-9-
ഉണ്ണിച്ചേട്ടൻ തന്നെ എല്ലാത്തിനും മുൻകൈഎടുത്തു, ആട്ട( ഗോതമ്പ് പൊടി) എടുത്ത് സാമാന്യം വ്യാസമുള്ള ഒരു പരന്ന അലുമിനിയം പാത്രത്തിലേയ്ക്ക് കുടഞ്ഞിട്ടു. പിന്നെ അല്പം ഉപ്പ്, പിന്നെ കുറച്ച് വെള്ളം ഒഴിച്ചു, പിന്നെ നന്നായി കുഴച്ചു, ഒരു വലിയ ബോളിന്റെ വലിപ്പം ഉണ്ടായിരുന്നു മാവ് കുഴച്ചതിന്, പിന്നെ അതിൽ വിരൽകൊണ്ട് അമർത്തി മാർദ്ദവം ഉറപ്പ് വരുത്തി. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് ഓരോരുത്തർക്കും പണി നിർദ്ദേശിച്ചു.
“ സുശീലൻ ചപ്പാത്തി പരത്തുക, അത് തവയിൽ (ദോശക്കല്ല് പോലെ ഒന്ന്) വേവിച്ചെടുക്കുന്ന പണി സുന്ദരന്, പിന്നെ നീ കറിക്കുള്ള പച്ചക്കറി അരിയുക “
“ശരി, ഞങ്ങൾ റെഡി”
ഞങ്ങൾ എല്ലാവരും നല്ല മൂഡിൽ ആയിരുന്നു, ഞങ്ങൾ മൂന്ന് പേരും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പാചകം ചെയ്യുന്നതോ സഹായിക്കുന്നതോ, പിന്നെ കാര്യങ്ങൾ വളരെ വേഗം പുരോഗമിച്ചു. റോട്ടി (ചപ്പാത്തി) ഒന്നിനുമേൽ ഒന്നായി ഉയർന്നുവന്നു, അതിൽ പലതും കേരളത്തിന്റേയും, തമിഴ്നാടിന്റേയും ഒക്കെ മാപ്പ് രൂപത്തിലായിരുന്നു പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും ഞങ്ങൾ പാചകം പൂർത്തിയാക്കി,കഴിക്കാനുള്ള പാത്രങ്ങൾ എല്ലാം കഴുകികൊണ്ട് സുന്ദരൻ വന്നു,
തറയിൽ ഒരു പേയ്പ്പർ വിരിച്ച് ഞങ്ങൾ നാലുപേരും ഇരുന്നു, നടുക്ക് മാഹാമേരുപോലെ റൊട്ടി, എല്ലവരും പരസ്പരം നോക്കി നാല്പേര് തിന്നാൽ ഇത് തീരുമോ എന്ന് ഞാൻ സംശയിച്ചു. ഉണ്ണിച്ചേട്ട് തന്നെ തുടക്കമിട്ടു
“ എങ്കിൽ പിന്നെ തുടങ്ങാം..”
“ശരി ആയിക്കോട്ടെ..”
ഞങ്ങൾ എല്ലാവാരും റൊട്ടി അവനവന്റെ പാത്രത്തിലേയ്ക്ക് എടുത്തു, ഫൂൽ ഗോപി, നാട്ടിൽ മൊട്ടകൂസ്സ് എന്നു പറയുന്ന (കോളിഫ്ലവർ) അതും ആലു (ഉരുള കിഴങ്ങ് എന്ന പൊട്ടറ്റോ) ഇതുരണ്ടും പിന്നെ മസാലയും ചേർന്ന തായിരുന്നു സബ്ജി (കറി) നല്ല ചൂട് കറി, പിന്നെ നടന്ന കലാപരിപാടിയിൽ മഹാമേരു, വെറും മരു ഭൂമി ആയി, ഒരു അമ്പരപ്പോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, ആരെയും ശ്രദ്ധിക്കാതെ തലകുനിച്ചിരിക്കുന്ന സുശീലൻ ആണ് ഈ വിജത്തിന്റെ മുഖ്യശില്പി എന്നത്. ഈ…ശ്വരാ. ഇവനെ കണ്ടാൽ പറയില്ലല്ലോ ഇവൻ ഒരു ഖിലാഡി ആണെന്ന്, പണിഉടനെ കിട്ടിയില്ലങ്കിൽ ഇവൻ ഞങ്ങളെ തിന്നും!
