Tuesday, May 12, 2009

മരിക്കാത്ത ഓർമ്മകൾ-6-

-6-

“ മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലോ നീ ഒക്കെ“
സുശീലൻ ശരിക്കും ഭയന്നു ഞങ്ങൾക്ക് കയറിപ്പറ്റാൻ കഴിയുമോ എന്ന് അവൻ സംശയിച്ചിരുന്നു, ഒരുഘട്ടത്തിൽ ഞാനും ഭയന്നു, ഏതെങ്കിലും ഒരുവൻ ഞങ്ങൾക്കിടയിൽ പെട്ടിരുന്നെങ്കിൽ കഥ മാറിപോയേനെ. സുന്ദരനും കിതയ്ക്കുന്നുണ്ടായിരുന്നു.
“എടാ സുശീല ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാ, ജീവിതത്തിൽ ഇങ്ങനെ ഓടി എത്താൻ കഴിഞ്ഞില്ലങ്കിൽ ലക്ഷ്യങ്ങളും കേരള എക്സ്പ്രസ്സ് പോലെ അകന്നു പോകും ഏത്…’
ഞാനവനെ കളിയാക്കിപറഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു വളിച്ച ചിരി… ഉവ്വ് ഇപ്പം കാണാമായിരുന്നു എന്ന ദ്വനിയിൽ.
“ ഏതായാലും ഇത്രയും കഷ്ടപ്പെട്ട പൂരിയും കറിയും, തണുക്കുന്നതിന് മുൻ പ്തന്നെ കഴിക്കാം “
എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു, വിശപ്പ് അതിന് പ്രേരിപ്പിച്ചു എന്നതാവും കുറച്ചുകൂടെ ശരി. ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി കൈകഴുകി സീറ്റിലേയ്ക്ക് വന്നു. വെള്ളം നന്നായി താണുത്തിരിക്കുന്നു, ഇന്ന് രാത്രി നല്ല തണുപ്പായിരിക്കുമെന്ന് ഉറപ്പായി, ഞാൻ എന്റെ ബാഗിൽ പരതി, അനിയൻ മധ്യപ്രദേശിൽ ആയിരുന്നപ്പോൾ വാങ്ങിയ ഒരു സ്വറ്റർ അമ്മ ബാഗിൽ വച്ചിരുന്നു. ബേച്ച്കളറിനെക്ക്ാൾ അല്പം കൂടെ ഇരുണ്ട നിറം, ഞാൻ അത് എടുത്ത് നിവർത്തി, ഒന്നുരണ്ട് സ്ഥലത്ത് എലികരണ്ടിയപോലെ കീറിയിരുന്നു, അത് ഷർട്ടിന്റെ മുകളിലൂടെ ഇട്ടു., പിന്നെയും എന്റെ കണ്ണുകൾ ആ കീറിയ ഭാഗത്തിൽ ഉടക്കി, അഭിമാനം സമ്മതിക്കാത്തതിനാൽ ഞാൻ അത് ഊരി വച്ചു, ഇതെല്ലാം നോക്കികൊണ്ടിരുന്ന മലയാളി ചേട്ടൻ പറഞ്ഞു
“ സാരമില്ല, അല്പം കഴിഞ്ഞാൽ നല്ല തണുപ്പായിരിക്കും കീറിയതൊന്നും കണക്കാക്കേണ്ട“
“അതല്ല പാകമാകുമോ എന്ന് നോക്കിയതാ, അനിയൻ പണ്ട് വാങ്ങിയതാ, മധ്യപ്രദേശിൽ വച്ച്…”
“ഉവ്വോ, അനിയൻ മധ്യപ്രദേശിൽ ഉണ്ടോ ?”
“ഉണ്ടായിരുന്നു….. ഇപ്പോൾ നാട്ടിൽ ഉണ്ട് അവന് അവിടുത്തെ കാലാവസ്ഥ പടിക്കുന്നില്ല “
“അതേയോ..”
