Monday, April 12, 2010

മരിക്കാത്ത ഓർമ്മകൾ-29

അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കുറച്ചുനേരം വിശ്രമിച്ചു. ശരീരമാസകലം ഒരു തരിപ്പ്, ഒരു വിറയൽ, എന്റെ കയ്യിൽ കാപ്പിതിളപ്പിക്കാൻ എടുത്ത സോസ്പാൻ, ഒന്ന് കെട്ടിപ്പിടിച്ച് ആ ചുണ്ടുകളിൽ ഒരുമുത്തം നൽകണം എന്ന് മനസ്സ് പറഞ്ഞെങ്കിലും, അകത്ത് ഉറങ്ങിക്കിടക്കുന്ന അസുരന്റെ മുഖം മനസ്സിൽ തെളിഞ്ഞു. അവൾ അകന്ന് മാറി പിന്നെ പുഞ്ചിരിച്ചു

“വൈകിട്ട് ക്യാമ്പിൽ വരാമോ ? “
“എപ്പോൾ ? “
“ഏഴരയ്ക്ക് ജൂസ് കടയുടെ അടുത്ത് നിന്നാൽ മതി”
“ഉം”
“എന്നാൽ ഞാൻ ഇറങ്ങുന്നു “

അവൾ എന്റെ കവിളിൽ നുള്ളി, ഈശ്വരാ ഇപ്പോൾ ഞാൻ കാമുകിയും അവൾ കാമുകനും എന്ന രീതിയിലായല്ലോ കാര്യങ്ങൾ, ഞാൻ അവളെ വാതിൽ വരെ പിന്തുടർന്നു. അവൾ കൈവീശികാട്ടി നടന്നകന്നു കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ അവിടെതന്നെ നിന്നു. പഠിക്കുന്ന കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു ഒരു പെണ്ണിനോട് മിണ്ടാനും, ശൃങ്കരിക്കാനും ഒക്കെ, പക്ഷെ പെണ്ണിനെ കാണുമ്പോൾ ചങ്കിനകത്ത് ഒരു കാളൽ, ഒരു ധൈര്യമില്ലായ്മ അത് ഇന്നും എന്നെ പിന്തുടരുന്നു എന്ന്ഞാൻ മനസ്സിലാക്കിയിരുന്നു (ഈ സംഭവങ്ങൾ നടക്കുന്ന കാലം). അതുകൊണ്ട്തന്നെ തമാശുകൾ പറഞ്ഞ് സ്ത്രീകൾക്കിടയിൽ ശ്രദ്ധനേടാൻ ചില അവസരങ്ങളിൽ എങ്കിലും ഞാൻ ശ്രമിച്ചിരുന്നു.

ബാല്ല്യത്തിൽ ഞങ്ങളുടെ കളിക്കൂട്ടുകാർ എല്ലാം തന്നെ ആൺകുട്ടികൾ ആയിരുന്നു. ഒരു ബാച്ച് എല്ലാവരും ആൺകുട്ടികൾ ഞങ്ങളുടെ അയൽക്കാരിൽ ആരും തന്നെ ഞങ്ങളുടെ സമപ്രായക്കാരായ പെൺകുട്ടികൾ ഇല്ലായിരുന്നു ഒന്നുകിൽ ഞങ്ങളേക്കാൾ മുതിർന്നവർ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികൾ ഇതാവാം എന്റെ സ്വഭാവത്തിലെ ഈ പേടിക്ക് കാരണവും. പിന്നെ മനസ്സിനെ ഉലച്ച മറ്റൊരു സംഭവവും എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായി.

ഞാൻ അന്ന് എട്ടാംതരത്തിൽ പഠിക്കുന്നകാലം. ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലായിരുന്നു എന്റെ സ്കൂൾവിദ്യാഭ്യാസം. അയൽപ്പക്കത്ത് ഉള്ളവർ തന്നെ ആയിരുന്നു സ്കൂളിലെ അദ്ധ്യാപകരിൽ അധികവും. ഇക്കാരണത്താൽ തന്നെ സ്കൂളിലെ സംഭവങ്ങൾ ക്ഷണനേരത്തിൽ വീട്ടിൽ എത്തുമായിരുന്നു. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്നത് ബാലൻപിള്ള സാർ അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും അദ്ധ്യാപിക ആയിരുന്നു. എന്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് സാറിന്റെ വീട്. അഞ്ച് ബഞ്ച്‌വീതം രണ്ട് റോകളിൽ ആയിട്ടാണ് ക്ലാസ്സ്റൂം, ഒരു ഭാഗത്ത് പെൺകുട്ടികളും മറുഭാഗത്ത് ആൺകുട്ടികളും എല്ലാവരും ഒരേഗ്രാമത്തിലുള്ളവർ, മിക്കവാറും എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു, പഠനകാര്യത്തിലെ എന്റെ ശുഷ്ക്കാന്തികൊണ്ട് പിറകിലെ സീറ്റിൽ ഇരിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കിയിരുന്നില്ല. പൊന്നമ്മടീച്ചറിന്റെ ക്ലാസ്സിലും, ബാലൻപിള്ള സാറിന്റെ ക്ലാസ്സിലും മുൻസീറ്റിൽ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ പാഠങ്ങൾ പഠിക്കാതിരിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ അതിനായി ശ്രമിച്ചിരുന്നു.

