Monday, August 3, 2009

മരിക്കാത്ത ഓർമ്മകൾ-19

അടുത്ത ദിവസം രാവിലെ ഞങ്ങൾ പതിവ് പോലെ, ജോലിക്ക് പോകാൻ തയ്യാറായി, സുന്ദരൻ കുളികഴിഞ്ഞ് ആദ്യം എത്തി, അടുത്തത് എന്റെ ഊഴമായിരുന്നു, ഞാൻ തോർത്ത് തോളിലിട്ട് ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു ( ഓടി എന്നതാവും ശരി, ജനുവരിയിലെ തണുപ്പ് അസ്ഥിവരെ തുളച്ച്കയറുന്ന പ്രതീതി), ബക്കറ്റിലെ വെള്ളം തലവഴി പൊക്കി ഒഴിച്ചു, സോപ്പ് തേച്ചു എന്ന് വരുത്തി കാരണം അത് വരെ നിൽക്കാനുള്ള ത്രാണി എന്റെ ശരീരത്തിനുണ്ടായിരുന്നില്ല, വ്യക്തി ശുചിത്വം എന്ന മലയാളിയുടെ ദുരഭിമാനം പേർത്തും, പേർത്തും കൂടെകൂട്ടിയവനായിരുന്നു ഞാനും അതുകൊണ്ട് കുളിക്കാതിരിക്കാൻ മനസ്സ നുവദിച്ചില്ല.
കുളികഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ, വിഷണ്ണനായിരിക്കുന്ന സുന്ദരൻ, സുശീലനാവട്ടെ ഇനിയും രണ്ട് മിനിട്ട്കൂടെ ഉറങ്ങാം എന്ന കണക്കുകൂട്ടലിൽ, ചുരുണ്ട് കിടക്കുന്നു. കൂട്ടിയിടിക്കുന്ന പല്ലിനെ നിയന്ത്രിക്കാൻ ഒരു വിഭലശ്രമം ഞാൻ നടത്തി എങ്കിലും, അത് നിർവിഗ്നം തുടർന്നു.
“ എന്തുപറ്റി അളിയ…? ”
“ ഇനീ എന്നാ പറ്റാനാ..?”
ഈശ്വരാ ഇവന്റെ ജനന സമയം ശാരദാമ്മയോട് ചോദിച്ചറിയണം, ഞാൻ സുന്ദരന്റെ അമ്മയെ ശാരദാമ്മ എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് എന്നോട് നല്ല താത്പര്യമായിരുന്നുതാനും.
“ഉം…, നീ കാര്യം പറയടാ..”
“ഇന്ന് വായു ഭക്ഷിക്കാം..”
“വായുവാണെങ്കിൽ കുറയ്ക്കണ്ടാ , ഫ്രീ ആയി കിട്ടുന്നതല്ലെ!! എടാ പുല്ലെ കാര്യം എന്താണെന്ന് പറ“
എനിക്ക് ശരിക്കും ദേഷ്യം വന്നു,സുന്ദരന്റെ മുഖം ഗൌരവം നിറഞ്ഞതായിരുന്നെങ്കിലും, അതിന്റെ കോണിൽ ഒരു പുഞ്ചിരിവിടർന്നു..
“സ്റ്റൌവ്വിൽ മണ്ണണ്ണ ഇല്ല…”
“ഇതിനാണോ നീ ഒരു മാതിരി അമ്മായിയമ്മ പോരു പോലെ മുഖവും വീർപ്പിച്ചിരുന്നത് “
“എനിക്ക് വിശന്നിട്ട് വയ്യാ, കമ്പനിയിലെ പണിയാണെങ്കിൽ മനുഷ്യന്റെ ആയുസ്സ് എടുക്കുന്നതും”
“നീ സമാധാനിക്ക് സുന്ദരാ നമുക്ക് വഴി ഉണ്ടാക്കാം “
ഞാൻ സറ്റൌ എടുത്ത് കുലുക്കിനോക്കി, അല്പം മണ്ണണ്ണ ഉണ്ടെന്ന് തോന്നുന്നു, പമ്പ് ചെയ്ത് സറ്റൌവ്വിൽ കാറ്റ് നിറച്ചു,
“സുന്ദരാ നമുക്ക് ഇന്ന് ബ്രഡ്ഡും, കട്ടനും ആക്കാം എന്നാ പറയുന്നു”
സുന്ദരൻ എന്നെ നോക്കി, അവന്റെ മുഖം വീർത്തുതന്നെ ഇരുന്നു, ഈശ്വരാ ഇവൻ പെണ്ണായി പിറന്നിരുന്നേൽ കെട്ടുന്നവന്റെ ജീവിതം അതോടെ പൊക ആകുമായിരുന്നു,
“ നീ ഒരു കാര്യം ചെയ്യ്, കാപ്പിക്ക് വെള്ളം എടുത്തുകൊണ്ട്‌വാ“
“എടാ ഞാൻ ആദ്യം കാപ്പിക്ക് വെള്ളം വെച്ചതാ, സ്റ്റൌ അണഞ്ഞപ്പോൾ മനസ്സിലായി മണ്ണണ്ണ തീർന്നെന്ന്, ഇനീ നീ കത്തിച്ച് നോക്ക് “
അവന്റെ സംസാരത്തിലെ കളിയാക്കൽ എനിക്ക് മനസ്സിലായി, എന്തായാലും ഒന്നു ശ്രമിച്ച് നോക്കാം. ഞാൻ സറ്റൌവ്വിന്റെ നോബ് തുറന്നു, അല്പം എണ്ണ പുറത്തേയ്ക്ക് ചീറ്റിത്തെറിച്ചു, ഞാൻ അതിലേയ്ക്ക് തീപ്പെട്ടികൊള്ളി കത്തിച്ച് പിടിച്ചു, സറ്റൌവ്വ് കത്തിത്തുടങ്ങി, ചുവപ്പിൽ നിന്നും ഇളം നീല ജ്വാലയിലേയ്ക്ക് സറ്റൌവ്വിലെ തീപടർന്നു ഞാൻ കാപ്പി പാത്രം വച്ചു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ തീ അണഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അപ്പോഴേയ്ക്കും സുശീലൻ ഉണർന്നു,