ഞാൻ വീണ്ടും സ്വറ്റർ ബാഗിൽ നിന്നും എടുത്തു. ഷർട്ടിന്റെ മുകളിൽ അതുംകൂടെ ഇട്ടു. ജന്നലിന്റെ വിടവിലൂടെ തണുത്ത കാറ്റ് ശക്തിയായി അടിച്ചുകയറി, ഓരോ നിമിഷവും തണുപ്പ് ഏറിവരുന്നു. സുന്ദരൻ ബാഗിൽ നിന്നും കട്ടിയുള്ള പുതപ്പ് എടുത്തു, സുശീലനും എന്തോ കട്ടിയുള്ള തുണി എടുത്തു.
“സുന്ദര ഇന്ന് നീ ഇരിക്ക്, ഇന്നലത്തെ ഉറക്കക്ഷീണം, എനിക്ക് നന്നായി ഉറക്കം വരുന്നു.“
“ശരി ഞാൻ തന്നെ ഇരിക്കാം, “
ഞാൻ സീറ്റിലേയ്ക്ക് ചാരി ഇരുന്നു ഉറങ്ങാൻ ശ്രമിച്ചു, വണ്ടിയുടെ കുലുക്കം ഒരു സുഖകരമായി തോന്നി, അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന പോലെ….., സാവധാനം ഞാൻ ഉറക്കത്തിലേയ്ക്ക് കുപ്പുകുത്തി. അടുത്ത ദിവസം വെളുപ്പിന് തന്നെ സുന്ദരൻ വിളിച്ചുണർത്തി. അന്നും പ്രാധമിക കർമ്മങ്ങൾ ഞങ്ങൾതന്നെ ആദ്യം ചയ്തു. പിന്നെ അടുത്ത സ്റ്റേഷൻ വരുന്നതും നോക്കി ( ശരിക്കും പറഞ്ഞാൽ വരുന്നതല്ലല്ലോ, ചെല്ലുന്നതല്ലെ പക്ഷേ യാത്രക്കാർ അങ്ങനെയെ വിവക്ഷിക്കു) ഞങ്ങൾ ഇരുന്നു. ഇപ്പോൾ വണ്ടി വടക്കെ ഇന്ത്യയിലൂടെ ആണ് ഓടുന്നത്, ഗ്വാളിയറിൽ എത്തിയപ്പോൾ ഒരു പയ്യൻ ചായയുമായി കയറി, ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു, പുറത്ത് മൂടൽ മഞ്ഞ് നല്ലരീതിയിൽ ഉണ്ടായിരുന്നു. പത്ത് മീറ്റർ ദൂരെ ഉള്ളവ പോലും കാണുക സാധ്യമല്ലാത്ത അവസ്ഥ., പിന്നീട് വണ്ടി വേഗം കുറച്ചാണ് പോയത്.
പിന്നങ്ങോട്ട് ഓരോ സ്റ്റേഷനും വൃത്തികേടിന്റെ പര്യായ പദങ്ങൾ ആയിരുന്നു എന്നതാണ് ശരി. അവിടുന്ന് അങ്ങോട്ട് ആകാംഷ ആയിരുന്നു. എത്രയും പെട്ടന്ന് ഡെൽഹി എത്തിയാൽ മതി എന്നായിരുന്നു ആഗ്രഹം, പക്ഷെ വണ്ടി ഇഴഞ്ഞാണ് നീങ്ങിയത്. ചിലസമയങ്ങളിൽ വണ്ടി നിറുത്തിയിട്ടു, സിഗ്നൽ കിട്ടുന്നില്ലത്രെ! ഏതായാലും ഞങ്ങളുടെ വണ്ടി നാല് മണിക്കൂറിൽ ഏറേ വൈകിയാണ് ന്യൂഡെൽഹി റെയിവെ സ്റ്റേഷനിൽലെത്തിയത്. തിക്കും തിരക്കും ഒഴിഞ്ഞ ശേഷമാണ് ഞങ്ങൾ ബോഗിയിൽ നിന്നും പുറത്ത് വന്നത്. കൈകളിലുള്ള ബാഗുമായി ഞങ്ങൾ ചേട്ടന്റെ ബോഗി ലക്ഷ്യമാക്കി നടന്നു.
ചേട്ടൻ പ്ലാറ്റ്ഫോമിൽ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ അടുത്ത് ചെന്നപ്പോൾ പതിവ് ചിരി പാസ്സക്കി ചേട്ടൻ പറഞ്ഞു
“ഇത് മുരളി….നാരായണൻകുട്ടിയുടെ അളിയനാണ്..”
ഞാൻ അല്പം ശങ്കിച്ചു നിന്നു, പുതിയ അയിറ്റം സൂക്ഷിക്കണം, തലയോട്ടിയും കൈഎല്ലുകളും, ചുവന്ന പശ്ചാത്തലത്തിൽ!!
