Sunday, May 24, 2009

മരിക്കാത്ത ഓർമ്മകൾ-8

-8-
ഉണ്ണിച്ചേട്ടൻ, അശോകന് നമസ്തേ പറഞ്ഞു, പിന്നെ കാര്യത്തിലേയ്ക്ക് കടന്നു, (ഹിന്ദി ഒഴിവാക്കുന്നു, അതായിരിക്കും എളുപ്പം എന്ന് തോന്നുന്നു)
“ഇന്നലെ സുന്ദരിമാ, ഒരൂ റൂം കിച്ചൺ ഉണ്ടെന്നു പറഞ്ഞു ഞാൻ അഡ്രസ്സ് പറഞ്ഞുതരാം ഒന്നു തിരക്കി നോക്കു, ചിലപ്പോൾ കിട്ടും “
“ശരി..”
ഞങ്ങൾ അഡ്രസ്സ് വാങ്ങി അവിടുന്ന്, സുന്ദരി മായുടെ വീട് ലക്ഷ്യമാക്കി നടന്നു. കുറച്ച് ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഗാവിന്റെ (ഗ്രാമത്തിന്റെ) പ്രതീതി, ചില രാജേഷ ഖന്ന സിനിമയുടെ ഒരു ടച്ച്. ചാണകവും, (പശുവിന്റെ വിസർജ്ജം) ഗോതമ്പിന്റെ വേസ്റ്റും ചേർത്ത് വൃത്താകൃതിയിൽ പരത്തി ഉണക്കി എടുത്ത ഒരു സംഭവം ഞങ്ങളുടെ നാട്ടിൽ ഇതിന് ചാണകപരള എന്ന് പറയും ശവദാഹത്തിനും മറ്റും ഉപയോഗിക്കും, ഇവിടെ വിറകിന് പകരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഈ സംഭവം വൃത്താകൃതിയിൽ അടുക്കി കൂന പോലെ വച്ചരിക്കുന്നു, അങ്ങനെ അവിടെ നിറയെ ഇത്തരം കൂനകൾ കാണപ്പെട്ടു, ഇനി എവിടെ ആയിരിക്കും സുന്ദരി മായുടെ വീട് ? വീടിന് പുറത്ത് കണ്ട ഒരു വൃദ്ധനോട് സുന്ദരി മായെ കുറിച്ച് തിരക്കി,
അയാൾ അപ്പുറത്തുള്ള ഒരു വീട് ചൂണ്ടികാട്ടി, കാലപ്പഴക്കം ചെന്ന വീടായിരുന്നു അത്. ഞങ്ങൾ ആ വീട്ടിൽ ചെന്നു അവിടെ പുറത്ത് ഇട്ടിരുന്ന ചാറപ്പായിൽ (ചണം പാകിയ കട്ടിലിന് തുല്ല്യമായ ഉപകരണം) ഒരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു, അതായിരുന്നു സുന്ദരിമാ…. തലയിൽ കൂടെസാരിതലപ്പിട്ട് അവർ മുഖം മറച്ചിരുന്നു. ഞങ്ങളെ കണ്ട് അവർ അതിൽ നിന്നും എണീറ്റു,
“ ആന്റിജി, ഞങ്ങൾക്ക് ഒരു റൂം വാടകയ്ക്ക് വേണമായിരുന്നു, കടയിലെ അശോകനാണ് ആന്റിയോട് ചോദിക്കാൻ പറഞ്ഞത് “
“ശരി,….റൂം ഉണ്ട് പക്ഷേ വാടക ഞാൻ കുറയ്ക്കില്ല “
“ശരി, ആദ്യം റൂം കാണട്ടെ…”
ആന്റി ഞങ്ങളുടെ കൂടെ വന്നു, അവിടെ നിന്നും കുറച്ച് ദൂരെ ആയിരുന്നു ആന്റിയുടെ വാടക വീട്, രണ്ട് ഗള്ളി പിന്നിട്ട് ഒരു കോർണറിൽ ആയിരുന്നു ആന്റിയുടെ ഫ്ലാറ്റ് സമുച്ഛയം. (രണ്ട് നിലയെ ഉള്ളു അല്പം അശ്ചര്യത്തിനായി പ്രയോഗിച്ചെന്നു മാത്രം)
ഞങ്ങൾ അഞ്ചുപേരും ആന്റിയും അവിടേയ്ക്ക് കടന്നു, ഒരു പടിപ്പുര, അത് നാട്ടിലെ പോലെ തന്നെ തടികൊണ്ട് ഉണ്ടാക്കിയതാണ്. അതിന്റെ വിജാഗിരിഒക്കെ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചിരുന്നു, കിരുകിര ശബ്ദത്തോടെ തുറന്നു (പണ്ടത്തെ കൈരളിവിലാസം ലോഡ്ജ് എന്ന സീരിയൽ ഓർമ്മ വന്നു) ഞങ്ങളെ കണ്ടിട്ടാവാം കിളിവാതിലുകളിൽ നിന്നും പല തലകളും പുറത്തേയ്ക്ക് നീണ്ടു, അക്കൂട്ടത്തിൽ ചില തരുണീ തലകളും കണ്ടു, ഈ…ശ്വരാ എല്ലാം കാണാൻ ആളുകൾ ഉണ്ടല്ലോ! എന്നൊരാശ്വാസമായിരുന്നു എല്ലാ മുഖങ്ങളിലും (ഞങ്ങളുടെ)
വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയാൽ അല്പം തുറസായ സ്ഥലം അത്, കടപ്പ കല്ല് പാകിയിരുന്നു. പിന്നെ നാട്ടിലെ തിണ്ണ പോലെ ഒരു വഴി അതിലേയ്ക്കാണ് എല്ലാ മുറുകളുടേയും വാതിൽ തുറക്കുന്നത്.ഗ്രൌണ്ട് ഫ്ലോറിൽ നാല് മുറികൾ ഒന്ന് ഞങ്ങൾക്ക് പറഞ്ഞ മുറി, മറ്റൊന്നിൽ ഒരു തടിയൻ സർദാർ താമസിക്കുന്നു, അതിനപ്പുറത്ത്, ബീഹാറികൾ (ബീഹാർ സ്വദേശികൾ) താമസിക്കുന്നു, നാലാമത്തെ മുറി ഞങ്ങളുടെ മുറിയുടെ ഓപ്പസിറ്റാണ് അതിന്റെ വാതിൽ ഗള്ളിയിലേയ്ക്കാണ് തുറക്കുന്നത്, ഈ നാലമത്തെ മുറിയോട് ചേർന്നാണ് കക്കൂസ്സ്, കുളിമുറി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഈ ഫ്ലോറിൽ താമസ്സിക്കുന്ന എല്ലവർക്കും ഉപയോഗിക്കണം അതായത് കോമൺബാത്ത്റൂം,
ആന്റി പൂട്ട് തുറന്ന് മുറി കാട്ടിത്തന്നു, തരക്കേടില്ലാത്ത മുറി, ചുവരിൽ അലമാര, (കടപ്പ കല്ല്കൊണ്ട് തട്ടുണ്ടാക്കിയ ഇൻ ബിൽറ്റ് സംഭവം).പിന്നെ അതിനോട് ചേർന്ന് അടുക്കള (രസോയി) മൂന്നടി നീളം രണ്ടടി വീതി ഒരാൾക്ക് നിൽക്കാം പിന്നെ ചെറിയ ഒരു സ്ലാബ്, പാതകം (വർക്ക് ടോപ്പ്). ഇത്രയുമായിരുന്നു ആ ലക്ഷ്വറി അപ്പാർട്ട് മെന്റ്, ആന്റി അഭിമാനത്തോടെ തല ഉയർത്തി നിന്നു, എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ!!
“ങാ.. ഇനി വാടക..”
ഞങ്ങൾ ശബ്ദം കേട്ട് നോക്കി, ആന്റി ഞങ്ങളെ നോക്കി കച്ചവടത്തെകുറിച്ച് പറയുന്നു,
“വാടക തൊള്ളായിരം രൂപ, ഇതിൽ ഒരു രൂപ പോലും സുന്ദരി മാ കുറയ്ക്കില്ല”
“ആന്റി ഈ തൊള്ളായിരം അല്പം കൂടുതൽ അല്ലെ “
ഉണ്ണിച്ചേട്ടൻ ആന്റിയെ മയപ്പെടുത്താൻ ശ്രമം ആരംഭ്ച്ചു
“ശരി എങ്കിൽ മക്കള് ചെല്ല്….”
ദൈവമേ, ഇത് പണിയാകുന്ന ലക്ഷണമാണല്ലോ, നേരം ഉച്ചയാകുന്നു, നേരം ഇരുട്ടുന്ന പോലെ നാരായണൻ കുട്ടിയുടെ മുഖവും ഇരുളും, മര്യാദ പാലിച്ചില്ലങ്കിൽ, ഞാൻ ഉണ്ണിച്ചേട്ടനോട് പറഞ്ഞു ഇതുതന്നെ എടുക്കാം ബാക്കി വരുന്നിടത്തുവച്ച് കാണാം, അങ്ങനെ അത് ഞങ്ങളുടെ “വീട്“ ആയി
അന്നുതന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറി, അശോകന്റെ കടയിൽ നിന്ന് സാധനങ്ങൾ “പറ്റായി” വാങ്ങാൻ തുടങ്ങി. ഉണ്ണിച്ചേട്ടൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് വന്നു, പഴയ ഒരു മണ്ണെണ്ണ സ്റ്റൌ, പിന്നെ പാചകം ചെയ്യാനുള്ള ഒന്നുരണ്ട് അലുമിനിയം പാത്രം പിന്നെ അങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു പോരാത്തത് ഞങ്ങൾ പുറത്തു നിന്നും വാങ്ങി. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വയം പാചകം ചെയ്ത് കഴിക്കാൻ പോകുന്നു!!!

3 comments:

Anonymous said...

:(

ദീപക് രാജ്|Deepak Raj said...

:)

വെള്ളത്തൂവൽ said...

ഈ പുഞ്ചിരിക്ക് നന്ദി......2009 ലെ കഥ പറയുമ്പോൾ, ദീപക് രാജും ഒരു പക്ഷെ ഒരു കഥാപാത്രമായേക്കാം, ഫാഹീലിലെ ബി.ഇ.സി ലെയ്നിലൂടെ നടന്ന് പാരീസ് ഹോട്ടലിന്റെ ബേസ്മെന്റിൽ, ചില്ലിചിക്കനുവേണ്ടി കാത്തിരിക്കുമ്പോൾ, യാദൃശ്ചികമായ് അയാളെ കണ്ടു, മുടി നീട്ടിവളർത്തിയ തടിച്ച പൊക്കം കുറഞ്ഞ ചെറുപ്പക്കാരൻ, കൂട്ടുകാരുമായ് വെടിപൊട്ടിച്ച് എല്ലിൻ കഷ്ണത്തിൽ ശേഷിച്ച അവസാന മാംസഭാഗവും കടിച്ചെടുക്കുന്ന ധീഷ്ണശാലി, വക്ക് പൊട്ടിയ ചായകപ്പിലെ അവസാന തുള്ളിയും അകത്താക്കി കൌണ്ടറിലേയ്ക്ക് നടക്കുന്ന ദീപക് രാജ്....... (ഇങ്ങനെ ആവാം ആ കണ്ടുമുട്ടൽ..:))