Saturday, June 27, 2009

മരിക്കാത്ത ഓർമ്മകൾ-14

-14-

ഉണ്ണിച്ചേട്ടൻ പെട്ടന്നു തന്നെ ഇറച്ചിയുമായി എത്തി, പിന്നെ പെട്ടന്ന് എല്ലാം കഴുകി വൃത്തിയാക്കി. ഉണ്ണിച്ചേട്ടൻ ആയിരുന്നു ഇറച്ചി കറിവച്ചത്, അമ്മ വച്ചുതരുന്നത് തിന്നുതീർക്കും എന്നല്ലാതെ എനിക്ക് അടുക്കളയിൽ അതിൽ കൂടുതൽ പ്രവർത്തി പരിചയം ഇല്ലായിരുന്നു. മിക്കവാറും സുന്ദരനും, സുശീലനും അതുപോലെ തന്നെ ആയിരുന്നു എന്നതാണ് സത്യം. ഉണ്ണിച്ചേട്ടൻ ഇവിടെ വന്നിട്ടായിരിക്കും ഇതൊക്കെ പഠിച്ചത്, നോക്കി നിൽക്കാം ചേരുവയും മറ്റും മനസ്സിലാക്കിയെ പറ്റു. ഇല്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാകും.
സുശീലന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടപ്പോൾ എനിക്കു തോന്നി കറിവെന്തു എന്ന്, ഇവന്റെ ഘ്രാണശക്തി അപാരം തന്നെ ശ്വാനസിദ്ധി പോലുണ്ട്..
“ഉണ്ണിച്ചേട്ട… ദേ കറി വെന്തു എന്ന് തോന്നുന്നു..”
“ഉം എങ്ങനെ മനസ്സിലായി “
“ദേ സുശീലൻ എണീറ്റു”
എല്ലാവരും പൊട്ടിച്ചിരിച്ചു..
“അളിയൻ ആക്കിയതാ അല്ലെ”
“അല്ലടാ സത്യം നിന്റെ മുഖത്തുനിന്നും വായിച്ചതാ “
വീണ്ടും എല്ലാവരും ചിരിച്ചു.
“മതി എണീറ്റ് വാ നാളെ ജോലിക്ക് പോകണ്ടതാ “
സുശീലൻ അടുക്കളയിലേയ്ക്ക് നടന്നു, പിന്നാലെ സുന്ദരനും. ഞാൻ പുറത്തെ ബാത്ത്റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നു. അപ്പോഴേയ്ക്കും, സുന്ദരൻ ചോറും കറിയും എല്ലാം റൂമിൽ കൊണ്ട്വച്ചു. പതിവ്പോലെ തന്നെ ഞങ്ങൾ എല്ലാവരും (ഉണ്ണിച്ചേട്ടൻ ഒഴികെ) താഴെ ഇരുന്നു,
പിന്നെ എല്ലാവരും സ്വയം വിളമ്പി കഴിക്കാൻ തുടങ്ങി, പലതവണ സുശീലന്റെ കൈകൾ ചലിച്ചു, എല്ലാവരും നിശബ്ദരായിരുന്നു “ പൊട്ടറ്റോ ഈറ്റേഴ്സ്“ എന്ന പ്രശസ്തമായ എണ്ണഛായ ചിത്രത്തിന്റെ പ്രതീതിയായിരുന്നു ഞങ്ങളുടെ കൊട്ടാരത്തിൽ,
“ഉണ്ണിച്ചേട്ടാ കറി അടിപൊളി…”
സുശീലന്റെ കമന്റ് കേട്ട് ഞാൻ കറിവച്ച പാത്രത്തിലേയ്ക്ക് നോക്കി, അല്പം ചാറും അബദ്ധത്തിൽ വീണ്പോയപോലെ രണ്ട് ഇറച്ചിക്കഷ്ണവും. ഞാൻ മുഖമുയർത്തി ഉണ്ണിച്ചേട്ടനെ നോക്കി, വിളറിയ ചിരിയുമായി ഉണ്ണിച്ചേട്ടൻ,
“അല്പം എരിവ് കൂടുതലാണ് എന്ന് തോന്നുന്നു”
വെള്ളം കുടിച്ചുകൊണ്ട് ഉണ്ണിച്ചേട്ടൻ പറഞ്ഞു
“ഇല്ല…… എല്ലാം കറക്ട്”
സുന്ദരൻ ഒന്നും പറഞ്ഞില്ല.ഞാനും, പാത്രം എല്ലാം കഴുകി വച്ചു, താഴെ വിരിപ്പിൽ, ഞങ്ങൾ കിടന്നു, ലൈറ്റ് ഓഫ് ചെയ്ത് ഉണ്ണിച്ചേട്ടൻ കട്ടിലിൽ കിടന്നു, കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ഉണ്ണിച്ചേട്ടൻ തന്നെ തുടങ്ങി
