്ച് ഒന്നു നോക്കി, എന്നാ എന്നെ അങ്ങ് കൊല്ലടാ…… എന്ന രീതിയിൽ,
“സുശീലാ ആദ്യ ശമ്പളം കിട്ടുമ്പോൾ നമ്മൾക്ക് അടിച്ച് പൊളിക്കാം അതുവരെ നീ ക്ഷമിക്ക് ”
ഭക്ഷണത്തിന് ശേഷം ഞങ്ങൾ കുറച്ച്നേരം കൂടെ നാട്ടുകാര്യം പറഞ്ഞിരുന്നു,…
രാവിലെ ആദ്യമേതന്നെ ഞാൻ കുളികഴിഞ്ഞെത്തി, റൊട്ടിക്കുള്ള മാവ് കുഴച്ചു, പിന്നെ രാവിലത്തെ കട്ടൻ കാപ്പിക്കുള്ള വെള്ളം സ്റ്റൌവ്വിൽ വച്ചു, റൊട്ടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ അപ്പോൾ സുന്ദരനും കുളി കഴിഞ്ഞെത്തി. ഞാൻ നല്ല ഉത്സാഹത്തിലായിരുന്നു കാരണം എനിക്ക് എന്റെ ട്രേഡിലേയ്ക്ക് മാറാൻ പറ്റി എന്നതുകൊണ്ട്, അല്ലെങ്കിൽ ഗബ്ബർ സിംഗിന്റെ പണിശാലയിൽ തുടർന്നാൽ ജീവിതം സ്വാഹഃ ആകും എന്ന തിരിച്ചറിയൽ തന്നെ.
വിശക്കുന്നുണ്ടെങ്കിലും കഴിക്കാൻ ഒരു മൂടില്ലായിരുന്നു. രണ്ട് റൊട്ടി ഒരു വിധത്തിൽ കഴിച്ചു ആകെ ഒരു പരവേശം എന്തായിരിക്കും അവിടെ ചെയ്യെണ്ടിവരുക, എങ്ങനെ തുടങ്ങും തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ വന്നു ആകെ ഒരു ടെൻഷൻ ഹൃദയമിടിപ്പിന്റെ വേഗത കൂടിവന്നു. സകലദൈവങ്ങളേയും മനസ്സിൽ വിചാരിച്ചു കംപ്ലീറ്റ് പാർട്ടികളും എന്റെ ദീനരോധനം (പ്രാർത്ഥന) കേട്ടിരിക്കും.
“എടാ ആദ്യ ദിവസമല്ലെ നേരത്തെ ചെല്ല്, ആദ്യ ദിവസം തന്നെ നോട്ടപ്പുള്ളി ആകേണ്ട”
“അതെ”
ചേട്ടൻ പറഞ്ഞത് നേരായിരുന്നു ഇന്നുവരെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു “ലേറ്റ് കമർ” അല്ലെങ്കിൽ ഒരു ഒടുവിലാൻ ആയിരുന്നു.സ്കൂളിൽ, കോളേജിൽ…. എന്നുവേണ്ട പോയസ്ഥലത്തെല്ലാം അതുതന്നെ അതിനെപ്പറ്റി ഇനി ഒരവസരത്തിൽ പറയാം. പെട്ടന്നുതന്നെ ഞാൻ ഡ്രസ്സ് ചെയ്യാൻ തുടങ്ങി ഇന്നലെ ഒരു രൂപ കൊടുത്താണ് ഷർട്ടും പാന്റും ഇസ്തിരി ഇടീച്ചത്, ഇസ്തിരി വടിവുകൾ എല്ലാം ഉറപ്പ്വരുത്തി ഷർട്ടും പാന്റും ധരിച്ചു. അനുസരണകെട്ട മുടിയെ തല്ലിയൊതുക്കി, വീണ്ടും ഉയർന്നുനിന്നവരെ വെളിച്ചെണ്ണ ഇട്ട് തലോടി ഇരുത്തി. പതിവിൽ കവിഞ്ഞ പ്രകടനങ്ങൾ കണ്ടിട്ടാവണം സുന്ദരൻ വക കമന്റ്,
“എടാ കാക്ക കുളിച്ചാൽ കൊക്കാകുമോ ?”
കണ്ണാടിയിൽ നിന്നും മുഖം അടർത്തിമാറ്റി ഞാൻ അവനെ നോക്കി
“തമാശിച്ചതാ…..”
