Thursday, June 4, 2009

മരിക്കാത്ത ഓർമ്മകൾ-10

-10-
“അളിയാ എങ്ങനുണ്ട് പുതിയ ജീവിതം “
സുന്ദരൻ എന്നെ നോക്കി.., പിന്നെ സീരിയസ്സ് ആയി പറഞ്ഞു
“ എനിക്ക് അല്പം പേടി തോന്നുന്നുണ്ട് “
“ എന്തിന്.?
“ഉണ്ണിയെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഒരു സംശയം, അന്ന് അവൻ പറഞ്ഞതൊക്കെ കളവാണ് എന്ന് ഇപ്പോൾ നമ്മൾ കണ്ടു, ഇനി ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞിട്ട് ചെയ്തില്ലങ്കിൽ..”
“ഛെ…. നീ ഇത്ര സില്ലി ആയാലോ..എടാ ഈ ലോകം വളരെ വലുതാണ് ആരെങ്കിലും സഹായിക്കുമെടാ എല്ലാവരും ഒരേ തരക്കാരല്ലല്ലോ “
“അതും ശരിയാ…, വിധിയെ തടുക്കാനാവില്ലല്ലോ “
അന്ന് പകൽ ഞങ്ങൾ പുറത്തെങ്ങും പോയില്ല, വൈകുന്നേരം ആയപ്പോൾ ഉണ്ണിച്ചേട്ടൻ വന്നു, ജോജി പലസ്ഥലത്തും പറഞ്ഞിട്ടുണ്ട് ഇഷ്ടപ്പെടുന്നിടത്ത് ജോലി ചെയ്യാം എന്നുമൊക്കെ വിശധീകരിച്ചു. ഞങ്ങൾ അത് മുഴുവൻ വിശ്വസിച്ചില്ല എങ്കിലും, കുറച്ചൊക്കെ കാര്യമാക്കി. അന്ന് വൈകുന്നേരവും, റൊട്ടിയും സബ്ജിയും ഉണ്ടക്കി, മണ്ണെണ്ണ ക്ഷാമം ആയതിനാൽ ചോറ് തൽക്കാലം വേണ്ടന്നു വച്ചു.
അന്ന് വൈകിട്ട് കിടക്ക വിരിച്ചപ്പോൾ സുശീലൻ പറഞ്ഞു
“ഇന്ന് ഞാൻ നടുക്ക് കിടക്കും ഇന്നലെ ഞാൻ തണുത്ത് വിറച്ചാണ് കിടന്നത്”
“ശരി ഇന്ന് നീ കിടന്നോ, നാളെ സുന്ദരൻ “
അങ്ങനെ ഓരോത്തർക്കും നടുക്ക് കിടക്കാനുള്ള അവസരം ഒരുങ്ങി. രാത്രിയിൽ ഭയങ്കര തണുപ്പായിരുന്നു, സിമെന്റ് തറയിൽ നിന്നും ശരീരത്തിലേയ്ക്ക് തണുപ്പ് അരിച്ചു കയറി, എന്നെ ചെറുതായി വിറയ്ക്കാൻ തുടങ്ങി, സ്ഥാനം തെറ്റിക്കിടന്ന പുതപ്പ് വലിച്ച് നേരെ ഇട്ടു, ദൈവമേ ഡെൽഹിയിലെ തണുപ്പ് കൊണ്ട് ചാകാനാണോ വിധി, അച്ഛൻ പറഞ്ഞതാണ് പോകണ്ടാ എന്ന്, സമ്മതിച്ചില്ല അനുഭവിക്കാതെ എന്ത് ചെയ്യും, ഒരു റജായി വാങ്ങണേൽ അതിനുള്ള പണം കൈയ്യിൽ ഇല്ലതാനും. ങാ എനിക്കും വരും ഒരു ദിവസം, സ്വയം ആശ്വസിച്ചും സമാധാനിച്ചും എപ്പോഴോ ഉറങ്ങി, രാവിലെ തന്നെ ഉണ്ണിച്ചേട്ടൻ കുളികഴിഞ്ഞു വന്നു, ഞങ്ങളെ വിളിച്ചുണർത്തി
“ആശാന്മാരൊക്കെ വേഗം എണീറ്റ് കുളിച്ച് റെഡിയാക്”
ഞാൻ തൽ പൊക്കി ഉണ്ണിച്ചേട്ടനെ നോക്കി, എന്താണ് സംഗതി, തിരിച്ച് നാട്ടിലെയ്ക്കാണോ???
“ഏടാ പിള്ളാരെ ഇന്ന് നിങ്ങൾക്ക് പണി ശരിയാക്കിത്തരാം “
എനിക്ക് വിശ്വാസം വന്നില്ല, ചുമ്മ പറഞ്ഞതാണോ1
“വേഗം വേണം എട്ട് മണിക്ക് പണിതുടങ്ങും”
