Tuesday, April 20, 2010

മരിക്കാത്ത ഓർമ്മകൾ-30

ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, ഒരു മിന്നൽ പിണർ പോലെ ആ സംഭവം മനസ്സിലൂടെ കടന്നു പോയി അന്ന് ഞാൻ വരച്ച ചിത്രം അതുപോലെ ഇവിടെ പുനരാവിഷ്ക്കരിക്കുന്നു….

ഈ ചിത്രമാണ് ഞാൻ അന്ന് വരച്ചത്. സുധ ഞങ്ങളുടെ ഒരു ബന്ധുവാണ് അവളും ഷീലയും ഒരു ക്ലാസ്സിൽ പഠിക്കുന്നു.ഒരു ദിവസം ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ തിണ്ണയിലെ ബഞ്ചിൽ ബുക്കും പുസ്തകവും ഒക്കെ കിടക്കുന്നതുകണ്ടു അത് അവളുടെ പുസ്തകമായിരുന്നു സുധയുടെ. ഞാൻ സുധ എന്ന് വിളിക്കുന്നെങ്കിലും എന്നേക്കാൾ മൂന്ന്നാല് വയസ്സിന് മൂത്തതായിരുന്നു കക്ഷി, പഠനത്തിന്റെ മിടുക്കുകൊണ്ട് പലബഞ്ചിലും ഇരുന്നിരുന്ന് ഇപ്പോൾ എട്ടിൽ എത്തിയന്നെഉള്ളു. ഞാൻ അതിലെ കണക്കിന്റെ നോട്ട്ബുക്ക് എടുത്തു അതിൽ ഒരു പടം വരച്ചു ഒരാണിന്റേയും പെണ്ണിന്റേയും തലമുതൽ തോൾ ഭാഗം വരെ അതും പുറംതിരിഞ്ഞ് നിൽക്കുന്നത്, പോകാൻ തുടങ്ങുമ്പോഴേയ്ക്കും സുധ വന്നു അവളെ ഞാൻ വരച്ച പടം കാണിച്ചു നിന്റെ കൂട്ടുകാരിയുടെ പടം കണ്ടോ ദെ നോക്കിക്കെ, അവൾ എന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങി നോക്കി, അടുത്ത് നിൽക്കുന്ന ആൺകുട്ടി ആരെന്ന് ചോദിച്ചു അല്ലാതാരാ നമ്മുടെ ആശാരിചെക്കൻ, (ഇന്ന് ഇദ്ദേഹം മലയാളം ടീ.വി. സീരിയലുകളിൽ അറിയപ്പെടുന്ന ഹാസ്യതാരമാണ് ) എന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു അവൻ. സുധ ആ പടം കുറച്ചുനേരം നോക്കി നിന്നു, പിന്നെ അവളുടെകൈയ്യിൽ നിന്നും ആ പടം വാങ്ങി ഞാൻ കീറിക്കളഞ്ഞു. അവൾ ഇതറിയെണ്ടാ എന്ന സുധയുടെ താക്കീത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. പക്ഷെ അവൾതന്നെ ഈ വിധത്തിൽ പണിയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പടം വരച്ചു എന്നതിലല്ലായിരുന്നു എന്റെ വിഷമം ചെയ്യാത്ത കുറ്റം ഏൽക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ടായിരുന്നു, അദ്ദേഹം എന്നെ മാനസ്സികമായും, ശാരീരികമായും പീഠിപ്പിച്ചു ( മറ്റെ പീഠനമല്ല കേട്ടോ, കാരണം ഇപ്പോൾ പീഠനം എന്ന വാക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നുണ്ടല്ലോ) അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ കുറേ നേരം തുടർന്നു

“ നിനക്ക് എത്ര വയസായി “
“ പതിമൂന്ന് ”
“നിന്റെ അച്ഛനോട് ഞാൻ പറയാം നിന്നെ പെണ്ണ് കെട്ടിക്കാൻ. ഇത്തിരിയില്ലാത്തവന്റെ ഒക്കെ കൈയ്യിലിരിപ്പ് കൊള്ളാം”

