Monday, June 15, 2009

മരിക്കാത്ത ഓർമ്മകൾ-12

-12-

“അയാൾ എന്താ പറഞ്ഞതെന്ന് അറിയാമോ “
“ഇല്ല”
“നിങ്ങൾ പണി എടുക്കുന്നില്ലന്ന്, “
“അങ്ങനെ പറഞ്ഞോ”
“ഉം.. എത്ര പണിതാലും പോര, ഇവന്മാർ കണ്ണിൽ ചോര ഇല്ലാത്തവന്മാരാ “

പ്രീത ഫോർമാനോടുള്ള ദേഷ്യം മലയാളത്തിൽ തീർത്തു! എന്റെ മനസ്സിൽ ഒരു പേടി തോന്നി, ആദ്യം കിട്ടിയ പണിയാ ദൈവമെ അത് വെള്ളത്തിലാകുമോ, ഇതിൽ കൂടുതൽ എങ്ങനാ പണിയുന്നത്, ബംഗാളി ഉണ്ടാക്കുന്ന അത്രയും പ്ലേറ്റ് ഞാനും പഞ്ച് ചെയ്യുന്നുണ്ട്, സുന്ദരന്റെ കാര്യം കമ്പയർ ചെയ്യാൻ പറ്റില്ല സുശീലന്റെ കാര്യം എന്താണെന്ന് ഒരു പിടിയുമില്ല, എന്തായാലും വരുന്നിടത്തുവച്ച് കാണുക എന്ന് സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കാം. ഈ പണിതെറിച്ചാൽ ചിലപ്പോൾ ഉണ്ണിച്ചേട്ടൻ കൈഒഴിയും, എന്തായാലും കുറച്ച് കരുതിയിരിക്കുന്നത് നല്ലതായിരിക്കും
“എന്താ പേര്..”
“ഞാൻ സുശീലൻ…., ഇത് സുന്ദരൻ, ഇത്..(എന്റെ പേര് തൽക്കാലം വെള്ളത്തൂവൽ എന്നുതന്നെ ഇരിക്കട്ടെ )“
“തന്റെ പെര് എന്താണ് ?”
ചോദ്യം സുശീലന്റെ വക, പീക്കിരിപയ്യൻ ആണെങ്കിലും ആൾ കുറുക്കനാണല്ലോ, ഞാൻ മനസ്സിൽ വിചാരിച്ചു
“ എന്റെ പേര് പ്രീത”
“നാട്ടിൽ എവിടെയാണ്”
“റാന്നി”
“അതെയോ..”
“എന്താ റാന്നി അറിയുമോ”
“ഇല്ല..”
സുശീലൻ ഒരു വളിച്ച ചിരി പാസ്സാക്കി, പിന്നെ പ്രീത ഞങ്ങളോട് വളരെ സൌമ്യമായാണ് പെരുമാറിയത്, ഭാഷ വശമില്ല എന്നതിന്റെ ഒരു സഹാനുഭൂതിയും. ഫോർമാനും ഞ്ങ്ങൽക്കുമിടയിൽ ദ്വിഭാഷിയായി അവൾ വർത്തിച്ചു, കമ്പനിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഊണ് കഴിക്കാൻ ഞങ്ങൾ റൂമിൽ എത്തുമ്പോൾ റൂം തുറന്ന് കിടക്കുന്നു! ആദ്യം ഒന്നു ഞടുങ്ങി, കാരണം സർട്ടിഫിക്കറ്റ് എല്ലാം ബാഗിനുള്ളിൽ ആണ് ആരെങ്കിലും ബാഗ് അടിച്ച് മാറ്റിയാൽ ജീവിതം കോഞ്ഞാട്ട. അകത്ത് കടന്നപ്പോൾ ഞങ്ങൾ വീണ്ടും ഞെട്ടി…, ഒരു പെൺകുട്ടി ഉണ്ണിക്കൊപ്പം കട്ടിലിൽ ഇരിക്കുന്നു. ഞങ്ങളെ കണ്ട് ആ കുട്ടി കട്ടിലിൽ നിന്നും എണീറ്റു. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് അവളെ പരിചയപ്പെടുത്തി
“ഇത് ആശ, ചെങ്ങന്നൂര്കാരിയാണ്”
“അതേയോ”
“ഇവിടെ അടുത്താണ് താമസിക്കുന്നത്”
“ഇവരാണോ ഉണ്ണി കൊണ്ടുവന്ന പിള്ളേര്”
“അതെ… മിടുക്കന്മാരാ, വന്ന് അന്നുതന്നെ ജോലിക്ക് കയറി”

