Wednesday, March 18, 2009

മരിക്കാത്ത ഓർമ്മകൾ -2

-2-
എന്റെ ഹൃദയത്തുടിപ്പ് വേഗത്തിലായി, ഞാൻ ഇതിന് മുൻപ് ഒരിക്കൽ മാത്രമേ തീവണ്ടിയിൽ കയറിയിട്ടുള്ളു. കൊല്ലം വരെ യാത്രചെയ്ത പരിചയമേ പറയുവാനായുള്ളു. ദൂരെ നിന്നും തീവണ്ടിയുടെ ചൂളമടി കേട്ടു. ഞാൻ പോക്കറ്റിൽ പരതി, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പാക്കി, അല്പം നേരം കഴിഞ്ഞപ്പോൾ പുകതുപ്പിക്കൊണ്ട് രാജകീയഭാവത്തിൽ കേരള എക്സ്പ്രസ്സിന്റെ എഞ്ചിൻ ദൃശ്യമായി, പിന്നെ എല്ലാം….,
“ഏടാ ഒരു മിനിട്ട് മാത്രമാണ് ഇവിടെ നിർത്തുക, എത്രയും പെട്ടന്ന് അകത്ത് കയറാൻ നോക്കിക്കോണം “
പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, തിരക്ക് കുറവായതിനാൽ ഞങ്ങൾ എല്ലാവരും പെട്ടന്ന് തീവണ്ടിക്കുള്ളിൽ കയറിപറ്റി. അല്പനിമിഷം കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി…., സുശീലന്റെ കണ്ണുകൾ ഈറനായിരുന്നു, സുന്ദരനും ഞാനും വളരെ സന്തോഷവാന്മാർ ആയിരുന്നു…. അമ്മാവന്റെ വാക്കുകൾ കാതിൽ മുഴങ്ങി
“ എടാ പൂഹെ, വല്ല്യ പണക്കാരനായി വരുമ്പോൾ ഞങ്ങളെ ഒക്കെ മറക്കുമോ “
പുറത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു….,
“നിങ്ങൾ അവരവരുടെ ബാഗുകൾ ഒക്കെ സൂക്ഷിച്ച് വയ്ക്കുക”
തന്റെ ബാഗ് ബർത്തിൽ വയ്ക്കുന്നതിനിടയിൽ ചേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു,
അപ്പാപ്പിയുടെ കടയിൽ നിന്നും വാങ്ങിയ ബാഗ് ഞാൻ വളരെ ശ്രദ്ധയോടെ സീറ്റിന്റെ കീഴിൽ വച്ചു.സുന്ദരനും സുശീലനും അവരുടെ ബാഗും സുരക്ഷിതമാക്കി. പിന്നെ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ സ്ഥാനം പിടിച്ചു.
പുറത്ത് ഓടിമറയുന്ന കാഴ്ച്ചകൾ, സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി വടക്കോട്ട് കുതിച്ചു.ഏകദേശം മൂന്ന് മണി ആയപ്പോൾ ചേട്ടൻ വിളിച്ചു

