Friday, March 20, 2009

മരിക്കാത്ത ഓർമ്മകൾ-3


-3-

ശരിക്കും പറഞ്ഞാൽ എനിക്കത്ര പ്രാരാബ്ദം ഒന്നുമില്ലായിരുന്നു, പെങ്ങന്മാരെ കെട്ടിച്ചയക്കുക, അച്ഛൻ ഉണ്ടാക്കിവച്ച കടം തീർക്കുക തുടങ്ങി അവശനായകന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും എനിക്കില്ലായിരുന്നു. ഞാനും എന്റെ അനുജനും ഞങ്ങൾ രണ്ട് ആണ്മക്കൾ, പിന്നെ അച്ഛനും അമ്മയും,രണ്ടുപേരും ചെറുപ്പം. കുറച്ച് സ്ഥലവും, അതിൽ ഓടിട്ട ഒരു കൂരയും.അന്ന് ഞങ്ങളുടെ പരിസരത്തുള്ളതിൽ വച്ച് നല്ല വീട് ഞങ്ങളുടേത് ആയിരുന്നു അച്ഛന് കച്ചവടം ഉണ്ടായിരുന്നപ്പോൾ തട്ടിക്കൂട്ടിയതാണ് വീട്. അക്കാലത്ത് ഞങ്ങൾക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അച്ഛന്റെ പണപ്പെട്ടിയിൽ നിന്നും വെള്ളിനാണയങ്ങൾ (ഒരു രൂപ നാണയം) അടിച്ച് മാറ്റി ആയിരുന്നു വട്ടച്ചെലവുകൾ നടത്തിയിരുന്നത്…. ഇതിനെ മോഷണം എന്നും ഞാൻ കള്ളൻ ആണ് എന്നുമുള്ള നിർവചനത്തിന് നിൽക്കേണ്ട.., ഇതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗങ്ങൾ അല്ലെ ദാസാ അച്ഛനു് വയ്യാണ്ടാവുന്നതുവരെ ഞങ്ങൾ അടിപൊളി ആയിട്ടാണ് ജീവിച്ചത്, പിന്നെ കുറേശ്ശ ദാരിദ്ര്യം ഞങ്ങളിൽ പിടിമുറുക്കി…. പക്ഷേ സുന്ദരന്റെ അവസ്ഥ ഇതായിരുന്നില്ല. അവന്റെ അച്ഛൻ തെങ്ങുകയറ്റത്തൊഴിലാളി ആയിരുന്നു, അമ്മ തുണിഅലക്കി ഇസ്തിരിഇട്ട് കൊടുക്കുന്ന പണിയും.അവന് രണ്ട് സഹോദരിമാരും മൂത്തജേഷ്ടനും അടങ്ങുന്ന ഇത്തിരി വലിയ കുടുംബം, ദാരിദ്രം ഉണ്ടെങ്കിലും പുറത്ത് അറിയത്തക്ക പഞ്ഞം ഇല്ലായിരുന്നു എന്നതാണ് സത്യം
സുന്ദരന്റെ അച്ഛനെ ഞങ്ങൾ അയ്യർ എന്നായിരുന്നു വിളിച്ചിരുന്നത്, അധികം പൊക്കമില്ല്ലാത്ത മെല്ലിച്ച ഒരു മനുഷ്യൻ. ആദ്യമൊന്നും അയ്യർ മദ്യപിക്കില്ലായിരുന്നു, പിന്നെ ആഘോഷങ്ങളിൽ അല്പം സേവിച്ചു, അതുപിന്നെ വളർന്ന് ജീവിക്കുന്നത് തന്നെ മദ്യപിക്കാൻ എന്ന നിലയിൽ എത്തി. ഒപ്പം ദാരിദ്രം അടുക്കളയിലും, അയ്യർ നന്നായി മദ്യപിച്ചാൽ പിന്നെ ഉത്സവമാണ് താൻ മാത്രമുള്ള ലോകത്തിൽ അസഭ്യം പറഞ്ഞും നാടൻ പാട്ടു പാടിയും അയ്യർ ഞങ്ങളുടെ ഇടവഴികൾ സ്മൃദ്ധമാക്കാറുണ്ട്, ചുവടുറയ്ക്കാതെ ആടിനീങ്ങുന്ന അയ്യരുടെ പ്രകടനം ആസ്വദിക്കറുണ്ടെങ്കിലും, സുന്ദരനെകുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട്, അന്നൊരുദിവസം വൈകിട്ട് നെഞ്ച്വേദനയുടെ രൂപത്തിൽ അയ്യരെ മരണം കവർന്നു.അയ്യരുടെ വിയോഗം സുന്ദരനെ സാമ്പത്തികമായി തകർത്തില്ലങ്കിലും ഒരു ശൂന്യത അവൻ അനുഭവിച്ചു.ഉദാസീനനായ ജേഷ്ടന്റെ ജീവിതരീതിയും പുരനിറഞ്ഞ് നിൽക്കുന്ന സഹോദരിമാരും ആണ് സുന്ദരനെ പ്രാവാസിയാക്കിയത്. സുന്ദരന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
“എടാ ദെ ചായ വരുന്നു നാലെണ്ണം പറയ് “
കാന്റീനിലെ കേറ്ററിം സർവ്വീസുകാരുടെ ലാഭക്കച്ചവടമാണ് ചായ, കാപ്പി പിന്നെ ഏതെങ്കിലും ഒരു “കടി” യും, കീശ കാലിയാകാൻ ഈ കടിയും കുടിയും മാത്രം മതി.
“ചേട്ട ഒരു നാല് ചായ കൊട് “
പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു. സുന്ദരൻ നാല് വടയ്ക്കും പറഞ്ഞു
“എത്ര ആയി ചേട്ട “
“ഇരുപത് രൂപ”
ഞാൻ ഒന്നുഞടുങ്ങി, ഇരുപത് രൂപയ്ക്ക് മൂക്ക്മുട്ടെ തിന്നാം, സർക്കാർ വക പീഠനമല്ലെ സഹിക്കുകതന്നെ. ഒന്നും മിണ്ടാതെ ഇരുപത് രൂപ എടുത്ത് നൽകി അയാൾ പണവും വാങ്ങി അടുത്ത കസ്റ്റമറെ തിരക്കി യാത്രയായി, വെള്ള പ്ലാസ്റ്റിക്ക് കപ്പിൽ ചെങ്കൽ നിറമുള്ള ചായ, ഞാൻ അതിലേയ്ക്ക്തന്നെ നോക്കിയിരുന്നു.വീട്ടിൽ അമ്മ നിർബന്ധിച്ചാൽ പോലും ഞാൻ ചായ കുടിക്കാറില്ല, ഇവിടെ., അപ്പോൾ സുന്ദരന്റെ അടുത്ത ചോദ്യം വന്നു
“നീ ആരെയാ ഓർക്കുന്നെ, അവളെ ആണോ “
“എതവളെ ? നിചുമ്മാ ചെറിയല്ലെ സുന്ദരാ “
“നീ അതിന് ചൂടാകുന്നതെന്തിനാ…”
അപ്പോൾ ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു,
“ചായ തണുത്താൽ പിന്നെ അത് കാൽകാശിന് കൊള്ളില്ല “
