Thursday, May 21, 2009

മരിക്കാത്ത ഓർമ്മകൾ - 7

-7-
ഏകദേശം രണ്ട് മണികൂർ കൊണ്ട് ഞങ്ങൾ വസീർപൂരിൽ എത്തി. ഇതാണോ ഡെൽഹി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു! കാരണം ചങ്ങനാശ്ശേരി ടൌൺ ഇതിലും ഭംഗിഉള്ളതും വലുതുമായാണ് എനിക്ക് തോന്നിയത്. വസീർപൂർ (ഇന്നത്തെ അല്ലെ കേട്ടോ പതിനേഴ് വർഷം മുൻപുള്ള ഡെൽഹിയാണെ ഇത്, പിന്നെ ഞാൻ കണ്ട ഡെൽഹിയുടെ വളർച്ച വരും ഭാഗങ്ങളിൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം) ഒരു ബസ്സ് സ്റ്റോപ്പ് മാത്രമായിരുന്നു അന്ന്. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് എതിർവശത്തുള്ള നാരായണൻകുട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നു, ലോറൻസ് റോഡ് എന്നാണ് എന്റെ ഓർമ്മ അന്ന് അവിടെ ഫ്ലൈഓവർ ഒന്നുമില്ലായിരുന്നു, ബസ്റ്റാന്റും. ഇന്ന് നേതാജി സുഭാഷ് പ്ലേസ്സ് ബസ് ഡിപ്പോയും മറ്റുമൊക്കെ വന്നു, ഇന്നത്തെ വസീർപൂർ അന്നത്തേതിൽനിന്നും ഒക്കെ ഒത്തിരി മാറിയിരിക്കുന്നു, ഞാനും.
റോഡിൽ നിന്നും അവിടേയ്ക്ക് തറഓട് പാകിയ പാതയായിരുന്നു, വളരെ തിരക്കുള്ള വഴി , രണ്ട് വശത്തും മരങ്ങൾവച്ച്പിടിപ്പിച്ചിരുന്നു. മെയിൻ ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തേയ്ക്ക് നടന്നു, നാരയണൻകുട്ടി താമസിച്ചിരുന്നത് അല്പം വലിയ ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഞങ്ങൾ സാധനങ്ങൾ അടങ്ങിയ ബാഗ് ഹാളിൽ കൊണ്ടു വച്ചു., പുറത്ത് നല്ല തണുപ്പ്, അപരിചിതമായ സ്ഥലം ഉണ്ണിച്ചേട്ടൻ ഒഴികെ മറ്റാരെയും ഞങ്ങൾക്ക് നേരിട്ട് അറിവുമില്ല, ഭയം തോന്നിയില്ലങ്കിലും, ഒരു ബുദ്ധിമുട്ട് തോന്നി…
നാരായണൻകുട്ടി നിറഞ്ഞ സന്തോഷത്തോടെ ആണ് നാട്ടുകാരെ (ഞങ്ങളെ) എതിരേറ്റത്, അദ്ദേഹത്തിന്റെ ശ്രീമതിയും, ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ ഞങ്ങൾക്ക് കാപ്പി ഇട്ടുതന്നു, തണുപ്പിന് നല്ല ഔഷധമാണല്ലോ കാപ്പി, പിന്നെ അല്പനേരം കുശലം ചോദിച്ചും, നാട്ട് വർത്തമാനം പറഞ്ഞും നേരം കൊഴിഞ്ഞു, എല്ലാവരും ഊണ് കഴിച്ചു, അറ്റുത്ത അയിറ്റം നന്നായി ഉറങ്ങുക എന്നതാണല്ലോ അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല, ഉറങ്ങണം എന്ന് എങ്ങനെ വീട്ടുകാരോട് പറയും എന്ന ബുദ്ധിമുട്ടിലായിരുന്നു ഞങ്ങൾ
നാരായാണൻകുട്ടിതന്നെ അതിന് പരിഹാരം കണ്ടു,
“ എല്ലാവരും ഉള്ള സൌകര്യത്തിൽ, അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങാം “
അദ്ദേഹം അകത്തുനിന്നും ഒരു കാർപ്പെറ്റ് സംഘടിപ്പിച്ചു, അതിന്റെ മുകളിൽ ഞങ്ങൾ പുതപ്പുകൾ വിരിച്ചു, അപ്പോഴേയ്ക്കും നാരായനകുട്ടി ഒരു റൂം ഹീറ്ററുമായി വന്നു.
