Saturday, April 24, 2010

മരിക്കാത്ത ഓർമ്മകൾ-31

“ഒത്തിരി നേരമായോ വന്നിട്ട് ?”
“ഇല്ല, ഒരു പത്ത്മിനിട്ട് ആയിക്കാണും എന്നും ഈ നേരത്താണോ വരുന്നത്”
“അതെ, ചിലപ്പോൾ താമസിക്കും, അജാദ്പൂരിൽ നിന്നും വണ്ടി കിട്ടാൻ ഭയങ്കര പാടാണ്”

രണ്ട് മൊസാമ്പി ജൂസിന് ഓർഡർ കൊടുത്തു, കടയിലെ ചോട്ടുവിന്റെ ചോദ്യം എന്നെ പാതി വെട്ടിലാക്കി,

“ചോട്ടാ യാ ബഡാ“

പണ്ടാരമടങ്ങാൻ ബഡാ വാങ്ങണമെങ്കിൽ ഇരുപത് രൂപ ആകും ചോട്ടാ ആണെങ്കിൽ പത്തുരൂപയിൽ ഒതുക്കാം. കാമുകിയുടെ മുന്നിൽ വച്ച് ഏതു കാമുകനാണ് പണത്തെക്കുറിച്ച് ചിന്തിക്കുന്നത്, സുരേഷിനോട് കടം വാങ്ങിയ അൻപതുരൂപയിൽ ഇനീ മുപ്പതുരൂപയോളം ബാക്കി ഉണ്ട്, ഈ ജൂസുകടി വീണ്ടും പിച്ചക്കാരനാക്കുമല്ലോ തേവരെ എന്നാലോചിച്ചുനിൽക്കുമ്പോൾ അവൾ തന്നെ ചെറുതുമതി എന്ന് പറഞ്ഞു അപ്പോൾ ആണ് ശരിക്കും പറഞ്ഞാൽ ആശ്വാസമായത്, പെണ്ണ് കൊള്ളാം ആളറിഞ്ഞാണ് അരി ഇടുന്നത്. പൈസ കൊടുക്കാൻ അവൾ ശ്രമിച്ചെങ്കിലും ഞാൻ അനുവധിച്ചില്ല. അഭിമാനത്തിന്റെ പ്രശ്നമല്ലെ, ബാക്കി പൈസവാങ്ങി പഴ്സിൽ വച്ചുകൊണ്ട് ഞങ്ങൾ ഡക്കയിലേയ്ക്ക് നടന്നു. റോഡിന്റെ ഇരു വശവും വേപ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു, തെരുവ് വിളക്കിന്റെ ചെങ്കൽപ്രകാശംകൊണ്ട് വഴി പ്രകാശപൂരിതമായിരുന്നു, ഇടയ്ക്കിടയ്ക്ക് ഞങ്ങളെ കടന്ന് ആളുകൾ പൊയ്ക്കൊണ്ടിരുന്നു. രാധികയെ പരിചയമുള്ളവർ പുഞ്ചിരിച്ച് കടന്നുപോയി. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു

“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “
“വെറുതെ….. തനിച്ച് കാണെണം എന്ന് തോന്നി”

പിറകിലേയ്ക്ക് വഴുതിവീണ ചുരിതാറിന്റെ ഷോൾ, കഴുത്തിലൂടെ ചുറ്റി മാറിലേക്കിട്ടു, ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു, ഇടയ്ക്കെപ്പോഴോ അവളുടെ കൈകൾ എന്റെ കയ്യിൽ അമർന്നു, വിരലുകൾ വിരലുകളുമായി പിണഞ്ഞ്കോർത്തു. അവൾ വശം തിരിഞ്ഞ് എന്നെ നോക്കി, എന്റെ മുഖത്ത് ഒരു വിളറിയ ചിരി, എന്റെ നാവ് കുഴഞ്ഞിരുന്നു പക്ഷെ കയ്യും കയ്യും സംസാരിക്കുന്നു, ഇത് പ്രണയത്തിന്റെ പുതിയ ഭാവമായി തോന്നി അവർ എല്ലാം പറഞ്ഞു, ഞാൻ പറയാതിരുന്നതും അവൾ കേൾക്കാതിരുന്നതുമായ എല്ലാം…..

“നാളെ വരുമോ ? “

എന്തിനെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം, പ്രേമ പരവശനായ കാമുകൻ വെയിറ്റിംഗ്ഷെഡിൽ അന്തിയുറങ്ങാൻ പോലും തയ്യാറാവും എന്നത് ആർക്കാണ് അറിയാൻ മേലാത്തത്. പ്രിയതമയുടെ ഏതാഗ്രഹവും നടത്തിക്കൊടുക്കാൻ പാകത്തിന് എന്റെ മനസ്സ് വളർന്നിരുന്നു, ദൂരെ നിന്നും ആളുകൾ വരുന്നതു കണ്ടപ്പോൾ ഞാൻ കൈവലിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അവൾ അനുവദിച്ചില്ല. അവർ അടുത്തെത്തിയപ്പോൾ അവൾ കൈപിൻവലിച്ചു ക്ഷണനേരത്തിൽ കോർക്കുകയും ചെയ്തു.

“രാധികേ…”
ഞാൻ അവളെ നോക്കി,എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങിപ്പോയി എന്നു തോന്നി. ഗളശുദ്ധിവരുത്തി വീണ്ടും ഒന്നൂടെ വിളിച്ചു അപ്പോൾ അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി,
“നിന്റെ ചേച്ചി കണ്ടാൽ”
“അതൊന്നും സാരമില്ല. പേടിയാണോ “
“ഹെന്തിന്…. “
അവൾ ഊറിച്ചിരിച്ചു, പാവം ചെക്കൻ എന്നാണോ അതിന്റെ അർത്ഥം എന്ന് എനിക്ക് തോന്നി, ഡക്ക ബസ്സ്റ്റോപ്പ് ആയപ്പോൾ അവൾ എന്റെ കൈസ്വതന്ത്രമാക്കി
“നീ ഈ വഴി പൊയ്ക്കോ ഇനീ ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി”
“ശരി..”