“ നമ്മുടെ സാറിന്റെ ജേഷ്ടന്റെ മകൻ….”
“ഉവ്വോ.. നമസ്കാരം ”
“നമസ്കാരങ്ങൾ”
മുരളിയും തിരിച്ച് വിഷ് ചെയ്തു, അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു, ചേട്ടൻ മുരളിയോട് കുശലം പറഞ്ഞ് മുന്നെ നടന്നു, ഞങ്ങൾ പിൻപേയും. റെയിൽവേ മേൽപ്പാലത്തിലൂടെ ഞങ്ങൾ പിൻവശത്തെ ഗേറ്റിൽ എത്തി, അവിടെ നിന്നും അല്പം ദൂരെ ആയിരുന്നു ബസ്സ് പാർക്ക് ചെയ്തിരുന്നത്. ആനവണ്ടിയിൽ മാത്രം (വളരെ അപൂർവ്വമായെ പ്രൈവറ്റ് ബസ്സിൽ കയറാറുള്ളു, കാരണം അതിൽ കയറണമെങ്കിൽ ആലപ്പുഴ ടൌണിൽ എത്തണം അല്ലങ്കിൽ ചങ്ങനാശേരി ടൌണിൽ എത്തണം) യാത്ര ചെയ്തിട്ടുള്ള നാട്ടിൻപുറത്തുകാരന്, ഡെൽഹിയിൽ, ഡെൽഹിയിലെ ബ്ലൂ ലൈൻ, ഗ്രീൻലൈൻ,ഡി.റ്റി.ഡി.സി വണ്ടികൾ ഒക്കെ കണ്ടപ്പോൾ അത്ഭുതം തോന്നി (ഒരു ഭംഗി ഇല്ലാത്ത വണ്ടികൾ). തിരക്ക് കുറഞ്ഞ ഒരു വണ്ടിയിൽ ഞങ്ങൾ കയറി. അത് മുദ്രിക എന്നറിയപ്പെടുന്ന റൂട്ട് (റിംഗ് സർവ്വീസ്സ് ) ബസ്സട്ട, കിംഗ്സ് വേ ക്യാമ്പ്, മോഡൽ ടൌൺ, അസ്സാദ്പൂർ, വസീർപൂർ, പഞ്ചാബിബാഗ്, മായാപുരി നാരായണ. ദൌളകുവാം.എന്നീ സ്ഥലങ്ങളെല്ലാം ചുറ്റി പോകുന്ന വണ്ടി ആയിരുന്നു അത് , ഞാൻ മനസ്സിൽ പറഞ്ഞു എന്തൊക്കെ പേരാ ഓരോ സ്ഥലങ്ങൾക്ക്, ങാ ഇനി ഇതൊക്കെ പഠിക്കണം ഇതാണല്ലോ ഇനി എന്റെ നാട്…, ശിവനെ തുണ.
ക്ലീനർ (കിളിപ്പയ്യൻ) ഉച്ചത്തിൽ ഏതൊക്കയോ സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞ് ആളെ വിളിച്ച് കയറ്റുന്നു, ഞങ്ങൾ എല്ലാവരും വണ്ടിയുടെ ബായ്ക്കിലെ സീറ്റിൽ ആയിരുന്നു. സാധനങ്ങൾ വയ്ക്കാൻ അതായിരുന്നു സൌകര്യം. എകദേശം അരമണിക്കൂർ എടുത്തു അവിടെ നിന്നും വണ്ടി നീങ്ങാൻ, പിന്നെ ഞാൻ ആകാം ഷയോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, വണ്ടി വേഗത്തിൽ നീങ്ങിത്തുടങ്ങി, ഇടയ്ക്ക് ചിലയിടങ്ങളിൽ ട്രാഫിക്ക് ജാം മൂലം വാഹനങ്ങളൂടെ നീണ്ട നിര തന്നെ കാണാമായിരുന്നു…………
എന്റെ (ഞങ്ങളുടെ) വിധി തേടിയുള്ളയാത്ര..,പ്രവാസത്തിൽ നിന്നും പ്രവാസത്തിലേയ്ക്കുള്ള തുടർ യാത്ര ആയിരുന്നു അത്…….

1 comment:

ഞാന്‍ ചാണ്ടി said...

kollam vayichu thudangiyappol nalla ozhukku... vayichu kondirikkunnu.
abhivadhanangal.