Monday, March 15, 2010

മരിക്കാത്ത ഓർമ്മകൾ-27

അല്പം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു, ചോട്ടു ചായയുമായി എത്തിയതായിരുന്നു, ചായയുടെ കെറ്റിലും പിന്നെ കുറച്ച് കപ്പും അവൻ എന്റെകയ്യിൽ തന്നു. ചായ ഏത് അളവിൽ പകർന്നു നലകണം എന്ന് സുരേഷ് പറഞ്ഞുതന്നു അതായത് 1ബൈ 2 അല്ലെങ്കിൽ 3 ബൈ 4, എന്നിങ്ങനെ പോകുന്നു കണക്ക് ചുരുക്കിപ്പറഞ്ഞാൽ ഒരു ചായ തികച്ച് കിട്ടില്ല എന്ന്, നാട്ടുഭാഷയിൽ പറഞ്ഞാൽ തൊണ്ട നനയ്ക്കാൻ അല്പം ചായേന്റെ വെള്ളം അത്രയ്ക്ക് വിചാരിച്ചാൽ മതി. ശർമ്മാജിയുടെ ചായ വളരെ സ്വാദുള്ളതായിരുന്നു. പഴയ കമ്പനിയിലെ ചായ ഇതിന്റെഏഴയലത്തുവരില്ല എന്ന് ഭാഷ്യം. അന്ന് ഞങ്ങൾ വെറും ലേബർ ആയിരുന്നല്ലോ ഇപ്പോൾ അല്പം കൂടെ മെച്ചപ്പെട്ട ജോലിയും, ജീവിതനിലവാരവും (ഓഫീസിൽ മാത്രം) ഇഞ്ചി ഇട്ട് ഉണ്ടാക്കിയ ചായ ആയിരുന്നു അതിൽ പാലിന്റെ അളവും കൂടുതൽ ഉണ്ടായിരുന്നു അതിന്കാരണം ഞങ്ങളുടെ കിളവൻ തന്നെ ആയിരിക്കും. പിന്നീടുള്ള ദിവസങ്ങൾ വളരെ രസകരമായിരുന്നു, ജോലി സംബന്ധമായ കാര്യങ്ങൾ പഠിക്കാനുള്ള ഒരവസരവും ഞാൻ പാഴക്കിയില്ല സുരേഷും മറ്റുള്ളവരും എന്നെ സഹായിക്കുകയും, അവരുടെ അനുഭവങ്ങൾ പകർന്നു നൽകുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്തിരുന്നില്ല. ചായ വാങ്ങലും, ടേബിൾ ക്ലീൻ ചെയ്യുന്നതും ഇപ്പോൾ മിക്കവാറും എന്റെ പണിതന്നെയായി അതിൽ എനിക്ക് നാണക്കേട് ഒന്നും തോന്നിയതുമില്ല, സാവധാനം ഹിന്ദി എനിക്ക് വഴങ്ങിത്തുടങ്ങി……