ഞങ്ങൾ വേഗം പ്രാധമികകർമ്മങ്ങൾ കഴിഞ്ഞ്, ഒരുങ്ങി, പുറത്ത് നല്ലതണുപ്പായിരുന്നു, ഞാൻ എന്റെ “സ്വറ്റർ” ഷർട്ടിന്റെ അടിയിൽ ഇട്ടു, ഷൂ എടുത്ത് തുടച്ച് വൃത്തിയാക്കി ഇട്ടു, ഏകദേശം എട്ടര ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും ഉണ്ണിച്ചേട്ടന്റെ കൂടെ പുറത്തേയ്ക്കിറങ്ങി, ഞങ്ങൾ താമസിക്കുന്ന ഗള്ളിയിൽ നിന്നും അല്പം ദൂരെ ആയിരുന്നു ഉണ്ണിച്ചേട്ടൻ പറഞ്ഞ കമ്പനി, കമ്പനിയുടെ വാതിൽക്കൽ ഞങ്ങൾ എട്ടേമുക്കാലിന് മുൻപ് എത്തി, ഞങ്ങളെ കണ്ടിട്ടാവണം നീളമുള്ള ഒരു ചെറുപ്പക്കാരൻ പുറത്തെയ്ക്ക് വന്നു. ഉണ്ണിച്ചേട്ടൻ വളരെ ഭവ്യതയോടെ അയോളോട് സംസാരിച്ചു, ജോലിക്കാര്യം ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ ജോലിക്കാർ വന്നു തുടങ്ങി, അതിൽ ഒരു മലയാളി പെൺകുട്ടിയും ഉണ്ടായിരുന്നു, താടിയിൽ ഒരു കറുത്തമറുകുള്ള പെൺകുട്ടി, ഇരു നിറമായിരുന്നു അവൾക്ക് പുറത്ത് നിൽക്കുന്ന ഞങ്ങളെ അവൾ തിരിഞ്ഞ് നോക്കി. ഉണ്ണിച്ചേട്ടനും ആ ചെറുപ്പക്കാരനും ഓഫീസിലേയ്ക്ക് പോയി ഞങ്ങൾ പുറത്ത് കാത്തുനിന്നു.പത്ത്പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഉണ്ണിച്ചേട്ടൻ പുറത്ത് വന്നു ഒപ്പം ആ ചെറുപ്പക്കാരനും.
“എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്, തൽക്കാലം ഇവിടെ കയറാം പിന്നെ ബാക്കി നമുക്ക് ശരിയാക്കാം “
ഞങ്ങൾ മറുത്തൊന്നും പറഞ്ഞില്ല, കാരണം എന്തും ചെയ്യാന്തയ്യാറായാണല്ലോ ഞങ്ങളുടെ വരവ്. അത് റോട്ടറി സ്വിച്ച് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു. കുടിൽ വ്യവസായം, എട്ട് പേരോളം അവിടെ ജോലിചെയ്യുന്നു അതിൽ ബംഗാളികൾ ആണ് കൂടുതലും, പിന്നെ ഒരു മലയാളി പെൺകുട്ടി, ഒരു ഹിന്ദിക്കാരി പെണ്ണ്, പിന്നെ ഞങ്ങൾ മൂന്ന് പേരും… രണ്ട് മുറിയിൽ ആയിരുന്നു ഫാക്ടറി. ഒന്നിൽ മോൾഡിംഗ് മെഷീൻ മറ്റൊന്നിൽ അസംബ്ലിംഗ്. മെഷീൻ റൂമിൽ ഒരാളെ ഉള്ളു അയാൾ ബംഗാളി, പിന്നെ അസ്സംബ്ലിയിൽ ആണ് മറ്റെല്ലാവരും. അത് ഒരുമാതിരി വലിയ ഹാൾ ആയിരുന്നു അതിന്റെ ഒരു വശത്ത് നാല് പഞ്ചിംഗ് മെഷീൻ വച്ചിരുന്നു, (മാനുവൽ ഓപ്പറേറ്റിംഗ് ടൈപ്പ്) അതിന്റെ മുകളിൽ ഒരു ഡ്രൈവിംഗ് വീൽ അത് വളരെ സ്പീഡിൽ തിരിച്ചുകൊണ്ടിരിക്കണം അപ്പോൾ ഡൈ ഫിറ്റ് ചെയ്തിരിക്കുന്ന ഭാഗം ശക്തിയായി പഞ്ച് ചെയ്യേണ്ട മെറ്റലിൽ പതിക്കുന്നു. അതിൽ രണ്ട് മെഷീനിലെ ആൾ ഉണ്ടായിരുന്നൊള്ളു, ഫോർമാൻ എന്ന് തോന്നിക്കുന്ന ആൾ എന്നെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയി, മറ്റുള്ളവർ അത് പ്രവർത്തിപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുകാര്യം ഉറപ്പായി ഇവിടെ തുടർന്നാൽ ജീവിതം പൊക.
