Tuesday, July 7, 2009

മരിക്കാത്ത ഓർമ്മകൾ-15

15 ഒരാഴ്ച്ച സംഭവവ ബഹുലമല്ലാതെ കടന്നുപോയി, ഞങ്ങളുടെ സുഹൃത്‌വലയം വികസിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഡക്കയിൽ ഞങ്ങൾ താമസിക്കുന്ന ഏരിയായിലെ ബാച്ചിലർ മലയാളികളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു, പലരും വൈകുന്നേരങ്ങളിൽ ഞങ്ങളുടെ റൂമിൽ എത്തുമായിരുന്നു, അങ്ങനെ നാട്ടുകാര്യം പറഞ്ഞും, ലോകകാര്യം പറഞ്ഞും ഞങ്ങൾ സസുഖം വാണു. ഇടയ്ക്ക് ഒന്നുരണ്ട് പ്രാവശ്യം രമണിയും രാധികയും ഞങ്ങളുടെ റൂമിൽ എത്തി എങ്കിലും എനിക്ക് കാണാൻ കഴിഞ്ഞില്ല.
ഒരുഞായറാഴ്ച്ച ഞങ്ങൾ വീട്ടിൽ വെടിപറഞ്ഞിരിക്കുമ്പോൾ, ഉണ്ണിച്ചേട്ടനും കൂടെ ഒരു ചെറുപ്പക്കാരനും റൂമിൽ വന്നു. ഉണ്ണിച്ചേട്ടൻ ആ ചെറുപ്പക്കാരനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
“ഇത് ബോസ്സ്..”
അയാൾ ഞങ്ങളെ വിഷ് ചെയ്തു , നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ, ഉണ്ണിച്ചേട്ടൻ ഞങ്ങളെ ബോസ്സിന് പരിചയപ്പെടുത്തി.
“നിങ്ങൾ നാട്ടിൽ അയൽക്കാരാ ?“
“അതെ”
“എങ്ങനുണ്ട് പണിഒക്കെ”
“തരക്കേടില്ല”
“സാരമില്ല ഭാഷ പഠിച്ച് കഴിഞ്ഞ് നല്ല ജോലിക്ക് ശ്രമിക്ക്, അതുവരെ ഇവിടെ നിൽക്കുന്നതായിരിക്കും നല്ലത് കുറഞ്ഞപക്ഷം ബസ്സ് കേറി പോകേണ്ടല്ലോ”
അത് ശരിയായിരുന്നു. ബസ്സിന് പോകണമെങ്കിൽ അതിലും വല്ല്യ പൊല്ലാപ്പാകുമായിരുന്നു. പിന്നെ ബോസിനെ പറ്റി പറഞ്ഞു, ടി.വി. യുടെ ബലൂൺ ഉണ്ടാക്കുന്ന കമ്പനിയിൽ ആണ് ബോസ്സിന് ജോലി. നല്ല ശമ്പളം, ഇവിടെ അടിച്ച് പൊളിച്ച് ജീവിക്കുന്നു
“എടാ ഇവന്റെ കൈക്കാരി ആരാണ് എന്ന് അറിയാമോ ?”
ഞങ്ങൾ ചോദ്യാർത്ഥത്തിൽ ഉണ്ണിച്ചേട്ടനെ നോക്കി
“നമ്മുടെ റൂമിൽ വന്ന രാധികയില്ല ആ സുന്ദരി..”
എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി, ഒരു മിനിട്ട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അവൻ എന്നെ നോക്കി, മുഖത്ത് ചിരിവരുത്തി ഞാൻ പറഞ്ഞു
“ബോസ്സ് ഭാഗ്യവാനാണല്ലോ….“
ബോസ്സ് പുഞ്ചിരിച്ചു,
“അങ്ങനെ ഒന്നുമില്ല, പരിചയമുണ്ടെന്നെ ഉള്ളു”
പക്ഷെ അതിൽ എനിക്ക് വിശ്വാസം വന്നില്ല, ഉണ്ണിച്ചേട്ടൻ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിൽ കാര്യം കാണും എന്ന് ഉറപ്പ്. കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നിട്ടാണ് ബോസ്സ് പോയത്, ഞാൻ ബോസ്സുമായി അടുത്തു, അവൻ മുഖാന്തരം പലരുമായി പരിചയപ്പെട്ടു, വിവിധ മേഘലയിൽ ജോലിചെയ്യുന്ന ആളുകൾ സത്സ്വഭാവികളും, ദുഃസ്വഭാവികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.