Sunday, July 26, 2009

മരിക്കാത്ത ഓർമ്മകൾ-18

ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പുറത്തേയ്ക്ക് ഓടി., ഗേറ്റ് കടന്നുവരുന്ന രാധിക, ബ്രേക്കിട്ടപോലെ ഞാൻ നിന്നു,
“അല്ല ഇതാര്, രാധികയോ വരു”
“എന്താ ഓടിവരുന്നത് കണ്ടു.. ?”
“പാട്ട് കേട്ടിട്ടാ….”
“..? “
“അതല്ല, സുശീലൻ പാടുകയായിരുന്നു, ഞാൻ ചുമ്മാ തമാശയ്ക്ക്..”
“എവിടെ ഗായകൻ “
എന്റെ പിന്നാലെ രാധികയും റൂമിലേയ്ക്ക് വന്നു, സുശീലനും സുന്ദരനും ഞങ്ങളെ നോക്കി
“രാധികയോ, വരു…. ഇവിടെ സൌകര്യങ്ങൾ ഒക്കെ കുറവാണ്”
“ഇതൊക്കെ തന്നെ ധാരാളം, “
“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ , ജോലി ഒക്കെ എങ്ങനെ പോകുന്നു “
“തരക്കേടില്ല നിങ്ങൾക്ക് ജോലി ആയോ “
“ഉവ്വ്, ഇവിടെ അടുത്ത് ഒരു റോട്ടറിസ്വിച്ച് ഉണ്ടാക്കുന്ന കമ്പനിയിൽ”
“അതേയോ, നന്നായി ഭാഷ ഒക്കെ പഠിച്ചോ“
സുശീലൻ വളരെ കാര്യമായി സംസാരം തുടങ്ങി, ഈശ്വരാ ഇവൻ ആളൊരു കേമനാണല്ലോ, പ്രായംതികഞ്ഞ രണ്ട് ആത്മാക്കൾ ഇവിടെ നിൽക്കുമ്പോൾ നരന്ത് പയ്യൻ കയറി വീശിതപ്പുന്നല്ലോ, സുന്ദരൻ എന്നെ നോക്കി അവന്റെ ചുണ്ടിൽ ഒരു ഊറിയ ചിരി, എടാ വാനരാ, ഈ ശുനകൻ കാണിക്കുന്ന പണിക്ക് നീ കുടപിടിക്കെണ്ടാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവസാനം എന്നിലെ അസൂയ പുറത്തുചാടി
“സുശീലാ നീ ചെന്ന് ചായ ഇട്, നീ ചായ ഇട്ടാൽ അതിന് ഒരു പ്രത്യേഗ രുചിയാ “
അടികിട്ടിയ പോലെ സുശീലൻ എന്നെ നോക്കി, എടാ മരമാക്രി നീ അധികം ആളുകളിക്കല്ലെ എന്ന ഒരു ലുക്ക്, എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, കളി വിജയനോടാ…ഹും
“ഓ അതിനെന്നാ ഇപ്പോൾ തന്നെ ഇടാം”
അവന്റെ എളിമയ്ക്ക് ഒരു ശ്രീനിവാസൻ ടച്ച്, ഇവനാള് പുലികള് തന്നെ, എന്തായാലും അല്പനേരത്തേയ്ക്ക് ആ “വാരണം” ഒഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ രാധിക ഇരുന്ന കട്ടിലിൽ ഞാൻ ഇരുന്നു.
“എടാ നീ ഒരു കാര്യം ചെയ്യ് ആ കടയിൽ നിന്നും എന്തെങ്കിലും കൊറിക്കാൻ വാങ്ങ് ഒത്തിരി ദിവസം കൂടിയല്ലെ രാധിക ഈ വഴി വരുന്നത് “
ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി, സുന്ദരൻ അവന്റെ ഒടുക്കത്തെ സ്നേഹം പാര പണിയുന്നതിനും എന്തൊരു അടുക്കും ചിട്ടയും, ഒരുത്തനെ സ്നേഹത്തിന്റെ ഭാഷയിൽ ഒഴിവാക്കിയപ്പോൾ അതേ ചട്ടുകം കൊണ്ട് സുന്ദരൻ എന്നെ മറിച്ചിട്ടു. പൂഴ്ത്തിവച്ചിരുന്ന സ്നേഹക്കടൽ ഒരു തിരമാലയായി എന്റെ ഉള്ളിൽ നിന്നും പുറത്തുചാടി
“ ഓ…. ഞാനതോർത്തില്ല.. എങ്കിൽ നീയൊരു കാര്യം ചെയ്യ് അപ്പുറത്തെ കടയിൽ നിന്നും വാങ്ങി വേഗം വാ, ദാ പൈസ വച്ചോ “
പഴ്സിൽ നിന്നും ഇരുപത് രൂപ എടുത്ത് ഞാൻ സുന്ദരന്റെ കയ്യിൽ കൊടുത്തു അവൻ എന്തെങ്കിലും പറയുന്നതിന് മുൻപുതന്നെ ഞാൻ അടുക്കളയിലേയ്ക്ക് വലിഞ്ഞു
“സുന്ദരാ നംകീൻ മതി കേട്ടോ, അപ്പോഴേയ്ക്കും ഞാൻ ഈ ഗ്ലാസുകൾ ഒക്കെ കഴുകി വയ്ക്കാം “
പണിത പാര സ്വയം വിഴിങ്ങി സുന്ദരൻ പടിയിറങ്ങി, ജന്നലിന്റെ വിടവിലൂടെ ഞാൻ അത് കണ്ടു അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഗ്ലാസ്സ് പെട്ടന്ന് കഴുകി ഞാൻ സുശീലന്റെ കയ്യിൽ കൊടുത്തു പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു
“ സാവധാനം ചയ ഉണ്ടാക്കിയാൽ മതി കേട്ടോടാ…..”
“ചെവിയിൽ നുള്ളിക്കോ പണിഞാനും തരാം “
“ഉവ്വേ ഇയ്യാവ് ആര് പെരുന്തച്ചന്നോ..”