റൂമിൽ ഞങ്ങൾ എല്ലാവരും സന്തോഷവാന്മാരായിരുന്നു, സുശീലനും സുന്ദരനും അവരവരുടെ ട്രേഡിലേയ്ക്ക് ഒരുമാറ്റത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. രാധികയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും കാര്യമായി സംസാരിക്കാനുള്ള അവസരം ഒന്നുമില്ലായിരുന്നു. ഉണ്ണിച്ചേട്ടന് പുതിയ പണി ശരിയായപ്പോൾ ജീവിത സ്റ്റൈലും മാറി. ആശചേച്ചി ഞങ്ങളുടെ റൂമിൽ സ്ഥിരം വരുമായിരുന്നു.അവരുടെ ബന്ധം ഏതുരീതിയിൽ പുരോഗമിക്കുന്നു എന്ന് ഞങ്ങൾ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ഉണ്ണിച്ചേട്ടൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് കേട്ടു. വളരെ നാളുകൾക്ക് ശേഷം ആണ് രാധികയുമായി അടുത്ത് സംസാരിക്കൻ ഒരു അവസരം കിട്ടുന്നത് അന്ന് രാധികയും രമണിയും ഒരുമിച്ച് ഞങ്ങളുടെ റൂമിൽ എത്തി ഉണ്ണിച്ചേട്ടൻ പുറത്ത് പോയിരിക്കുകയായിരുന്നു ഞങ്ങൾ മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളു.
“അല്ല ഇതാര് രാധികയോ, ചേച്ചിയും ഉണ്ടല്ലോ കൂടെ “
ഡോർ തുറന്ന് ഇട്ടിരുന്നതിനാൽ ദൂരെ നിന്നും അവർവരുന്നത് കാണാമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് രണ്ടുപേരും അകത്തേയ്ക്ക് കയറി, കട്ടിലിൽ ഇരുന്നു.
“എങ്ങനെയുണ്ട് ജീവിതം ഒക്കെ”
“ഓ.. ഇങ്ങനെ പോകുന്നു പിന്നെ ഇവന് ശക്തിനഗറിൽ പണി ശരിയായി “
“ആണോ…..”
രാധിക എന്നെ നോക്കി ചിരിച്ചു
“എന്നാൽ ചിലവ് ചെയ്യണം “
“തീർച്ചയായും ആദ്യ ശമ്പളം കിട്ടട്ടെ..”
കട്ടിലിന്റെ ഒരറ്റത്ത് ഞാനിരുന്നു ഞാനിരുന്നതിന്റെ അടുത്താണ് രാധിക ഇരുന്നത് തിരിച്ചായലും അങ്ങനെ തന്നെ. സുശീലനും സുന്ദരനും രമണിയുമായി സംസാരിച്ചിരുന്നു അപ്പോൾ രാധിക ബാഗിൽ നിന്നും രണ്ട് ആൽബം പുറത്തെടുത്ത് ഒരെണ്ണം സുന്ദരന്റെ കയ്യിൽ കൊടുത്തു ഒരെണ്ണം എന്റെ കയ്യിലും
“ഞങ്ങൾ കമ്പനിയിൽ നിന്നും ടൂർ പോയപ്പോൾ എടുത്തതാണ്”
“നോക്കട്ടെ ആരൊക്കെയാണെന്ന് പറഞ്ഞ്തരണം”
അവൾ എന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിയിരുന്നു, ഞാൻ മിഴികൾ പിൻവലിച്ച് ആൽബം തുറന്നു, രാധികയും അവളുടെ കൂട്ടുകാരികളുമായി പലപോസ്സിൽ നിൽക്കുന്ന ഫോട്ടോകൾ അവൾ എല്ലാവരുടേയും പേരും ജോലിയും പറഞ്ഞുകൊണ്ടിരുന്നു, ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവരുന്നത് ഞാൻ അറിഞ്ഞു. അവളുടെ കൈ എന്റെ ചുമലിൽ തട്ടുന്നുണ്ട്, ഒരിളം ചൂട് ശരീരത്തിൽ പടർന്നു… എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഫോട്ടോയിൽ അവളരെ സുന്ദരിയായ ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കണ്ടു അവളെക്കുറിച്ച് ഞാൻ ചോദിച്ചു.
“ഇത് ഗുഡിയ എന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി”
“കാണാൻ നല്ല ഭംഗിയുള്ള കുട്ടി “
സുന്ദരന്റെ കണ്ണ് ആൽബത്തിൽ നിന്നും വഴുതി ഞങ്ങളുടെ ഭാഷണത്തിൽ വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ വളരെ ശ്രദ്ധിച്ചാണ് ഇരുന്നത്.
“ഉം…. എന്താ ആ ലോചിക്കട്ടെ…”
ഞാൻ അവളെ മുഖമുയർത്തി നോക്കി.., ശരിക്കും പറഞ്ഞാൽ ആ കുട്ടിയുടെ സൌന്ദര്യം എന്നെ വല്ലാതെ ആകർഷിച്ചു.
“ഒന്ന് മുട്ടി നോക്കിയാലോ “
ഒരു തമാശയ്ക്കായി ഞാൻ പറഞ്ഞു, അവൾ ചിരിച്ചു
“മൂന്ന് ആങ്ങളമാരുടെ ഒറ്റപെങ്ങളാ….”
അതിലെ തമാശ ഞാൻ ആസ്വദിച്ചു
“അത് സാരമില്ല, താൻ ഒന്ന് പരിചയപ്പെടുത്തി താടോ “
ഞാൻ അലമാരിയിൽ നിന്നും ബാഗ് എടുത്ത് തുറന്നു, അതിൽ നിന്നും ഡയറി എടുത്ത് അതിലെ ഒരു പേയ്പ്പറിൽ മേം ആപ് സെ പ്യാർ കർത്താഹും എന്ന് ഇടത്തുനിന്നും വലത്തോട്ട് എഴുതികാണിച്ചു (പണ്ട് ഹിന്ദിയിലെ അത്യാവശ്യ പ്രയോഗങ്ങൾ പഠിച്ചത് ഉപകരിച്ചു)
“ഇത് തന്റെ കൂട്ടുകാരിക്ക് കൊടുക്ക്”
രാധിക ആ പേയ്പ്പർ വാങ്ങി നോക്കി അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ അത് രമണിയുടെ കയ്യിൽ കൊടുത്തു അവർ അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി ഒന്നും മനസ്സിലായില്ല, സുശീലനും സുന്ദരനും എല്ലാവരും വായിക്കാൻ ശ്രമിച്ചു ആർക്കും ഒന്നും മനസ്സിലായില്ല, അവൾ പേയ്പ്പർ തിരികെ തന്നു.
“ഇത് എന്താണെന്ന് വിചാരിച്ചാണ് ഞാൻ കൊടുക്കുന്നത് ? കയ്യിൽ തന്നെ വച്ചാൽ മതി… ഞാൻ ഇയാളെക്കുറിച്ച് പറഞ്ഞേക്കാം അതു പോരെ “
“പോരാ… ഇതുകൊടുക്കണം”
ഞാൻ രാധികയെ വിളിച്ചുകൊണ്ട് കിച്ചന്റെ ഭാഗത്തേയ്ക്ക് നീങ്ങിനിന്നു, പിന്നെ എഴുതിയ വശം ലൈറ്റിന് അഭിമുഖമായി പിടിച്ചു, മറുപുറത്തുനിന്നും ഞാൻ എഴുതിയത് അവൾ വായിച്ചു…… പിന്നെ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി
“ആള് കൊള്ളമല്ലോ…..”
“ഏയ് അങ്ങനൊന്നുമില്ല പഠിക്കുന്ന സമയത്ത് ചുമ്മാതെ എഴുതി നോക്കിയതാ”
“ഏതാ ഇതിൽ എഴുതിയിരിക്കുന്നതാണോ… “
“അയ്യോ അല്ല ഇടത്തുനിന്നും വലത്തോട്ട് എഴുതുന്നത്…”
“ഉം..”
അവൾ ഒന്നമർത്തി മൂളി, പിന്നെ രമണിയുടെ അടുത്തുപോയി ഇരുന്നു. സുശീലൻ അപ്പോൾ കട്ടൻ കാപ്പി ഉണ്ടാക്കിക്കൊണ്ട് വന്നു. എല്ലാവരും ഓരോ കപ്പ് എടുത്തു. കുറച്ച് നേരം കൂടെ വർത്തമാനം പറഞ്ഞിരുന്നു.
“രാത്രിയിൽ യാത്ര പറയാൻ പാടില്ലെന്നാണ്, ഒത്തിരി നേരമായില്ലെ വന്നിട്ട്, ഉണ്ണി വരുമ്പോൾ അന്വേഷിച്ചെന്ന് പറയുക”
“ശരി…”
അവർ പുറത്തേയ്ക്ക് നടന്നു ഞാൻ അവരെ അനുഗമിച്ചു., പടിപ്പുരയ്ക്കടുത്ത് എത്തിയപ്പോൾ രാധിക തിരിഞ്ഞ് എന്നേ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു
“അത് എനിക്കാണെന്ന് വിശ്വസിച്ചോട്ടെ…”
വെള്ളിടിവെട്ടിയപോലെ ഞാൻ നിന്നു……..

