Monday, June 8, 2009

മരിക്കാത്ത ഓർമ്മകൾ-11

-11-
“ശരിയാ ഞാനും ഇടയ്ക്ക് കണ്ടു, എങ്ങനുണ്ടടെ അവൾ “
“നീഒക്കെ ആരുടെ കാര്യമാ പറയുന്നത്”
“ ഓ ഒന്നും മനസ്സിലാകാത്ത കുഞ്ഞ്…”
“ചുമ്മാ ആളെ കളിയാക്കല്ലെ, ഞാൻ നോക്കിയിട്ട് പോലുമില്ല”
“ശരി ശരി നിനക്ക് നാട്ടിൽ ഒരു രൂപക്കൂട് പണിയുന്നുണ്ട്”
റൂമിന്റെ താക്കോൽ സുന്ദരന്റെ കയ്യിലായിരുന്നു, വേഗം റൂം തുറന്ന് അകത്തുകയറി
“എടാ ഇന്ന് ബ്രഡ് കഴിക്കാം അല്ലെ”
“അല്ലാതെ എന്തുചെയ്യാനാ”
സുശീലൻ വേഗം പാത്രം കഴുകിക്കൊണ്ട് വന്നു, പിന്നെ എല്ലാം പെട്ടന്ന് നടന്നു. പത്ത് മിനിട്ട്കൊണ്ട് ഓംലെറ്റും, ബ്രഡും ശരിയായി. കഴിക്കുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു, ജീവിതത്തിന്റെ താളം മാറിയതിന്റെ വീർപ്പുമുട്ടൽ എല്ലാവരുടെ മുഖത്തും വ്യക്തമായിരുന്നു. സുന്ദരൻ ഭക്ഷണം കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, ബ്രഡ്ഡിന്റെ മൊരിഞ്ഞ ഭാഗത്ത് തൊടുമ്പോൾ അവന് എന്തോ ഈർഷ്യ ഉള്ളതുപോലെ തോന്നി, വിരലുകളിലെ തൊലി തേഞ്ഞ് പോയതിനാലാവാം, ഉച്ചകഴിഞ്ഞ് ഞങ്ങൾ ഒരുമണി ആയപ്പോഴേയ്ക്കും കമ്പനിയിൽ തിരിച്ചെത്തി, ആരുമായും അധികം ഞങ്ങൾ സംസാരിച്ചിരുന്നില്ല, കാരണം ഞങ്ങൾക്ക് ഹിന്ദി അറിയില്ല അവർക്ക് മലയാളവും. പരസ്പരം ചിരിച്ച് കാണിക്കുകയായിരുന്നു ആദ്യം ഞങ്ങൾക്കിടയിലെ കമ്മ്യൂണിക്കേഷൻ. ഉച്ചകഴിഞ്ഞും എന്റെ പണിക്ക് മാറ്റമൊന്നും ഇല്ലായിരുന്നു, രണ്ട്കൈകൊണ്ടും മാറിമാറി വീൽ കറക്കി ഒരു വിധത്തിൽ വൈകുന്നേരം ആക്കി. ഉച്ചകഴിഞ്ഞ് സുന്ദരന് ഗ്രൈൻഡിംഗ് ആയിരുന്നു, മോൾഡിൽ നിന്നും പുറത്ത് വരുന്ന പീസ്കളെ ഗ്രൈൻഡ് ചെയ്ത് ശരിയാക്കുന്ന പണി
അന്ന് വൈകുന്നേരം ഞങ്ങൾ അഞ്ചുമണിക്ക് കമ്പനിയുടെ പുറത്ത് വന്നു, പുറത്ത് ഇരുട്ട് വീണുതുടങ്ങി തണുപ്പും.ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു
“എങ്ങനെ ഉണ്ട് ജോലി ഒക്കെ “
“തരക്കേടില്ല “
ഞാൻ മറുപടി പറഞ്ഞു
“നിങ്ങൾക്കോ “
സുന്ദരനേയും, സുശീലനേയും നോക്കി ചേട്ടൻ ചോദിച്ചു
“കുഴപ്പമില്ല”
“ഇത് ഒരു തൽക്കാല സെറ്റപ്പാണ് സാവധാനം നിങ്ങളുടെ ട്രേഡിലേയ്ക്ക് മാറാം”
“ആയിക്കോട്ടെ”
“നിങ്ങൾ ഭാഗ്യമുള്ളവരാ, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കേണ്ടി വന്നില്ലല്ലോ.!“
“അത് ശരിയാ “
“ഇവിടെ ചിലപിള്ളേരു്, മാസങ്ങളോളം പണിയില്ലാതെ നടന്നിട്ടാണ് ഒരു പണി കിട്ടുന്നത് “
താൻ ഏറ്റകാര്യം ഭംഗിയായി നടത്തി എന്ന ചാരുദാർത്യത്തിലായിരുന്നു ഉണ്ണിച്ചേട്ടൻ, ദൈവം ഞങ്ങളെ കൈവിട്ടില്ല എന്ന സന്തോഷത്തിൽ, ഒപ്പം ഉണ്ണിചേട്ടനോട് നന്ദിയും. പിന്നെ കമ്പനിയിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
“ശമ്പളം അറുനൂറ് രൂപ, പിന്നെ ഓവർടൈം 150 രൂപ മൊത്തം 750 രൂപ”
“ഓവർടൈം എത്ര മണിക്കൂർ ആണ് “
“ഒന്നര മണിക്കൂർ ആയിരിക്കും”
“ അതായത് ആറര വരെ ഡ്യൂട്ടി, ഓവർടൈം കമ്പൽസറി ആണ് എല്ലാ ദിവസവും ഉണ്ടാകും എന്ന് ചുരുക്കം”
“ശരി എന്തെങ്കിലും ആകട്ടെ, പണി തൽക്കാലം ഉണ്ടല്ലോ”
“നല്ല ഒരു ജോലി ആകുമ്പോൾ നമുക്ക് പുതിയ റൂം എടുക്കാം”
ഉണ്ണിച്ചേട്ടൻ സ്വപ്നം കണ്ടുതുടങ്ങി,ഭക്ഷണം പാചകം ചെയ്യുന്നത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായതിനാൽ, പ്രത്യേഗിച്ച് ഒന്നും പറയാനില്ലാതായി, കുറ്റങ്ങളും കുറവുകളും പരസ്പരം പറഞ്ഞു, പക്ഷെ ഒരിക്കൽ പോലും ആ കുറ്റങ്ങൾ ഞങ്ങൾക്ക് തിരുത്താൻ പറ്റിയില്ല എന്നതാണ് സത്യം അതിന് കാരണം പാചകത്തിലെ അറിവില്ലായ്മ തന്നെ, പിന്നെ സാവധാനം ഞങ്ങളുടെ നാവ് ആ രുചികൾക്ക് വഴങ്ങി, അങ്ങനെ ലോകത്തിലെ എറ്റവും രുചിയുള്ള ഭക്ഷണം ഞങ്ങൾ പാചകം ചെയ്യാനും ആഹരിക്കാനും തുടങ്ങി..
സാവധാനം ഡെക്ക എന്ന ആ ഗാവിലെ നിവാസികളിൽ ഞങ്ങളും ഉൾപ്പെട്ടു, ഗള്ളികളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ശ്വാനപ്പടയും ഞങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങി, പിന്നെ ജീവിതചര്യകളിൽ മാറ്റം വന്നു, രാവിലെ എണീക്കുകയും ഭക്ഷണം പാചകം ചെയ്യുക എന്നതും പ്രധാന പണി ആയി പിന്നെ കമ്പനിയിലെ ജോലിയും. സുന്ദരനായിരുന്നു ഏറ്റവും പ്രയാസം ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നത് പരമാർത്ഥം. പിന്നെ വിരലിനെ കാർന്നുതിന്നുന്ന ബഫർമെഷീൻ, ഒരാഴ്ച്ചകൊണ്ട് സുന്ദരന് അല്പം കട്ടിയുള്ള വസ്തുക്കളിൽ പിടിക്കാൻ വയ്യാത്ത അവസ്ഥയിലായി, മാലിക്കിനോട് പറഞ്ഞപ്പോൾ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് അസംബ്ലിംഗിൽ പണികൊടുത്തു. ഇതിനിടയിൽ ഉണ്ണിച്ചേട്ടന്റെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു, സാവധാനം ഞങ്ങളുടെ സുഹൃത്ത്വലയവും വികസിച്ചുവന്നു
എന്റെ അടുത്ത മിഷീനിൽ വർക്ക് ചെയ്തിരുന്നത് ഒരു ബംഗാളി പയ്യനായിരുന്നു, ഒരു ഇരുപത്വയസ്സ് പ്രായം കാണും, അവൻ എന്നോട് ഹിന്ദിയിൽ എവിടുന്നു വരുന്നു എന്ത് പഠിച്ചാതാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു. കോളേജിൽ പഠിക്കുമ്പോൾ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു പഠിച്ചത്, കൂടെ എൻ.സി.സി യ്ക്ക് ചേർന്നപ്പോൾ കിട്ടിയ അറിവുകളും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. അവനും അവന്റൊപ്പം നാല് പയ്യന്മാരും ഈ കമ്പനിയിൽ ഉണ്ടായിരുന്നു അവരെ ഫോർമാൻ നേരിട്ട് കൊണ്ടുവന്നതാണ് അതിനാൽ അവർക്ക് ശമ്പളവും കൂടുതൽ ഉണ്ട്. ഒരുമലയാളി പെണ്ണ് ഉണ്ടന്ന് പറഞ്ഞിരുന്നല്ലോ അവൾ ഞങ്ങളോട് സംസാരിക്കാൻ താത്പര്യം കാട്ടിയില്ല. പൊതുവെ വിദ്യാഭ്യാസമുള്ള മലയാളികൾ ജാഡക്കാർ ആണെന്ന സത്യം ഞാൻ ഓർത്തു. ഞങ്ങൾക്കിടയിൽ സംസാരിക്കാൻ പ്രത്യേഗ വിഷയം ഒന്നും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരുകാരണമായി. ഒരു ദിവസം ഫോർമാൻ സുന്ദരനോട് എന്തൊക്കയോ പറഞ്ഞു സുന്ദരന് ഒന്നും മനസ്സിലായില്ല, സത്യത്തിൽ എനിക്കും ഒന്നും പിടികിട്ടിയില്ല, അവർ പോയിക്കഴിഞ്ഞപ്പോൾ പ്രീത (മലയാളി പെണ്ണ്) ഞങ്ങളെ സഹതാത്തോടെ നോക്കി.
“നിങ്ങൾ ഡെൽഹിയിൽ ആദ്യമായാ..?”
“അതേ.”
സുന്ദരൻ മറുപടിപറഞ്ഞു………

1 comment:

വെള്ളത്തൂവൽ said...

അത് ഒരു തൂവൽ സ്പർശം പോലെ ആയിരുന്നു…, മൌനത്തിന് ശേഷമുള്ള ഒരു തലോടൽ, ആഗ്രഹിച്ചിരുന്നു…?!