‘വിശക്കുന്നുണ്ടോടാ…”
“ഏയ്..,ഇല്ല…”
“എനിക്ക് വിശക്കുന്നുണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം, നിങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് കാന്റീനിൽ നിന്നും വാങ്ങാം “
“ഇല്ല ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..”
“എന്നാൽ എടുക്ക്”
ഞങ്ങൾ പോളിബാഗിൽ കരുതിയിരുന്ന ചോറുപൊതി പുറത്തെടുത്തു, സീറ്റിൽ പത്രം നിവർത്തി അതിൽ ചോറ് പൊതി വച്ചു, പിന്നെ ഓരുരുത്തരായി ബോഗിയുടെ പിറകിലുള്ള ടോയിലറ്റിലേയ്ക്ക് നടന്നു. കൈകഴുകയ ശേഷം ഞങ്ങൾ സീറ്റിൽ എത്തി.പൊതി തുറന്നു, എന്റെ പൊതിയിൽ കുത്തരി ചോറും പിന്നെ വഴന ഇലയിൽ പൊതിഞ്ഞുവച്ച കറികളും, കാള ഇറച്ചിഉലർത്തിയത്, കരിമീൻ വറുത്തത്, ആഡംബരത്തിന്റെ മൂർത്ത ഭാവം, ഒരുകാര്യം എനിക്ക് ഉറപ്പായി അമ്മ ആരോടോ കടം വാങ്ങിയിരിക്കുന്നു. ടിക്കറ്റിന്റെ കാശ് പടിഞ്ഞാറേതിലെ ചേച്ചിയുടെ കൈയ്യിൽ നിന്നും വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതെ ഈ യാത്ര അമ്മയ്ക്ക് ഒരു ഭാരമാകാതിരുന്നാൽ മതിയായിരുന്നു. ഞാൻ അയച്ചുകൊടുത്തില്ലങ്കിൽ പാടത്ത് പണി എടുത്തുവേണം അമ്മയ്ക്ക് ഈ കടം ഒക്കെ വീട്ടാൻ., എനിക്ക് ഒരു വല്ലായ്ക തോന്നി,
“എടാ നീ എന്ത് സ്വപ്നം കാണുകയാ…, മനുഷ്യന് വിശന്നിട്ട് വയ്യ “
ചേട്ടൻ വളരെ ഉഷാറായിട്ട് പൊതി അഴിക്കുന്നു
“ആഹാ കരിമീനും, കാള‌ഇറച്ചിയും… സംഗതി കൊള്ളമല്ലോ , ആ ഇറച്ചി കുറച്ച് ഇങ്ങഓട്ട് തട്ടടേ..”
ഞാൻ കരിമീനും കുറച്ച് ഇറച്ചിയും ചേട്ടന്റെ ഇലയിൽ വച്ചു പിന്നെ കാച്ചുമോര് എടുത്ത് അല്പം ഒഴിച്ചു..
“ങാ.. മതി ഒത്തിരി ആയാൽ സീറ്റിലെല്ലാം ആകും, നിങ്ങള് തുടങ്ങ്.”
“ശരി ചേട്ടാ…”
ഞങ്ങൾ മൂന്നുപേരും ഊണ് കഴിക്കാൻ ആരംഭിച്ചു അപ്പോൾ സുന്ദരന്റെ വക കമന്റ്
“മക്കളെ നന്നായി കഴിച്ചോ ഇനി എത്ര നാൾ കഴിഞ്ഞാൽ ആയിരിക്കും ഇത്രയും നല്ല ഒരു ഊണ് കിട്ടുക.. തകർത്തോ “
“നിന്റെ കരിനാക്ക് വളയ്ക്കാതടാ “
എല്ലാവരും ചിരിച്ചു, ഊണ് കഴിഞ്ഞ് കൈ കഴുകി ഞങ്ങൾ വീണ്ടും പഴയപോലെ സീറ്റിൽ ചാരികിടന്നു, അപ്പോൾ വണ്ടി ഏറണാകുളം കഴിഞ്ഞിരുന്നു. ചേട്ടൻ ആരോടന്നില്ലാതെ പറഞ്ഞു
“ഇനി രണ്ട് ദിവസം ഈ ചൂടും തണുപ്പും കൊള്ളണം..”
ഞാൻ സുന്ദരനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു
“സുന്ദരാ, ഞാൻ ഒന്നു മയങ്ങാൻ പോകുകയ, എന്റെ ബാഗുകൂടെ ശ്രദ്ധിച്ചോണം കേട്ടോ”
പുറത്തുനിന്നുള്ള കാറ്റ് വളരെ കുളിർമ്മ ഉള്ളതായിരുന്നു., ജനാലയ്ക്ക് പുറത്തുള്ള കാഴ്ച്ചകൾ കണ്ട് ഞാൻ അങ്ങനെ ഇരുന്നു… നേരിയതോതിൽ എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ ഓർത്തു, അച്ഛന് ഇനീ പണിചയ്യാൻ ആവുകയില്ല.അനിയൻ മധ്യപ്രദേശിൽ നിന്നും തിരിച്ചുവന്നു, അവിടെ അവന് കാലവസ്ഥ പിടിക്കുന്നില്ല. ഇനീ എന്റെ ഊഴം കാലവസ്ഥ പിടിച്ചാലും ഇല്ലെങ്കിലും പിടിച്ചുനിന്നെ പറ്റു. ഒന്നും അയച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും സ്വന്തം കാര്യത്തിനുള്ള പണം സ്വയം കണ്ടെത്തിയെ പറ്റു. ചിന്തകൾ മനസ്സിനെ മിധിച്ചുകൊണ്ടിരുന്നു. സുന്ദരന്റെ സ്സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“നീ എന്താ സ്വപ്നം കാണുകയാണോ “
“ഏയ് അല്ലടാ വീട്ടിലെ ഓരോ കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു “
“വിടടാ….അതൊക്കെ നേരെ ആകും”
“ശരി.. നോക്കാം”
സുന്ദരൻ, അവൻ ചിരിച്ചു… ഞാൻ അവനെ അത്ഭുതത്തോടെ നോക്കി ഇവന് എങ്ങനെ ഇത്ര സന്തോഷവാനായിരിക്കാൻ കഴിയുന്നു………………………..

1 comment:

jyo.mds said...

വായിക്കുന്നുണ്ട് കേട്ടോ