അതിലെ ഒരു മെഷീൻ എനിക്ക് നൽകി അതിന്റെ പിന്നിൽ ചമ്രം പടഞ്ഞിരുന്ന് വേണം അതിന്റെ ഡ്രൈവിംഗ് വീൽ തിരിക്കാൻ എനിക്കാണെങ്കിൽ ചമ്രം പടഞ്ഞിരുന്ന് ശീലവുമില്ല. ആദ്യത്തെ കുറച്ച് നേരം സംഗതി രസമായിരുന്നു, ഡൈയുടെ താഴെ സ്റ്റീൽ പ്ലേറ്റ് കൃത്യമായി വയ്ക്കുക പിന്നെ വീൽ ഡ്രൈവ് ചെയ്ത് പഞ്ച് ചെയ്യുക., ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഇടുപ്പെല്ലിന് വേദന തുടങ്ങി പിന്നെ അത് പുറത്തേയ്ക്ക് വ്യാപിച്ചു, അപ്പുറത്ത് സുന്ദരന്, ബഫിംഗ് മിഷീനിൽ ആയിരുന്നു പണി. മെയിൻ ഡൈയ്യിൽ നിന്നും പുറത്ത് വരുന്ന സ്വിച്ചിന്റെ ഭാഗങ്ങളെ ബഫ് ചെയ്ത് ക്ലീൻ ചെയ്തെടുക്കുക എന്നതായിരുന്നു ശ്രമകരമായ ജോലി, ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി മനുഷ്യന്റെ ആയുസ്സിനെ കുറയ്ക്കും എന്നത് സത്യമായിരുന്നു, അത്ര നേർത്ത പൊടിപടലമായിരുന്നു അവൻ ഇരിക്കുന്ന ഭാഗം മുഴുവൻ. ഇടയ്ക്ക് ഞാൻ അവിടുന്ന് എണീറ്റ് സുന്ദരന്റെ അടുത്തെത്തി, മൂക്കും വായും കർച്ചീഫ്കൊണ്ട് അവൻ മൂടിക്കെട്ടിയിരുന്നു, അവന്റെ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി.
സുശീലൻ അസംബ്ലിംഗ് വിഭാഗത്തിൽ ആയിരുന്നു, ലോഹഭാഗങ്ങളെ കൂട്ടി ഇണക്കുന്നതാണ് അസംബ്ലിംഗ് വിഭാഗം ഇതിലായിരുന്നു ആളുകൾ കൂടുതൽ. പത്തിൽ താഴെ മിനിട്ട് കൊണ്ട് ഒരു റോട്ടറി സ്വിച്ച് അവർ അസ്മബ്ലി ചെയ്യുമായിരുന്നു. ഈ അസംബ്ലിചെയ്തവ അജാത്പൂർ മാർക്കറ്റിൽ ആണ് വിൽക്കുന്നത് അത് വാങ്ങാൻ ചിൽ വൻകിടകമ്പനികൾ എത്തുമായിരുന്നു. പിന്നീട് ഈ സ്വിച്ചുകൾ വെളിച്ചം കാണുന്നത് ബ്രാണ്ട് നെയിമുകളിൽ ആയിരിക്കും..
ഒരുവിധത്തിലാണ് ഞങ്ങൾ അന്ന് ഉച്ചവരെ തള്ളിയത്. പന്ത്രണ്ട് മണി ആയപ്പോൾ ഞങ്ങൾ ഉച്ചഭക്ഷണത്തിന് റൂമിൽ പോയി.
“സുന്ദരാ എങ്ങനുണ്ട് പണി..?”
“നല്ല സുഖമുള്ള പണി, നീ എന്റെ കൈവിരൽ കണ്ടോ”
അവൻ അവന്റെ കൈയ്യ് എന്നെ കാണിച്ചു, വിരലിലെ അറ്റമെല്ലാം ചുവന്നിരുന്നു, അവൻ ആദ്യമായതിനാൽ എങ്ങനെ ചെയ്യണം എന്ന് അറിയില്ലാത്തതിനാലാവാം പ്ലാസ്റ്റിക്ക് ഭാഗങ്ങൾക്കൊപ്പം വിരലും ബഫ് ചെയ്തു, തുടരെ യുള്ള ഈ പ്രവർത്തി അവന്റെ വിരലിന്റെ രേഖകൾ മായ്ച്ചുകളഞ്ഞു, എവിടെ എങ്കിലും ഒന്ന് തട്ടിയാൽ രക്തം കിനിയുന്ന അവസ്ഥയിലായി
“ഓ… എടാ പ്ലാസ്റ്റിക്ക് ബഫ് ചെയ്യുന്നതിന് പകരം നീ കൈവിരൽ ബഫ് ചെയ്തോ ? “
“ദെ നീ ചൊറിയല്ലെ…..”
“ഞാൻ തമാശിച്ചതല്ല നീ കുറച്ച് ശ്രദ്ധിച്ച് ചെയ്യ് ഇല്ലങ്കിൽ നിന്റെ വിരൽ കാണില്ല!“
“സുശീല നിന്റെ പണി എങ്ങനുണ്ട് ?”
“കുഴപ്പമില്ല…”