ഞാൻ പെട്ടന്ന് റൂമിലേയ്ക്ക് വന്നു.മേശപ്പുറത്ത് കിടന്നിരുന്ന പഴയ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് കട്ടിലിൽ ഇരിക്കുന്ന രാധിക, ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ കൊട്ടാരത്തിൽ ഇരിക്കുവാൻ പറ്റിയ ഉയരമുള്ള ഫർണീച്ചർ ഇഴകൾ പൊട്ടിയ ആ കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം എങ്കിലും ഞങ്ങൾ അവിടെ സംതൃപ്തർ ആയിരുന്നു (പ്രകൃതി നിയമം) എന്റെ പതചലനങ്ങൾ കേട്ടാവം അവളുടെ മിഴികൾ വാതിക്കലേയ്ക്ക് നീണ്ടു. എന്നെ കണ്ടപ്പോൾ ആ ചുണ്ടുകളിൽ ഒരു മന്ദസ്മിതം, ആഗ്രഹങ്ങൾ കൊണ്ടുനടക്കാത്ത എന്റെ മനസ്സിലേയ്ക്ക് ഒരു നിലാമഴയായി അത് പെയ്തിറങ്ങി , ചങ്ങം പുഴ ആയിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷം, ഒപ്പം ബോസ്സിന്റെ ഓർമ്മകൾ അതിന്റെ മേൽ കരിനിഴൽ വീഴ്ത്തി, എന്നിലെ സാമൂഹ്യജീവി, ന്യായാന്യായങ്ങളുടെ നീതി വിസ്ഥാരവുമായെത്തി അന്യന്റെ കാമിനിയെ കാമിക്കുന്നതും, മനോരുഹത്തിൽ പ്രദിഷ്ടിക്കുന്നതും, സാമൂഹ്യ വിരുദ്ധതയാണത്രെ!, ഞാൻ എന്റെ മിഴികൾ പിൻവലിച്ചു, ഛെ, ബോസ്സ് എന്ത് വിചാരിക്കും, ഞാൻ എന്നിലെ കാമുകനെ അടിച്ചൊതുക്കി മൂലക്കിരുത്തി, അവന്റെ പരിനിവേദനങ്ങൾ ഞാൻ ചെവിക്കൊണ്ടില്ല. ഇത്രയും കാര്യങ്ങൾ രണ്ട് മൈക്രോ സക്കന്റ് കൊണ്ടു നടന്നതാണ്, ഈ ചിന്തയുടെ ഒരു സ്പീടെ!!
“ഉം… എന്താ ആലോചിക്കുന്നത്.. “
ചറിയ ഒരു ഞടുക്കം എന്നിലുണ്ടായി കാരണം മുഖം മനസ്സിന്റെ കണ്ണാടി ആണന്നല്ലെ മൂപ്പിലാൻ പറഞ്ഞത് (അങ്ങനെ ആരാണ്ടൊക്കെ പറഞ്ഞത് ഞാൻ ഓർത്തു ) അങ്ങനെ ആണെങ്കിൽ ഈ തരുണീരത്നം എന്റെ മനോവിചാരങ്ങൾ ഒട്ടും വെളുത്തതല്ലാത്തെ എന്റെ മുഖശ്രീയിൽ നിന്നും വായിച്ചെടുത്താൽ!
“ഒന്നുമില്ല ഞാൻ തന്നെ ഒന്നു കാണുകയായിരുന്നു “
ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല, ഞാൻ ഇടിവെട്ടറ്റപോലായി, എനിക്ക് വിശ്വാസം വന്നില്ല, ഈ ഞാൻ തന്നെ ആണോ അങ്ങനെ പറഞ്ഞത്!! ???.
ഞാൻ വാതിൽക്കലേയ്ക്ക് നോക്കി ഇനീ സുശീലൻ ആണോ പറഞ്ഞത് അല്ല എന്ന് ഉറപ്പിച്ചു,
“ഈ ചിരുദാറിൽ താൻ എത്ര സുന്ദരി ആണ് എന്ന് പറയുകയായിരുന്നു”
എടാ മഹാപാപി നീ ആളെ കൊലയ്ക്ക് കൊടുത്തേ അടങ്ങു, ഞാൻ കയ്കൊണ്ട് എന്റെ കഴുത്തിൽ അമർത്തി, ബോസ്സിന്റെ ഉറച്ച ശരീരം മനസ്സിൽ പതിഞ്ഞു
“അയ്യോ…. “
അത്രയും കൂടെ എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നു, പിന്നെ അതിന്റെ തുടർച്ചയായി ഒരു ഉരുണ്ടുകളിയും
“ ഞാൻ ഇപ്പോഴാ ഓർത്തത്, ഞങ്ങളുടെ മണ്ണെണ്ണ തീരാറായി, ഉണ്ണിച്ചേട്ടൻ പറഞ്ഞു രാധികയോട് ഒന്ന് ചോദിക്കാൻ അതാ……“
“നോക്കട്ടെ…, നാളെ ഞാൻ പറയാം “
“ശരി..”
അപ്പോഴേയ്ക്കും സുന്ദരൻ നംകീനുമായി എത്തി, കൈയ്യിൽ ഉണ്ടായിരുന്ന പോളിബാഗ് തുറന്നപ്പോൾ എന്റെ കണ്ണുതള്ളി, ഇരുപത് രൂപയും ദുഷ്ടൻ തീർത്തിരിക്കുന്നു, പ്രതികാരം, പ്രതികാരം ഞാൻ അവനെ സൂക്ഷിച്ച് നോക്കി ദുഷ്ടാ ഇങ്ങനെ പണിയരുത് ഒരു പാവം സഹമുറിയനെ… , അവൻ എന്നെ നോക്കി ഊറി ചിരിച്ചു, പണി സുന്ദരനോടാണോ എന്ന രീതിയിൽ. സുശീലൻ ചായയുമായെത്തി ആദ്യം ഒരു നിറകപ്പ് ചായ രാധികയ്ക്ക് കൊടുത്തു, പിന്നെ സുന്ദരന്, ശേഷിച്ചത് ഡെസ്കിന്റെ മുകളിൽ വച്ചു
“ അളിയ ചായ ചൂടാറുന്നതിന് മുൻപ് കുടിക്ക് അല്ലെങ്കിൽ അതിന്റെ രുചി പോകും…”
ഇവന്മാരാരും മോശമില്ല, എങ്ങനെ മോശമാകും എല്ലാവരും എന്റെ നാട്ടുകാരല്ലെ, ങാ, സാരമില്ല, ഞാൻ ചായകപ്പ് ചുണ്ടോട് ചേർത്തു, സുന്ദരൻ നംകീനും ചിപ്സും എല്ലാം ഒരു പ്ലേറ്റിൽ ഇട്ട് കൊണ്ടുവന്നു. അല്പനേരം കൂടെ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു, അവൾ യാത്രപറഞ്ഞിറിങ്ങി, വാതിൽക്കൽ വരെ ഞാൻ അവളെ പിന്തുടർന്നു, പോകുന്നതിന് മുൻപ് ഒരിക്കൽ കൂടെ മണ്ണണ്ണയുടെ കാര്യം ഞാൻ അവളെ ഓർമ്മിപ്പിച്ചു, നാളെയും കാണമല്ലോ എന്ന വിചാരത്തിൽ ഞാൻ തിരിച്ചു നടന്നു.

Wednesday, July 15, 2009

മരിക്കാത്ത ഓർമ്മകൾ-17

-17-

അരിതിളച്ച് തൂവുന്നത് കണ്ടാണ് സുന്ദരൻ പുറത്തുനിന്നും വരുന്നത്,
“ഏടാ…..നീ ഏതവളെകുറിച്ചാ സ്വപ്നം കാണുന്നത് ? ബോസ്സ് ഒരു വഴി ആയി എന്നാ തോന്നുന്നത്, പണ്ട് നീ സന്തോഷിന് പണിതപോലെ ഇവനെയും പണിതോ “
“സുന്ദരാ നീ തോന്യാവാസം പറയരുത് ? “
എനിക്ക് നന്നായി ദേഷ്യം വന്നു,
“സത്യം പറഞ്ഞതിന് നീ എന്തിനാ ദേഷ്യപ്പെടുന്നത് ?”
“ഞാൻ ആർക്ക് പണിതെന്നാ നീ പറയുന്നത്, അവൻ അവളെ പറ്റി തോന്നിയതുപോലെ പറഞ്ഞപ്പോൾ എനിനിക്ക് നൊന്തു. അതിന് കാരണം ഉണ്ടെന്നും കൂട്ടിക്കോ, ആ ബന്ധം ശരിയാവില്ല എന്ന് ഞാൻ തന്നെയാ പറഞ്ഞത് അത് അവനോടും ഞാൻ പറഞ്ഞിരുന്നു, ഇനി ഇതിനെയാണ് കലക്ക് എന്ന് പറയുന്നതെങ്കിൽ അതു തന്നെയാ ഞാൻ ചെയ്തത്, അവൻ നിന്റെ കൂട്ടുകാരൻ ആണെങ്കിൽ അതുപോലെ തന്നെ എന്റേയും കൂട്ടുകാരനും സഹപാഠിയും ആയിരുന്നു, അവൾ എന്റെ ബന്ധുവും ( അല്പം അകന്ന ബന്ധം) “
“ശരി ശരി.. ഇവിടെ നീ വല്ലതും…?”
“സുന്ദരാ ….”
“ഓക്കെ.സമ്മതിച്ചു., നീ ആ ചരുവത്തിന്റെ മൂടി എടുത്ത്മാറ്റ് “
എന്തോ അവൻ അങ്ങനെ പറഞ്ഞപ്പോൾ, ഒരു വല്ലയ്മ തോന്നി, ഞാൻ സന്തോഷിന്റെയും അനുവിന്റെയും പ്രേമത്തിലെ വില്ലനായതുപോലെ ഒരു തനി ആവർത്തനമാണോ ഇതും, അന്ന് അവന്റെ രീതികളും സംഭാഷണവും ശരിയല്ല എന്ന് തോന്നിയതിനാൽ ആണ് ആ ബന്ധത്തിൽ നിന്നും അനുവിനെ പിന്തിരിപ്പിച്ചത്, അതൊരു പാതകമായി ഇന്നും തോന്നുന്നില്ല. സ്നേഹം ശരിരത്തോടാവുന്നത് പാവനമായ സ്നേഹമല്ല അതിനെ കാമം എന്നെ വിശേഷിപ്പിക്കാനാവു, സ്ത്രീ പുരുഷ ബന്ധം പൂർണ്ണതയിൽ എത്തുന്നത് ശരീരവും മനസ്സും ഒന്നാകുമ്പോൾ ആണ് പക്ഷേ അത് വിവാഹത്തിന് മുൻപാണെങ്കിൽ അംഗീകരിക്കാനാവുന്നില്ല, അവിടെ ബന്ധത്തിന്റെ പരിപാവനത നഷ്ടമാകും.അതോ എനിക്കവരോട് അസൂയ ഉണ്ടായിരുന്നോ ? ഞാൻ അവളെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നോ ? ഏയ് അന്ന് അങ്ങനെ തോന്നിയിരുന്നില്ല.
“മാർ….. മാർമുഛെ…..”
ഒരു ഞടുക്കത്തോടെ ആണ് ആ രോദനം കേട്ടത്, ഞങ്ങൾ ഞെട്ടിപിടഞ്ഞെണീറ്റു, പുറത്തേയ്ക്ക് കുതിച്ചു, അപ്പുറത്തെ സർദാറിന്റെ റൂമിൽ നിന്നും ആണ് ഒച്ച, ആ സ്ത്രീയെ അയാൾ ഉപദ്രവിക്കുന്നതിന്റെ ശബ്ദം കേൾക്കാം, എന്റെ മനസ്സ് ആകെ കലുഷിതമായി. ഇന്നത്തെ ദിവസം ശരിയല്ലല്ലോ, അകത്തുനിന്നും കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായി, എന്റെ അസ്വസ്ഥതയും ഇരട്ടിച്ചു. പെട്ടന്ന് വാതിൽ തുറന്ന് സർദാർ പുറത്ത് വന്നു, ശരിക്കും പറഞ്ഞാൽ അന്നാണ് ഞങ്ങൾ അയൽക്കാരൻ സർദാറിനെ ആദ്യമായി കാണുന്നത്. ദീദിയെ ( സർദാറിണിയെ) നേരത്തെ കണ്ടിട്ടുണ്ട്, തടിച്ച് കുറുകിയ ഒരു സ്ത്രി. അവർക്കും അധികം പ്രായം ഉണ്ടായിരുന്നില്ല, ഞങ്ങളെ നോക്കിയിട്ട് അയാൾ വീണ്ടും അകത്തേയ്ക്ക് കയറി,
പിന്നെ വീണ്ടും ഒച്ചയും ബഹളവും അതിന്റെ അവസാനം വീടിന്റെ ഉള്ളിൽ നിന്നും പാത്രങ്ങൾ പുറത്തേയ്ക്ക് പറന്നു തുടങ്ങി പിന്നീട്, കരഞ്ഞു കലങ്ങിയ കണ്ണുമായി ആ സ്ത്രീ പുറത്തേയ്ക്ക് വന്നു. എനിക്ക് അവരോട് സഹതാപം തോന്നി, അവർ ആ കൈകുഞ്ഞിനേയും കൊണ്ട് കരച്ചിലടക്കി വാതിൽക്കൽ ഇരുന്നു. പിന്നെ സാവധാനം എല്ലാം ശാന്തമായി. ഞങ്ങൾ ഉൾവലിഞ്ഞു.
“ഛെ… എന്നാലും ആ സർദാർ ഇത്തിരി ക്രൂരമായിട്ടാപെരുമാറിയത് അല്ലെ “
സുന്ദരൻ എന്നെ നോക്കി,
“ഇയ്യാവ് ഇടയ്ക്ക് കയറി തടസ്സം പിടിക്കാൻ വയ്യാരുന്നോ”
“സുന്ദരാ നീ ശരിയാവില്ല, ഞങ്ങളുടെ വീട്ടിൽ ഇത്തരം കലാപരിപാടി ഒന്നും ഇല്ലാത്തതിനാൽ ആയിരിക്കും എനിക്ക് ഇതൊക്കെ കാണുമ്പോൾ ബുദ്ധിമുട്ടാണ്“
“ശരി,…. എടാ അടുത്തവന്റെ വീട്ടിലെ വഴക്ക് കണ്ടാസ്വദിക്കുന്നത് അത്ര മനുഷ്യ സ്നേഹമൊന്നുമല്ലെ “
ഇത് സുന്ദരൻ കാര്യമായിട്ടാണല്ലോ, നമ്മൾ മനസ്സിൽ വിചാരിക്കാത്തത് ഇവൻ വിളിച്ച് പറയുന്നല്ലോ, ഒരു ഡോസ്സ് കൊടുക്കണോ, അല്ലെങ്കിൽ വേണ്ട
“നമുക്ക് കഴിക്കാനുള്ള വഴി നോക്കാം അവർ അല്പം കഴിയുമ്പോൾ സ്നേഹിച്ചു തീർത്തോളും “
അതായിരുന്നു ശരി, പിന്നീടുള്ള ദിവസങ്ങളിൽ അത് ശരിയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി, ഒരു ദിവസം ദീദി ഞങ്ങളുടെ അടുത്ത് വന്നു, ഞങ്ങളുടെ നാട് എവിടെ ആണ് എന്നും മറ്റും തിരക്കി, ഞങ്ങൾ എങ്ങനൊക്കയെ പറഞ്ഞ് ഒപ്പിച്ചു. പിന്നെ ഇടയ്ക്ക് ദീദി കുഞ്ഞിനെ ഞങ്ങളുടെ അടുത്ത് എൽപ്പിക്കും. എനിക്കാണെങ്കിൽ കുഞ്ഞുങ്ങളെ ഇഷ്ടമാണ് പക്ഷെ എടുത്തുകൊണ്ട് നടക്കാൻ ഇഷ്ടമല്ല. നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു പെൺകുഞ്ഞായിരുന്നു അത്, ഒരുവയസ്സിൽ താഴെപ്രായം കാണും.ആ കുഞ്ഞിന്റെ ഒരു കണ്ണിന് എന്തോ കുഴപ്പമുണ്ടായിരുന്നു, പിന്നെ അവിടുത്തെ മറ്റ് അയൽക്കാരുമായും നല്ല ബന്ധത്തിലായി, സുശീലൻ നന്നായി പാടുമായിരുന്നു, അവദി ദിവസങ്ങളിൽ ടേബിളിൽ താളം പിടിച്ച് സുശീലൻ പാടുമ്പോൾ ഞങ്ങൾ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നു. അവന്റെ പാട്ട് കേൾക്കാൻ അവിടുത്തെ അന്തേവാസികളിൽ ചില കുട്ടികളും എത്തുമായിരുന്നു,
അന്നൊരു ദിവസം,“ തു ചീസ് ബഡി ഹ മസ്ത്, മസ്ത് “ എന്ന പാട്ട് സുശീലൻ പാടി തിമർക്കുന്നു, ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഇരുപത്തഞ്ച് പൈസ എടുത്ത് ടെബിളിലേക്കിട്ടു കൂടെ ഒരു കമന്റും
“പാട്ട് നന്നായിരുന്നു, രണ്ടുപേരുംകൂടെ ഇതെടുത്തോളു “
മലയാളം അറിയാത്ത ഹിന്ദിക്കാര് കുട്ടികളും ഇതുകേട്ട് ചിരിച്ചു, കൂടെ ഞാനും, വിളറിയ മുഖവുമായി സുശീലൻ, സുന്ദരൻ എന്നെ നോക്കി ചീറി
“എടാ മൈ………………….”

Sunday, July 12, 2009

മരിക്കാത്ത ഓർമ്മകൾ-16

-16-

ബോസ്സിന്റെ പ്രതികരണം എന്നെ വല്ലാതെ ഉലച്ചു, ഇവർ തമ്മിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്, അതാണ് അവൾ ഇവിനെ ഗൌനിക്കാതിരുന്നതും, ഇത്തരം ഒരു പ്രതികരണം ഇവനിൽ നിന്നും ഉണ്ടായതും. ഞാൻ അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര് പക്ഷേ ഇപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നി, ഒരു പ്രണയം തകരുന്നത് ഞാൻ നേരിൽ കണ്ടിരുന്നു, അതിന് ഞാൻ കാരണമായി, അല്ലെങ്കിൽ ഞാനായിരുന്നു അതിന് വേണ്ടി പ്രവർത്തിച്ചത് എന്നതാകും കൂടുതൽ ശരി, അതിനെ കുറിച്ച് പിന്നീട് ഒരവസരത്തിൽ പറയാം ഒരു നാടൻ പ്രേമത്തിന്റെ, സ്നേഹപരിത്യാഗത്തിന്റെ കഥ.
‘നീ എന്താ ആലോചിക്കുന്നത്”
ബോസിന്റെ സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“ഏയ് ഒന്നുമില്ല”
സുശീലനും, സുന്ദരനും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു,
“ബോസ്സെ അവൾ ഒന്നും മിണ്ടാതെ പോയല്ലോ എന്തു പറ്റി ?”
“ഏയ് ഒന്നുമില്ല”
അവൻ ഒഴിഞ്ഞ് മാറുകയാണെന്ന് സുന്ദരന് മനസ്സിലായി പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല, ബോസ്സ് ആകെ മൂട് ഓഫായതുപോലെ ആയി
“ അളിയന്മാരെ ഞാൻ ഇറങ്ങുകയാണ്, അവളെ ഒന്നു കാണുകയും വേണം “
“ശരി”
ബോസ്സ് പുറത്തേയ്ക്ക് ഇറങ്ങി,അവൻ നടന്ന് മറയുന്നതുവരെ ഞങ്ങൾ അവിടെ നിന്നു പിന്നെ റൂമിലേയ്ക്ക് നടന്നു.
“അളിയ ഇന്ന് ഉച്ചയ്ക്ക് എന്ത് വയ്ക്കും”
“ചോറും കറിയും ആക്കാം”
“അരി ഉണ്ട്, പക്ഷേ കറിക്ക് സംഗതികൾ ഒന്നുമില്ല”
“എന്റെ സുന്ദരാ നീ എന്താ അവസരത്തിനൊത്ത് ഉയരാത്തത് ഒരു ട്രെ നിറയെ മുട്ടയിരിക്കുന്നു എന്നിട്ടും കറിക്കൊന്നുമില്ലന്ന് ? ഹ ഹ ഹ “
“ഞാൻ പച്ചക്കറിയാണ് ഉദ്ദേശിച്ചത്”
“ഒള്ളതുകൊണ്ട് ഓണം പോലെ, നീ ആ സവാള നാലായിട്ട് കീറ്, സുശീലാ നീ ആ പാത്രം ഒന്ന് കഴുകി എടുത്തേ പരിപാടി ഇപ്പോൾ ഞാൻ കാട്ടിത്തരാം”
പെട്ടന്നുതന്നെ ഞങ്ങൾ എല്ലാം ഉഷാറായി,1.8 പ്ലേബാക്കിൽ കാര്യങ്ങൾ ഓടി, ഞൊടി ഇടയിൽ കറി ശരിയായി, മുട്ടക്കറി ഇങ്ങനെയും മുട്ട കറിവയക്കാം എന്ന് ഞങ്ങൾക്ക് മനസ്സിലായി, മുട്ടക്കറിയുടെ മധുരിക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ചില അനുഭവങ്ങൾ മനസിലൂടെ പാഞ്ഞു പോയി, അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ദിവസം കലശലായ മോഹം അമ്മവീട്ടിൽ പോകണം, അന്ന് വെള്ളിയാഴ്ച്ച ആയിരുന്നു വൈകിട്ട് വന്ന ഉടനെ അമ്മയോട് പറഞ്ഞു എനിക്ക് കളങ്ങരയ്ക്ക് പോകണം അവിടെ ആണ് അമ്മയുടെ വീട് ആദ്യം അമ്മ സമ്മതിച്ചില്ല പിന്നെ കുറെ കരഞ്ഞപ്പോൾ അമ്മ സമ്മതിച്ചു. പത്ത് രൂപ അമ്മ തന്നു വഴിച്ചിലവിന്.
അന്ന് അമ്മ പാടത്ത് പണിയ്ക്ക് പോയാൽ കിട്ടുന്ന കൂലി പതിനഞ്ച് രൂപ അതിൽ നിന്നുമാണ് അമ്മ എനിക്ക് പത്തുരൂപ തന്നത്. അത് ഒരു വല്ല്യതുക ആയിരിരുന്നു. എന്റെ കണ്ണ് നിറയുന്നത് അമ്മസഹിക്കില്ലായിരുന്നു അതാണ് ആ പൈസ തരാനുള്ള കാരണം പിന്നെ ഒരു വഴിക്ക് പോകുന്നതല്ലെ ഒരു കരുതലായി ഇരിക്കട്ടെ എന്ന് കരുതിയിരിക്കും.
ഞാൻ വേഗംതന്നെ ഒരുങ്ങി, നിക്കറും ഷർട്ടും അതായിരുന്നു വേഷം, ചെരുപ്പ് ധരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ അതിൽ അഭിമാനക്ഷതം തോന്നിയുമില്ല. അമ്മാവന്റെ കടത്തു കടവിൽ എത്തിയപ്പോൾ എനിക്ക് ചെറിയ ഭയം തോന്നി. ആറ് മണിക്കാണ് ബോട്ട് അമ്മാവന്റെ കടത്ത് കടന്നാൽ അരമണിക്കൂർ നടന്നെങ്കിലെ മാമ്പുഴക്കരിയിൽ എത്തു, അവിടെ നിന്നാണ് എടത്വ എന്ന സ്ഥലത്തേയ്ക്കുള്ള ബോട്ട് (ബോട്ടിലെ സവാരി ബഹുരസമാണ് ആദ്യം യാത്ര ചെയ്യുന്നവർക്ക് അല്ലാത്തവർക്ക് അറുബോറൻ ഏർപ്പാടും). കൃത്യ സമയത്ത് എത്തിയില്ലെങ്കിൽ പിന്നെ ബോട്ട് കിട്ടില്ല. ഞാൻ സകല ദൈവങ്ങളേയും വിളിച്ച് വേഗം നടന്നു എങ്ങനെയും അവിടെ എത്തണം. ആറ് മണിക്ക് മുൻപ് തന്നെ അവിടെ എത്തി. ഒന്നുരണ്ട് പേർ ബോട്ടും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു ഞാൻ അവരോട് തിരക്കി ബോട്ട് എപ്പോൾ എത്തുമെന്ന്, ഇപ്പോൾ വരുമെന്ന് ഒരാൾ പറഞ്ഞു.
സമയം ഇഴഞ്ഞുനീങ്ങി ആറര ആയിട്ടും ബോട്ട് എത്തിയില്ല. എനിക്ക് പേടിയായിത്തുടങ്ങി, തിരികെ വീട്ടിലേയ്ക്ക് പോകാൻ മനസ്സനുവദിച്ചില്ല. അവസാനം യാത്രക്കാർ ഓരോരുത്തരായി തിരിച്ചു പോയി, ഞാൻ കുറച്ച് സമയം കൂടെ അവിടെ നിന്നു.അതുവഴിവന്ന ഒരു വഴിപോക്കൻ എന്നോട് ചോദിച്ചു
“മോൻ എടത്വയ്ക്ക് പോകാൻ നിൽക്കുകയാണോ ? “
“അതെ..”
“ബോട്ട് ഇന്നുണ്ടാവുമെന്ന് തോന്നുന്നില്ല”
“അതെന്താ ? “
“കഴിഞ്ഞട്രിപ്പിൽ അവർ പറഞ്ഞു ഇത് കേടാകുന്ന ലക്ഷണമാണെന്ന്”
ആവശ്യാനുസരണം പ്രവചനം നടത്താൻ നമ്മുടെ സർക്കാർ ജീവനക്കാർ മുൻപന്മാർ ആണല്ലോ, അയാൾ നടന്നകന്നു, എന്തുചെയ്യണം എന്നറിയാതെ ഞാൻ ആകെ വിഷമിച്ചു. ബസ്സിന് പോയാലോ എന്ന് ആലോചിച്ചു, പത്തുരൂപ ഉള്ളതുകൊണ്ട് തികയുമായിരിക്കും. പിന്നെ ഞാൻ അധികം ആലോചിച്ചില്ല, ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു
ആദ്യം വന്ന വണ്ടിയിൽ തന്നെ കയറി.എൺപത് പൈസ ആയിരുന്നു ടിക്കറ്റ് ചാർജ്ജ് (ആണ് എന്നാണ് എന്റെ ഓർമ്മ) ബാക്കി പൈസ വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു, എകദേശം എരുപത് മിനിട്ട് കൊണ്ട് വണ്ടി ചങ്ങനാശ്ശേരി ഡിപ്പോയിൽ എത്തി അവിടുന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ കയറി തിരുവല്ലയ്ക്കുള്ള ടിക്കറ്റ് എടുത്തു പക്ഷേ തിരുവല്ല സ്റ്റാൻഡിൽ എനിക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, ആരോ തിരുവല്ല കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ നടുങ്ങി, കരച്ചിലിന്റെ വക്കത്തെത്തി, ഫാസ്റ്റ് പാസ്സഞ്ചർ ആയതിനാൽ ബസ്സ് നിറുത്താൻ കണ്ടക്ടർ കൂട്ടാക്കിയില്ല. പിന്നെ യാത്രക്കാർ ബഹളം വച്ചപ്പോൾ വണ്ടി സൈഡൊതുക്കി നിർത്തി, അതിൽ ഒരാൾ പറഞ്ഞു പൊടിയാടി വഴി പോകുന്ന ബസ്സിൽ കയറി പൊടിയാടിയിൽ ഇറങ്ങുക അവിടുന്ന് എടത്വായ്ക്ക് ബസ്സ് കിട്ടും. ഞാൻ കുറെ നേരം കാത്തു നിന്നപ്പോൾ ആയാൾ പറഞ്ഞ ബസ്സ് കിട്ടി അവിടെ നിന്നും ആ ബസ്സിൽ പൊടിയാടി എന്ന സ്ഥലത്ത് എത്തി അപ്പോൾ സമയം ഒൻപത് മണി. ഭയം മനസ്സിൽ അരിച്ചുകയറി, സകല ദുർച്ചിന്തകളും മനസ്സിൽ ഓടി എത്തി, പിള്ളേരെ പിടിക്കുന്നവർ, ഭിക്ഷക്കാർ…പിന്നെ ഭൂത പ്രേത പിശാചുക്കളും, എന്നെ വിറയ്ക്കാൻ തുടങ്ങി,
ദൈവമേ എത്രയും പെട്ടന്ന് ബസ്സ് കിട്ടണേ എന്ന് മൻസ്സുരുകി പ്രാർത്ഥിച്ചു, അമ്മയെ ധിക്കരിച്ചതിന്റെ ഫലമാണ് ഇത് എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ബസ്സ് ഒന്നും കിട്ടിയില്ല, അവസാനം ബസ് സ്റ്റോപ്പിൽ ഞാൻ മാത്രമായി. പിന്നെയും കുറെ കഴിഞ്ഞപ്പോൾ ഒരു ടെമ്പോ വാൻ അതുവഴിവന്നു അത് എന്റെ അടുത്ത് നിർത്തി
“മോൻ എവിടെ പോകാൻ നിൽക്കുകയാ ?”
അതിലെ ഡ്രൈവർ എന്നോട് ചോദിച്ചു, അയാളെ കൂടാതെ അതിൽ വെറെ രണ്ട് പേർകൂടെ ഉണ്ടായിരുന്നു
“എടത്വായ്ക്ക്…”
പറയുമ്പോൾ എന്റെ സ്വരം വിറച്ചിരുന്നു.
“ഇനി ഇതുവഴി ബസ്സ് എപ്പോൾ വരും എന്നറിയില്ല വരുന്നെങ്കിൽ വണ്ടിയുടെ പുറകിൽ കേറിക്കോ”
ഞാൻ മടിച്ചു നിന്നപ്പോൾ അയാൾപറഞ്ഞു
“മോൻ പൈസ ഒന്നും തരേണ്ടാ, ഇത്രയും ഇരുട്ടിയില്ലെ പുറകിലെ കമ്പിയിൽ നന്നായി പിടിച്ച് ഇരുന്നാൽ മതി “
എന്തും വരെട്ടെ എന്നുകരുതി ഞാൻ അതിന്റെ പിന്നിൽ കയറി കുറെ പഴയ ചക്ക്കെട്ടുകൾ അതിൽ വച്ചിരുന്നു ഞാൻ അതിന്റെ മുകളിൽ കയറി ഇരുന്നു പിന്നെ പുറകുവശത്തെ കമ്പിയിൽ ബലമായി പിടിച്ചിരുന്നു, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു
“മോനെ ഇറങ്ങിക്കോ, എടത്വാ ആയി”
ഒരു ഞടുക്കത്തോടെ ഞാൻ ഉണർന്നു, പെട്ടന്ന് എനിക്ക് സ്ഥലം മനസ്സിലായില്ല, പിന്നെ മെയിൻ റോഡിന്റെ അരികിലായി പണിതുയർത്തിയിരിക്കുന്ന ഗീവർഗ്ഗീസ്സ് പുണ്യാളന്റെ രൂപക്കൂട് ആണ് സ്ഥലം തിരിച്ചറിയാൻ സഹായിച്ചത്. അവിടെ ഇറങ്ങി ഡ്രൈവർക്ക് നന്ദി പറഞ്ഞുകൊണ്ട് റോഡ് മുറിച്ച് കടന്നു. നല്ല വിശപ്പ് ഇനീ എന്തെങ്കിലും കഴിച്ചിട്ട് ബാക്കി കാര്യം ഞാൻ അടുത്ത് കണ്ട് ഹോട്ടലിലേയ്ക്ക് നടന്നു. ഹോട്ടൽ ഭക്ഷണം ഇന്നും എന്റെ ദൌർബല്ല്യമാണ്, അന്ന് എടത്വായിൽ ഉള്ളതിൽ മുന്തിയ ഹോട്ടൽ ആയിരുന്നു അത് അതിന്റെ പേര് ഞാൻ ഓർക്കുന്നില്ല ബോട്ടുജെട്ടി റോഡിലെ ആ ഹോട്ടലിലേയ്ക്ക് ഞാൻ നടന്നു
വാഷ് ബെയ്സണിൽ കൈകഴുകി ടേബിളിൽ വന്നു,
“ എന്താണ് കഴിക്കാൻ വേണ്ടത്”
“പൊറോട്ടാ..”
“കറി എന്തുവേണം ? മുട്ട റോസ്റ്റ്, ബീഫ് ഫ്രൈ, ചിക്കൻ…..“
“മുട്ട മതി “
അത് യുക്തിപരമായ തീരുമാനമായിരുന്നു കാരണം ഇതിനൊക്കെ എത്ര വില ആകും എന്ന് അറിയത്തില്ലല്ലോ, താമസ്സിക്കാതെ മുട്ടറോസ്റ്റും, പൊറോട്ടയും വന്നു, പൊറോട്ട നല്ല ചൂടുള്ളതും ടേയ്സ്റ്റുള്ളതുമായിരുന്നു. മുട്ടറോസ്റ്റിന്റെ ചാർ പൊറോട്ടായിൽ ഒഴിച്ച് ഞാൻ കഴിച്ചുതുടങ്ങി, അല്പം കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ നിൽക്കുന്നപോലെ തോന്നി ഞാൻ മുഖമുയർത്തി നോക്കി, ആദ്യം ഒന്നു ഞെട്ടി എങ്കിലും, പിന്നീട് വളരെ സന്തോഷിച്ചു രാജപ്പൻ അമ്മാവൻ, അമ്മാവന്മാരെ ഒക്കെ പോടിയായിരുന്നു, പ്രത്യേകിച്ച് രാജപ്പൻ അമ്മവനെ അമ്മാവൻ ആരോടും അങ്ങനെ അടുത്ത് ഇടപഴകാറില്ല, അമ്മാവൻ എന്നെ നോക്കി ചിരിച്ചു., ഞാനും ചിരിച്ചു, അഞ്ഞൂറാന്റെ മകൻ സ്വാമിനാഥന്റെ ചിരി!!! പിന്നെ എന്തു സംഭവിച്ചിരിക്കാം, അത് ഞാൻ നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു….

Tuesday, July 7, 2009

മരിക്കാത്ത ഓർമ്മകൾ-15

15 ഒരാഴ്ച്ച സംഭവവ ബഹുലമല്ലാതെ കടന്നുപോയി, ഞങ്ങളുടെ സുഹൃത്‌വലയം വികസിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഡക്കയിൽ ഞങ്ങൾ താമസിക്കുന്ന ഏരിയായിലെ ബാച്ചിലർ മലയാളികളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു, പലരും വൈകുന്നേരങ്ങളിൽ ഞങ്ങളുടെ റൂമിൽ എത്തുമായിരുന്നു, അങ്ങനെ നാട്ടുകാര്യം പറഞ്ഞും, ലോകകാര്യം പറഞ്ഞും ഞങ്ങൾ സസുഖം വാണു. ഇടയ്ക്ക് ഒന്നുരണ്ട് പ്രാവശ്യം രമണിയും രാധികയും ഞങ്ങളുടെ റൂമിൽ എത്തി എങ്കിലും എനിക്ക് കാണാൻ കഴിഞ്ഞില്ല.
ഒരുഞായറാഴ്ച്ച ഞങ്ങൾ വീട്ടിൽ വെടിപറഞ്ഞിരിക്കുമ്പോൾ, ഉണ്ണിച്ചേട്ടനും കൂടെ ഒരു ചെറുപ്പക്കാരനും റൂമിൽ വന്നു. ഉണ്ണിച്ചേട്ടൻ ആ ചെറുപ്പക്കാരനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
“ഇത് ബോസ്സ്..”
അയാൾ ഞങ്ങളെ വിഷ് ചെയ്തു , നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ, ഉണ്ണിച്ചേട്ടൻ ഞങ്ങളെ ബോസ്സിന് പരിചയപ്പെടുത്തി.
“നിങ്ങൾ നാട്ടിൽ അയൽക്കാരാ ?“
“അതെ”
“എങ്ങനുണ്ട് പണിഒക്കെ”
“തരക്കേടില്ല”
“സാരമില്ല ഭാഷ പഠിച്ച് കഴിഞ്ഞ് നല്ല ജോലിക്ക് ശ്രമിക്ക്, അതുവരെ ഇവിടെ നിൽക്കുന്നതായിരിക്കും നല്ലത് കുറഞ്ഞപക്ഷം ബസ്സ് കേറി പോകേണ്ടല്ലോ”
അത് ശരിയായിരുന്നു. ബസ്സിന് പോകണമെങ്കിൽ അതിലും വല്ല്യ പൊല്ലാപ്പാകുമായിരുന്നു. പിന്നെ ബോസിനെ പറ്റി പറഞ്ഞു, ടി.വി. യുടെ ബലൂൺ ഉണ്ടാക്കുന്ന കമ്പനിയിൽ ആണ് ബോസ്സിന് ജോലി. നല്ല ശമ്പളം, ഇവിടെ അടിച്ച് പൊളിച്ച് ജീവിക്കുന്നു
“എടാ ഇവന്റെ കൈക്കാരി ആരാണ് എന്ന് അറിയാമോ ?”
ഞങ്ങൾ ചോദ്യാർത്ഥത്തിൽ ഉണ്ണിച്ചേട്ടനെ നോക്കി
“നമ്മുടെ റൂമിൽ വന്ന രാധികയില്ല ആ സുന്ദരി..”
എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി, ഒരു മിനിട്ട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അവൻ എന്നെ നോക്കി, മുഖത്ത് ചിരിവരുത്തി ഞാൻ പറഞ്ഞു
“ബോസ്സ് ഭാഗ്യവാനാണല്ലോ….“
ബോസ്സ് പുഞ്ചിരിച്ചു,
“അങ്ങനെ ഒന്നുമില്ല, പരിചയമുണ്ടെന്നെ ഉള്ളു”
പക്ഷെ അതിൽ എനിക്ക് വിശ്വാസം വന്നില്ല, ഉണ്ണിച്ചേട്ടൻ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിൽ കാര്യം കാണും എന്ന് ഉറപ്പ്. കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നിട്ടാണ് ബോസ്സ് പോയത്, ഞാൻ ബോസ്സുമായി അടുത്തു, അവൻ മുഖാന്തരം പലരുമായി പരിചയപ്പെട്ടു, വിവിധ മേഘലയിൽ ജോലിചെയ്യുന്ന ആളുകൾ സത്സ്വഭാവികളും, ദുഃസ്വഭാവികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.ഭാഷ പഠിക്കുക എന്നത് വളരെ ശ്രമകരമായി തോന്നി കാരണം ഞങ്ങൾക്ക് ഹിന്ദിസംസാരിക്കുന്നവരുമായി വർത്തമാനം പറയാൻ അവസരം കുറവായിരുന്നു. കമ്പനിയിൽ പുതിയ ജോലി തന്നതിൽ പിന്നെ ഞാൻ മറ്റുള്ളവരിൽ നിന്നും അകന്നാണ് ഇരുന്നത്. ഇടയ്ക്ക് ചായ കുടിക്കാൻ കിട്ടുന്ന സമയത്തുള്ള സംസാരമേ ഉണ്ടായിരുന്നുള്ളു, ഇതിനിടയിൽ ബോസ്സുമായി കൂടുതൽ അടുത്തു, അവനുമായി രാധിക താമസിക്കുന്ന വീടിന്റെ താഴെക്കൂടേ കറങ്ങുന്നത് ഒരു രസമായി തോന്നി, ബോസ്സിന് ഹിന്ദിയിൽ സംസാരിക്കാൻ അറിയാം , ആരെങ്കിലും ചോദിച്ചാൽ ബോസ്സ് മറുപടിപറയും എന്ന ധൈര്യം നല്ല ഒരു ബലമായിരുന്നു, ഒന്നുരണ്ട് തവണ ഞാൻ അവളെ കാണുകയും ചെയ്തു.
അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു, ബോസ്സ് ഞങ്ങളുടെ റൂമിൽ എത്തി, ഇപ്പോൾ ബോസ്സ് ഞങ്ങളുടെ റൂമിലെ സ്ഥിരം സന്ദർശകനാണ്. പതിവുപോലെ ലോകവിചാരവും, നാട്ട് വിചാരവും ഒക്കെ ചർച്ചചെയുന്നതിനിടയിൽ ആണ് പുറത്ത് ഡോറിൽ ആരോ തട്ടുന്ന സ്വരം കേട്ടത്. രസച്ചരട് പൊട്ടിയ ഈർഷ്യതയിൽ ഞാൻ എണീറ്റ് വാതിൽക്കലേയ്ക്ക് നടന്നു. വാതിൽ തുറന്നപ്പോൾ വാതിൽക്കലിൽ രാധിക, എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി, ഒരു ചെറിയ വിറയൽ. ഇവൾ എന്തിനാ ഇപ്പോൾ വന്നത് അകത്ത് കാമുകൻ, ഇനീ ഇവനെ കാണാനാണോ? എന്റെ ഉള്ളിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു
“അല്ല ഇതാര് രാധികയോ, വാ അകത്തേക്കിരിക്കാം”
ബോസ്സ് പുറത്തേയ്ക്ക് തലതിരിച്ച് നോക്കി, അവൾ ബോസ്സിനെ കണ്ടു.
“ഉണ്ണി ഉണ്ടോ ?”
“ഇല്ല ചേട്ടൻ പുറത്ത് പോയിരിക്കുകയാണ്..”
“ഉണ്ണിവന്നാൽ പറയുക ഞാൻ തിരക്കിയിരുന്നു എന്ന്”
“എന്താ ധൃതി, കാപ്പി കുടിച്ചിട്ട് പോകാം “
ഒരുമര്യദ എന്ന രീതിയിൽ പറഞ്ഞു, അവൾ പുഞ്ചിരിച്ചു
“പിന്നീട് ഒരിക്കൽ ആകട്ടെ “
യാത്ര പറഞ്ഞ് അവൾ പുറത്തേയ്ക്ക് നടന്നു, അപ്പോൾ ബോസ്സും പുറത്തേയ്ക്ക് വന്നു,
“എന്താടെ അവൾ നിന്നെ ഗൌനിച്ചേ ഇല്ലല്ലോ, സമ്പാദ്യ പ്രശ്നമാണോ അതോ ദാമ്പത്യപ്രശ്നമാണോ”
“ഏയ്, ചെറിയ ഒരു ഉടക്ക് “
എനിക്ക് ആകാംക്ഷ ആയി, അവൻ മെല്ലെ പുറത്തെ ഗയിറ്റിലേയ്ക്ക് നടന്നു ഞാൻ അവനെ അനുഗമിച്ചു. ദൂരെ അവൾ നടന്നു മറയുന്നതുവരെ അവൻ അവിടെ നിന്നു പിന്നെ തെല്ല് ഈർഷ്യയോടെ പറഞ്ഞു
“മോളെ, ഞാനായതുകൊണ്ട് നീ രക്ഷപെട്ടു, അല്ലെങ്കിൽ ഇപ്പോൾ ഒക്കത്ത് കാണാമായിരുന്നു നിന്റെ അഹാങ്കരത്തിന്റെ ഫലം”