Saturday, September 26, 2009

മരിക്കാത്ത ഓർമ്മകൾ-21

അകത്തുനിന്നും ഉണ്ണിച്ചേട്ടന്റെ സ്വരം കാതുകളിൽ വീണു, സുന്ദരൻ എന്നെ നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു,
“എടാ ഉണ്ണി അകത്തുണ്ട്…,“
“ഉവ്വ്”
രാധിക ഉണ്ണിച്ചേട്ടനുമായി എന്തോ സംസാരിക്കുന്നു, ഞാൻ രാധികയെ വിഷ് ചെയ്തു,
“രാധിക വന്നിട്ട് അധികനേരമായോ?”
“അല്പനേരം ആയി, “
“ഉണ്ണിച്ചേട്ടാ, അശോകന്റെ കടയിൽ നിന്നും ഒരു ലിറ്റർ മണ്ണണ്ണയെ വാങ്ങി ഉ ള്ളു രാധിക വാങ്ങിത്തരാം എന്ന് പറഞ്ഞിരുന്നു”
“ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തിട്ടുണ്ട്, അഞ്ച് ലിറ്റർ ഉണ്ട് “
“വളരെ നന്ദി..”
എന്തോ മനസ്സിന് ഒരു കുളിർമ്മ അനുഭവപ്പെട്ടു, പിന്നീട് ഇടക്കിടെ രാധിക ഞങ്ങളുടെ റൂമിൽ വരുമായിരുന്നു, ഞങ്ങൾക്കിടയിൽ നല്ല ഒരു സുഹൃത് ബന്ധം വളർന്നു, കൊച്ചുകൊച്ചു തമാശകളും, നേരമ്പോക്കുകളുമായി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോയി, ഇതിനിടയിൽ രാധികയും ബോസ്സുമായുള്ള ബന്ധം കൂടുതൽ വഷളായി, ഞാൻ അതേക്കുറിച്ച് അവളോട് ചോദിക്കുകയോ അവൾ എന്നോട് പറയുകയോ ചെയ്തില്ല, രമണിയും ഇടയ്ക്കിടെ ഉണ്ണിച്ചേട്ടനെ കാണാൻ വരുമായിരുന്നു.ദിവസങ്ങൾ സാവധാനം കൊഴിഞ്ഞുവീണു, ഞങ്ങളുടെ ആദ്യശമ്പളം, കമ്പനിയിൽ എല്ലാമാസവും പതിനഞ്ചിനാണ് ശമ്പളം നൽകുന്നത്, ഡെൽഹിയിലെ ജോലിക്ക് ആദ്യം കിട്ടുന്ന പ്രതിഫലം അതായിരുന്നു ആ എഴുനൂറ്റി അൻപത് രൂപ. രണ്ട് വട്ടം എണ്ണി തിട്ടപ്പെടുത്തി, സുന്ദരൻ ആദ്യം എണ്ണിയപ്പോൾ അൻപത് രൂപ കൂടുതൽ, ആരൂപ തിരിച്ചുകൊടുക്കണോ എന്ന ശങ്കയിൽ അവൻ നിന്നു, എന്തുപറ്റി എന്ന് തിരക്കിയപ്പോൾ പണം കൂടുതൽ ഉണ്ട് എന്നു പറഞ്ഞു, ഞാൻ നിർബന്ധിച്ചിട്ട് അവൻ ഒരിക്കൽ കൂടെ എണ്ണി അമ്പതുരൂപ കുറവ് എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല, പണ്ട് ഒരു സിനിമയിൽ മാളാ അരവിന്ദൻ കാശ് എണ്ണിയ അതെ അനുഭവം വീണ്ടും എണ്ണിയപ്പോൾ ശമ്പളം കൃത്യം
“സുന്ദരാ നീ ഒരു ഖിലാടി തന്നെ…..”
“വേണ്ടാ നീ ചൊറിയെണ്ടാ….”
“സുശീലാ നിന്റെ പൈസ മുഴുവനും ഉണ്ടോ ?”