ഒരു അപകടത്തിൽ പെട്ട് ബാലൻപിള്ളസാർ ഹോസ്പിറ്റലൈസ്ഡ് ആയപ്പോൾ അദ്ദേഹത്തിന്റെ ക്ലാസ്സ് സമയത്ത് മിക്കവാറും ഞങ്ങൾക്ക് ഡ്രില്ല് ആയിരിക്കും. സ്കൂൾഗ്രൌണ്ടിൽ ഓടിനടക്കുക മറ്റുകുട്ടികളുമായി അടിയിടുക ഇതൊക്കെ ആയിരുന്നു ഞങ്ങൾക്ക് ഡ്രിൽ. അങ്ങനെ ഒരു ദിവസം ഡ്രിൽമാഷ് ക്ലാസ്സിൽ വന്ന ഉടനെ ഹെഡ്മാസ്റ്ററുടെ ഓഫീസിൽ നിന്നും പ്യൂൺ ഒരു ലെറ്ററുമായി വന്നു. ഡ്രിൽമാഷ് എന്റെ പേർ വിളിച്ചു, എനിക്ക് വിശ്വാസം വന്നില്ല കാരണം തികച്ചും അപ്രശസ്തനായ എനിക്ക് ഒരു നോട്ടീസ്സ് അതിലെന്തോ പന്തികേടുള്ളതുപോലെ എനിക്ക് തോന്നി. ഞാൻ പ്യൂൺ മണിയൻപിള്ളയ്ക്കൊപ്പം ഹഡ്മാസ്റ്ററുടെ റൂം ലക്ഷ്യമാക്കി നടന്നു. അകലം കുറയുംതോറും എന്റെ ശരീരത്തിന് നേരിയ വിറയലും, ആകെ ഒരു അസ്വസ്ഥതയും, വരാൻ പോകുന്ന ഏതോ വിപത്തിന്റെ മുന്നറിയിപ്പായി എനിക്ക് തോന്നി.

ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നാണ് സ്റ്റാഫ്റൂം, ക്ലാസില്ലാത്ത അദ്ധ്യാപകർ എല്ലാവരും അവിടെ കാണും, പല അദ്ധ്യാപകരും എന്നെ ശ്രദ്ധിച്ചു, ഹെഡ്മാസ്റ്ററുടെ മുറിയിൽ ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു ഷീല, എന്നെക്കണ്ടപ്പോൾ അവൾ മുഖം വെട്ടിച്ചു, എനിക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല പക്ഷെ ഒന്നുറപ്പായിരുന്നു എന്തോ സീരിയസ് സംഭവം നടന്നിട്ടുണ്ട്, അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

“ഇതാണോ നിന്റെ പേർ”
അദ്ദേഹം എന്റെ പേര് വിളിച്ചു. ഞാൻ അല്പം ഭയത്തോടെ അതെ എന്നുപറഞ്ഞു
“ഈ കുട്ടിയെ നീ അറിയുമോ”
“ഉവ്വ്”
“എങ്ങനെ ?”
അവൾ രൂക്ഷമായി എന്നെ നോക്കി
“എട്ട് ബീയിൽ പഠിക്കുന്ന കുട്ടിയാണ് ഷീല”
“നിനക്ക് പടം വരയ്ക്കാൻ അറിയാമോ ?”
“ഇല്ല..”
“ഇല്ലെ..? കള്ളം പറയുന്നോടാ “

കാഥികൻ പ്രൊഫസർ സാംബശിവനെ നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ, അദ്ദേഹത്തിന്റെ അയിഷ എന്ന കഥയിൽ അദ്രമാന് അരിശം കേറുമ്പോൾ അയിഷയെ വിളിക്കില്ലെ അതേ സ്വരവും, രൌദ്രവും, ഒരാക്രോശത്തോടെ അദ്ദേഹം സീറ്റിൽ നിന്നും ചാടി എണീറ്റു. എന്റെ സകല കൺട്രോളും പോയി. ഈശ്വരാ വെളുപ്പാംകാലത്ത് വിളിച്ച് വരുത്തി ആളെ വിരട്ടുകയാണല്ലോ എന്ന് വിചാരിക്കുമ്പോൾ ആണ് ഇടിവാൾ പോലെ അടുത്തചോദ്യം

“നീ ഇവളുടെ പടം വരച്ചോ ?”