“ സംഗതി കൊള്ളാം….”
അവസാനത്തെ റൊട്ടികഷണവും ചവച്ചിറക്കിക്കൊണ്ട് സുശീലൻ പറഞ്ഞു… ചെറിയ ഞെട്ടലോടെയാണ് ഉണ്ണിച്ചേട്ടൻ അത് കേട്ടത്, മുഖത്തെ ചിരിയിൽ നിന്നും അത് വ്യക്തമായിരുന്നു
‘സുശീലന് നല്ല വിശപ്പുണ്ടായിരുന്നു അല്ലെ “
“ഉം..”
പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ചു,പിന്നെ ഞങ്ങൾ എല്ലാവരും റൂമിൽ വന്നു, ഉണ്ണിച്ചേട്ടന് ഒരു കട്ടിൽ ഉണ്ടായിരുന്നു, ഫോൾഡിംഗ് ടൈപ്പ് അതിലെ പ്ലാസ്റ്റിക്ക് ഇഴകൾ മിക്കവാറും എല്ലാം പൊട്ടിയതായിരുന്നു, റജായി എടുത്ത് വിരിച്ച് അതിന്റെ മുകളിൽ ഉണ്ണിച്ചേട്ടൻ കിടന്നു. ഞങ്ങൾ താഴെ പുതപ്പ് വിരിച്ച് അതിന്റെ മുകളിൽ കിടന്നു. നാട്ടുവർത്തമാനം പറഞ്ഞ് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു.
നേരം നന്നേ പുലർന്ന ശേഷമായിരുന്നു ഞങ്ങൾ എണീറ്റത്. അപ്പോഴേയ്ക്കും ഞങ്ങൾടെ അപ്പാർട്ട്മെന്റ് സമുച്ഛയം ഏതാണ്ട് വിജനമായി എന്ന് പറയാം. ഉണ്ണിച്ചേട്ടൻ രാവിലെ തന്നെ എണീറ്റ് കുളികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങി
“ നിങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കഴിക്ക് ജോലിക്കാര്യത്തിനായി ഞാൻ പുറത്ത് വരെ പോകുകയാണ് ചിലപ്പോൾ വൈകിട്ടെ എത്തു “
“ ശരി..”
സുന്ദരൻ പല്ലുതേച്ച്, കുളി ഒക്കെ പാസാക്കി പുറത്തുവന്നു,
“എടെ, ചേട്ടൻ പണിക്ക് പോയതാണോ, പണി അന്വേഷിച്ച് പോയതാണോ “
“ നീ സമാധാനപ്പെട്., പുള്ളി എന്തെങ്കിലും തരികട കാണിക്കാതിരിക്കില്ല, റോട്ടി കഴിക്കണ്ടേ……മോനെ…”
ഒരീണത്തിൽ പറഞ്ഞുകൊണ്ട് അവൻ അകത്തേയ്ക്ക് പോയി, ബ്രഷും പേസ്റ്റും എടുത്തുകൊണ്ട് ഞാൻ ബാത്ത് റൂമിലേയ്ക്ക് കയറി, തറ നല്ല വൃത്തിയാട്ടാണ് കിടക്കുന്നത് പക്ഷെ വശങ്ങളിലെ ഭിത്തിയിൽ സോപ്പും ചെളിവെള്ളവും വീണ് ആകെ മനം മടുപ്പിക്കുന്ന വിധത്തിലും, ഒരു വിധത്തിൽ അവിടെ നിന്നും കുളിച്ച് ഇറങ്ങി, റൂമിൽ എത്തിയപ്പോൾ സുശീലൻ തന്റെ ഊഴത്തിനായി കാത്തിരിക്കുന്നു, ഞാൻ ചെന്നപ്പോൾ അവൻ പുറത്തേയ്ക്ക് ഇറങ്ങി
“സുന്ദരാ എങ്ങനാടാ അതിൽ നിന്നത്..? “
“ഉം എന്തുപറ്റി…”
“അതിന്റെ സൈഡ് ഭിത്തിയിൽ ഒക്കെ ആകെ അഴുക്ക്..”