“ഇത് ഇവിടിരിക്കട്ടെ, ശ്രദ്ധിച്ചു വേണം, കാരണം ഇതിൽ പ്രൊട്ടക്ഷൻ കെയ്സ് ഒന്നുമില്ലാത്തതാണ്, കുറച്ചു കാലമായി ഇവൻ സേവനം തുടങ്ങിയിട്ട്’
പാതി കാര്യമായും, കളിയായും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആ ഹീറ്റർ റൂമിന്റെ ഒരു മൂലയ്ക്ക് വച്ചു, അല്ലങ്കിൽ ചിലപ്പോൾ ഉറക്കത്തിൽ ചരമ കോളത്തിൽ കയറിയാലോ ? ശുഭരാത്രി നേർന്നുകൊണ്ട് അദ്ദേഹം അകത്തേയ്ക്ക് പോയി കൂടെ ശ്രീമതിയും. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞുകൂടി. രാവിലെ ഞങ്ങൾ എല്ലാവരും കൂടെ പുറത്തേയ്ക്കിറങ്ങി, ഒപ്പം മുരളിയും ഉണ്ടായിരുന്നു.
“ഉണ്ണി ആദ്യം നമുക്ക് അസാദ്പൂരിൽ ഇറങ്ങാം അവിടെ ഒരു റൂം ഉണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു “
“ ശരി അവിടുന്നുതന്നെ ആകട്ടെ തുടക്കം “
പഴയ മുദ്രിക വണ്ടിക്ക് തന്നെ ഞങ്ങൾ അസാദ്പൂരിലേയ്ക്ക് യാത്ര തിരിച്ചു. ഇനീ സ്ഥലപേരുകൾ അവിടുത്തെ രീതിയിൽ തന്നെ വിളിക്കാം കാരണം ആസാദ്പൂർ ഹിന്ദിക്കാരന് അജാദ്പൂർ ആണ്, വസീർപൂർ വജീർപൂരും. അങ്ങനെ ഞങ്ങൾ അജാദ്പൂരിൽ എത്തി, ഒരു ടൌൺ എന്ന് പറയാൻ കഴിയില്ല കുറച്ച് കടകളും മറ്റുമുള്ള ഒരു സ്ഥലം അങ്ങനെയെ വിവക്ഷിക്കാൻ പറ്റു. ബസ്റ്റാൻഡിന്റെ എതിർവശത്തുള്ള ഏരിയായിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. റോഡ് മുറിച്ച്കടക്കണം നിരത്തിൽ ആണെങ്കിൽ നല്ല തിരക്കും, വളരെ ശ്രദ്ധിച്ച് ഞങ്ങൾ റോഡ് മുറിച്ചുകടന്നു. അവിടെ മുഴുവൻ ഫ്ലാറ്റ്കൾ ആയിരുന്നു, എല്ലാം പഴകിയവ. ഞങ്ങൾ ഒരു ഇടവഴി (ഗള്ളി) യിലൂടെ മുരളിയെ പിൻതുടർന്നു, പത്ത് മിനിട്ട് നടന്നപ്പോൾ ആ ഗള്ളിയുടെ അവസാനം ഒരു പഴകിയ വീട് ഒരു മുറിയും അടുക്കളയും പിന്നെ കോമൺ ആയി ഒരു ടോയിലെറ്റും, ആയിരത്തി ഇരുനൂറ് രൂപ വാടക, ഒരാൾക്ക് മുന്നൂറ് വച്ച്.., എന്തോ ആവീട് എനിക്ക് ഇഷടപ്പെട്ടില്ല, ഒപ്പം വാടക ഭയങ്കരമാണെന്ന ഉണ്ണിച്ചേട്ടന്റെ കമന്റും കൂടെ ആയപ്പോൾ ഇനീ ഒരു വാതിൽ തേടുക എന്നതായി ഞങ്ങളുടെ അടുത്ത ലക്ഷ്യം
അവിടുന്ന് ഞങ്ങൾ തിരിച്ച് മെയിൻ റോഡിൽ എത്തി. അവിടെ ഉണ്ടായിരുന്ന ഒരു പലചരക്ക് കടക്കാരനോട് വീട് വാടകയ്ക്ക് കിട്ടുമോ എന്ന് ചോദിച്ചു അയാൾ ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല കുറഞ്ഞ വാടകയ്ക്ക് ഇവിടെ എങ്ങും കിട്ടില്ല, പിന്നെ കിംഗ്സ് വേ ക്യാമ്പിൽ അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും എന്നു പറഞ്ഞു.
