-1-
(എന്റെ പ്രവാസജീവിതത്തിലൂടെ, ഇത്തരം കാര്യങ്ങൾ കുത്തിക്കുറിച്ചിടാൻ ഞാൻ ഒരു മഹാനോ അറിയപ്പെടുന്ന ആളോ അല്ല, എങ്കിലും വെറുതെ കോറിയിടുന്നു ഒഴിവ് നേരങ്ങളിൽ)
മുത്തച്ഛിയുടേയും, മുത്തച്ഛന്റേയും കാൽതൊട്ട് വണങ്ങി, അമ്മയോടും അചഛനോടും യാത്രപറഞ്ഞ് ഇറങ്ങി.
“ഒന്ന് വേഗം ആകട്ടെ ട്രയിൻ കൃത്യസമയത്ത് തന്നെ എത്തും”
കൂട്ടുകാർ ധൃതിവച്ചു. പെട്ടന്ന് തന്നെ ബാഗ് തോളിൽ തൂക്കി ഞാൻ ഇറങ്ങി, എന്റെ പ്രവാസ ജീവിതം അവിടെ നിന്നും ആരംഭിച്ചു. വീട്ടിൽ നിന്നും ഏറെ ദൂരത്തെ യാത്രയുണ്ട് ബസ്റ്റോപ്പിലേയ്ക്ക്, ഒരു കുഗ്രാമം വികസനത്തിന്റെ നിഴൽ പോലുമേൽക്കാതെ നിൽക്കുന്ന ഗ്രാമം. വയലേലകളും, തെങ്ങിൻ തൽപ്പുമായി, എവിടെയും പച്ചപ്പ്. പുലർച്ചെ ദേവിക്ഷേത്രത്തിൽ നിന്നും ഉയരുന്ന ഗായത്രിമന്ത്രം, അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്, പിന്നെ കൂട്ടുകാരുമൊത്ത് അമ്പലകുളത്തിൽ ഒരു മുങ്ങിക്കുളി (കുറഞ്ഞത് മുക്കാൽ മണിക്കൂർ) അങ്ങനെ നാട്ടിൻ പുറത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നു കൂട്ടിന്. ജീവിക്കാൻ ഈ സൌഭാഗ്യം പോരാ എന്നതിരിച്ചറിവാണ് എന്നെ പ്രവാസത്തിന്റെ പടിക്കൽ എത്തിച്ചത്.,
“എടാ നീ സ്വപ്നം കണ്ടോണ്ട് നിൽക്കാതെ വേഗം വാ…”
വീണ്ടും സുഹൃത്തുക്കളുടെശകാരം, ശരിയാണ് ഭാരത് റെയിൽവേ എനിക്കായി വെയിറ്റ് ചെയ്യത്തില്ലല്ലോ. അവർക്കൊപ്പം നടന്നെത്തി, പാടത്തിന്റെ നടുവിലൂടെ ഒരു ബണ്ട്, തൈത്തെങ്ങ് വച്ച്പിടിപ്പിച്ചിരിക്കുന്ന അത് ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാനുള്ള എളുപ്പ വഴിയാണ്. അത് അവസാനിക്കുന്നത് ഒരു ചെറിയ വട്ടത്തുരുത്തിലാണ് അവിടെ കുറച്ചാളുകൾ താമസിക്കുന്നു, എല്ലാവരും പാവപ്പെട്ടവർ, മീൻ പിടിച്ചും കൃഷിപ്പണിചെയ്തും ജീവിക്കുന്നവർ, അതിന്റെ അപ്പുറത്ത് കപ്പോളപ്പള്ളി, കുറേ പഴയ ഒരു കത്തോലിക്ക പള്ളിയാണ്, പരിചയമുള്ള മുഖങ്ങൾ എല്ലാവരും എന്നെ നോക്കി, ഒരു ചിരി പാസ്സാക്കി ഞങ്ങൾ മുന്നോട്ട് നടന്നു. പള്ളിയുടെ അപ്പുറം പമ്പയാറിന്റെ കൈവഴിയാണ് അത് കുറുകെ കടന്നുവേണം ബസ്റ്റോപ്പിൽ എത്താൻ, ഞങ്ങൾ കടത്തുകടവിലേയ്ക്ക് ചെന്നു, വഞ്ചിയിലേയ്ക്ക് ഞങ്ങൾ ഓരോരുത്തരായി കയറി പ്രായമായ ഒരു മനുഷ്യനായിരുന്നു വഞ്ചിക്കാരൻ, ഞങ്ങൾ എല്ലാവരും ( ഞങ്ങളുടെ ഗ്രാമത്തിലുള്ളവർ) അദ്ദേഹത്തെ അമ്മാവൻ എന്നായിരുന്നു വിളിക്കാറ്,
“ ആരാട പൂഹെ ജോലിക്ക് വെളിയിൽ പോകുന്നത് ?”