അവൾ നടന്നുമറയുന്നതും നോക്കി ഞാൻ ബസ്സ്റ്റോപ്പിൽ നിന്നു, പിന്നെ നഷ്ടബോധത്തോടെ, റൂമിലേയ്ക്ക് നടന്നു. ശരീരത്തിന് ഭാരമില്ലാത്തപഞ്ഞിക്കെട്ടുപോലെ തോന്നി, അവളുടെ സ്പർശനത്തിൽ ഞാൻ മറ്റൊരുലോകത്ത് എത്തിയോ ?, കന്നുകാലികൾക്കും സൈക്കിൾ റിക്ഷകൾക്കുമിടയിലൂടെ ഞാൻ ഒരു തൂവലായി ഒഴുകുകയായിരുന്നു. ദൂരെ വാതിൽക്കൽ എന്റെ വരവും നോക്കി നിൽക്കുന്ന സുന്ദരനെ കണ്ട് ഒന്നു പകച്ചു, എന്തുപറ്റി കക്ഷി വാതിൽക്കൽ തന്നെ നിൽക്കുന്നല്ലോ, ആഹാ…… സുശീലനും ഉണ്ടല്ലോ കൂടെ….,

“എന്തുപറ്റി ഏതാണ്ട്കളഞ്ഞ അണ്ണാനെ പോലെ വരുന്നത് “
“ഞാൻ ചുമ്മാ നടക്കാനിറങ്ങിയതാ ഈവനിംഗ് വാക്ക്”
“എങ്ങനെ..? ഈ വനിംഗ് വാക്കാ…”
“എടാ സായാഹ്നസവാരി”
“ഓ എന്ന്..”
സുന്ദരൻ സുശീലനെ നോക്കി, ഈശ്വരാ ലെവന്മാർ വല്ലതും അറിഞ്ഞോ ? ആകെ ഒരു കൺഫ്യൂഷൻ….
“ഇന്ന് മുളക് ചാലിച്ചതുകൂട്ടി ചോറുണ്ണാം “
“ഉം എന്നാ പറ്റി “
“മണ്ണണ്ണ തീർന്നു”
ഹോ ഈശ്വര രക്ഷപെട്ടു, പ്രണയലീലകൾ അല്ലല്ലോ വില്ലൻ എന്റെ നല്ലജീവൻ വീണത് അപ്പോൾ ആയിരുന്നു. മണ്ണണ്ണ സമാധാനം ഉള്ള കാര്യമാണ് അശോകന്റെ കടയിൽ നിന്നായാലും വാങ്ങാം
“നീ ഒരു കാര്യം ചെയ്യ്…”
“ഉം…. “
“അല്ല ആ രാധികയോട് ഒന്ന്…….”
ഇവൻ ആളൊരു കേമനാണല്ലോ, ഞാൻ തന്നെ രാധികയോട് ചോദിക്കണം അതിൽ ഒരു മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ സുന്ദരാ കളി എന്നോടാ….
“അതെന്നാ ഞാൻ തന്നെ ചോദിക്കണമെന്ന്, നിനക്കായിക്കൂടെ”
“അതുകൊണ്ടല്ല നീയുമായി നല്ലതായി സംസാരിക്കാറുണ്ടല്ലോ അതുകൊണ്ട്”
ഞാൻ സുന്ദരനെ ഒന്നു നോക്കി,
“സുശീല നീ വാ, അവളെ കണ്ടാൽ ചോദിക്കാം അല്ലെങ്കിൽ നമുക്ക് അശോകന്റെ കടയിൽ നിന്നും വാങ്ങാം”

ഞാനും സുശീലനും, ക്യാനും എടുത്ത് പുറത്തേയ്ക്ക് നടന്നു കറിവയ്ക്കാനുള്ള സംഗതികൾ ശരിയാക്കുന്ന കാര്യം സുന്ദരനെ ഓർമ്മിപ്പിച്ചു. രാധികയുടെ വീടിന്റെ അടുത്തെത്തിയപ്പോഴെയ്ക്കും അറിയാതെ മുകളിലെ ബാൽക്കണിയിലേയ്ക്ക് നോക്കി അവൾ അവിടെ ഉണ്ടായിർക്കണമേ എന്ന് മനസ്സ് ആഗ്രഹിച്ചു. ഞങ്ങളെ സൂക്ഷിച്ചു നോക്കുന്ന മക്കാൻ മാലിക്ക് കിളവനെ കണ്ട് ഞെട്ടി, ഈ കോടാലി എന്തിനാണ് ബാൽക്കണിയിൽ നിൽക്കുന്നത്, ഛെ… പിന്നെ സുശീലനുമായി വേഗം അശോകന്റെ കടലക്ഷ്യമാക്കി നടന്നു. അവിടെ ചെറിയ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു, ഞങ്ങൾ അല്പം ഒതുങ്ങിനിന്നു, മിട്ടിക്കതേൾ എന്ന് പറയുമ്പോൾ തെറ്റിപോകുമോ എന്ന ഭയം ഉള്ളിൽ, കൂടാതെ അയാൾ മറ്റെന്തെങ്കിലും ചോദിച്ചാൽ അത് മനസ്സിലാകുമോ എന്ന ഭയം മറ്റൊരുവശത്ത്, ഈശ്വരാ ഈ ലോകത്ത് ജീവിക്കാൻ എന്ത് പാടാ.

“ഉം എന്തു പറ്റി ? ”

Tuesday, April 20, 2010

മരിക്കാത്ത ഓർമ്മകൾ-30

ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, ഒരു മിന്നൽ പിണർ പോലെ ആ സംഭവം മനസ്സിലൂടെ കടന്നു പോയി അന്ന് ഞാൻ വരച്ച ചിത്രം അതുപോലെ ഇവിടെ പുനരാവിഷ്ക്കരിക്കുന്നു….