അപ്പോഴാണ് ഞാൻ ചായതണുക്കുന്നതിനെ പറ്റി ഓർത്തത്, ഒറ്റവലിക്ക് മുഴുവൻ കുടിച്ചു പ്ലാസ്റ്റിക്ക് കപ്പ് ചുരുട്ടി ജന്നലിന്റെ വിടവിലൂടെ പുറത്തേയ്ക്ക് എറിഞ്ഞു.ചായക്ക് പകരം ഒരു കട്ടൻ കാപ്പി ആയിരുന്നെങ്കിൽ അടിപൊളിആയിരുന്നേനെ, കട്ടൻകാപ്പിയും പരിപ്പ് വടയും, വിപ്ലവം വളർന്നത് അങ്ങനെഅല്ലെ, ഇന്നത്തെ ജയരാജന്മാർക്കല്ലെ അതൊക്കെ പിടിക്കാതെ വരുന്നത്. സുന്ദരൻ ഒരു എൽ .സി മെമ്പർ ആയിരുന്നു. വീട്ടിൽ പാർട്ടിയുടെ സ്കൂട്ണി മീറ്റിംഗ് നടക്കുമ്പോൾ (മാസത്തിൽ ഒരുതവണ ഞങ്ങളുടെ വീട്ടിൽ വച്ചായിരിക്കും) കുട്ടി സഖാക്കന്മാർക്ക് കട്ടൻകാപ്പി വിതരണം ചെയ്തിട്ടുള്ള ഒരു കുഞ്ഞുകമ്മ്യൂണിസ്റ്റായിരുന്നു ഈ ഞാനും. കഴിഞ്ഞകാലങ്ങളിലെ സംഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി, എന്റെ ഈ യാത്രയ്ക്ക് വീട്ടിൽ അത്ര നല്ല സപ്പോർട്ട് ആയിരുന്നില്ല, അമ്മ അനുകൂലിച്ചപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ലെന്നുമാത്രം. കൊച്ചഛന്മാരെല്ലാം എതിർത്തു. കാരണം അവർക്ക് മുൻപിൽ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒന്നുമില്ലായിരുന്നു ഡെൽഹിയിൽ പോയി നന്നായി എന്ന് ചൂണ്ടികാണിക്കാൻ. അതും എന്റെ യാത്രയുടെ അംഗീകാരം കുറയ്ക്കുന്നതിന് ഒരു കാരണമായി
എങ്ങിനയും രക്ഷപെടണം അതിന് ഇനീ ഒരു രാജാവിന്റെ മകൻ വേഷം കെട്ടാനും ഞാൻ ഒരുക്കമായിരുന്നു എന്നതാണ് സത്യം. പക്ഷേ ഡെൽഹിയിൽ അധോലോകങ്ങൾ അത്ര ശക്തമല്ലല്ലോ ബോംബെ പട്ടണം പോലെ. എന്തുജോലിയും ചെയ്യാൻ തയ്യാർ ആണെന്നാണ് ഞാൻ ചേട്ടനോട് പറഞ്ഞത് അതുകൊണ്ടുതന്നെ മനസ്സിനെ ഏത് തൊഴിൽ ചെയ്യാനും തയ്യാറാക്കുന്ന ശ്രമത്തിലായിരുന്നു. പിന്നെയും മനസ്സിൽ നൂറ് ചോദ്യങ്ങൾ. ചേട്ടൻ പണിതരമാക്കിത്തരാം എന്ന് പറഞ്ഞാലും പണി കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും ? ഭാഷ അറിയാതെ തൊഴിലില്ലാതെ എങ്ങനെ പിടിച്ചുനിൽക്കും ? ഏയ് അങ്ങനൊന്നും വരില്ല എന്ന ദാസനും വിജയനും കളിയിൽ സമാധാനിച്ചു.