എന്റെ ശിരസ്സ് താണുപോയി, ഉത്തരമില്ലാത്ത അല്ലെങ്കിൽ ചുട്ട മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ എന്നോട് ചോദിച്ചു, ശരീരവും മനസ്സും തളർന്നു, കുടിക്കാൻ അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു. സ്റ്റൂളിൽ കയറി നിൽക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ, ഞാൻ ശരിക്കും ഭയന്നു കാരണം ഇപ്പോൾ സ്റ്റാഫ് റൂമിലെ അദ്ധ്യാപകർക്ക് എന്നെ വ്യക്തമായി കാണാം. കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ സ്റ്റൂളിൽ നിന്നു. കരയാൻ എന്റെ മനസ്സ് അനുവധിച്ചില്ല, അല്ലെങ്കിൽ അത്തരം ലോലവികാരങ്ങൾ എന്നിൽ നിന്നും അകന്നുപോയി, നാല് ചൂരലുകളും റബർ ബാൻഡ് ഇട്ട് ഒന്നാക്കി, മന്തൻബാലകൃഷ്ണൻ സാർ എന്റെ അടുത്തേയ്ക്ക് എത്തി, എന്റെ നിക്കർ മുകളിലേയ്ക്ക് പൊക്കി പ്പിടിച്ചു, പിന്നെ പല ആവർത്തി ആ ചൂരലുകൾ എന്നെ തട്ടി ത്തെറിച്ചു, ഓരോ പ്രാവശ്യവും എന്റെ കാലിൽ പ്രഹരമെൽപ്പിച്ച് മടങ്ങുമ്പോഴും അതിന്റെ വേദന തലച്ചോർവരെ എത്തിയിരുന്നില്ല, അപമാനിക്കലിന്റെ വേദന അതിനും അപ്പുറത്തായിരുന്നു ചുണ്ടിൽ ഒരു പുഞ്ചിരിവരുത്തി ഞാൻ അവളെ നോക്കി, അവൾ എന്റെ കണ്ണിൽ നിന്നും മാഞ്ഞുപോയി എന്നന്നെയ്ക്കുമായി……….

പിന്നീടുള്ള സ്കൂൾ ജീവിതത്തിൽ, ഞാനവളെ ഒരാവർത്തി നോക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല, അങ്ങനെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു അല്ലെങ്കിൽ അവൾ ഈ ലോകത്തിലില്ല എന്ന് ഞാൻ കരുതി, സ്കൂളിലെ ജീവിതത്തിന് ശേഷം പിന്നീട് ഇന്നുവരെ ഞാൻ അവളെ കണ്ടിട്ടില്ല. ഞാൻ വരച്ച ചിത്രത്തിലെ ഇല്ലാത്ത അശ്ലീലതയുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടതിൽ ആണ് എനിക്ക് മനസ്സിക ബുദ്ധിമുട്ടുണ്ടാക്കിയത്, കാരണം അവൾ ആരോപിക്കുന്ന ചിത്രം ഞാൻ മനസ്സിൽ പോലും കണ്ടതല്ല, അവളോട് എനിക്ക് ഒരു കാര്യത്തിൽ നന്ദി ഉണ്ട് കാരണം ഇന്ന് ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നു എന്നതിനാൽ. ഇന്നിതൊക്കെ ഓർക്കുമ്പോൾ ഒരു രസം, അന്നൊക്കെ ക്ലാസ്സിന്റെ ഇടവേളകളിൽ പെൺകുട്ടികൾ കൂട്ടമായി ഞങ്ങളുടെ ക്ലാസ്സിന്റെ വാതിൽക്കലൂടെ ചുറ്റാറുണ്ടായിരുന്നു അത്തരം സംന്ദർഭത്തിൽ അതിലെ പെൺകുട്ടികളുടെ പേർ ഞങ്ങളുടെ കൂട്ടുകാരുടെ പേരുമായി ചേർത്ത് തമാശപറയുമായിരുന്നു, അത്തരം ഒരു തമാശയാണ് എന്നെ മാനംകെടുത്തിയത്, അതിന് ശേഷം ഇത്തരം കാര്യത്തിൽ നിന്നും ഞാൻ മനപൂർവ്വം അകന്നു നിന്നു……കോളേജിൽ പഠിക്കുമ്പോൾ കുറച്ച് മാറ്റങ്ങൾ ഉണ്ടായെങ്കിലും സ്ത്രീയിൽ നിന്നും ഒരകലം ഞാൻ സൂക്ഷിച്ചിരുന്നു, ഇപ്പോൾ രാധികയാണ് ആ അകലം ആദ്യമായി പൊട്ടിച്ചെറിഞ്ഞത്.