“എങ്ങനെ കുഴപ്പം കാണും ആ പെണ്ണിന്റെ വായി നോക്കി ഇരിക്കുകയല്ലായിരുന്നോ “..

5 comments:

വെള്ളത്തൂവൽ said...

എങ്ങനെ കുഴപ്പം കാണും :)

അരവിന്ദ് :: aravind said...

കഥ ടച്ചിംഗ് ആയിട്ടുണ്ട് സുഹൃത്തേ.
ഇനി മുടങ്ങാതെ വായിക്കും.

വെള്ളത്തൂവൽ said...

നന്ദി അരവിന്ദ്, പിന്നെ അരവിന്ദിന് അല്പം പ്രായം കൂടുതലാണോ എന്ന് ഒരു സംശയം!!! താങ്കളുടെ പ്രൊഫൈൽ നോക്കുക (അതോ ഒരു തമാശാ ആയിരുന്നോ)

സബിതാബാല said...

അറ്റമെല്ലാം ചുവന്ന വിരലുകളുടെ നൊമ്പരത്തിനപ്പുറം നിറയുന്ന ഒരുപാട് വയറുകള്‍.....

വെള്ളത്തൂവൽ said...

നേരത്തെ ഒരു പോസ്റ്റിൽ അവന്റെ അവസ്ഥയെകുറിച്ച് ഞാൻ പറഞ്ഞിരുന്നു, ശമ്പളത്തിൽ ശേഷിക്കുന്ന ചില്ലറത്തുട്ടുകൾ അവൻ വീട്ടിൽ അയക്കുമായിരുന്നു….
അഭിപ്രായങ്ങൾക്ക് നന്ദി, വീണ്ടും വരുക