“ടിക്കറ്റ് പ്ലീസ്സ്…”
ചിന്തയിൽ നിന്നും ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു, തൊട്ടുമുന്നിൽ കറുത്തകോട്ടീട്ട ഒരു മനുഷ്യൻ അയാളുടെ കയ്യിൽ ഒരു കറുത്ത ഫയൽ, അതിൽ ക്ലിപ്പ്ചെയ്തിരിക്കുന്ന കുറെ പ്രിന്റുകളും ഉണ്ടായിരുന്നു. ഞാൻ മുകളിലെ ബർത്തിൽ കിടക്കുന്ന ചേട്ടനെ ചൂണ്ടികാണിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ഞങ്ങളുടെ ടിക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു, അയാൾ ഒന്നും മിണ്ടാതെ ചേട്ടന്റെ ബർത്തിനരുകിലേയ്ക്ക് നീങ്ങി.സുശീലൻ എന്നെ നോക്കി, ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ടി.ടി.ആർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടിക്കുന്ന ആളാ”
അവന്റെ മുഖത്ത് അല്പം പരിഭ്രമം കണ്ടു, പാവം ആദ്യമായതുകൊണ്ടായിരിക്കും. ചേട്ടൻ ബർത്തിൽ നിന്നും താഴെ ഇറങ്ങി, പഴ്സിൽ നിന്നും ടിക്കറ്റ് എടുത്ത് ടിക്കറ്റ് എക്സാമിനറെ കാണിച്ചു. അയാൾ അതിൽ മൂന്ന് ടിക്കറ്റ് കാണിച്ച് ചോദിച്ചു
“ഇത് ആരുടെ ഒക്കെയാണ് “
“ഇവരുടെ മൂന്ന് പേരുടെ ആണ് “ ഞങ്ങളെ ചൂണ്ടി പറഞ്ഞു. എന്താണ് സംഭവം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ ഒരുകാര്യം എനിക്ക് ഉറപ്പായി എന്തോ തരികിട പരിപാടി നടന്നിട്ടുണ്ട്…
“നിങ്ങൾ മൂന്നുപേരും എന്റെ കൂടെ വരുക”
അയാൾ കമ്പാർട്ട്മെന്റിന്റെ പിറകുവശത്തേയ്ക്ക് നടന്നു.സ്ലീപ്പർ ക്ലാസ്സിന്റെ ലാസ്റ്റ് കോച്ചിലായിരുന്നു ഞങ്ങൾ ഇരുന്നത്, പുറത്ത് ചൂട് തെല്ല് ശമിച്ചിരുന്നു. ഞങ്ങൾ അയാൾക്ക് പിന്നാലെ നടന്നു.
“ലോക്കൽ ടിക്കറ്റ് എടുത്ത് എന്തിനാണ് നിങ്ങൾ സ്ലീപ്പർ ക്ലാസ്സിൽ കയറിയത് ? “
ലോക്കലും, സ്ലീപ്പറും സംഗതി പെശകാണെന്ന് മാത്രം മനസ്സിലായി, ചേട്ടൻ റിസർവ്വേഷന്റെ പൈസ്സ മുഴുവൻ വാങ്ങിയതാണല്ലോ. പിന്നെ എങ്ങനെ ഇത് ലോക്കൽ ടിക്കറ്റ് ആയി ?
“സാർ, ഞങ്ങൾക്ക് അറിയില്ലായിരുന്നു”
“ഫൈൻ അടച്ച് ടിക്കറ്റ് വാങ്ങിക്കോ “
പഴ്സിന്റെ അവസ്ഥ പരിതാപകരമായിരുന്നതിനാൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങളുടെ അവസ്ഥ കണ്ട അയാൾ ചോദിച്ചു
“നിങ്ങൾ ഡെൽഹിക്ക് എന്തിനു പോകുന്നു”
“ജോലിക്ക് “
“കൊള്ളാം ജോലിക്ക് പോകുന്നതെ തരികിട പരിപാടി കാണിച്ചിട്ടാണ് അപ്പോൾ നീയൊക്കെ ഡെൽഹിയിൽ ചെന്നാൽ എന്തൊക്കെ കാട്ടിക്കൂട്ടും ?”
“സാർ ഞങ്ങൾ അത്തരക്കാരല്ല “
“ഉം”
“സാർ ഞങ്ങളുടെ കയ്യിൽ ഇനി ടിക്കറ്റിന് ഉള്ള പൈസ ഇല്ല”
കുറച്ച് നേരം അയാൾ ഒന്നും പറയാതെ നിന്നു, ഞങ്ങളുടെ ദയനീയവസ്ഥ കണ്ടിട്ടാകും
“ഒരു കാര്യം ചെയ്യ്, പാലക്കാട്ട് ഇറങ്ങി, ലോക്കൽ കമ്പാർട്ട്മെന്റിൽ കയറിക്കോ അല്ലെങ്കിൽ നിങ്ങളെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും “
ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി, എന്തും വരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു
“ശരി സാർ…”

1 comment:

jyo.mds said...

തുടരട്ടെ