Monday, June 22, 2009

മരിക്കാത്ത ഓർമ്മകൾ-13

-13-

ശരിക്കും അത് എനിക്ക് ഒരാശ്വാസമായിരുന്നു ഇപ്പോൾ എനിക്ക് ഇരിക്കാൻ ഒരു പൊക്കമുള്ള സ്റ്റൂൾ അതിനോട് ചേർന്ന് ഒരു ഡെസ്ക്ക്. ഒരു പ്രമോഷൻ കിട്ടിയ പ്രദീതി.ദൈവം കൈവിട്ടില്ല എന്നു തോന്നുന്നു, എല്ലാം അമ്മയുടെ പ്രാർത്ഥനയായിരിക്കും, ഓവർടൈം തുടങ്ങുന്നതിന് മുൻപ് ചായയുംചെറിയ ഒരു കടിയും കിട്ടും ( കടി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കഴിക്കാനുള്ള മട്ടി എന്ന സാധനം) അഞ്ചുമണിയാകുമ്പോൾ നല്ല വിശപ്പായിരിക്കും ഈ വിശപ്പിനെ ചെറുതായ് ഒന്നു ബ്ലോക്കാൻ ഇവൻ ധാരാളം, ഇഞ്ചിച്ചായയും മട്ടിയും വളരെ സ്വാദുള്ളതായാണ് തോന്നിയത്. അന്ന് ഞങ്ങൾ ഓവർടൈം കഴിഞ്ഞാണ് റൂമിലേയ്ക്ക് പോയത്. റൂമിൽ ചെന്നപ്പോൾ, അകത്തെ കാഴ്ച്ചകണ്ട് എന്റെ കണ്ണുതള്ളി പൊതുവെ അല്പം തള്ളിയതാണ് എന്റെ കണ്ണ് ! (ഞങ്ങളുടെ എല്ലാം)
ആശഇരുന്ന കട്ടിലിൽ അതിലും ഗംഭീരമായ രണ്ടെണ്ണം!!, രണ്ട് ചേച്ചിമാർ, എന്റെ ഉണ്ണിച്ചേട്ടാ നീ പേര് അന്വർത്ഥമാക്കിയല്ലോ, ഞങ്ങൾ അകത്തേയ്ക്ക് കയറിയപ്പോൾ അവർ കട്ടിലിൽ നിന്നും എണീറ്റു. ഞങ്ങൾ അവരെ വിഷ് ചെയ്തു. അവർ തിരിച്ചും, ഉണ്ണിച്ചേട്ടൻ അടുക്കളയിൽ ആയിരുന്നു, ഒരു തട്ടിൽ കാപ്പിയുമായി കള്ളകൃഷണൻ വാതിൽക്കലിൽ, സുശീലൻ ചേട്ടന്റെ കയ്യിൽ നിന്നും തട്ടം വാങ്ങി
“ചേട്ടൻ ഇതൊന്നും ചെയ്യേണ്ടാ, ഞങ്ങളില്ലെ ഇവിടെ”
അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി തത്തിക്കളിച്ചു. ഈശ്വരാ ഇവൻ ഒരുനടയ്ക്ക് പോകില്ലെന്നാ തോന്നുന്നത്. ഞാൻ അവരെ ശ്രദ്ധിച്ചു ഒരാൾക്ക് അല്പം പ്രായം ഉണ്ട് എന്നാൽ രണ്ടാമത്തെ കുട്ടി (യുവതി) അധികം പ്രായമില്ല എന്ന് തോന്നുന്നു.
“ഇത് രമണി..”
പ്രായമുള്ള യുവതിയെ ചൂണ്ടി ഉണ്ണിച്ചേട്ടൻ പറഞ്ഞു, അവർ പുഞ്ചിരിച്ചു, തരക്കേടില്ല,
“ഇത് രാധിക..”
അവൾ പുഞ്ചിരിച്ചു, ഞാൻ ആമുഖത്തുതന്നെ നോക്കിനിന്നു, അമരത്തിലെ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച മാതുവിനെ പോലെ തോന്നി, ആ കണ്ണിലേയ്ക്ക് അതിന്റെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. സുന്ദരൻ എന്റെ കാലിൽ ആഞ്ഞ് ചവുട്ടി, ഒരുഞടുക്കത്തോടെ ഞാൻ മിഴികൾ പിൻവലിച്ചു, അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!? സുന്ദരന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ വീണു
“എടാ……ഉണ്ണി ശ്രദ്ധിക്കുന്നുണ്ട്…”
ഞാൻ പരിസര ബോധം വീണ്ടെടുത്തു, ഇവൾ, ഞാൻ തേടിയ സൌന്ദര്യം ഇതായിരുന്നോ…..
“സുന്ദരാ ഞാനിവളെ പൊക്കും……”
“ഉം, നീ ഇപ്പോൾ ക്ഷമിക്ക്, കഞ്ഞിക്ക് വകയില്ലാത്തവനാ പൊക്കാൻ പോകുന്നെ “
അവൻ എന്റെ ദൌർബല്ല്യത്തിൽ കയറിപ്പിടിച്ചു. കാപ്പികുടിച്ച്, ഏറെ നേരം വർത്തമാനം പറഞ്ഞിരുന്നു, അവർ സഹോദരിമാരായിരുന്നു, രമണിയും രാധികയും പത്തനം തിട്ട സ്വദേശികൾ, തരക്കേടില്ലാത്ത ശമ്പളത്തിൽ ആണ് രണ്ടുപെരും ജോലിചെയ്യുന്നത്. രമണി ഏതോ ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗിൽ വർക്ക് ചെയ്യുന്നു, രാധിക അജാത്പൂരിലോമറ്റോ നല്ല ഒരുകമ്പനിയിൽ ജോലിചെയ്യുന്നു. അവരുടെ ഇടപെടൽ വളരെ, മാന്യവും എളിമയുള്ളതുമായിരുന്നു, എനിക്ക് രാധികയോടുള്ള മതിപ്പ് വർദ്ധിച്ചു,
അന്ന് വൈകിട്ട് ഞങ്ങൾ അത്താഴത്തിന് ചോറും കറിയും ആക്കി കാരണം ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ പ്രാവശ്യമെ ഞങ്ങൾ അത്താഴത്തിന് ചോറ് വച്ചിരുന്നുള്ളൂ,
“നിങ്ങൾ ചോറ് വയ്ക്ക് അപ്പോഴേയ്ക്കും ഞാൻ അല്പം ഇറച്ചി വാങ്ങിക്കൊണ്ട് വരാം നല്ല ഒന്നാതരം പോത്തിറച്ചി ഇവിടെ കിട്ടും “
ഉണ്ണിച്ചേട്ടൻ പുറത്തേയ്ക്കിറങ്ങി
“അധികം താമസിക്കാതെ വരണം”
“ശരി..”
“എടാ നീ എന്നാ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആ പെണ്ണിന്റെ വായിൽ നോക്കി നിന്നത് മനുഷ്യനെ നാണം കെടുത്തുമല്ലോ രണ്ടുംകൂടെ..”
“അതാരെ ഈ രണ്ടും കൂടെ? “
“അയ്യോ നമ്മുടെ സുശീലൻ…, എനിക്ക് ചൊറിഞ്ഞ് വന്നതാ..”
സുന്ദരൻ കത്തിക്കയറുകയായിരുന്നു, ദരിദ്രവാസിക്ക് അസൂയ, ജലസി…ജലസി ഞാൻ സുശീലന്റെ നെരെ നോക്കി
“ എടാ പന്ന….. മോനെ നിനക്കാരാട സുശീലൻ എന്ന് പേരിട്ടത് “
“ അതെ സകല ദുശീലങ്ങളുമുള്ള…. മോനാ ഇവൻ, ഇവന്റെ അപ്പൻ എത്ര പാവം മനുഷ്യൻ അതെങ്ങനാ കഴിഞ്ഞ ജന്മത്തിലെ ശത്രു പുത്രനായി പിറക്കും എന്നല്ലെ വയ്പ്പ് ഇവന്റെ അപ്പന്റെ കാര്യത്തിൽ അതും സത്യമായി “
“മതി മതി നിർത്ത് സുന്ദരനും സുശീലനും കേൾക്കാൻ പറയുകയാണ്”
രണ്ടുപേരും എന്നെ നോക്കി
“ആ രാധികയെ ഞാൻ ബുക്ക് ചെയ്യുന്നു അതിൽ കേറി കൊത്തല്ലെ”
“ആഹാ ബുക്കിംഗ് ഒക്കെ കഴിഞ്ഞോ ആദ്യം അന്വേഷിക്ക് ആ വണ്ടി ഓട്ടത്തിലാണോ എന്ന് എന്നിട്ട് പോരെ ബിക്കിംഗും സർവ്വീസിംഗും ഒക്കെ “
“ആദ്യം ഒന്നിഷ്ട്പ്പെട്ട് വരട്ടെ പിന്നെ അന്വേഷിക്കാം”
“ങാ.. ഇത്തിരി ഓടിയതാണേലും കൊഴപ്പമില്ല”
“സുന്ദര നീ എന്റെ ക്ഷമയെ പരിശോധിക്കല്ലെ”
“ശരി വിട് സവാളയും മറ്റുമൊക്കെ വേഗം അരിഞ്ഞുവയ്ക്കാം”
സുന്ദരൻ പെട്ടന്നുതന്നെ സവാള അരിഞ്ഞു, അവൻ ഇടതുകൈക്ക് അരിയുന്നത് കാണാൻ നല്ല രസമായിരുന്നു,
“സാറെ… എന്തോനോക്കി നിൽക്കുകയാണ് അവള് പോയി“

“അല്ല സുന്ദര ഞാൻ ആലോചിക്കുവാരുന്നു, നിന്നെ കെട്ടുന്ന പെണ്ണ് എത്ര ഭാഗവതിയാണെന്ന് “
ചിരിയടക്കാൻ പാടുപെടുന്ന സുശീലനെ ഞാൻ നോക്കി,
“അല്ല അളിയ അപ്പോൾ ഇവനല്ല ഇവനെയാ കെട്ടിക്കുന്നെ.. എനിക്കുവയ്യ..”
സുന്ദരന് ശരിക്കും ദേഷ്യം വന്നു,
“പാത്രം നിന്റെ ആമ്മാവൻ വന്ന് കഴുകുമോ….. പോയി പാത്രം കഴുകടാ”
“ഒരു താമാശപറയാനും സമ്മതിക്കില്ല… “
“ഉവ്വ് അവന്റെ ഒരു തമാശാ ഇയ്യാവ് ആര് ചാർളിചാപ്ലിനോ “
“പോടാ….”
സുശീലൻ പാത്രം കഴുകാൻ അടുക്കളയിലേയ്ക്ക് പോയി ഞാൻ സുന്ദരന്റെ അടുത്തിരുന്നു. വെളുത്തുള്ളി പൊളിക്കുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു
“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “
“സത്യമല്ലാതെ ഞാനൊരു വാക്കും പറയില്ല നീ പറയ് കാര്യമെന്താണെന്ന്”
“അല്ല.. ഈ രാധിക എങ്ങനുണ്ട്… ?”
“അടിപൊളി പീസല്ലെ…ഉം..?”
അവൻ മുഖമുയർത്തി എന്നെ നോക്കി
“ഏയ്… ചുമ്മ..”
“ഉവ്വ്.. പ്രേമം ആണോ….ലവ്വ് ലവ്വ്..”
“കിട്ടുമോ…”
“തീർച്ചയായും കിട്ടും….അത് നിന്നെക്കൊണ്ട് താങ്ങാൻ പറ്റുമോ ? ”……….

3 comments:

വെള്ളത്തൂവൽ said...

കിട്ടുമോ....................

പാവപ്പെട്ടവൻ said...

സത്യമല്ലാതെ ഞാനൊരു വാക്കും പറയില്ല ...മറക്കാത്ത ഓര്‍മ്മ

വെള്ളത്തൂവൽ said...

ഈ പാവപ്പെട്ടവനെ വായിക്കാൻ സമയം കണ്ടെത്തിയതിലും, അഭിപ്രായങ്ങൾക്കും നന്ദി