“നിങ്ങൾ ഉറങ്ങിയോ..”
“ഇല്ല”
“ഇവിടെ നാട്ടിലെ പോലെ അല്ല”
ചേട്ടൻ കാര്യമായി എന്തോ പറയാനുള്ള തയ്യാറെടുപ്പിൽ ആണെന്നു തോന്നുന്നു,
“നമ്മളെ നിയന്ത്രിക്കാൻ ആരുമില്ല, നമ്മൾ തന്നെ അത് നോക്കണം”
സുന്ദരൻ എന്റെ കൈക്കിട്ട് നുള്ളി, ചേട്ടൻ തുടർന്നു.
“ആദ്യം കാണുന്നപോലെ ആയിരിക്കില്ല പലരും.. എല്ലാവരേയും അടുത്തറിയാൻ ശ്രമിക്കണം അല്ലാതെ ഒരു വിലയിരുത്തൽ നല്ലതല്ല”
“അത് ശരിയാ….. ഏതൊക്കെ സ്വഭാവമുള്ള ആളുകളാ ഇവിടെ”
ഞാനും ചേട്ടന്റെ വിചാരത്തിൽ പങ്കുചേർന്നു, എന്നെ ഉദ്ദേശിച്ചായിരിക്കും ചേട്ടൻ ഇത്രയും പറഞ്ഞത്,
“ആ രമണി ഒക്കെ നല്ല പിള്ളേരാ അത്യാവശ്യം സഹായം ഒക്കെ ചെയ്യുന്ന കൂട്ടത്തിലാണ് “
“അവര് എവിടെ ആണ് താമസിക്കുന്നത്”
“അശോകന്റെ കടയുടെ അടുത്താണ് പക്ഷേ അവരുടെ മക്കാൻ മാലിക്ക് അല്പം പെശകാണ്”
പോയി തല്ലു മേടിക്കെണ്ട എന്ന ഒരു ദ്വനി അതിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു.പിന്നെ ഞാൻ കൂടുതൽ അതിനെ പറ്റി സംസാരിച്ചില്ല, എല്ലാവരും എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു എന്റെ മനസ്സിൽ നിറയെ അവൾ ആയിരുന്നു, രാധിക…… ചെമ്പൻ മുടി അധികം ഇറക്കമില്ലാതെ വെട്ടിയിട്ടിരിക്കുന്നു, ആകണ്ണുകൾക്ക് എന്തോ ഒരു പ്രത്യേഗത ഉള്ളപോലെ തോന്നി. നല്ല വടിവൊത്ത ശരീരം, ഒരഴകി ആയിരുന്നു അവൾ. ചുണ്ടിൽ തത്തിക്കളിക്കുന്ന ചെറുപുഞ്ചിരിയിൽ ഒരു വശ്യത, ചന്ദനത്തിന്റെ നിറമായിരുന്നു അവൾക്ക്, പത്തനം തിട്ടയിലെ എതോ നായർകുടുംബത്തിലെ അംഗമായിരുന്നു അവൾ.
“എടാ അവളെ വിട്ടിട്ട് നീ ഉറങ്ങാൻ നോക്ക് “
സുന്ദരൻ എന്റെ കാതിൽ പതിയെ പറഞ്ഞു, ഒരു ഞടുക്കത്തോടെ ആണ് ഞാൻ കേട്ടത്, പണ്ടാരം ഇവനൊക്കെ ഉറക്കവിമില്ലെ….
“ ഞാൻ വീട്ടിലെ കാര്യം ആലോചിക്കുവാരുന്നു”
“നാളെ നിന്റെ ഭാര്യയ്ക്ക് ഡെലിവറിയാ… ചുമ്മ പോടെ..”
സുന്ദരൻ കരുതുന്നപോലല്ലല്ലോ, ഇവൻ മൻസ്സിനെ ചുഴ്ന്ന് മനസ്സിലാക്കുന്ന ജുഗാഡ് വല്ലതുമറിയാമോ… എന്തെങ്കിലും ആകട്ടെ, രാവിലെ ജോലിക്ക് പോകേണ്ടതാ, ഞാൻ മറുപടി പറയാതെ കിടന്നു. പിന്നെ എപ്പഴോ നിദ്രാദേവി എന്നെ കടാക്ഷിച്ചു

1 comment:

വെള്ളത്തൂവൽ said...

“ഉണ്ണിച്ചേട്ട… ദേ കറി വെന്തു എന്ന് തോന്നുന്നു..”
“ഉം എങ്ങനെ മനസ്സിലായി “
“ദേ സുശീലൻ എണീറ്റു”