ഈ ചിത്രമാണ് ഞാൻ അന്ന് വരച്ചത്. സുധ ഞങ്ങളുടെ ഒരു ബന്ധുവാണ് അവളും ഷീലയും ഒരു ക്ലാസ്സിൽ പഠിക്കുന്നു.ഒരു ദിവസം ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ തിണ്ണയിലെ ബഞ്ചിൽ ബുക്കും പുസ്തകവും ഒക്കെ കിടക്കുന്നതുകണ്ടു അത് അവളുടെ പുസ്തകമായിരുന്നു സുധയുടെ. ഞാൻ സുധ എന്ന് വിളിക്കുന്നെങ്കിലും എന്നേക്കാൾ മൂന്ന്നാല് വയസ്സിന് മൂത്തതായിരുന്നു കക്ഷി, പഠനത്തിന്റെ മിടുക്കുകൊണ്ട് പലബഞ്ചിലും ഇരുന്നിരുന്ന് ഇപ്പോൾ എട്ടിൽ എത്തിയന്നെഉള്ളു. ഞാൻ അതിലെ കണക്കിന്റെ നോട്ട്ബുക്ക് എടുത്തു അതിൽ ഒരു പടം വരച്ചു ഒരാണിന്റേയും പെണ്ണിന്റേയും തലമുതൽ തോൾ ഭാഗം വരെ അതും പുറംതിരിഞ്ഞ് നിൽക്കുന്നത്, പോകാൻ തുടങ്ങുമ്പോഴേയ്ക്കും സുധ വന്നു അവളെ ഞാൻ വരച്ച പടം കാണിച്ചു നിന്റെ കൂട്ടുകാരിയുടെ പടം കണ്ടോ ദെ നോക്കിക്കെ, അവൾ എന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങി നോക്കി, അടുത്ത് നിൽക്കുന്ന ആൺകുട്ടി ആരെന്ന് ചോദിച്ചു അല്ലാതാരാ നമ്മുടെ ആശാരിചെക്കൻ, (ഇന്ന് ഇദ്ദേഹം മലയാളം ടീ.വി. സീരിയലുകളിൽ അറിയപ്പെടുന്ന ഹാസ്യതാരമാണ് ) എന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു അവൻ. സുധ ആ പടം കുറച്ചുനേരം നോക്കി നിന്നു, പിന്നെ അവളുടെകൈയ്യിൽ നിന്നും ആ പടം വാങ്ങി ഞാൻ കീറിക്കളഞ്ഞു. അവൾ ഇതറിയെണ്ടാ എന്ന സുധയുടെ താക്കീത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. പക്ഷെ അവൾതന്നെ ഈ വിധത്തിൽ പണിയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പടം വരച്ചു എന്നതിലല്ലായിരുന്നു എന്റെ വിഷമം ചെയ്യാത്ത കുറ്റം ഏൽക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ടായിരുന്നു, അദ്ദേഹം എന്നെ മാനസ്സികമായും, ശാരീരികമായും പീഠിപ്പിച്ചു ( മറ്റെ പീഠനമല്ല കേട്ടോ, കാരണം ഇപ്പോൾ പീഠനം എന്ന വാക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നുണ്ടല്ലോ) അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ കുറേ നേരം തുടർന്നു

“ നിനക്ക് എത്ര വയസായി “
“ പതിമൂന്ന് ”
“നിന്റെ അച്ഛനോട് ഞാൻ പറയാം നിന്നെ പെണ്ണ് കെട്ടിക്കാൻ. ഇത്തിരിയില്ലാത്തവന്റെ ഒക്കെ കൈയ്യിലിരിപ്പ് കൊള്ളാം”

എന്റെ ശിരസ്സ് താണുപോയി, ഉത്തരമില്ലാത്ത അല്ലെങ്കിൽ ചുട്ട മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ എന്നോട് ചോദിച്ചു, ശരീരവും മനസ്സും തളർന്നു, കുടിക്കാൻ അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു. സ്റ്റൂളിൽ കയറി നിൽക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ, ഞാൻ ശരിക്കും ഭയന്നു കാരണം ഇപ്പോൾ സ്റ്റാഫ് റൂമിലെ അദ്ധ്യാപകർക്ക് എന്നെ വ്യക്തമായി കാണാം. കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ സ്റ്റൂളിൽ നിന്നു. കരയാൻ എന്റെ മനസ്സ് അനുവധിച്ചില്ല, അല്ലെങ്കിൽ അത്തരം ലോലവികാരങ്ങൾ എന്നിൽ നിന്നും അകന്നുപോയി, നാല് ചൂരലുകളും റബർ ബാൻഡ് ഇട്ട് ഒന്നാക്കി, മന്തൻബാലകൃഷ്ണൻ സാർ എന്റെ അടുത്തേയ്ക്ക് എത്തി, എന്റെ നിക്കർ മുകളിലേയ്ക്ക് പൊക്കി പ്പിടിച്ചു, പിന്നെ പല ആവർത്തി ആ ചൂരലുകൾ എന്നെ തട്ടി ത്തെറിച്ചു, ഓരോ പ്രാവശ്യവും എന്റെ കാലിൽ പ്രഹരമെൽപ്പിച്ച് മടങ്ങുമ്പോഴും അതിന്റെ വേദന തലച്ചോർവരെ എത്തിയിരുന്നില്ല, അപമാനിക്കലിന്റെ വേദന അതിനും അപ്പുറത്തായിരുന്നു ചുണ്ടിൽ ഒരു പുഞ്ചിരിവരുത്തി ഞാൻ അവളെ നോക്കി, അവൾ എന്റെ കണ്ണിൽ നിന്നും മാഞ്ഞുപോയി എന്നന്നെയ്ക്കുമായി……….

പിന്നീടുള്ള സ്കൂൾ ജീവിതത്തിൽ, ഞാനവളെ ഒരാവർത്തി നോക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല, അങ്ങനെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു അല്ലെങ്കിൽ അവൾ ഈ ലോകത്തിലില്ല എന്ന് ഞാൻ കരുതി, സ്കൂളിലെ ജീവിതത്തിന് ശേഷം പിന്നീട് ഇന്നുവരെ ഞാൻ അവളെ കണ്ടിട്ടില്ല. ഞാൻ വരച്ച ചിത്രത്തിലെ ഇല്ലാത്ത അശ്ലീലതയുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടതിൽ ആണ് എനിക്ക് മനസ്സിക ബുദ്ധിമുട്ടുണ്ടാക്കിയത്, കാരണം അവൾ ആരോപിക്കുന്ന ചിത്രം ഞാൻ മനസ്സിൽ പോലും കണ്ടതല്ല, അവളോട് എനിക്ക് ഒരു കാര്യത്തിൽ നന്ദി ഉണ്ട് കാരണം ഇന്ന് ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നു എന്നതിനാൽ. ഇന്നിതൊക്കെ ഓർക്കുമ്പോൾ ഒരു രസം, അന്നൊക്കെ ക്ലാസ്സിന്റെ ഇടവേളകളിൽ പെൺകുട്ടികൾ കൂട്ടമായി ഞങ്ങളുടെ ക്ലാസ്സിന്റെ വാതിൽക്കലൂടെ ചുറ്റാറുണ്ടായിരുന്നു അത്തരം സംന്ദർഭത്തിൽ അതിലെ പെൺകുട്ടികളുടെ പേർ ഞങ്ങളുടെ കൂട്ടുകാരുടെ പേരുമായി ചേർത്ത് തമാശപറയുമായിരുന്നു, അത്തരം ഒരു തമാശയാണ് എന്നെ മാനംകെടുത്തിയത്, അതിന് ശേഷം ഇത്തരം കാര്യത്തിൽ നിന്നും ഞാൻ മനപൂർവ്വം അകന്നു നിന്നു……കോളേജിൽ പഠിക്കുമ്പോൾ കുറച്ച് മാറ്റങ്ങൾ ഉണ്ടായെങ്കിലും സ്ത്രീയിൽ നിന്നും ഒരകലം ഞാൻ സൂക്ഷിച്ചിരുന്നു, ഇപ്പോൾ രാധികയാണ് ആ അകലം ആദ്യമായി പൊട്ടിച്ചെറിഞ്ഞത്.