ഭാഷ പഠിക്കുക എന്നത് വളരെ ശ്രമകരമായി തോന്നി കാരണം ഞങ്ങൾക്ക് ഹിന്ദിസംസാരിക്കുന്നവരുമായി വർത്തമാനം പറയാൻ അവസരം കുറവായിരുന്നു. കമ്പനിയിൽ പുതിയ ജോലി തന്നതിൽ പിന്നെ ഞാൻ മറ്റുള്ളവരിൽ നിന്നും അകന്നാണ് ഇരുന്നത്. ഇടയ്ക്ക് ചായ കുടിക്കാൻ കിട്ടുന്ന സമയത്തുള്ള സംസാരമേ ഉണ്ടായിരുന്നുള്ളു, ഇതിനിടയിൽ ബോസ്സുമായി കൂടുതൽ അടുത്തു, അവനുമായി രാധിക താമസിക്കുന്ന വീടിന്റെ താഴെക്കൂടേ കറങ്ങുന്നത് ഒരു രസമായി തോന്നി, ബോസ്സിന് ഹിന്ദിയിൽ സംസാരിക്കാൻ അറിയാം , ആരെങ്കിലും ചോദിച്ചാൽ ബോസ്സ് മറുപടിപറയും എന്ന ധൈര്യം നല്ല ഒരു ബലമായിരുന്നു, ഒന്നുരണ്ട് തവണ ഞാൻ അവളെ കാണുകയും ചെയ്തു.
അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു, ബോസ്സ് ഞങ്ങളുടെ റൂമിൽ എത്തി, ഇപ്പോൾ ബോസ്സ് ഞങ്ങളുടെ റൂമിലെ സ്ഥിരം സന്ദർശകനാണ്. പതിവുപോലെ ലോകവിചാരവും, നാട്ട് വിചാരവും ഒക്കെ ചർച്ചചെയുന്നതിനിടയിൽ ആണ് പുറത്ത് ഡോറിൽ ആരോ തട്ടുന്ന സ്വരം കേട്ടത്. രസച്ചരട് പൊട്ടിയ ഈർഷ്യതയിൽ ഞാൻ എണീറ്റ് വാതിൽക്കലേയ്ക്ക് നടന്നു. വാതിൽ തുറന്നപ്പോൾ വാതിൽക്കലിൽ രാധിക, എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി, ഒരു ചെറിയ വിറയൽ. ഇവൾ എന്തിനാ ഇപ്പോൾ വന്നത് അകത്ത് കാമുകൻ, ഇനീ ഇവനെ കാണാനാണോ? എന്റെ ഉള്ളിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു
“അല്ല ഇതാര് രാധികയോ, വാ അകത്തേക്കിരിക്കാം”
ബോസ്സ് പുറത്തേയ്ക്ക് തലതിരിച്ച് നോക്കി, അവൾ ബോസ്സിനെ കണ്ടു.
“ഉണ്ണി ഉണ്ടോ ?”
“ഇല്ല ചേട്ടൻ പുറത്ത് പോയിരിക്കുകയാണ്..”
“ഉണ്ണിവന്നാൽ പറയുക ഞാൻ തിരക്കിയിരുന്നു എന്ന്”
“എന്താ ധൃതി, കാപ്പി കുടിച്ചിട്ട് പോകാം “
ഒരുമര്യദ എന്ന രീതിയിൽ പറഞ്ഞു, അവൾ പുഞ്ചിരിച്ചു
“പിന്നീട് ഒരിക്കൽ ആകട്ടെ “
യാത്ര പറഞ്ഞ് അവൾ പുറത്തേയ്ക്ക് നടന്നു, അപ്പോൾ ബോസ്സും പുറത്തേയ്ക്ക് വന്നു,
“എന്താടെ അവൾ നിന്നെ ഗൌനിച്ചേ ഇല്ലല്ലോ, സമ്പാദ്യ പ്രശ്നമാണോ അതോ ദാമ്പത്യപ്രശ്നമാണോ”
“ഏയ്, ചെറിയ ഒരു ഉടക്ക് “
എനിക്ക് ആകാംക്ഷ ആയി, അവൻ മെല്ലെ പുറത്തെ ഗയിറ്റിലേയ്ക്ക് നടന്നു ഞാൻ അവനെ അനുഗമിച്ചു. ദൂരെ അവൾ നടന്നു മറയുന്നതുവരെ അവൻ അവിടെ നിന്നു പിന്നെ തെല്ല് ഈർഷ്യയോടെ പറഞ്ഞു
“മോളെ, ഞാനായതുകൊണ്ട് നീ രക്ഷപെട്ടു, അല്ലെങ്കിൽ ഇപ്പോൾ ഒക്കത്ത് കാണാമായിരുന്നു നിന്റെ അഹാങ്കരത്തിന്റെ ഫലം”

3 comments:

വെള്ളത്തൂവൽ said...

“എടാ ഇവന്റെ കൈക്കാരി ആരാണ് എന്ന് അറിയാമോ ?”
ഞങ്ങൾ ചോദ്യാർത്ഥത്തിൽ ഉണ്ണിച്ചേട്ടനെ നോക്കി
“നമ്മുടെ റൂമിൽ വന്ന രാധികയില്ല ആ സുന്ദരി..”
എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി,

അരവിന്ദ് :: aravind said...

:-) hm!

വെള്ളത്തൂവൽ said...

നന്ദി അരവി…….. ഈ സ്മയിലിയ്ക്ക്