“ ഇവന്മാര് രണ്ടും ആണ് കക്ഷികൾ “
എന്നെയും എന്റെസുഹൃത്തിനേയും ചൂണ്ടിക്കൊണ്ട് ഞങ്ങളുടെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു,
“ വല്ല്യ ആളായി വരുമ്പോൾ ഞങ്ങളെ മറക്കുവോടാ പൂഹെ…”
ഈ പൂഹെ വിളി അമ്മാവന്റെ സ്പെഷ്യൽ അയിറ്റമാണ്, അതിൽ ആർക്കും അദ്ദേഹത്തോട് പരാതിയില്ലതാനും., ഇനിയും വഴിയിൽ ഒറ്റുപാട് പരിചയക്കാർ കാണും, അങ്ങനെ ചോദിച്ചും പറഞ്ഞും ഞങ്ങൾ ബസ്റ്റോപ്പിൽ എത്തി. യാത്രക്കാർ എത്തി തുടങ്ങുന്നതെ ഉള്ളു, ഞങ്ങൾ ചെന്ന ഉടനെ തന്നെ ഞങ്ങൾക്ക് ബസ്സ് കിട്ടി, പിന്നിലേയ്ക്ക് ഓടിമറയുന്ന കാഴ്ച്ചകൾ, ജന്നലിലൂടെ കാറ്റ് ഉള്ളിലേയ്ക്ക് വീശി അടിച്ചു. ഞങ്ങളുടെ റൂട്ടിൽ ആനവണ്ടിയെ ഉള്ളൂ (രണ്ടാന എന്നാൽ K.S.R.T.C) ഞങ്ങളുടെ റൂട്ടിൽ വണ്ടി ഓടിയില്ലെങ്കിൽ അന്ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ കാശ് കാണില്ല എന്നാണ് അടക്കം പറയുന്നത്. അരമണിക്കൂർകൊണ്ട് വണ്ടി സ്റ്റാന്റിലെത്തി, അവിടുന്ന് രണ്ട് ഓട്ടോറിക്ഷയിൽ ഞങ്ങൾ സ്റ്റേഷനിൽ എത്തി.,
“വണ്ടിവരാൻ ഇനീ എത്ര സമയം ഉണ്ട് “
“ഒന്ന് ഇരുപത്തി ഒൻപതിനാണ് സമയം ഇപ്പോൾ ഒന്നായി “
“അളിന്മാർക്കിനി അര മണിക്കൂർ കൂടെ “
എല്ലാവരും ചിരിച്ചു, ഞങ്ങൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ഞങ്ങളെ കാത്ത് രണ്ട്പേർ അവിടെ ഉണ്ടായിരുന്നു, ഒരാൾ ഞങ്ങൾക്ക് പണിശരിയാക്കിത്തരാം എന്ന് പറഞ്ഞ ഞങ്ങളുടെ പരിചയക്കാരൻ, പിന്നെ ഞങ്ങളെ പോലെ മറ്റൊരു പയ്യനും, എനിക്ക് അന്ന് ഇരുപത്തിമൂന്ന് വയസ്സ് പ്രായം, എന്റെ കൂടെഉള്ള സുന്ദരന് (തൽക്കാലം അങ്ങനെ വിളിക്കാം) ഇരുപത്തഞ്ച് വയസ്സ് പ്രായം കണ്ടാൽ നമ്മുടെ ഹരീശ്രി അശോകനെ പോലെ ആരോഗ്യ ദൃഡഗാത്രൻ, ഞങ്ങളുടെ കൂടെ വരുന്ന പയ്യന് പതിനെട്ട് വയസ്സ് പ്രായം കാണും. മെലിഞ്ഞ ശരീരപ്രകൃതി, മുടി നീട്ടി വളർത്തി, മൊത്തത്തിൽ ആൾ ഒരു സുശീലൻ (ഇതും ഒരു തൽക്കാല നാമം) ഇനീ ആണ് ഉണ്ണിക്കുട്ടൻ, ആള് ഒരു സിമ്പ്ലൻ, തേച്ച് മിനുക്കിയ വസ്ത്രം കാഴ്ച്ചയ്ക്ക് നല്ല ഗെറ്റപ്പ്, ഉണ്ണിക്കുട്ടനെ ഞങ്ങൾ ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്.., പുഞ്ചിരിച്ചുകൊണ്ട് ഞങ്ങൾ ചേട്ടന്റെ അടുത്തേയ്ക്ക് ചെന്നു