“അതിന് നീ എന്തിനാ ഭിത്തിയിൽ പിടിക്കാൻ പോയത് നാളെ അശോക ഹോട്ടലിൽ നമുക്ക് മുറി പറഞ്ഞിട്ടുണ്ട് “
“എന്നാൽ പിന്നെ നാളെ അവിടെ ആകട്ടെ കുളി, ആളെ കോമാ ആക്കല്ലെ….. സുന്ദരാ…”
“ പിന്നെല്ലാതെ അവന്റെ ഒരു വൃത്തി….! “
“നീക്ഷമിക്കടെ! ഞാൻ പറഞ്ഞത് പിൻവലിച്ചിരിക്കുന്നു “
“എന്നാൽ നിനക്ക് കൊള്ളാം “
“ ഉവ്വ് സമ്മതിച്ചു, നീ വാ രാവിലെ എന്തെങ്കിലും ഞണ്ണണ്ടെ ? “
“എനിക്ക് ബ്രഡ് ഓംലെറ്റ് മതി “
“വേറെ എന്തെങ്കിലും ? ഹോട്ടായിട്ട്..?”
“ഒരു ചൂട് കാപ്പികൂടെ ആവാം, ഒരുബക്കറ്റ് തണുത്തവെള്ളം ദേഹത്ത് വീണിട്ട്, മൊത്തം കോച്ചി പിടിക്കുന്നു..”
“നിന്റെ ഈ കോഴി മസിൽ ആരെയും കാണിക്കെണ്ടാ, എല്ലിൽ കുരുങ്ങി കിടക്കുന്ന ആ കാഴ്ച്ച, ഹരീ ശ്രീ അശോകൻ കണ്ടാൽ കോപ്പി റൈറ്റിന് കേസ്സ് കൊടുക്കും, എന്റെ പൊന്നു കൂട്ടുകാര നീ ആ ബെനിയൻ എടുത്തിട് തണുപ്പടിച്ച് വടി ആയാൽ ബോഡി നാട്ടിലെത്തികാനുള്ള കാശ്പോലുമില്ല എന്റെ കയ്യിൽ”
“നീ നാക്ക് വളയ്ക്കാതെ അറമ്പറ്റും “
“ശരി നീവാ എനിക്ക് നന്നായി വിശക്കുന്നുണ്ട്”
ഞങ്ങൾ അടുക്കളയിൽ കയറി, മൂന്ന് കോഴിമുട്ടയും, സവാള, പച്ചമുളക് തുടങ്ങിയ അനുബന്ധ സാമഗ്രികളും എടുത്ത്, മുറിയിൽ വന്നു, കഴുകി എടുത്ത മുളകും സവാളയും വേഗം അരിഞ്ഞ് റെഡിയാക്കി പിന്നെ സുന്ദരൻ തവ അടുപ്പത്ത് വച്ചു. അലമാരിയിൽ നിന്നും ബ്രഡ് എടുത്ത് അതും ചൂടക്കി എല്ലാം പത്ത് മിനിട്ട് കൊണ്ട് റെഡിയാക്കി, അപ്പോഴെയ്ക്കും സുശീലൻ കുളികഴിഞ്ഞെത്തി
“സാറ് എത്തിയല്ലോ….”
“എന്താടാ അളിയന്മാരെ ഉണ്ടാക്കിയത്…. ആഹ ബ്രഡോ… എന്റെ ഫേവറേറ്റ്..”
“മോനെ സുശീല ഇവിടെ തീറ്റ മത്സരം ഒന്നുമില്ല വിശപ്പിനുള്ളത് കഴിക്കാവു “
“അത് ഒന്നാക്കിയതാണല്ലോ..”
“അല്ല മുന്നറിയിപ്പാ…. പണി ശരിയായി കഴിഞ്ഞ് കഴിക്കാൻ വേണ്ടി ജീവിച്ചോ
അതുവരെ ജീവിക്കാൻ വേണ്ടി കഴിക്കുക..”
“ശരി……”
“ഞങ്ങൾ മൂന്നുപേരും പ്രഭാതഭക്ഷണത്തിനായ് ഇരുന്നു………..
3 comments:
“ഞങ്ങൾ മൂന്നുപേരും പ്രഭാതഭക്ഷണത്തിനായ് ഇരുന്നു………..
അടുത്തത് വരട്ടെ... :)
തീർച്ചയായും…, താത്പര്യത്തിനും, പ്രോത്സാഹനത്തിനും നന്ദി
Post a Comment