“ഉവ്വ്… ഞാൻ മൂന്ന് പ്രാവശ്യം എണ്ണി”
എല്ലാകാര്യത്തിലും ഇയ്യാവ് ഒരു ദിവസം മുൻപിൽ ആണല്ലോ, നല്ല ഭാവിയുള്ള ചെറുക്കൻ. ഞങ്ങൾ റൂമിൽ എത്തുമ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ശമ്പളം കിട്ടിയ പൈസ ഞങ്ങൾ ഉണ്ണിച്ചേട്ടനെ ഏല്പിച്ചു, ആദ്യത്തെ ശമ്പളമല്ലെ, ഗുരുത്വ ദോഷം വേണ്ടാ എന്ന് കരുതി, പോരങ്കിൽ കടയിലെ പറ്റെല്ലാം ഉണ്ണിച്ചേട്ടന്റെ പേരിൽ ആണ്. ഉണ്ണിച്ചേട്ടൻ പൈസ എല്ലാം എണ്ണി നോക്കി, ഞങ്ങളുടെ കൈയ്യിൽ നൂറ്റമ്പത് രൂപ വച്ചുതന്നു വട്ടചെലവിന്.വാടകയും കടപ്പറ്റും തീർത്തുകഴിഞ്ഞ് ബാക്കി ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം,
മുരളിപറഞ്ഞാണ് ഞങ്ങൾ അറിയുന്നത് ഉണ്ണിച്ചേട്ടന്റെ പണി പോയി എന്ന കാര്യം ചുരുക്കത്തിൽ ഇപ്പോൾ ഉണ്ണിക്ക് പണി ഇല്ല. പക്ഷേ കക്ഷി എന്നും രാവിലെ പോകും വൈകിട്ട് വരും ഞങ്ങളോട് പറഞ്ഞ്തുമില്ല പണി ഇല്ല എന്ന കാര്യം. ഒരു സുഹൃത്തിന്റെ റൂമിൽ വച്ചാണ് ഞാൻ അജീഷിനെ പരിചയപ്പെടുന്നത്. കോന്നിആണ് സ്വദേശം. ഒരു സർദാറിന്റെ കമ്പനിയിൽ മെക്കാനിക്കൽ ഡ്രഫ്റ്റ്മാൻ ആയി വർക്ക് ചെയ്യുന്നു. ഞാൻ എന്നെ പരിചയപ്പെടുത്തി, ഇടക്കിടയ്ക്ക അജീഷിനെ കാണുമായിരുന്നു, അപ്പോഴൊക്കെ എവിടെ എങ്കിലും വേക്കൻസി വരുകയാണെങ്കിൽ പറയണം എന്ന് ഞാൻ അവനെ ഓർമ്മിപ്പിക്കും.
ദിവസങ്ങൾ പിന്നിട്ടു, നോർത്ത് ഇന്ത്യയുടെ ഉത്സവങ്ങളിൽ പ്രമുഖമായ ഹോളി അടുത്ത് വരുന്നു, എന്താണ് ഹോളി എന്നത് ഒരു ഏകദേശരൂപം ഉണ്ടായിരുന്നു, അമിതാഭ് ബച്ചന്റെ പടത്തിലൂടെ ഹോളി കളി കണ്ടിട്ടുണ്ട്…. “രംഗ ഭര്സേ ഭീഗെ ചുനര്വാലി രംഗ് ഭര്സേ…..” ഈ ഗാനം മനസ്സിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നു. നിറങ്ങളിൽ ആറാടുന്ന ആ ദിവസം അടുത്ത് എത്താറായി, പിന്നെ ഈ ഹോളിക്ക് മറ്റൊരു പ്രാധാന്യം കൂടെ ഉണ്ട് വടക്കന്മാർ കുറേ കാലത്തിന് ശേഷം കുളിക്കുന്ന ദിവസം, ഇത് നമ്മുടെ ആളുകൾ അസൂയകൊണ്ട് പറയുന്നതാണ് എന്ന് ഒരു വിവക്ഷയുണ്ട്. ഹോളിക്ക് രണ്ട് ദിവസം ഞങ്ങൾക്ക് അവധി കിട്ടി, ആദ്യദിവസം വെള്ളം കൊണ്ട് ഒരു ഉത്സവം തന്നെ ആയിരുന്നു, രാവിലെ സുഹൃത്തുക്കൾ ഓരോരുത്തരായി വന്ന് ആശംസകൾ നേർന്നു, കൂടെ മുഖത്ത് കുറേ ചായവും, നേരം പുലരും തോറും ഞങ്ങളുടെ രൂപവും നിറവും മാറിവന്നു. പിന്നെ അയല്പക്ക കാരെയും വഴിപോക്കരേയും നിറത്തിലും വള്ളത്തിലും മുക്കി എന്നതാവും ശരി, ഏറ്റവും കുറഞ്ഞത് അന്ന് അൻപത് രൂപയുടെ കളറും ബലൂണും ഞങ്ങൾ വാങ്ങി. കളർ വെള്ളം നിറച്ച് തെരുവിലൂടെ നടന്നു നീങ്ങുന്നവരെ മറഞ്ഞ് നിന്ന് എറിയുന്നത് വളരെ രസമായി തോന്നി പലരും ഏറ് കിട്ടാനായി നടക്കുന്നത് എന്നാണ് തോന്നിയത്.
ഉച്ചവരെ വളരെ രസകരമായി നീങ്ങി. ഉണ്ണിച്ചേട്ടൻ രാവിലെ തന്നെ റൂമിൽ നിന്നും പോയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യം ആയിരുന്നു. വൈകുന്നേരമായപ്പോൾ സുന്ദരനും സുശീലനും ഒരു സുഹൃത്തിന്റെ റൂമിൽ പോയി, നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. കിടന്ന് അല്പം കഴിഞ്ഞപ്പോൾതന്നെ ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഞാൻ വാതിൽ തുറന്നത്, വാതിൽക്കൽ രാധിക… എന്റെ ഉറക്കമെല്ലാം പമ്പകടന്നു, ആ മാസ്മരിക നോട്ടത്തിൽ ആ സാമിപ്യത്തിൽ ജീവൻ ടോൺ കഴിച്ചപോലെ ഞാൻ ഉയർത്തെണീറ്റു.
“ രാധികയോ വരു….”
അവൾ പുഞ്ചിരിച്ച്കൊണ്ട് അകത്തുകയറി, കട്ടിലിൽ ഇരുന്ന് ചുറ്റിനും കണ്ണോടിച്ചു.
“ഗായകനും മേളക്കാരനും എവിടെ ?”
സുന്ദരനേയും സുശീലനേയും ആണ് എന്ന് മനസ്സിലായി
“പുറത്ത് പോയതാണ്, വന്നില്ല”
“എന്തുപറ്റി ? ഇന്ന് ഹോളിഒന്നും കളിച്ചില്ലെ”
“ഊവ്വ് ഉച്ചവരെ, പിന്നെ നല്ല ക്ഷീണം തോന്നി ഒന്നു മയങ്ങി”
“ക്ഷീണം കാണുമല്ലോ, ഏതാ സേവിച്ചത്”
“സേവിച്ചതോ ? മനസ്സിലായില്ല”
“എന്റെ മുഖത്തേയ്ക്ക് ഒന്ന് ഊതിക്കെ “
ആഹാ, ഇവൾ എന്നെ മദ്യപാനി ആക്കാനുള്ള പുറപ്പാടാണോ ? ഉറക്കം കഴിഞ്ഞ് എണീറ്റതെ ഉള്ളു, ക്ലോസപ്പിന്റെ ഉന്മേഷം ഒന്നും ശ്വാസത്തിൽ ഉണ്ടായിരിക്കില്ല, മനസ്സിലെ ആഗ്രഹങ്ങളെ ഒരു നിശ്വാസവായു കെടുത്തി എന്ന് കുറച്ച് കഴിയുമ്പോൾ പശ്ചാതപിക്കേണ്ടി വരുമോ ഈശ്വരാ ? ഞാൻ ആകെ ധർമ്മ സങ്കടത്തിലായി
“ഊതത്തില്ല…. എനിക്കറിയാം, അല്ലേലും നിങ്ങൾ ആണുങ്ങൾ ഇങ്ങനാ വീട്ടിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ സർവ്വസ്വാതന്ത്ര്യമെല്ലെ ചോദിക്കാനും പറയാനും ആരുമില്ലെല്ലോ ?! “
ഞാൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു……………………………………..