“ചേട്ടനൊക്കെ വന്നിട്ട് ഒത്തിരിനേരമായോ ? “
“ഇല്ല ഇപ്പോൾ വന്നതെ ഉള്ളു,“
പിന്നെ സുശീലനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി,
“ഇത് സുശീലൻ, വടക്കെ ഭാഗത്തുള്ളതാ, അത് ഇവന്റെ അച്ഛനും അമ്മയും “
കുറച്ച് ദൂരെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന ഒരു പുരുഷനും സ്ത്രീയും, ഒപ്പം ഒരു പെൺകുട്ടിയും, ഞങ്ങൾ എല്ലാവരും കൂടെ അവർ ഇരുന്ന ബഞ്ചിന്റെ അടുത്തേയ്ക്ക് ചെന്നു.
“ഇവനെ ഞാൻ അറിയും,… മറ്റേപയ്യൻ ?”
എന്നെ നോക്കി അയാൾ പറഞ്ഞു, ശരിയാ കാഥികനെ എല്ലാരും അറിയും പക്ഷെ തിരിച്ച് അങ്ങനെ ആവണമെന്നില്ലല്ലോ ഞാൻ മറുപടിയായി ഒന്നു ചിരിച്ചു. മറ്റെ പയ്യൻ എന്ന് വിവക്ഷിച്ചത് സുന്ദരനെ, പറഞ്ഞുവന്നപ്പോൾ അവന്റെ അച്ഛനും, അദ്ദേഹവും സുഹൃത്ത്ക്കൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ എല്ലാവരും പരസ്പരം അറിയുന്നവർ, അല്പം സമയം അങ്ങനെ നാട്ടുകാര്യം പറഞ്ഞിരുന്നപ്പോൾ സ്റ്റേഷനിൽ നിന്നും അനൌൺസ്മെന്റ് മുഴങ്ങി.
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്തുനിന്നും ന്യൂഡെൽഹിക്ക് പോകുന്ന കേരള എക്സ്പ്രസ്സ് അല്പസമയത്തിനുള്ളിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ് “
എല്ലാവരും പെട്ടന്ന് ഉന്മെഷവാന്മാരായി ബാഗ് തോളിൽ ഇട്ടുകൊണ്ട് ഞങ്ങൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേയ്ക്ക് നീങ്ങി…….
3 comments:
വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം
നന്ദി ശ്രീ വായനയ്ക്കും സ്വാഗതത്തിനും
ആദ്യം മുതല്‍ വായിക്കാനായെത്തിയതാണ്.കുറെ വൈകിയാണെങ്കിലും
Post a Comment