അന്ന് ഓഫീസിൽ എത്തിയിട്ടും എന്റെ ചിന്ത അവളെക്കുറിച്ചായിരുന്നു, രാധിക ഇന്ന് ക്യാമ്പിൽ വരണം എന്ന് പറഞ്ഞത് എന്തിനായിരിക്കും. പെട്ടന്ന് വൈകുന്നേരമാകാൻ ഞാൻ പ്രാർത്ഥിച്ചു. വൈകിട്ട് വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ സുരേഷും കൂടുണ്ടായിരുന്നു, ഇവനെ എങ്ങനെ ഒഴിവാക്കും എന്നതായി അടുത്ത ചിന്ത അവസാനം ഒരുപായം കണ്ടുപിടിച്ചു, സബ്ജീ വാങ്ങണം എന്ന് പറഞ്ഞ് ഒഴിവാകാം പക്ഷെ പിന്നെയും ഒന്നര മണിക്കൂർ വേണം അവൾ എത്താൻ. അവസാനം ഞാൻ തീരുമാനിച്ചു റൂമിലേയ്ക്ക് പോകുക, അവിടുന്ന് ഏഴ്മണി ആകുമ്പോൾ ക്യാമ്പിലേയ്ക്ക് നടന്ന് പോകാം എകദേശം രണ്ട് കിലോമീറ്റർ ദൂരമെ കിംഗ്സ്വേ ക്യാമ്പിലേയ്ക്ക് ഉണ്ടായിരുന്നുള്ളു.

ബസ്സിൽ വലിയതിരക്കൊന്നുമില്ലായിരുന്നു,ഞങ്ങൾ രണ്ടും ഡക്കയിൽ തന്നെ ഇറങ്ങി, സുരേഷ് നിർബന്ധിച്ചപ്പോൾ അവന്റെ കൂടെ അവരുടെ റൂമിൽ പോയി. ഏതോ ഒരു ചൌഹാൻ ആയിരുന്നു വീടിന്റെ ഉടമ, അശോകന്റെ കടയിൽ നിന്നും അധികം ദൂരെ ആയിരുന്നില്ല ആ വീട്. ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തുകയറി ഒന്നാം നിലയി ആയിരുന്നു സുരേഷും പെങ്ങന്മാരും താമസിച്ചിരുന്നത്. ഒരു വലിയ മുറി അതിൽ തന്നെ ആയിരുന്നു പാചകം ചെയ്തിരുന്നതും. അതിൽ രണ്ട് കട്ടിൽ ഉണ്ടായിരുന്നു പിന്നെ ഇരിക്കാൻ രണ്ട്കസേരയും നടുക്കായ് ഒരു ടീപ്പോയും. അന്നത്തെ എന്റെ കാഴ്ച്ചയിൽ തരക്കേടില്ലാത്ത ചുറ്റുപാട്. ചേച്ചിമാരെത്താൻ ഇനീയും സമയമെടുക്കും, സുരേഷ് കാപ്പിക്ക് വെള്ളം വച്ചു.