ഇപ്പോൾ ശരിക്കും ഞാൻ പേടിച്ചു കാരണം പടം വരയ്ക്കുന്ന കാര്യത്തിൽ എന്നേക്കാൾ ഭേദമാണ് എം.എഫ്. ഹുസൈൻ ,(ആശയമോ, രാഷ്ട്രീയമോ അല്ല ഞാനുദ്ദേശിച്ചത് പടത്തിന്റെ സൌന്ദര്യമാണ്) കാരണം വരയ്ക്കാൻ പോയിട്ട് നേരെചൊവ്വേ എഴുതാൻ പോലും അന്ന് എനിക്കറിയില്ലായിരുന്നു.വരച്ചില്ല എന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ് അടുത്തചോദ്യം വന്നു

“ഇവളുടെ പടം വരച്ച് അതിൽ ഭാഗങ്ങൾ അടയാളപ്പെടുത്തി എന്ന് ഇവളുടെ പരാതികിട്ടിയല്ലോ”

സ്വതവേ അല്പം തള്ളിയ എന്റെ കണ്ണ് വീണ്ടും തള്ളി, എന്തര് , പടം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി എന്നോ? അങ്ങനെ വരുമ്പോൾ വരച്ചപടത്തിന്റെ നൂഡിറ്റി മനസ്സിൽ വന്നു, ഛെ….അങ്ങനെ വരയ്ക്കുമോ ഏയ്….. എപ്പോൾ വരച്ചെന്നോ എങ്ങനെ വരച്ചെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ ആ ഇല്ലാത്തപടത്തിന്റെ പിതൃത്വം എന്റെ തലയിൽ വന്നുവീണു അല്ലെങ്കിൽ എന്റെ പേരിലാക്കി എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസ്സിലായില്ല ഏത് പടം എന്ന്, തമാശയ്ക്കായ്പോലും പടം വരയ്ക്കുന്ന സ്വഭാവമോ ശീലമോ എനിക്കില്ലായിരുന്നു.. പിന്നെ എങ്ങനെ ഈ പടം പിറവികൊണ്ടു എന്ന് എനിക്ക് മനസ്സിലായില്ല, കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തിയിലൂടെ മനസ്സ് സഞ്ചരിച്ചുതുടങ്ങി അപ്പോൾ ഉഗ്രരൂപം പൂണ്ട പ്രധാന അദ്ധ്യാപകൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. കയ്യിൽ ചൂരൽ വടികൾ ഒന്നല്ല നാലെണ്ണം, ഞാൻ നിസഹായനായി നിന്നു. അപ്പുറത്ത് സ്റ്റാഫ് റൂമിൽ നിന്നും പരിചയമുള്ളതലകൾ പാർട്ടീഷന് മുകളിലൂടെ എന്നെ ഉഴിഞ്ഞു കൊള്ളമല്ലോ ഈ ഉണ്ണി എന്ന മട്ടിൽ. മന്തൻ ബാലകൃഷ്ണൻ എന്നായിരുന്നു ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്, വൽതുകാലിൽ ഒരു ഉണ്ണിമന്ത് ഉണ്ടായിരുന്നു എന്നത് സത്യവുമായിരുന്നു.

“സാർ ഞാനാരുടേയും പടം വരച്ചില്ല”
“ഇല്ല സാർ ഈ കുട്ടി വരച്ചു, സുധയാണ് പറഞ്ഞത് അവൾ കണ്ടതാണ് ആ പടം”

അവളുടെ വാക്കുകൾ ഇടിവെട്ടേറ്റവനെപോലെ ഞാൻ കേട്ടു,…………

4 comments:

വെള്ളത്തൂവൽ said...

അവളുടെ വാക്കുകൾ ഇടിവെട്ടേറ്റവനെപോലെ ഞാൻ കേട്ടു,…………

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

ramanika said...

nannayi!
happy vishu

വെള്ളത്തൂവൽ said...

നിയ, രമണിക അഭിപ്രായത്തിന് നന്ദി, വീണ്ടും വരുക