“സത്യം പറയുന്നവൻ കമ്മ്യൂണിസ്റ്റ്കാരനാണല്ലോ”
“എന്റെ സുന്ദര ചില സത്യങ്ങൾ പറയാൻ പാടില്ല പ്രത്യേഗിച്ചും ഇത്തരം അവസരങ്ങളിൽ, അവന്റെ ഒടുക്കത്തെ ഒരു തമാശ, മനുഷ്യൻ ഇവിടെ മാക്സിമം ഗറ്റപ്പ് ഉണ്ടാക്കാൻ പാടുപെടുകയാ…. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലെ”
“എന്തോന്ന്…..”
“ഓ ഹിന്ദി പറഞ്ഞാൻ നിനക്ക് മനസ്സിലാവില്ലല്ലോ….”
“ വാചകമടിച്ച് സമയം കളയാതെ പോകാൻ നോക്ക് നോസൌബാരാ ബസ്സ് ഭയങ്കര തിരക്കുള്ളതാ ഡക്കയിൽ നിറുത്തിയാൽ ഭാഗ്യം അല്ലെങ്കിൽ നേരെ ക്യാമ്പിൽ ചെന്നു പോകാൻ നോക്ക്”
ദൈവമെ പരീക്ഷണം ബസ്സിന്റെ രൂപത്തിൽ ആകുമോ ? ഞാൻ ഒരുക്കം പൂർത്തിയാക്കി പഴസ് പാന്റിന്റെ പിറകിലെ പോക്കറ്റിൽ ഇട്ടു.
“ചേട്ടാ എന്നാൽ ഞാൻ ഇറങ്ങുകയാണ്, സുന്ദരാ സുശീല അപ്പോൾ പിന്നെ വൈകിട്ട് കാണാം”
ഞാൻ യാത്രപറഞ്ഞ് ഇറങ്ങി, റൂമിൽ നിന്നും പത്ത് മിനിട്ട് ദൂരം നടക്കണമായിരുന്നു ബസ്റ്റോപ്പിലേയ്ക്ക്, വഴിയിൽ പരിചയമുള്ള മുഖങ്ങൾ പലതും കണ്ടു, കുശലം ചോദിക്കാനുള്ള സമയം ഇല്ലാതിരുന്നതിനാൽ ചിരിച്ച് സൌഹൃദം പുതുക്കി,നായ്ക്കൾക്കും നാൽക്കാലികൾക്കും സൈക്കിൾറിക്ഷയ്ക്കും ഇടയിലൂടെ ഞാൻ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. സ്റ്റോപ്പിൽ ചെറിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. മറ്റുള്ളവരെ അവരുടെ ഡ്രസ്സ്, ഷൂ, ബാഗ് ഇതൊക്കെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രദ്ധിച്ച് വീക്ഷിച്ചു പിന്നെ അതുമായി എന്റെ വേഷത്തെ തുലനം ചെയ്തുനോക്കി, മാറ്റങ്ങൾ എന്നെ ഗ്രസിച്ചുതുടങ്ങിയത് ഞാൻ അറിഞ്ഞു, അവരിൽ നിന്നും ഒട്ടും മോശമായിരുന്നില്ല എന്റെ ഭാവങ്ങൾ അത് നല്ല ഒരു ഊർജ്ജമായിരുന്നു. അല്പം സമയം കഴിഞ്ഞപ്പോൾ നോസൌ ബാരാ നമ്പർ ബ്ലൂലൈൻ ബസ്സ് വന്നു ഒന്നുരണ്ട്പേർ അവിടെ ഇറങ്ങി, എന്നെക്കൂടാതെ രണ്ട് പേർകൂടെ അവിടെനിന്നും കയറി. ടിക്കറ്റ് എടുത്ത് അധികം തിരക്കില്ലാത്ത ഭാഗത്തെയ്ക്ക് ഞാൻ മാറിന്നു. കിംഗ്സ്വേക്യാമ്പിൽ നിന്നും കുറെ അധികം ആളുകൾ കയറി പിന്നെ നല്ല തിരക്കായിരുന്നു എന്റെ ഒരു കൈ പഴ്സിന്റെ പുറത്ത് വച്ചിരുന്നു അല്ലെങ്കിൽ നമ്മളെക്കാൾ ഉത്തരവാധിത്വത്തോടെ അത് ഏറ്റെടുക്കുന്നവർ ഡെൽഹിയിൽ ധാരളമുണ്ട്, ഏകദേശം മുക്കാൽ മണിക്കൂർകൊണ്ട് ബസ്സ് ശക്തിനഗറിൽ എത്തി.
റോഡ് മുറിച്ച്കടന്ന് ഞാൻ ഓഫീസ് ലക്ഷ്യമാക്കി നടന്നു, വല്ലാത്ത ഒരു അനുഭൂതിയിൽ………….പുതിയ ഒരു ജീവിതത്തിലെയ്ക്ക്……,