അന്ന് ഓഫീസിൽ എത്തിയിട്ടും എന്റെ ചിന്ത അവളെക്കുറിച്ചായിരുന്നു, രാധിക ഇന്ന് ക്യാമ്പിൽ വരണം എന്ന് പറഞ്ഞത് എന്തിനായിരിക്കും. പെട്ടന്ന് വൈകുന്നേരമാകാൻ ഞാൻ പ്രാർത്ഥിച്ചു. വൈകിട്ട് വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ സുരേഷും കൂടുണ്ടായിരുന്നു, ഇവനെ എങ്ങനെ ഒഴിവാക്കും എന്നതായി അടുത്ത ചിന്ത അവസാനം ഒരുപായം കണ്ടുപിടിച്ചു, സബ്ജീ വാങ്ങണം എന്ന് പറഞ്ഞ് ഒഴിവാകാം പക്ഷെ പിന്നെയും ഒന്നര മണിക്കൂർ വേണം അവൾ എത്താൻ. അവസാനം ഞാൻ തീരുമാനിച്ചു റൂമിലേയ്ക്ക് പോകുക, അവിടുന്ന് ഏഴ്മണി ആകുമ്പോൾ ക്യാമ്പിലേയ്ക്ക് നടന്ന് പോകാം എകദേശം രണ്ട് കിലോമീറ്റർ ദൂരമെ കിംഗ്സ്വേ ക്യാമ്പിലേയ്ക്ക് ഉണ്ടായിരുന്നുള്ളു.

ബസ്സിൽ വലിയതിരക്കൊന്നുമില്ലായിരുന്നു,ഞങ്ങൾ രണ്ടും ഡക്കയിൽ തന്നെ ഇറങ്ങി, സുരേഷ് നിർബന്ധിച്ചപ്പോൾ അവന്റെ കൂടെ അവരുടെ റൂമിൽ പോയി. ഏതോ ഒരു ചൌഹാൻ ആയിരുന്നു വീടിന്റെ ഉടമ, അശോകന്റെ കടയിൽ നിന്നും അധികം ദൂരെ ആയിരുന്നില്ല ആ വീട്. ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തുകയറി ഒന്നാം നിലയി ആയിരുന്നു സുരേഷും പെങ്ങന്മാരും താമസിച്ചിരുന്നത്. ഒരു വലിയ മുറി അതിൽ തന്നെ ആയിരുന്നു പാചകം ചെയ്തിരുന്നതും. അതിൽ രണ്ട് കട്ടിൽ ഉണ്ടായിരുന്നു പിന്നെ ഇരിക്കാൻ രണ്ട്കസേരയും നടുക്കായ് ഒരു ടീപ്പോയും. അന്നത്തെ എന്റെ കാഴ്ച്ചയിൽ തരക്കേടില്ലാത്ത ചുറ്റുപാട്. ചേച്ചിമാരെത്താൻ ഇനീയും സമയമെടുക്കും, സുരേഷ് കാപ്പിക്ക് വെള്ളം വച്ചു.

റൂമിന്റെ പുറത്തെ ചുറ്റുപാടുകൾ ഒക്കെ നോക്കി, അവരുടെ റൂമിന്റെ എതിർവശത്ത് രണ്ട് റൂം, അതുകൂടാതെ ഒരു റൂം കൂടെ അവിടുണ്ടായിരുന്നു. സുരേഷിന്റെ മിറിയുടെ എതിർവശത്ത് മൂന്ന് മലയാളികൾ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവർ വന്നു, ബിജു, ബേബി, ബിജു. മൂന്ന് പേരും മുഖർജി നഗറിൽ അവരുടെ ബന്ധുവിന്റെ പ്രസ്സിലും മറ്റുമായി ജോലി നോക്കുന്നു. അവരെ പരിചയപ്പെട്ടു, യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു.

മനസ്സിന് നല്ല കുളിർമ്മ തോന്നി പുതിയ പുതിയ ബന്ധങ്ങൾ, അവിടെ ജീവിച്ച ഓരോ ദിവസവും എനിക്ക് ഓരോ പുതിയ അറിവിന്റെ അദ്ധ്യായങ്ങൾ ആയിരുന്നു സമ്മാനിച്ചത്. ഡോർ തുറന്ന് ഞാൻ അകത്തുകയറി, ഉണ്ണിച്ചേട്ടനും എത്തിയിട്ടില്ല സുന്ദരനൊക്കെ എത്തുമ്പോൾ ഏഴരകഴിയും, ഞാൻ ഡ്രസ്സ് മാറി അടുക്കളയിലേയ്ക്ക് നടന്നു. പാത്രങ്ങൾ എടുത്ത് പുറത്ത്‌വച്ചു പിന്നെ ബക്കറ്റിൽ വെള്ളം പിടിച്ചുകൊണ്ടുവന്ന് ചോറ് വയ്ക്കാനുള്ള പാത്രവും മറ്റും കഴുകി എടുത്തു. സ്റ്റൌവ്വിൽ മണ്ണണ്ണ നിറച്ചു പമ്പ്ചെയ്തു. തീജ്വാല നീലിച്ച് തുടങ്ങിയപ്പോൾ അരി ഇട്ട ചരുവം അടുപ്പിലേയ്ക്ക് മാറ്റി, പിന്നെ ബാക്കി പാത്രം എല്ലാം കഴുകിവച്ചു, കറിക്കുള്ള പരിപാടി അവന്മാരൂടെ വന്നിട്ടാകാം എന്ന് തീരുമാനിച്ചു.

കുളികഴിഞ്ഞ് എത്തുമ്പോഴേയ്ക്കും അരി വേവായിരുന്നു, പിന്നെ കുറച്ച് നേരം കൂടി തിളപ്പിച്ച് അടച്ചിട്ടു. ഏകദേശം ഏഴ് മണിആയപ്പോൾ ഞാൻ എല്ലാപണികളും ഒതുക്കി ഡ്രസ്സ് ചെയ്ത് ക്യാമ്പിലേയ്ക്ക് തിരിച്ചു. ഉണ്ണിച്ചേട്ടൻ വഴിയിൽ വച്ച് കണ്ടാൽ എവിടെ പോകുന്നു എന്ന് തിരക്കും, എന്തെങ്കിലും കള്ളത്തരം പറയണം എന്ന് തീരുമാനിച്ചു. ഭാഗ്യം എന്റെ കൂടെ ആയിരുന്നതിനാൽ വഴിയിൽ പരിചയക്കാരെ ആരെയും കണ്ടില്ല. ജൂസ്കടയുടെ വാതിൽക്കൽ അല്പം മാറിഞാൻ കാത്തുനിന്നു. ഇന്നത്തെപോലെ മൊഫേൽ ഒന്നും അന്നില്ലല്ലോ, അതൊക്കെ വൻ കക്ഷികളുടെ പക്കലെ അന്നുണ്ടായിരുന്നുള്ളു. ലോകത്തിലേയ്ക്കും ഏറ്റവും ബുദ്ധിമുട്ട്പിടിച്ചപണിയാണ് കാത്ത് നിൽപ്പ് എന്ന് മനസ്സിലായി അതും ഒരു കാമുകന്റെ റോളിൽ ആകുമ്പോൾ അത് ‘ഫീകരവും, ഫീബത്സവും ‘ ആകും. അജാദ്പൂർ സൈഡിൽ നിന്നും വരുന്ന വണ്ടികൾ കാണുമ്പോൾ ആകാംഷകൊണ്ട് എന്റെ കണ്ണുകൾ വികസിക്കും, അവൾ ആ വണ്ടിയിലും ഇല്ല എന്ന് അറിയുമ്പോൾ ശ്ശോ വേണ്ടായിരുന്നു എന്ന് തോന്നും. ദൂരെ തിരക്കിനിടയിലൂടെ അവൾ നടന്നുവരുന്നത് ഞാൻ കണ്ടു……
എന്റെ ഹൃദമിടിപ്പിന്റെ വേഗത കൂടിവന്നു..

Monday, April 12, 2010

മരിക്കാത്ത ഓർമ്മകൾ-29

അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കുറച്ചുനേരം വിശ്രമിച്ചു. ശരീരമാസകലം ഒരു തരിപ്പ്, ഒരു വിറയൽ, എന്റെ കയ്യിൽ കാപ്പിതിളപ്പിക്കാൻ എടുത്ത സോസ്പാൻ, ഒന്ന് കെട്ടിപ്പിടിച്ച് ആ ചുണ്ടുകളിൽ ഒരുമുത്തം നൽകണം എന്ന് മനസ്സ് പറഞ്ഞെങ്കിലും, അകത്ത് ഉറങ്ങിക്കിടക്കുന്ന അസുരന്റെ മുഖം മനസ്സിൽ തെളിഞ്ഞു. അവൾ അകന്ന് മാറി പിന്നെ പുഞ്ചിരിച്ചു

“വൈകിട്ട് ക്യാമ്പിൽ വരാമോ ? “
“എപ്പോൾ ? “
“ഏഴരയ്ക്ക് ജൂസ് കടയുടെ അടുത്ത് നിന്നാൽ മതി”
“ഉം”
“എന്നാൽ ഞാൻ ഇറങ്ങുന്നു “

അവൾ എന്റെ കവിളിൽ നുള്ളി, ഈശ്വരാ ഇപ്പോൾ ഞാൻ കാമുകിയും അവൾ കാമുകനും എന്ന രീതിയിലായല്ലോ കാര്യങ്ങൾ, ഞാൻ അവളെ വാതിൽ വരെ പിന്തുടർന്നു. അവൾ കൈവീശികാട്ടി നടന്നകന്നു കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ അവിടെതന്നെ നിന്നു. പഠിക്കുന്ന കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു ഒരു പെണ്ണിനോട് മിണ്ടാനും, ശൃങ്കരിക്കാനും ഒക്കെ, പക്ഷെ പെണ്ണിനെ കാണുമ്പോൾ ചങ്കിനകത്ത് ഒരു കാളൽ, ഒരു ധൈര്യമില്ലായ്മ അത് ഇന്നും എന്നെ പിന്തുടരുന്നു എന്ന്ഞാൻ മനസ്സിലാക്കിയിരുന്നു (ഈ സംഭവങ്ങൾ നടക്കുന്ന കാലം). അതുകൊണ്ട്തന്നെ തമാശുകൾ പറഞ്ഞ് സ്ത്രീകൾക്കിടയിൽ ശ്രദ്ധനേടാൻ ചില അവസരങ്ങളിൽ എങ്കിലും ഞാൻ ശ്രമിച്ചിരുന്നു.

ബാല്ല്യത്തിൽ ഞങ്ങളുടെ കളിക്കൂട്ടുകാർ എല്ലാം തന്നെ ആൺകുട്ടികൾ ആയിരുന്നു. ഒരു ബാച്ച് എല്ലാവരും ആൺകുട്ടികൾ ഞങ്ങളുടെ അയൽക്കാരിൽ ആരും തന്നെ ഞങ്ങളുടെ സമപ്രായക്കാരായ പെൺകുട്ടികൾ ഇല്ലായിരുന്നു ഒന്നുകിൽ ഞങ്ങളേക്കാൾ മുതിർന്നവർ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികൾ ഇതാവാം എന്റെ സ്വഭാവത്തിലെ ഈ പേടിക്ക് കാരണവും. പിന്നെ മനസ്സിനെ ഉലച്ച മറ്റൊരു സംഭവവും എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായി.

ഞാൻ അന്ന് എട്ടാംതരത്തിൽ പഠിക്കുന്നകാലം. ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലായിരുന്നു എന്റെ സ്കൂൾവിദ്യാഭ്യാസം. അയൽപ്പക്കത്ത് ഉള്ളവർ തന്നെ ആയിരുന്നു സ്കൂളിലെ അദ്ധ്യാപകരിൽ അധികവും. ഇക്കാരണത്താൽ തന്നെ സ്കൂളിലെ സംഭവങ്ങൾ ക്ഷണനേരത്തിൽ വീട്ടിൽ എത്തുമായിരുന്നു. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്നത് ബാലൻപിള്ള സാർ അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും അദ്ധ്യാപിക ആയിരുന്നു. എന്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് സാറിന്റെ വീട്. അഞ്ച് ബഞ്ച്‌വീതം രണ്ട് റോകളിൽ ആയിട്ടാണ് ക്ലാസ്സ്റൂം, ഒരു ഭാഗത്ത് പെൺകുട്ടികളും മറുഭാഗത്ത് ആൺകുട്ടികളും എല്ലാവരും ഒരേഗ്രാമത്തിലുള്ളവർ, മിക്കവാറും എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു, പഠനകാര്യത്തിലെ എന്റെ ശുഷ്ക്കാന്തികൊണ്ട് പിറകിലെ സീറ്റിൽ ഇരിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കിയിരുന്നില്ല. പൊന്നമ്മടീച്ചറിന്റെ ക്ലാസ്സിലും, ബാലൻപിള്ള സാറിന്റെ ക്ലാസ്സിലും മുൻസീറ്റിൽ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ പാഠങ്ങൾ പഠിക്കാതിരിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ അതിനായി ശ്രമിച്ചിരുന്നു.

ഒരു അപകടത്തിൽ പെട്ട് ബാലൻപിള്ളസാർ ഹോസ്പിറ്റലൈസ്ഡ് ആയപ്പോൾ അദ്ദേഹത്തിന്റെ ക്ലാസ്സ് സമയത്ത് മിക്കവാറും ഞങ്ങൾക്ക് ഡ്രില്ല് ആയിരിക്കും. സ്കൂൾഗ്രൌണ്ടിൽ ഓടിനടക്കുക മറ്റുകുട്ടികളുമായി അടിയിടുക ഇതൊക്കെ ആയിരുന്നു ഞങ്ങൾക്ക് ഡ്രിൽ. അങ്ങനെ ഒരു ദിവസം ഡ്രിൽമാഷ് ക്ലാസ്സിൽ വന്ന ഉടനെ ഹെഡ്മാസ്റ്ററുടെ ഓഫീസിൽ നിന്നും പ്യൂൺ ഒരു ലെറ്ററുമായി വന്നു. ഡ്രിൽമാഷ് എന്റെ പേർ വിളിച്ചു, എനിക്ക് വിശ്വാസം വന്നില്ല കാരണം തികച്ചും അപ്രശസ്തനായ എനിക്ക് ഒരു നോട്ടീസ്സ് അതിലെന്തോ പന്തികേടുള്ളതുപോലെ എനിക്ക് തോന്നി. ഞാൻ പ്യൂൺ മണിയൻപിള്ളയ്ക്കൊപ്പം ഹഡ്മാസ്റ്ററുടെ റൂം ലക്ഷ്യമാക്കി നടന്നു. അകലം കുറയുംതോറും എന്റെ ശരീരത്തിന് നേരിയ വിറയലും, ആകെ ഒരു അസ്വസ്ഥതയും, വരാൻ പോകുന്ന ഏതോ വിപത്തിന്റെ മുന്നറിയിപ്പായി എനിക്ക് തോന്നി.

ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നാണ് സ്റ്റാഫ്റൂം, ക്ലാസില്ലാത്ത അദ്ധ്യാപകർ എല്ലാവരും അവിടെ കാണും, പല അദ്ധ്യാപകരും എന്നെ ശ്രദ്ധിച്ചു, ഹെഡ്മാസ്റ്ററുടെ മുറിയിൽ ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു ഷീല, എന്നെക്കണ്ടപ്പോൾ അവൾ മുഖം വെട്ടിച്ചു, എനിക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല പക്ഷെ ഒന്നുറപ്പായിരുന്നു എന്തോ സീരിയസ് സംഭവം നടന്നിട്ടുണ്ട്, അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

“ഇതാണോ നിന്റെ പേർ”
അദ്ദേഹം എന്റെ പേര് വിളിച്ചു. ഞാൻ അല്പം ഭയത്തോടെ അതെ എന്നുപറഞ്ഞു
“ഈ കുട്ടിയെ നീ അറിയുമോ”
“ഉവ്വ്”
“എങ്ങനെ ?”
അവൾ രൂക്ഷമായി എന്നെ നോക്കി
“എട്ട് ബീയിൽ പഠിക്കുന്ന കുട്ടിയാണ് ഷീല”
“നിനക്ക് പടം വരയ്ക്കാൻ അറിയാമോ ?”
“ഇല്ല..”
“ഇല്ലെ..? കള്ളം പറയുന്നോടാ “

കാഥികൻ പ്രൊഫസർ സാംബശിവനെ നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ, അദ്ദേഹത്തിന്റെ അയിഷ എന്ന കഥയിൽ അദ്രമാന് അരിശം കേറുമ്പോൾ അയിഷയെ വിളിക്കില്ലെ അതേ സ്വരവും, രൌദ്രവും, ഒരാക്രോശത്തോടെ അദ്ദേഹം സീറ്റിൽ നിന്നും ചാടി എണീറ്റു. എന്റെ സകല കൺട്രോളും പോയി. ഈശ്വരാ വെളുപ്പാംകാലത്ത് വിളിച്ച് വരുത്തി ആളെ വിരട്ടുകയാണല്ലോ എന്ന് വിചാരിക്കുമ്പോൾ ആണ് ഇടിവാൾ പോലെ അടുത്തചോദ്യം

“നീ ഇവളുടെ പടം വരച്ചോ ?”

ഇപ്പോൾ ശരിക്കും ഞാൻ പേടിച്ചു കാരണം പടം വരയ്ക്കുന്ന കാര്യത്തിൽ എന്നേക്കാൾ ഭേദമാണ് എം.എഫ്. ഹുസൈൻ ,(ആശയമോ, രാഷ്ട്രീയമോ അല്ല ഞാനുദ്ദേശിച്ചത് പടത്തിന്റെ സൌന്ദര്യമാണ്) കാരണം വരയ്ക്കാൻ പോയിട്ട് നേരെചൊവ്വേ എഴുതാൻ പോലും അന്ന് എനിക്കറിയില്ലായിരുന്നു.വരച്ചില്ല എന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ് അടുത്തചോദ്യം വന്നു

“ഇവളുടെ പടം വരച്ച് അതിൽ ഭാഗങ്ങൾ അടയാളപ്പെടുത്തി എന്ന് ഇവളുടെ പരാതികിട്ടിയല്ലോ”

സ്വതവേ അല്പം തള്ളിയ എന്റെ കണ്ണ് വീണ്ടും തള്ളി, എന്തര് , പടം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി എന്നോ? അങ്ങനെ വരുമ്പോൾ വരച്ചപടത്തിന്റെ നൂഡിറ്റി മനസ്സിൽ വന്നു, ഛെ….അങ്ങനെ വരയ്ക്കുമോ ഏയ്….. എപ്പോൾ വരച്ചെന്നോ എങ്ങനെ വരച്ചെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ ആ ഇല്ലാത്തപടത്തിന്റെ പിതൃത്വം എന്റെ തലയിൽ വന്നുവീണു അല്ലെങ്കിൽ എന്റെ പേരിലാക്കി എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസ്സിലായില്ല ഏത് പടം എന്ന്, തമാശയ്ക്കായ്പോലും പടം വരയ്ക്കുന്ന സ്വഭാവമോ ശീലമോ എനിക്കില്ലായിരുന്നു.. പിന്നെ എങ്ങനെ ഈ പടം പിറവികൊണ്ടു എന്ന് എനിക്ക് മനസ്സിലായില്ല, കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തിയിലൂടെ മനസ്സ് സഞ്ചരിച്ചുതുടങ്ങി അപ്പോൾ ഉഗ്രരൂപം പൂണ്ട പ്രധാന അദ്ധ്യാപകൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. കയ്യിൽ ചൂരൽ വടികൾ ഒന്നല്ല നാലെണ്ണം, ഞാൻ നിസഹായനായി നിന്നു. അപ്പുറത്ത് സ്റ്റാഫ് റൂമിൽ നിന്നും പരിചയമുള്ളതലകൾ പാർട്ടീഷന് മുകളിലൂടെ എന്നെ ഉഴിഞ്ഞു കൊള്ളമല്ലോ ഈ ഉണ്ണി എന്ന മട്ടിൽ. മന്തൻ ബാലകൃഷ്ണൻ എന്നായിരുന്നു ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്, വൽതുകാലിൽ ഒരു ഉണ്ണിമന്ത് ഉണ്ടായിരുന്നു എന്നത് സത്യവുമായിരുന്നു.

“സാർ ഞാനാരുടേയും പടം വരച്ചില്ല”
“ഇല്ല സാർ ഈ കുട്ടി വരച്ചു, സുധയാണ് പറഞ്ഞത് അവൾ കണ്ടതാണ് ആ പടം”

അവളുടെ വാക്കുകൾ ഇടിവെട്ടേറ്റവനെപോലെ ഞാൻ കേട്ടു,…………

Thursday, April 8, 2010

മരിക്കാത്ത ഓർമ്മകൾ-28

“എന്താടാ അവൾ പറഞ്ഞത് ? ”
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി കാരണം അതിന്റെ ഉടമ സുന്ദരനായിരുന്നു,സുന്ദരൻ എന്റെ അയൽപ്പക്കകാരൻ ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അതു തന്നെയാണ് എന്റെ നടുക്കത്തിന് കാരണവും.
“ഏയ്….. അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല “
“അങ്ങനല്ലല്ലോ…, …ഉം ? “
“എന്റെ സുന്ദരാ നിന്റെ മനസ്സിൽ വേറെ ഒന്നുമില്ലെ, ഒരാണും പെണ്ണും സംസാരിച്ചാൽ അത് പ്രേമമാണ് മാങ്ങാത്തൊലിയാണ്……”
“അതിന് നീ എന്തിനാ ചൂടാകുന്നത് ? “
“ചൂടായതല്ല…. സ്പെഷ്യൽ ചെലവ് ചെയ്യണം എന്ന് അവൾ പറഞ്ഞു”
രാധികയുടെ കാര്യത്തിൽ ആദ്യം പറഞ്ഞ കള്ളം അതുപിന്നെ പല അവസരത്തിലും പലരോടും ആവർത്തിച്ചു……
“ഓ എന്ന് “
“ഇനീ സമാധാനമായിട്ട് ഉറങ്ങുമായിരിക്കും… ചുമ്മതല്ലടാ നീ നരന്തുപോലെ ഇരിക്കുന്നത് മനസ്സ് നന്നാക്ക് എന്നാലെ ശരീരം നന്നാകു”
“അളിയാ നിന്റെ ഈ വിശധീകരണം കേൾക്കുമ്പോൾ എന്തോ ഒരു ഇതുപോലെ തോന്നുന്നു….. ങാ സൂക്ഷിച്ചാൽ ദുഖിക്കേണ്ട “
അവന്റെ അർത്ഥം വച്ചുള്ള സംസാരവും അവസാനത്തെ ഉപദേശവും രാധികയുടെ ചോദ്യത്തിന്റെ ഇമ്പാൿറ്റ്തന്നെ ഇല്ലാതാക്കി, ഛെ… ദരിദ്രവാസി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങനെ ചോദിക്കുന്നത്…..സിനിമയിൽ കാണുന്നപോലെ മേഘങ്ങൾക്കിടയിലൂടെ ഒഴുകി നടക്കുന്നതും വെള്ളരിപ്രാവുകൾ ചുറ്റും പറക്കുന്നതും പലനിറത്തിലുള്ള സാരി നീളത്തിൽ വീശയടിക്കുന്നതും, ഒരു ഡസൻ തരുണികൾ കളർഫുൾ ഡ്രസ്സിൽ ഡാൻസ് കളിക്കുന്നതും അതിന് അഴകേകാൻ കുറെ കരുമാടിക്കുട്ടന്മാർ കൂടെ ആടുന്നതും ഒക്കെ സ്വപ്നം കാണേണ്ട നേരത്താണ് ഈ മാർക്കാണ്ഡേയൻ ഉപദേശവുമായി വന്നിരിക്കുന്നത്… നശിപ്പിച്ച് കളഞ്ഞില്ലെ…. ഒരു പ്രിയൻ-ലാൽ പടം പൊളിച്ചടിക്കയ്പോലെ ആല്ലെ എന്റെ സന്തോഷങ്ങളുടെ അടിത്തറ ഇളക്കിയത്…. അതും ഒറ്റക്കമന്റിൽ… സാല ഏക് മഛർ, ഏക് മഛർനെ ആത്മികോ ഹിജഡ ബനാദിയ…. ഇവന്റെ കൌഡില്ല്യ ബുദ്ധിക്ക് വീട്ടിലെങ്ങാനും അറിയിച്ചാൽ ഓർത്തപ്പോൾതന്നെ രോമാഞ്ചം….. എന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറഞ്ഞു..
“ഉം…. എന്നാപറ്റി ഭവാനിയമ്മയെ ഓർത്തോ…”
ദൈവമേ ഇവൻ മനസ്സിലെ കാര്യങ്ങൾ അതുപോലെ വിളിച്ച് പറയുന്നല്ലോ…
“ഉം… നിന്റെ നാക്കിൽ നിന്നും വേണ്ടാദീനം എഴുന്നള്ളിച്ചാൽ….”
“ഞാനൊന്നും പറയുന്നില്ലെ…”
സുന്ദരൻ തിരികെനടന്നു, അവൾ പോയ വഴിയിലേയ്ക്ക് തന്നെ ഞാൻ നോക്കിനിന്നു, അന്ന് സുന്ദരനോട് ഇവളെ പൊക്കും എന്ന് താമശയ്ക്കാണ് പറഞ്ഞതെങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ അതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം, അവളെ ആഗ്രഹിച്ചിരുന്നിരിക്കണം അല്ലെങ്കിൽ ഇത്രയും സന്തോഷം ഉണ്ടാവില്ല… പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ആ സന്തോഷം പങ്കുവയ്ക്കാൻപറ്റിയ ഒരാൾ ഇല്ലായിരുന്നു എന്നതാണ് സത്യം, സുന്ദരനും സുശീലനും ഉണ്ണിച്ചേട്ടനും ഒക്കെ ഉണ്ടെങ്കിലും എന്തോ ഈ സന്തോഷം അവരുമായി പങ്കുവയ്ക്കാൻ എനിക്കാവുമായിരുന്നില്ല. വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോകും. പക്ഷേ എനിക്ക് എന്റെ പ്രണയം സംരക്ഷിച്ചേ പറ്റു. ഒരു കാമുകന്റെ ആധിയും വ്യാധിയും എന്നെ പിടികൂടുന്നത് ഞാനറിഞ്ഞു.
പിന്നീട് എന്റെ ജീവിത രീതികൾക്ക് മാറ്റംവന്നുതുടങ്ങി, ഓഫീസിലെ ജീവിതം തരക്കേടില്ലാതെ പൊകുന്നതിനാൽ ഭാവിയെകുറിച്ചുള്ള ചിന്ത തൽക്കാലം എന്നെ അലട്ടിയിരുന്നില്ല്ല എന്നത് സത്യമായിരുന്നു.പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ വീടിന്റെ വാതിൽക്കൽ കൂടെയായിരുന്നു രാധിക ജോലിയും കഴിഞ്ഞ് വരുന്നത്, ഒരുസ്വാഭാവിക സന്ദർശനം എന്നപോലെ അവൾ ഞങ്ങളുടെ റൂമിൽ മുഖം കാട്ടിയിരുന്നു. അല്ലെങ്കിൽ എന്നെ കണ്ടിരുന്നു എന്നും പറയാം എന്നിൽ നിന്നും അനുകൂല മറുപടി ഒന്നും ഉണ്ടായില്ല എങ്കിലും അവൾക്ക് ഉറപ്പായിരുന്നു ഞാൻ “വീണു” എന്നത്, അത് എന്റെ ബോഡീലാംഗ്വേജിന്നും അവൾ അറിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ തന്നെ ഡോർ നോക്ക് ചെയ്യുന്നത് കേട്ട് ഞാൻ ഉണർന്നു. ഇങ്ങനെ പറയാൻ കാരണം പുലർച്ചെയുള്ള ഡോറിലെ തട്ടുകൾ ഞങ്ങൾ കേൾക്കാറില്ല, പുതപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് നീളുന്നതല മറ്റുള്ളവർ ഉണർന്നില്ല എന്ന് ഉറപ്പാകുമ്പോൾ ഉൾവലിയുന്നതായിരുന്നു ഞങ്ങൾക്കിടയിലെ കീഴ്വഴക്കം. അവളുടെ ചിന്തകൾ രാവും പകലും എന്നെ ഇടപ്പള്ളിയാക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങും നിദ്രാവിഹീനങ്ങളല്ലോ എന്നും അവന്റെ രാവുകൾ എന്ന് കവി മാറ്റി എഴുതിയേനെ എന്റെ അവസ്ഥ കണ്ടിരുന്നെങ്കിൽ. രണ്ടും കല്പിച്ച് ഞാൻ കിടക്കവിട്ടു, രാക്ഷസഭാവം പൂണ്ട എന്റെ തലമുടി ആളെ പേടിപ്പിക്കാതിരിക്കാൻ ഒതുക്കിവച്ചു. വാതിൽ തുറന്ന ഞാൻ ഞെട്ടി മുന്നിൽ രാധിക…….
“എണീറ്റതെ ഉള്ളു ? “
“ഉം…. എന്താരാവിലെ….”
“ഇതിലെ പോയപ്പോൾ കയറിയന്നെ ഉള്ളു “
“ഒരു മിനിട്ട് ഞാൻ കാപ്പി ഇടാം..”
ഞാൻ അടുക്കളയിലേയ്ക്ക് കയറി പിറകെ അവളും, അവൾ എന്റെ കണ്ണിൽ നോക്കി നിന്നു എനിക്ക് അവളുടെ മിഴികളിൽ ഏറെനേരം നോക്കാനുള്ള ആമ്പിയർ ഇല്ല എന്ന് ഞാനറിഞ്ഞു അപ്രതീക്ഷിതമായ അവളുടെ നീക്കം എന്നെ ഞെട്ടിച്ചുകളഞ്ഞു……..