റൂമിന്റെ പുറത്തെ ചുറ്റുപാടുകൾ ഒക്കെ നോക്കി, അവരുടെ റൂമിന്റെ എതിർവശത്ത് രണ്ട് റൂം, അതുകൂടാതെ ഒരു റൂം കൂടെ അവിടുണ്ടായിരുന്നു. സുരേഷിന്റെ മിറിയുടെ എതിർവശത്ത് മൂന്ന് മലയാളികൾ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവർ വന്നു, ബിജു, ബേബി, ബിജു. മൂന്ന് പേരും മുഖർജി നഗറിൽ അവരുടെ ബന്ധുവിന്റെ പ്രസ്സിലും മറ്റുമായി ജോലി നോക്കുന്നു. അവരെ പരിചയപ്പെട്ടു, യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു.

മനസ്സിന് നല്ല കുളിർമ്മ തോന്നി പുതിയ പുതിയ ബന്ധങ്ങൾ, അവിടെ ജീവിച്ച ഓരോ ദിവസവും എനിക്ക് ഓരോ പുതിയ അറിവിന്റെ അദ്ധ്യായങ്ങൾ ആയിരുന്നു സമ്മാനിച്ചത്. ഡോർ തുറന്ന് ഞാൻ അകത്തുകയറി, ഉണ്ണിച്ചേട്ടനും എത്തിയിട്ടില്ല സുന്ദരനൊക്കെ എത്തുമ്പോൾ ഏഴരകഴിയും, ഞാൻ ഡ്രസ്സ് മാറി അടുക്കളയിലേയ്ക്ക് നടന്നു. പാത്രങ്ങൾ എടുത്ത് പുറത്ത്‌വച്ചു പിന്നെ ബക്കറ്റിൽ വെള്ളം പിടിച്ചുകൊണ്ടുവന്ന് ചോറ് വയ്ക്കാനുള്ള പാത്രവും മറ്റും കഴുകി എടുത്തു. സ്റ്റൌവ്വിൽ മണ്ണണ്ണ നിറച്ചു പമ്പ്ചെയ്തു. തീജ്വാല നീലിച്ച് തുടങ്ങിയപ്പോൾ അരി ഇട്ട ചരുവം അടുപ്പിലേയ്ക്ക് മാറ്റി, പിന്നെ ബാക്കി പാത്രം എല്ലാം കഴുകിവച്ചു, കറിക്കുള്ള പരിപാടി അവന്മാരൂടെ വന്നിട്ടാകാം എന്ന് തീരുമാനിച്ചു.

കുളികഴിഞ്ഞ് എത്തുമ്പോഴേയ്ക്കും അരി വേവായിരുന്നു, പിന്നെ കുറച്ച് നേരം കൂടി തിളപ്പിച്ച് അടച്ചിട്ടു. ഏകദേശം ഏഴ് മണിആയപ്പോൾ ഞാൻ എല്ലാപണികളും ഒതുക്കി ഡ്രസ്സ് ചെയ്ത് ക്യാമ്പിലേയ്ക്ക് തിരിച്ചു. ഉണ്ണിച്ചേട്ടൻ വഴിയിൽ വച്ച് കണ്ടാൽ എവിടെ പോകുന്നു എന്ന് തിരക്കും, എന്തെങ്കിലും കള്ളത്തരം പറയണം എന്ന് തീരുമാനിച്ചു. ഭാഗ്യം എന്റെ കൂടെ ആയിരുന്നതിനാൽ വഴിയിൽ പരിചയക്കാരെ ആരെയും കണ്ടില്ല. ജൂസ്കടയുടെ വാതിൽക്കൽ അല്പം മാറിഞാൻ കാത്തുനിന്നു. ഇന്നത്തെപോലെ മൊഫേൽ ഒന്നും അന്നില്ലല്ലോ, അതൊക്കെ വൻ കക്ഷികളുടെ പക്കലെ അന്നുണ്ടായിരുന്നുള്ളു. ലോകത്തിലേയ്ക്കും ഏറ്റവും ബുദ്ധിമുട്ട്പിടിച്ചപണിയാണ് കാത്ത് നിൽപ്പ് എന്ന് മനസ്സിലായി അതും ഒരു കാമുകന്റെ റോളിൽ ആകുമ്പോൾ അത് ‘ഫീകരവും, ഫീബത്സവും ‘ ആകും. അജാദ്പൂർ സൈഡിൽ നിന്നും വരുന്ന വണ്ടികൾ കാണുമ്പോൾ ആകാംഷകൊണ്ട് എന്റെ കണ്ണുകൾ വികസിക്കും, അവൾ ആ വണ്ടിയിലും ഇല്ല എന്ന് അറിയുമ്പോൾ ശ്ശോ വേണ്ടായിരുന്നു എന്ന് തോന്നും. ദൂരെ തിരക്കിനിടയിലൂടെ അവൾ നടന്നുവരുന്നത് ഞാൻ കണ്ടു……
എന്റെ ഹൃദമിടിപ്പിന്റെ വേഗത കൂടിവന്നു..