“മുരളി.., എനിക്കറിയാവുന്ന കുറച്ച് പേർ അവിടുണ്ട്, ഞാൻ അവിടായിരുന്നല്ലോ താമസിച്ചിരുന്നത്, അവിടെ ഒരു സർദാറിന്റെ വീട്ടിൽ ഒരു വൺ റൂം ഖാലി (ഒഴിഞ്ഞ് കിടക്കുക) ആണെന്ന് ഒരാൾ പറഞ്ഞിരുന്നു, അവിടെ ഒന്നു തിരക്കാം “
“ഒരു മാസം മുൻപല്ലെ…… ഇപ്പോൾ അങ്ങനെ തന്നെ കാണും ഉണ്ണിവരുന്നതും നോക്കി…..”
“നീ ചുമ്മ കളിയാക്കല്ലെ മുരളി, ഇന്ന് വൈകുന്നതിനകം വീട് കിട്ടണം അല്ലെങ്കിൽ പെരുവഴിയിൽ കിടക്കെണ്ടിവരും “
“അത് ചിലപ്പോൾ വേണ്ടിവരും..”
ഉണ്ണിച്ചേട്ടൻ അപ്പോൾ റൂം ഒക്കെ എടുത്തിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞത് കളവായിരുന്നോ ?, ഞാൻ സുന്ദരനെ നോക്കി, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. പിന്നെ അടുത്ത വണ്ടി കയറി ഞങ്ങൾ കിംഗസ് വേ ക്യാമ്പിൽ എത്തി. അവിടെ ഭയങ്കര തിക്കും തിരക്കുമായിരുന്നു, ഒരു ഉദ്സവത്തിന്റെ പ്രദീതി, സൈക്കിൾ റിക്ഷ, ഭട് ഭട് വണ്ടികൾ ( മുന്ന് വീൽ ഉള്ള എൻഫീൽഡിന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഓട്ടോറിക്ഷ പോലുള്ള ഒരു സംഭവം പക്ഷെ ആള് പുലിയാണ് കേട്ടോ ഇന്ന് ഈ ഇനം അന്യം നിന്നും എന്നാണ് കേട്ടത്) അതിലൊന്നിൽ ഞങ്ങൾ കയറി, ഒരാൾക്ക് രണ്ട് രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
കിംഗ്സ് വേ ക്യാമ്പിൽ നിന്നും കുറച്ച് ഉള്ളിലോട്ട് മാറിയാണ് ഡക്ക എന്ന ഗാവ് (ഗ്രാമം) അവിടെ ആയിരുന്നു ഉണ്ണിച്ചേട്ടൻ താമസിച്ചിരുന്നത്. ചെറിയ ഗള്ളികൾ, ധാരാളം സാധരണക്കാർ തിങ്ങിപാർക്കുന്ന സ്ഥലം, ആവീടുകളിൽ ഏറിയഭാഗവും കയ്യേറി വീട്കെട്ടിയപോലെ തോന്നി കാരണം ഒരു കൃത്യമായ ആകൃതിയോ, വലിപ്പമോ ഇല്ലായിരുന്നു പല വീടുകൾക്കും.