“അളിയന്മാർ രണ്ടും കൂടെ എന്താണ് രാവിലെ പണി “
“അയ്യോ മക്കൾക്ക് പോത് നിറയ്ക്കാനുള്ള വെള്ളം കാച്ചുവാരുന്നു… എന്താ ഇപ്പോൾ വേണോ “
സുന്ദരന്റെ മൂഡ് ശരിയല്ലന്ന് സുശീലന് മനസ്സിലായി, അവൻ ബ്രഷ് എടുത്തുകൊണ്ട് ബാത്ത്റൂമിലേയ്ക്ക് നടന്നു. ഞാൻ വീണ്ടും സ്റ്റൌ കത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. അല്പം കഴിഞ്ഞപ്പോൾ സുശീലനും “കുളി” കഴിഞ്ഞെത്തി. ഞങ്ങളുടെ തീവ്രശ്രമത്തിൽ, സുശീലനും പങ്കാളിയായി, സ്റ്റൌ ചരിച്ച് പിടിച്ച് തീകത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചു, സുശീലൻ സോസ്പാൻ (ചായപാത്രം) പൊക്കി പിടിച്ചു, അവസാനം വെള്ളം തിളച്ചു, കടിച്ചുകുടയുന്ന തണുപ്പിന് തടയിടാനുള്ള ഞങ്ങളുടെ പരിശ്രമം വിജയിച്ചു, ക്ലോക്കിലെ വലിയ സൂചി പന്ത്രണ്ടും പിന്നിട്ട് മുന്നോട്ട് കുതിച്ചു,പൊട്ടിച്ച ബ്രഡ്പായ്ക്കറ്റിൽ നിന്നും ബ്രഡ് ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു, അവസാനത്തെ ബ്രഡ്പീസ് മാത്രം കൂടിൽ ശേഷിച്ചു (അത് കടിച്ചുതിന്നുക എന്നത് ശ്രമകരമായ പണിയായതിനാൽ)
സുന്ദരന്റെ മുഖം പ്രസന്നമായി, ഉണ്ണിച്ചേട്ടൻ ഇനിയും എത്തിയിട്ടില്ല, കുറച്ച് ദിവസമായി ഉണ്ണിച്ചേട്ടന്റെ ജീവിത രീതിയിൽ മൊത്തം ഒരു മാറ്റം കാണുന്നു, പുലർന്നതിന് ശേഷമാവും നൈറ്റ്ഡ്യൂട്ടി ഉള്ളപ്പോൾ എത്തുക. ഞങ്ങൾ വൈകുന്നേരം എത്തുന്നതിന് മുൻപെ ചേട്ടൻ റൂമിൽ നിന്നും പോയിരിക്കും, ആകെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്പോലെ എനിക്ക് തോന്നി, പക്ഷേ എന്താണ് എന്ന് വ്യക്തമായില്ല.
അന്ന് ഞങ്ങൾ ആയിരുന്നു ആദ്യം കമ്പനിയിൽ എത്തിയത്, അല്പനേരം കഴിഞ്ഞപ്പോൾ ആളുകൾ ഓരോരുത്തരായി വന്നു തുടങ്ങി.ജോലിതുടങ്ങി അല്പം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവിടേയ്ക്ക് വന്നു, കാഴ്ച്ചയിൽ തന്നെ മനസ്സിലായി ഒരു മല്ലു (വടക്കന്മാർ നമുക്ക് തന്നെ ഓമന പേർ “മല്ലു”) ആണെന്ന്. അധികം, പൊക്കമില്ലാത്ത ഇരുനിറക്കാരി ആയിരുന്നു ആ പെൺകുട്ടി, ഏകദേശം ഇരുപത്തിരണ്ട് വയസ്സ് ഉണ്ടാവും. സാമാന്യം നല്ല രീതിയിൽ അവൾ ഹിന്ദി സംസാരിക്കുമായിരുന്നു.ഫോർമാൻ ആകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി, പുതിയ നിയമനം, അങ്ങനെ ഞങ്ങളുടെ കമ്പനിയിൽ (കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലെ) മല്ലൂസിന്റെ എണ്ണം കൂടിവന്നു, കുറഞ്ഞവേദനം, കൂടിയ കാര്യക്ഷമത, ഇതിൽ കൂടുതൽ എന്താണ് ഒരു തൊഴിൽ ദാദാവിന് വേണ്ടത്. കമ്പനിയിലെ ജോലി എല്ലാം ഒരുവിധം നന്നായി തന്നെ നീങ്ങി, ഉള്ളപണി പോകരുത് എന്ന ആത്മാർത്ഥത ഞങ്ങളുടെ പ്രവർത്തിയിൽ നിഴലിച്ചിരുന്നു.

1 comment:

വെള്ളത്തൂവൽ said...

“ എന്തുപറ്റി അളിയ…? ”
“ ഇനീ എന്നാ പറ്റാനാ..?”