Monday, November 30, 2009

മരിക്കാത്ത ഓർമ്മകൾ-23

ഞങ്ങൾ താമസ്സിക്കുന്ന സ്ഥലത്തുനിന്നും കുറച്ച് ദൂരെ ആയിരുന്നു അജീഷ് പറഞ്ഞ ഓഫീസ്, ഡക്കയിൽ നിന്നും നോസൌബാര (912) നമ്പർ ബസ്സായിരുന്നു അവിടേയ്ക്ക് പോയിരുന്നത്. ശക്തിനഗർ എന്നാണ് ആ സ്ഥലത്തിന്റെ പേര്.ബസ്സിൽ സാമാന്യം നല്ലതിരക്കുണ്ടായിരുന്നു, ഞങ്ങൾ ശക്തിനഗർ റെഡ്‌ലൈറ്റിൽ ഇറങ്ങി ( ബസ്സ്റ്റോപ്പ്) ഒരു കടക്കാരനോട് അഡ്രസ്സ് തിരക്കി ഞങ്ങൾ അവിടെ എത്തി, ഒരു ഓഫീസിന്റെ യാതൊരു ലക്ഷണവും പുറമേനിന്ന് കാണാമായിരുന്നില്ല, ഒരു ബോർഡ്പോലും പുറത്തെങ്ങും ഉണ്ടായിരുന്നില്ല. അടുത്ത് കണ്ട ഒരു കടക്കാരനോട് ഒരിക്കൽ കൂടെ അഡ്രസ്സ് ഉറപ്പിച്ചശേഷം ഞങ്ങൾ മുന്നോട്ട് നടന്നു, അയാൾ പറഞ്ഞതുപോലെ ഒരു ഇടുങ്ങിയ കോണിപ്പടി ഞങ്ങൾ കണ്ടു, ഒന്നാം നിലയിൽ ആണെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഒരാൾക്ക് കഷ്ടിച്ച് കയറാവുന്ന ഒരു കോണിപ്പടി ആയിരുന്നു അത് അതിന്റെ സ്റ്റെപ്പുകൾ തമ്മിലുള്ള ഉയരം കൂടുതനായതിനാൽ അല്പം ആയാസമായിരുന്നു കയറ്റം. അത് അവസാനിക്കുന്നത് രണ്ട് വാതിലുകളുടെ മുൻപിൽ. ഏതാണ് ഞങ്ങൾക്ക് പോകേണ്ടത് എന്നതിലൊരു സംശയം, പിന്നെ രണ്ടും കല്പിച്ച് വലതുവശത്തെ വാതിലിൽ തട്ടി, അല്പം കഴിഞ്ഞപ്പോൾ ഒരു മലയാളി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ വാതിൽ തുറന്നു.
“ആപ് മലയാളി……”
“അതെ, ആരെ കാണാൻ ആണ്..”
അയാൾ സൌമ്യമായി ചോദിച്ചു, ഒരു മലയാളിയെ കണ്ടത് നന്നായി എന്ന് എനിക്ക് തോന്നി, കാരണം ഉണ്ണിച്ചേട്ടൻ ഹിന്ദി പറയുന്നത് കേട്ടാൽ അപ്പോഴേ മനസ്സിലാകും ഇവൻ മദ്രാസി ആണെന്ന്. ഞാൻ അജീഷ് തന്ന വിസിറ്റിംഗ് കാർഡ് അയാൾക്ക് കൊടുത്തു.

“അജീഷ് തന്നതാണ്, മി. സുരേഷിനെ ഒന്നു കാണണമായിരുന്നു”
അയാൾ മുഖമുയർത്തി എന്നെ നോക്കി,
“ഞാൻ തന്നെയാണ് സുരേഷ്…. വേക്കൻസിയുടെ കാര്യത്തിനാണോ ? “
“അതെ..”
“നിങ്ങൾ എന്താണ് പഠിച്ചത്”
“ഡ്രാഫ്റ്റ്സ്മാൻ സിവിൾ”
“എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ?”
“രണ്ട് വർഷം…”
“ഒരുമിനിട്ട് നിൽക്ക്, ഞാൻ സാറിനെ പറഞ്ഞ് വിടാം “

അല്പം കഴിഞ്ഞപ്പോൾ ഒരുഅറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ വന്നു, എന്നോട് എക്സ്പീരിയൻസ് എത്ര വർഷത്തെ ഉണ്ടെന്ന് ചോദിച്ചു, പണ്ട് യുധിഷ്ഠിരൻ പറഞ്ഞ പോലെ ഒരു സത്യം ഞാനും പറഞ്ഞു
രണ്ട് വർഷം (മനസ്സിൽ പറഞ്ഞു, പഠിച്ച രണ്ട് വർഷം)
“നാളെമുതൽ വരുക ആയിരം രൂപ തരാം”
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, കിളവനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുക്കാൻ തോന്നി (ബൂലോകത്തിലെ ചില കവികൾക്ക് ഇങ്ങനെ തോന്നാറുണ്ട്, കമന്റുകളിൽ കണ്ടതാണേ) നെഞ്ചിടിപ്പ് കൂടുകയും ഒരു വിറയൽ ബാധിക്കുകയും ചെയ്തു, എന്തിനാണ് വിറച്ചതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായി, സിക്സ്ത് സെൻസ് ആറാം ഇന്ദ്രീയം…

ഞാനും ഉണ്ണിച്ചേട്ടനും അവിടെ നിന്നും ഇറങ്ങി കോണിപ്പടി ഇറങ്ങുമ്പോൾ ഇവൻ ആള് മിടുക്കനാണ്, എല്ലാം അറിയാം എന്നൊക്കെ കിളവനോട് തട്ടിമൂളിച്ചത് ഞാൻ ഓർത്തു. അത്രയ്ക്ക് അങ്ങോട്ട് വേണ്ടായിരുന്നു, നാളെ എന്തെങ്കിലും അറിയില്ല എന്ന് പറയേണ്ടി വന്നാൽ, ഈശ്വരാ ഹിന്ദിയിലെ തെറി മുഴുവൻ കാണാപാഠം പഠിച്ചു അത് കുരിശാകുമല്ലോ. എല്ലാത്തെറിയും കയ്യും കെട്ടിനിന്ന് കേൾക്കേണ്ടി വരുമല്ലോ, അത് പഠിച്ചില്ലായിരുന്നെങ്കിൽ എന്തരോ കേട്ട് എന്ന് വിചാരിക്കാമായിരുന്നു, എന്തായാലും വരുന്നിടത്തുവച്ച് കാണാൻ തീരുമാനിച്ചു
“നീയെന്താണെടാ ഒന്നും മിണ്ടാതെ നടക്കുന്നത് “
പെട്ടന്ന് ഞാൻ എന്റെ മനോരാജ്യത്തിൽ നിന്നും ഉണർന്നു
“ഏയ് ഒന്നുമില്ല ഞാൻ നാളെ വരുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു”
“ഞാൻ പറഞ്ഞതൊക്കെ ഏറ്റു എന്നാണ് തോന്നുന്നത്…”
ചേട്ടൻ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു, അതു തന്നെ യാണ് ഞാനും ആലോചിച്ചത് അത്രയ്ക്കങ്ങോട്ട് വേണമായിരുന്നോ എന്ന്. വിധിയെ തടുക്കാനാവില്ലല്ലോ…
“അതെ…. അതെ “
ഞങ്ങൾ ബസ്റ്റോപ്പിലേയ്ക്ക് നടന്നു തൊള്ളായിരത്തി പന്ത്രണ്ട് വന്നപ്പോൾ അതിൽ കയറി വലിയതിരക്കില്ലായിരുന്നു,
“എടാ എന്റെ കയ്യിൽ ചില്ലറ ഇല്ല ടിക്കറ്റ് എടുത്തോണം”.
“ശരി ചേട്ട”
ഈശ്വരാ ആകെ പത്തുരൂപയെ ഉണ്ടായിരുന്നൊള്ളു, ശമ്പള വർദ്ധനയുടെ ഇമ്പാക്ട്, പത്തിന്റെ നോട്ട് കണ്ടകടർക്ക് നൽകി, ബാക്കി പൈസ വാങ്ങി പോക്കറ്റിൽ ഇട്ടു.....