ഗള്ളികൾ കുട്ടികളാൽ ശബ്ദപൂരിതമായിരുന്നു, അതിനിടയിലൂടെ നടന്നു നീങ്ങുന്ന നാൽക്കാലികൾ (ഗോഹത്യ പാപമാണന്നതിന്റെ തിരുശേഷിപ്പുകൾ) അവിടെ മൊത്തത്തിൽ മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു. ഡെക്കയിൽ ഇറങ്ങിയ ശേഷം ഞങ്ങൾ അകത്തേയ്ക്കുള്ള വഴിയിലേയ്ക്ക് നീങ്ങി ഇടയ്ക്ക് പരിചയക്കാരുമായി ചേട്ടനും മുരളിയും പരിചയം പുതുക്കി. കുറച്ച് ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ഒരു വളവിന് ഉണ്ണിച്ചേട്ടൻ പറഞ്ഞ സർദാറിന്റെ വീട്, അവിടുത്തെ കോളിംഗ് ബല്ലിൽ ഉണ്ണിച്ചേട്ടൻ വിരൽ അമർത്തി. അല്പം കഴിഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരു സർദാർ വളിയിലേയ്ക്ക് വന്നു
“ഹാം ജീ ക്യാ ചാഹിയെ ?”
ഞാൻ സർദാർ പറഞ്ഞത് അതുപോലെ റിപ്പീറ്റ് ചെയ്ത് പതിയെ പറഞ്ഞു, മുരളി ഉടനെ അതിന്റെ മലയാള പരിഭാഷ പറഞ്ഞു തന്നു
“പറഞ്ഞാലും, എന്തു വേണം ?”
നല്ല ആളുകൾ എത്ര എളിമയോടെ ആണ് കാര്യങ്ങൾ അന്വേഷിക്കുന്നത്, ഇവിടെ ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര പാടുള്ള പണി ആണെന്ന് തോന്നുന്നില്ല. ഉണ്ണിച്ചേട്ടൻ റൂമിന്റെ കാര്യം പറഞ്ഞു, സർദാർ ഞങ്ങളെ മുകളിലത്തെ നിലയിൽ കൊണ്ടുചെന്നു. ഒരു വലിയ മുറി പിന്നെ ഒരു ചെറിയ അടുക്കള, പിന്നെ ചെറിയ ഒരു ടൊയിലെറ്റും. ആയിരത്തി അഞ്ഞൂറ് രൂപ., സംഗതി ഇവിടെ ആയിരത്തിൽ കുറഞ്ഞ് ഒന്നും നടക്കില്ല എന്ന് തോന്നുന്നു. പിന്നെ വരാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും താഴേയ്ക്കിറങ്ങി…..,
“മുരളി, വാ…, നമുക്ക് അശോകന്റെ കടയിൽ ഒന്നു തിരക്കാം “
ഡക്കയിൽ അറിയപ്പെടുന്ന പലചരക്ക് കടക്കാരനാണ് അശോക്, അശോക് ചൌഹാൻ എന്നോ മറ്റോ ആണെന്നു തോന്നുന്നു അയാളുടെ മുഴുവൻ പേര്, പിന്നെ നമ്മൾ മലയാളികരിച്ച് അശോക”ൻ” എന്നാക്കി. മെയിൻ റോഡിൽ നിന്നും അധികം ദൂരത്തിലായിരുന്നില്ല അശോകന്റെ കട. അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും, അവിടുത്തെ പറ്റുപടിക്കാരാവട്ടെ മലയാളികളും., അശോകന്റെ കട ലക്ഷ്യമാക്കി നീങ്ങി……. ഉണ്ണിച്ചേട്ടനും പിറകെ ഞങ്ങളും……..

No comments: