“ഒത്തിരി നേരമായോ വന്നിട്ട് ?”
“ഇല്ല, ഒരു പത്ത്മിനിട്ട് ആയിക്കാണും എന്നും ഈ നേരത്താണോ വരുന്നത്”
“അതെ, ചിലപ്പോൾ താമസിക്കും, അജാദ്പൂരിൽ നിന്നും വണ്ടി കിട്ടാൻ ഭയങ്കര പാടാണ്”
രണ്ട് മൊസാമ്പി ജൂസിന് ഓർഡർ കൊടുത്തു, കടയിലെ ചോട്ടുവിന്റെ ചോദ്യം എന്നെ പാതി വെട്ടിലാക്കി,
“ചോട്ടാ യാ ബഡാ“
പണ്ടാരമടങ്ങാൻ ബഡാ വാങ്ങണമെങ്കിൽ ഇരുപത് രൂപ ആകും ചോട്ടാ ആണെങ്കിൽ പത്തുരൂപയിൽ ഒതുക്കാം. കാമുകിയുടെ മുന്നിൽ വച്ച് ഏതു കാമുകനാണ് പണത്തെക്കുറിച്ച് ചിന്തിക്കുന്നത്, സുരേഷിനോട് കടം വാങ്ങിയ അൻപതുരൂപയിൽ ഇനീ മുപ്പതുരൂപയോളം ബാക്കി ഉണ്ട്, ഈ ജൂസുകടി വീണ്ടും പിച്ചക്കാരനാക്കുമല്ലോ തേവരെ എന്നാലോചിച്ചുനിൽക്കുമ്പോൾ അവൾ തന്നെ ചെറുതുമതി എന്ന് പറഞ്ഞു അപ്പോൾ ആണ് ശരിക്കും പറഞ്ഞാൽ ആശ്വാസമായത്, പെണ്ണ് കൊള്ളാം ആളറിഞ്ഞാണ് അരി ഇടുന്നത്. പൈസ കൊടുക്കാൻ അവൾ ശ്രമിച്ചെങ്കിലും ഞാൻ അനുവധിച്ചില്ല. അഭിമാനത്തിന്റെ പ്രശ്നമല്ലെ, ബാക്കി പൈസവാങ്ങി പഴ്സിൽ വച്ചുകൊണ്ട് ഞങ്ങൾ ഡക്കയിലേയ്ക്ക് നടന്നു. റോഡിന്റെ ഇരു വശവും വേപ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു, തെരുവ് വിളക്കിന്റെ ചെങ്കൽപ്രകാശംകൊണ്ട് വഴി പ്രകാശപൂരിതമായിരുന്നു, ഇടയ്ക്കിടയ്ക്ക് ഞങ്ങളെ കടന്ന് ആളുകൾ പൊയ്ക്കൊണ്ടിരുന്നു. രാധികയെ പരിചയമുള്ളവർ പുഞ്ചിരിച്ച് കടന്നുപോയി. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു
“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “
“വെറുതെ….. തനിച്ച് കാണെണം എന്ന് തോന്നി”
പിറകിലേയ്ക്ക് വഴുതിവീണ ചുരിതാറിന്റെ ഷോൾ, കഴുത്തിലൂടെ ചുറ്റി മാറിലേക്കിട്ടു, ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു, ഇടയ്ക്കെപ്പോഴോ അവളുടെ കൈകൾ എന്റെ കയ്യിൽ അമർന്നു, വിരലുകൾ വിരലുകളുമായി പിണഞ്ഞ്കോർത്തു. അവൾ വശം തിരിഞ്ഞ് എന്നെ നോക്കി, എന്റെ മുഖത്ത് ഒരു വിളറിയ ചിരി, എന്റെ നാവ് കുഴഞ്ഞിരുന്നു പക്ഷെ കയ്യും കയ്യും സംസാരിക്കുന്നു, ഇത് പ്രണയത്തിന്റെ പുതിയ ഭാവമായി തോന്നി അവർ എല്ലാം പറഞ്ഞു, ഞാൻ പറയാതിരുന്നതും അവൾ കേൾക്കാതിരുന്നതുമായ എല്ലാം…..
“നാളെ വരുമോ ? “
എന്തിനെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം, പ്രേമ പരവശനായ കാമുകൻ വെയിറ്റിംഗ്ഷെഡിൽ അന്തിയുറങ്ങാൻ പോലും തയ്യാറാവും എന്നത് ആർക്കാണ് അറിയാൻ മേലാത്തത്. പ്രിയതമയുടെ ഏതാഗ്രഹവും നടത്തിക്കൊടുക്കാൻ പാകത്തിന് എന്റെ മനസ്സ് വളർന്നിരുന്നു, ദൂരെ നിന്നും ആളുകൾ വരുന്നതു കണ്ടപ്പോൾ ഞാൻ കൈവലിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അവൾ അനുവദിച്ചില്ല. അവർ അടുത്തെത്തിയപ്പോൾ അവൾ കൈപിൻവലിച്ചു ക്ഷണനേരത്തിൽ കോർക്കുകയും ചെയ്തു.
“രാധികേ…”
ഞാൻ അവളെ നോക്കി,എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങിപ്പോയി എന്നു തോന്നി. ഗളശുദ്ധിവരുത്തി വീണ്ടും ഒന്നൂടെ വിളിച്ചു അപ്പോൾ അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി,
“നിന്റെ ചേച്ചി കണ്ടാൽ”
“അതൊന്നും സാരമില്ല. പേടിയാണോ “
“ഹെന്തിന്…. “
അവൾ ഊറിച്ചിരിച്ചു, പാവം ചെക്കൻ എന്നാണോ അതിന്റെ അർത്ഥം എന്ന് എനിക്ക് തോന്നി, ഡക്ക ബസ്സ്റ്റോപ്പ് ആയപ്പോൾ അവൾ എന്റെ കൈസ്വതന്ത്രമാക്കി
“നീ ഈ വഴി പൊയ്ക്കോ ഇനീ ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി”
“ശരി..”
അവൾ നടന്നുമറയുന്നതും നോക്കി ഞാൻ ബസ്സ്റ്റോപ്പിൽ നിന്നു, പിന്നെ നഷ്ടബോധത്തോടെ, റൂമിലേയ്ക്ക് നടന്നു. ശരീരത്തിന് ഭാരമില്ലാത്തപഞ്ഞിക്കെട്ടുപോലെ തോന്നി, അവളുടെ സ്പർശനത്തിൽ ഞാൻ മറ്റൊരുലോകത്ത് എത്തിയോ ?, കന്നുകാലികൾക്കും സൈക്കിൾ റിക്ഷകൾക്കുമിടയിലൂടെ ഞാൻ ഒരു തൂവലായി ഒഴുകുകയായിരുന്നു. ദൂരെ വാതിൽക്കൽ എന്റെ വരവും നോക്കി നിൽക്കുന്ന സുന്ദരനെ കണ്ട് ഒന്നു പകച്ചു, എന്തുപറ്റി കക്ഷി വാതിൽക്കൽ തന്നെ നിൽക്കുന്നല്ലോ, ആഹാ…… സുശീലനും ഉണ്ടല്ലോ കൂടെ….,
“എന്തുപറ്റി ഏതാണ്ട്കളഞ്ഞ അണ്ണാനെ പോലെ വരുന്നത് “
“ഞാൻ ചുമ്മാ നടക്കാനിറങ്ങിയതാ ഈവനിംഗ് വാക്ക്”
“എങ്ങനെ..? ഈ വനിംഗ് വാക്കാ…”
“എടാ സായാഹ്നസവാരി”
“ഓ എന്ന്..”
സുന്ദരൻ സുശീലനെ നോക്കി, ഈശ്വരാ ലെവന്മാർ വല്ലതും അറിഞ്ഞോ ? ആകെ ഒരു കൺഫ്യൂഷൻ….
“ഇന്ന് മുളക് ചാലിച്ചതുകൂട്ടി ചോറുണ്ണാം “
“ഉം എന്നാ പറ്റി “
“മണ്ണണ്ണ തീർന്നു”
ഹോ ഈശ്വര രക്ഷപെട്ടു, പ്രണയലീലകൾ അല്ലല്ലോ വില്ലൻ എന്റെ നല്ലജീവൻ വീണത് അപ്പോൾ ആയിരുന്നു. മണ്ണണ്ണ സമാധാനം ഉള്ള കാര്യമാണ് അശോകന്റെ കടയിൽ നിന്നായാലും വാങ്ങാം
“നീ ഒരു കാര്യം ചെയ്യ്…”
“ഉം…. “
“അല്ല ആ രാധികയോട് ഒന്ന്…….”
ഇവൻ ആളൊരു കേമനാണല്ലോ, ഞാൻ തന്നെ രാധികയോട് ചോദിക്കണം അതിൽ ഒരു മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ സുന്ദരാ കളി എന്നോടാ….
“അതെന്നാ ഞാൻ തന്നെ ചോദിക്കണമെന്ന്, നിനക്കായിക്കൂടെ”
“അതുകൊണ്ടല്ല നീയുമായി നല്ലതായി സംസാരിക്കാറുണ്ടല്ലോ അതുകൊണ്ട്”
ഞാൻ സുന്ദരനെ ഒന്നു നോക്കി,
“സുശീല നീ വാ, അവളെ കണ്ടാൽ ചോദിക്കാം അല്ലെങ്കിൽ നമുക്ക് അശോകന്റെ കടയിൽ നിന്നും വാങ്ങാം”
ഞാനും സുശീലനും, ക്യാനും എടുത്ത് പുറത്തേയ്ക്ക് നടന്നു കറിവയ്ക്കാനുള്ള സംഗതികൾ ശരിയാക്കുന്ന കാര്യം സുന്ദരനെ ഓർമ്മിപ്പിച്ചു. രാധികയുടെ വീടിന്റെ അടുത്തെത്തിയപ്പോഴെയ്ക്കും അറിയാതെ മുകളിലെ ബാൽക്കണിയിലേയ്ക്ക് നോക്കി അവൾ അവിടെ ഉണ്ടായിർക്കണമേ എന്ന് മനസ്സ് ആഗ്രഹിച്ചു. ഞങ്ങളെ സൂക്ഷിച്ചു നോക്കുന്ന മക്കാൻ മാലിക്ക് കിളവനെ കണ്ട് ഞെട്ടി, ഈ കോടാലി എന്തിനാണ് ബാൽക്കണിയിൽ നിൽക്കുന്നത്, ഛെ… പിന്നെ സുശീലനുമായി വേഗം അശോകന്റെ കടലക്ഷ്യമാക്കി നടന്നു. അവിടെ ചെറിയ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു, ഞങ്ങൾ അല്പം ഒതുങ്ങിനിന്നു, മിട്ടിക്കതേൾ എന്ന് പറയുമ്പോൾ തെറ്റിപോകുമോ എന്ന ഭയം ഉള്ളിൽ, കൂടാതെ അയാൾ മറ്റെന്തെങ്കിലും ചോദിച്ചാൽ അത് മനസ്സിലാകുമോ എന്ന ഭയം മറ്റൊരുവശത്ത്, ഈശ്വരാ ഈ ലോകത്ത് ജീവിക്കാൻ എന്ത് പാടാ.
“ഉം എന്തു പറ്റി ? ”
3 comments:
ഈശ്വരാ ഈ ലോകത്ത് ജീവിക്കാൻ എന്ത് പാടാ.
"അവർ എല്ലാം പറഞ്ഞു, ഞാൻ പറയാതിരുന്നതും അവൾ കേൾക്കാതിരുന്നതുമായ എല്ലാം….." GREAT !! ഇത് ആണ് പ്രണയത്തിന്റെ ഭാഷ. നന്നായിട്ടുണ്ട്...
ദിവാരേട്ടാ അഭിപ്രായങ്ങൾക്കും വായനയ്ക്കും നന്ദി വീണ്ടും വരുക.
Post a Comment