ചേട്ടൻ അഭിമാനത്തോടെ പറഞ്ഞു, സുന്ദരൻ നേരെ അടുക്കളയിൽകയറി രാവിലെ കുഴച്ചുവച്ചിരുന്ന മാവ് ഉണ്ടായിരുന്നു, അവൻ വേഗം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി ഞാനും അവനെ സഹായിച്ചു.

“സുശീലാ ഒരു പേയ്പ്പർ വിരിക്ക്”

അടുക്കളയിൽ നിന്നും ഞാൻ വിളിച്ച് പറഞ്ഞു, റൊട്ടി (ചപ്പാത്തി) എടുത്തുകൊണ്ട് ഞാൻ റൂമിലേയ്ക്ക് നടന്നു. സുശീലൻ തറയിൽ പേയ്പ്പർ വിരിച്ചിരുന്നു, പിറകേ സുന്ദരൻ കറിയുമായെത്തി.

“ആശ ചേച്ചി കൈ കഴുകി വാ കഴിക്കാം’

ഉണ്ണിച്ചേട്ടനും ആശചേച്ചിയും കൈകഴുകി വന്നു, ഞങ്ങളും വേഗം കൈവൃത്തിയാക്കി
വന്നു. ഉണ്ണിച്ചേട്ടൻ ഒഴികെ എല്ലാവരും നിലത്തിരുന്നു. കറിനല്ല രുചി ഉണ്ട് എന്ന ചേച്ചിയുടെ കമന്റ് എന്നിൽ ചിരിഉളവാക്കി, സുന്ദരൻ എന്നെ നോക്കി കാരണം കറി എന്ന പാതകം ഞാനായിരുന്നു ചെയ്തത്, ചേച്ചി ആക്കിയാതാണോ എന്നും ഞാൻ സംശയിച്ചു, ഉണ്ണിച്ചേട്ടാ ഇവളെ കെട്ടാനോ മറ്റോ ആണ് പരിപാടി എങ്കിൽ മോന്റെ കാര്യം പൊക.. ഇത്ര നല്ലതായിട്ട് പാചകം ചെയ്താൽ ശവനേ നീതന്നെ തുണ. ഞങ്ങൾ പാത്രം എല്ലാം കഴുകി വച്ചു പിന്നെ പോകാൻ തയ്യാറായി,