4 comments:

വെള്ളത്തൂവൽ said...

പടിപ്പുരയ്ക്കടുത്ത് എത്തിയപ്പോൾ രാധിക തിരിഞ്ഞ് എന്നേ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു
“അത് എനിക്കാണെന്ന് വിശ്വസിച്ചോട്ടെ…”
വെള്ളിടിവെട്ടിയപോലെ ഞാൻ നിന്നു……..
അമ്മച്ചിയാണെ ശരിക്കും ഇടിവെട്ടി....

ഒഴാക്കന്‍. said...

കഥ കൊള്ളാം എങ്കിലും എവിടെയോ ഒരു തുടര്‍ച്ച കിട്ടുന്നില്ല! അവന അങ്ങനെ പറഞ്ഞു എന്നതിന് പകരം ഇയാളുടെ കാഴ്ചപാടില്‍ ആവും ഒന്നുകൂടി ഭംഗി. തുടര്‍ന്നും എഴുതു!

വെള്ളത്തൂവൽ said...

പ്രിയ മിത്രം ഓഴക്കാൻ,
ഓഫീസിലെ സംഭവങ്ങളിൽ നിന്നും വ്യക്തിപരത്തിലേയ്ക്ക് പെട്ടന്നുള്ള സ്വിച്ചോവർ ആയിരിക്കാം തുടർച്ച ഇല്ലാതാക്കിയത്...., പിന്നെ ഇത് ഒരു ട്രൂ സ്റ്റോറി ആണ് അതിഭാവുകത്വം ഇല്ലാതെ എന്നെയും എന്റെ ഇന്നലകളുമാണ് ഇതിൽ പ്രതിപാതിക്കുന്നത് അതുകൊണ്ടുതന്നെ ഒരു കഥയുടെ ഇമ്പം, അവതരണം, വികാസം ഇന്നിവ ഒന്നിപ്പിക്കാൻ പാടാണ് ഇതിലെ പ്രധാന കഥാപാത്രം ഞാൻ തന്നെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയവരും അതിന്റെ ഭാഗമായവരും അവരുടെ രീതിയിൽ പറയട്ടെ എന്ന സമീപനമാണ് രചനയിൽ ഞാൻ സ്വീകരിച്ചത് അപൂർവ്വമായ് മാത്രമെ മൂന്നാമൻ കഥന ദൌത്യം ഏൽക്കുന്നുള്ളു അതും ചിലപ്പോൾ കഥയുടെ റെഗുലർ ഫ്ലോയെ ബാധിച്ചിരിക്കാം ഓഴക്കാന്റെ വിമർശനത്തെ, സ്നേഹത്തെ, പ്രോത്സാഹനത്തെ അതേ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നു വീണ്ടും വരുക

ഒഴാക്കന്‍. said...

ആ സ്പിരിറ്റ്‌ എനിക്ക് ഇഷ്ട്ടായി :)