7 comments:

വെള്ളത്തൂവൽ said...

നിന്റെ അച്ഛനോട് ഞാൻ പറയാം നിന്നെ പെണ്ണ് കെട്ടിക്കാൻ. ഇത്തിരിയില്ലാത്തവന്റെ ഒക്കെ കൈയ്യിലിരിപ്പ് കൊള്ളാം

ഹന്‍ല്ലലത്ത് Hanllalath said...

കുറെ വായിക്കാനുണ്ട്.
ആദ്യം മുതല്‍
വായിച്ച് തുടങ്ങുന്നു.
:)

(അക്ഷരത്തെറ്റുകള്‍ കുറെ ഉണ്ട് കേട്ടൊ )

വെള്ളത്തൂവൽ said...

@hAnLLaLaTh
പുതിയ പോസ്റ്റുകളിൽ ടൈപ്പിംഗ് മിസ്റ്റേക്ക് ഒഴിവാക്കാൻ ശ്രമിക്കാം, പ്രൂഫ്രീഡിംഗ് ഇല്ലാത്തതിനാൽ സംഭവിക്കുന്നു. സോറി അക്ഷരതെറ്റുകൾ നല്ലവായനയിലെ കല്ലുകടിയാണ് മനസ്സിലാക്കുന്നു. വായനയ്ക്കും വിമർശനങ്ങൾക്കും നന്ദി, വീണ്ടും വരുക

jyo.mds said...

ഒന്നാമത്തെ പോസ്റ്റ് മുതല്‍ വായിച്ചു തുടങ്ങി-ഇവിടം വരെയെത്താന്‍ കുറച്ചു കാലമെടുക്കും-ഒരു നോവല്‍ പോലെ-വിവരണം നന്നായിട്ടുണ്ട്.

വെള്ളത്തൂവൽ said...

@jyo,
എന്നെ വായിക്കാൻ സമയം കണ്ടെത്തുന്നതിന് നന്ദി.

ദിവാരേട്ടN said...

പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുന്നതിലുള്ള കാലതാമസം കുറയ്ക്കാന്‍ നോക്കണം. continuity നഷ്ടപ്പെടുന്നു. നല്ല ശൈലി...

വെള്ളത്തൂവൽ said...

ദിവാരേട്ടാ,
ജോലിത്തിരക്ക് കാരണം കൃത്യമായ അകലം സൂക്ഷിക്കാൻ കഴിയുന്നില്ല, ജോലി അല്ലെ പ്രധാനം. എങ്കിലും അധികം കാലവിളം‌മ്പം ഇല്ലാതെ പോസ്റ്റാൻ ശ്രമിക്കാം, വായനയ്ക്കും അഭിപ്രായത്തിനും നന്ദി