“ചേച്ചി ഞങ്ങൾ ഇറങ്ങുകയ, തിരക്കില്ലെങ്കിൽ ഞങ്ങൾ വന്നിട്ട് പോകാം”
“അയ്യോ ഇല്ല, ഉണ്ണിയെ കണ്ടിട്ട് കുറച്ചായി വിശെഷം എന്തുണ്ട് എന്ന് തിരക്കാൻ കയറിയെന്നേ ഉള്ളു, ഞാനും ഉടനെ ഇറങ്ങുകയാ”
“ചേച്ചിയുടെ ഇഷ്ടം, ഉണ്ണിച്ചേട്ട ഞങ്ങൾ ഇറങ്ങുന്നു “
“ശരി….”
ഞാൻ തിരിഞ്ഞ് ഉണ്ണിച്ചേട്ടനെ ഒന്നു നോക്കി, മോനെ ദിനേശാ.., സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു. ഞാൻ കമ്പനിയിലേയ്ക്ക് നടക്കുമ്പോൾ അവളെ കുറിച്ച് ഓർത്തു, ആശ കാണാൻ തരക്കേടില്ല, കേസ്കെട്ട് ആണോ ഏയ് അവളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, ങാ എന്തെങ്കിലും ആകട്ടെ.
“ നീ എന്താടാ ആലോചിക്കുന്നത് “
“ഏയ് ഒന്നുമില്ല”
“സത്യം പറ നീ ആശയെ കുറിച്ചല്ലെ ചിന്തിച്ചത്”
ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി
“എനിക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു”
“എനിക്കും, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്”
“അതും ശരിയാ”
ഇപ്പോൾ കമ്പനിയിൽ എല്ലാം ശീലമായിരിക്കുന്നു (വേദനകളും). ഫോർമാൻ എന്നെ വിളിച്ച് അസംബ്ലി ഡെസ്കിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അയാൾ പ്രീതയോട് എന്തോപണി പറഞ്ഞുകൊടുത്തു, ഞാൻ ആദ്യം ഒന്നു ഭയന്നു, പണിതെറിച്ചോ ഭഗവാനെ, ബംഗാളിക്കൊപ്പം തന്നെ ആയിരുന്നു പ്രൊഡക്ഷനിൽ ഞാനും പിന്നെ എന്തിനാ ഇയാൾ വിളിക്കുന്നത് എന്ന് ശങ്കിച്ചു. പ്രീത എന്നെ വേറൊരു ഡെസ്ക്കിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു അത്തോടി (ചുറ്റിക) പിന്നെ നീളമുള്ള ചതുര മുഖമുള്ള ഒരു ഉളിയും തന്നു, അവൾ അത് പഞ്ച് ചെയ്യുന്നത് കാണിച്ചു തന്നു. ഒരു കാര്യം അവൾ പ്രത്യേഗം ഓർമ്മിപ്പിച്ചു,
“ഇത് വിലകൂടിയ സാധനമാണ് ശ്രദ്ധിച്ച് പഞ്ച് ചെയ്യണം എല്ലെങ്കിൽ അത് വെയ്സ്റ്റാകും“.
“ശരി നോക്കാം”
സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ഞാൻ പുതിയ പണി തുടങ്ങി, ആദ്യം അടിച്ചത് പിഴച്ചു, പിന്നെ കുറേ കൂടെ ശ്രദ്ധിച്ച് ചുറ്റിക പായിച്ചു, അത് ശരിയായി പിന്നെ അതുപോലെ മറ്റെല്ലാ പീസുകളും ചെയ്തു. ഫോർമാൻ അതെല്ലാം എടുത്തുനോക്കി അതിൽ ആദ്യം അടിച്ചത് മാത്രമേ പിഴച്ചിരുന്നൊള്ളു, അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു
“സബാഷ്…. അച്ചാകിയ, ആഗേസെ യെ സബ് തും കരോ. സമച്ഗയ, പ്രീത തും ഇസ്കോ സംഛാതോ”
“ജീ..”
ഞാൻ പ്രീതയെ നോക്കി, സബാഷ് പറഞ്ഞപ്പോൾ തെറി അല്ല എന്ന് മനസ്സിലായി, ഇത് നമ്മുടെ മലയാളത്തിലെ “സുബാഷ്” തന്നെ, പ്രീതയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അപ്പോൾ ആണ് എനിക്ക് ശരിക്കും ആശ്വാസമായത്, അവൾ എന്റെ അടുത്തുവന്നു
“ഫോർമാന് തന്നെ ബോധിച്ചു. ഇനീമുതൽ ഇത് ചെയ്താൽ മതി എന്നാ പറഞ്ഞത് “
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി, ……..ഈ…ശ്വരാ…!!!

3 comments:

വെള്ളത്തൂവൽ said...

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി, ……..ഈ…ശ്വരാ…!!!

വരവൂരാൻ said...

സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ഞാൻ പുതിയ പണി തുടങ്ങി,
ഓഹോ ഇതു ഞാൻ അറിഞ്ഞില്ലാ, ആശംസകൾ

വെള്ളത്തൂവൽ said...

എന്റെ വരവൂരാനെ, ചില സ്ഥലത്തുനിന്നും ഊരി പോന്നകാര്യം പറഞ്ഞാൽ..., വഴിയെ പറയാം. പിന്നെ ഇവിടെ വന്ന് ഇത്‌വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..,