Wednesday, October 21, 2009

മരിക്കാത്ത ഓർമ്മകൾ-22

“നീ മധുനുകർന്നു…………..അനുരാഗപല്ലവിയേ,
നീ മായല്ലെ മറയല്ലെ നീലനിലാവൊളിയെ…”
അനുരാഗത്തിന്റെ തീഷ്ണഭാവങ്ങൾ ഞങ്ങളിലൂടെ കടന്ന് പോയി, ദുഷ്യന്തനും ശകുന്തളയും പോലെ, നളനും ദമയന്തിയും പോലെ, അങ്ങ് പുരാണങ്ങളിൽ നിന്നും പിന്നെ നമ്മുടെ മുന്നിൽ നിൽക്കുന്ന അനേകലക്ഷം ജീവിക്കുന്ന ബിംബങ്ങളും………….
ആദ്യമായ് ഒരു സ്ത്രീ സ്പർശം,അവളുടെ മേൽചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിന്റെ സമീപത്ത്,
“ഉം, ഊതിക്കെ..”
ഒരു അധികാരത്തിന്റെ സ്വരം, ഞാൻ രണ്ടും കൽപ്പിച്ച് ചുറുതായി ഊതി….. അവൾ അല്പനേരം എന്റെ മുഖത്ത് നോക്കി നിന്നു, പിന്നെ പുഞ്ചിരിച്ചു, എന്റെ നല്ലജീവൻ വീണത് അപ്പോഴായിരുന്നു……. ക്ലോസപ്പ്….
“ഞാൻ വിചാരിച്ചു ഇയാൾ കഴിച്ചിട്ടുണ്ടായിരിക്കുമെന്ന് “
“എന്റെ കൊച്ചെ ഞാൻ കള്ള് കൈകൊണ്ട് തൊടില്ല പിന്നല്ലെ, കുടിക്കുന്നത് “
അന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു, വീട്ടിലെ കാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, എല്ലാം …..സുന്ദരനും സുശീലനും എത്തിയപ്പോൾ ഞങ്ങൾ ചായകുടിക്കുകയായിരുന്നു. സുന്ദരൻ എന്നെ ഒന്നു നോക്കി, ആ നോട്ടത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നി.
“സുന്ദരാ ചായ ഇരുപ്പൊണ്ട് രാധിക ഇട്ടതാ… നോക്ക് “
“വല്ല്യ ടേസ്റ്റ് ഒന്നും കാണില്ല….”
രാധികയുടെ മുൻകൂർ ജാമ്യം
“രാധിക എപ്പോൾ വന്നു ?”
അവൾ എന്നെ നോക്കി,
“കുറേ നേരമായി, നിങ്ങൾ വരട്ടെ എന്ന് കരുതി ഇരുന്നു, കുറച്ച് ദിവസമായില്ലെ കണ്ടിട്ട് “
“ഞങ്ങൾ ഇന്ന് രാധികയുടെ കാര്യം പറഞ്ഞതേ ഉള്ളു, കണ്ടിട്ട് കുറച്ചായല്ലോ എന്ന്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ജോലിഒക്കെ എങ്ങനെ പോകുന്നു “
സുന്ദരൻ ഒറ്റ ശ്വാസത്തിൽ ഇത്രയും കാര്യം ചോദിച്ചപ്പോൾ, എതോ സിനിമയിലെ ശ്രീനിവാസനെ എനിക്ക് ഓർമ്മവന്നു, രാധിക ചിരി കടിച്ചമർത്തി ഇരുന്നു.
“ജോലി കുഴപ്പമില്ലാതെ പോകുന്നു, പിന്നെ മണ്ണണ്ണതീരുന്നതിന് മുൻപ് പറയണം, ചിലപ്പോൾ കിട്ടാൻ വല്ല്യപാടാണ് “
“തീർച്ചയായും, കഞ്ഞികുടിമുട്ടരുതെല്ലോ”
“ശരി എന്നാൽ ഞാൻ ഇറങ്ങുന്നു, ഉണ്ണി വരുമ്പോൾ പറയുക ഞാൻ തിരക്കിയിരുന്നു എന്ന് “
“ശരി “
അന്ന് വൈകുന്നേരം ഇരുട്ടിക്കഴിഞ്ഞാണ് ഉണ്ണിച്ചേട്ടൻ വന്നത്, ഞങ്ങൾ ചോറും കറികളും ശരിയാക്കിവച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നത്. സുന്ദരൻ എല്ലാവർക്കും ചോറും കറികളും വിളമ്പി.
“സുന്ദരാ, ഞാൻ പഴയകമ്പനിയിൽ നിന്നും ജോലി മാറി, ഇപ്പോൾ റിലാക്സോ ഷൂ മാനുഫാക്ച്വറിംഗ് കമ്പനിയിലാണ്, എന്നും നൈറ്റ് ഡ്യൂട്ടി ആയിരിക്കും”
“എന്തുപറ്റി പെട്ടന്ന് ജോലി മാറിയത് “
ഉണ്ണിച്ചേട്ടന്റെ ജോലി പോയകാര്യം ഞങ്ങൾ ചേട്ടനോട് ചോദിച്ചിരുന്നില്ല. ഈ കാര്യം ഞങ്ങൾ അറിഞ്ഞു എന്ന് പുള്ളിക്കാരനും അറിയില്ലായിരുന്നു
“ശമ്പളക്കുറവ്, ഇവിടെ ഇത്തിരികൂടെ കൂട്ടികിട്ടും “
“അതേതായാലും നന്നായി”
പ്രാരാബ്ദങ്ങളുടെ പിച്ചും പേയും പറയാൻ ഞങ്ങൾ ആരും ശ്രമിക്കാതിരുന്നതുകൊണ്ട്, ഞങ്ങളുടെ ഒരുമിച്ച് ചേരൽ ഒരിക്കലും വിരസമായിരുന്നില്ല, സുശീലന്റെ ശബ്ദമാധുരിയിലും, ഉണ്ണിച്ചേട്ടന്റെ താളമ്പിടുത്തത്തിലും ( ആൾ ഒരു തബലിസ്റ്റായിരുന്നു) മനസ്സിന് കുളിർമ്മ കിട്ടിയിരുന്നു.
ദിവസങ്ങൾ പോയ്മറഞ്ഞുകൊണ്ടിരുന്നു, ഞങ്ങൾ ആ കമ്പനിയിൽ രണ്ട്മാസം പിന്നിട്ടു. ഒരുദിവസം എന്നെതേടി അജീഷ് എത്തി, ശക്തിനഗറിൽ ഒരു ഡ്രാഫ്റ്റ്മാന്റെ വേക്കൻസി ഉണ്ടെന്നു പറഞ്ഞു, ഞാൻ സകലദൈവങ്ങളേയും വിളിച്ച് എങ്ങനെ എങ്കിലും ഈ ജോലികിട്ടണം എന്ന് പ്രാർത്ഥിച്ചു……..
പണികിട്ടണേ………………………
എന്റെ സബരിമല മുരുഖാ…………….

(പ്രാർത്ഥനയക്ക് കടപ്പാട് സുരാജ് വെഞ്ഞാറന്മൂട്)