നീണ്ട ഒരിടവേളയ്ക്ക് ശേഷം ആണ് വീണ്ടും എഴുതുന്നത്, കൃത്യമായി
പറഞ്ഞാൽ അഞ്ച് വർഷം, പുതിയ ജോലിയിലെ വിഷമതകൾ ആയിരുന്നു ഈ മുടക്കത്തിന്
കാരണം. ചെയ്തിട്ടില്ലാത്ത ഒരു ജോലി വളരെ കൃത്യതയോടെ ചെയ്യണം, കുറേ ഭാരിച്ച ഉത്തരവാദിത്വങ്ങൾ,
ആകെ കൂടി വലിയ ഒരു ടെൻഷൻ എന്ന് പറയാം. എന്റെ ഓർമ്മകൾ വർത്തമാനത്തിലെ ടെൻഷന് അവധിനൽകി
തൊണ്ണൂറ്റഞ്ചുകളിലെയ്ക്ക് വിടവാങ്ങി, ഡെലിഹിയിലെ ജീവിതം ആസ്വദിക്കുക എന്ന അവസ്ഥയിലേയ്ക്ക്
എത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വരും, ശക്തിനഗ്ഗറിലെ ഓഫീസിലെ ജീവിതം എന്നെ പലതും പഠിപ്പിച്ചു.
പറയത്തക്ക
പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. മുഖർജി നഗറിലെ ജോലിയിൽ
സുശീലൻ സന്തുഷ്ടനായിരുന്നു എന്ന് പറയാം, അവനറിയാമായിരുന്ന പണിതന്നെ ആയിരുന്നു. ഏതോ
ഉപകരണത്തിന്റെ അസംബ്ലിയുമായി ബന്ധപ്പെട്ട വർക്ക്, ശമ്പളവും തരക്കേടില്ലായിരുന്നു. എനിക്ക് ആകെ പ്രശ്നമായ് വന്നത് ഭാഷയായിരുന്നു, കിളവൻ പറയുന്ന
ഹിന്ദിയും ഇംഗ്ലീഷും ഒക്കെ മനസ്സിലാക്കാൻ വലിയ പാടായിരുന്നു. സാവധാനം എല്ലാം ശരിയായി
വന്നു, ഹിന്ദി അല്പസ്വല്പം പറയാനും മറ്റുള്ളവർ പറയുന്നത് മനസ്സിലാകാനും തുടങ്ങി. ജോലിയിൽ
കാര്യമായ പ്രതിസന്ധികളൊന്നും വന്നുഭവിച്ചില്ല. സുന്ദരന്റെ കാര്യംമാത്രം അല്പം പരുങ്ങലിലായിരുന്നു.
രാവിലെ തുടങ്ങുന്ന അലച്ചിൽ അവസാനിക്കുന്നത് രാത്രിയിൽ ഏറെ വൈകിയാണ്, ഭക്ഷണം കൃത്യമായി
കഴിക്കാൻ പറ്റാതെ വന്നത് അവന്റെ ആരോഗ്യം പരിതാപകരമായ അവസ്ഥയിലേയ്ക്ക്പോയി. ഞങ്ങൾക്കാർക്കെങ്കിലും പരിഹരിക്കാവുന്ന നിലയിൽ ആയിരുന്നില്ല കാര്യങ്ങൾ.
മുഖർജിനഗറിലെ
ജോലികിട്ടിയപ്പോൾ സുശീലനും ഉണ്ണിച്ചേട്ടനുമായുള്ള സഹവാസംമതിയാക്കി വേർപിരിഞ്ഞു, ഡെൽഹി
പോലീസിലുള്ള ഒരു പരിചയക്കാരൻ അവന് താമസ സൗകര്യം ശരിയാക്കി കൊടുത്തു. ഞങ്ങൾ താമസിക്കുന്ന
സ്ഥലത്തുനിന്നും അല്പം ദൂരെ ആയിരുന്നു സുശീലൻ താമസിച്ചിരുന്ന വീട്. സുശീലൻ ചന്ദ്രന്റെ
വീടുമായി പെട്ടന്ന് അടുത്തു. ചന്ദ്രൻ ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് വരെ അവർക്ക് സുശീലൻ
ഒരു സഹായമായിരുന്നു, ചന്ദ്രന്റെ ഭാര്യയെ കൂടാതെ അവരുടെ രണ്ട് അനിയത്തിമാർ കൂടെ ചന്ദ്രന്റെ
ഫ്ലാറ്റിൽ ആയിരുന്നു താമസിച്ചിരുന്നത്. എല്ലാരുമായി പെട്ടന്ന് ഇണങ്ങുന്ന സ്വഭാവക്കാരനായിരുന്നു
സുശീലൻ, ക്രമേണ അവൻ അവരുടെ വീട്ടിലെ ഒരംഗത്തെപോലെ ആയി. ഒരു ദിവസം സുശീലൻ എന്നെ അവന്റെ റൂമിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.
അവനെ കൂടാതെ ആ മുറിയിൽ വേറെ രണ്ട്പേർ കൂടെ ഉണ്ടായിരൂന്നു. സുശീലന്റെ അതേ പ്രായക്കാർ.
എല്ലാവരുമായി പരിചയപ്പെട്ടു.
ചന്ദ്രന്റെ കുടുംബത്തേയും അവനെനിക്ക് പരിചയപ്പെടുത്തി
തന്നു. അധികം പൊക്കമില്ലാത്ത ഒരു മെല്ലിച്ച
സ്ത്രീ ആയിരുന്നു ചന്ദ്രന്റെ ഭാര്യ, അനിയത്തിമാർ രണ്ടുപേരും ജോലികഴിഞ്ഞ് എത്തിരിരുന്നില്ല.ചന്ദ്രന്
ഏകദേശം നാലുവയസുള്ള ഒരു ആൺകുട്ടി ഉണ്ടായിരുന്നു, ഒരു കുസൃതികുടുക്ക. സുശീലന്റെ മുറിയിലെ
നാലമത്തെ ആളായി അവനെന്നെ ക്ഷണിച്ചു, തൽക്കാലം ഞാനില്ല പിന്നീട് നോക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കാരണം അങ്ങനെ പെട്ടന്ന് സുന്ദരനുമായി
പിരിയാൻ പറ്റില്ലായിരുന്നു.
കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ
ജീവിതംമുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, രാധികയുമായി അധികമൊന്നും സംസാരിക്കാറില്ലായിരുന്നു,
സംസാരിക്കാൻ പ്രത്യേഗിച്ച് വിഷയങ്ങളൊന്നും തന്നെ ഇല്ല എന്നതായിരുന്നു സത്യം, മിക്കവാറും
ഡക്കയിലോ ക്യാമ്പിലെ ബസ്റ്റോപ്പിലോവച്ച് കാണുമായിരുന്നു.
കൊറിയറിലെ
ജോലി സുന്ദരന് അല്പം ബുദ്ധിമുട്ടുള്ളാതായിരുന്നു, ഭാഷയുടെ പ്രശ്നം ഒരു വലിയ തലവേദന
തന്നെ ആയിരുന്നു. എല്ലാം തരണം ചെയ്ത് നിൽക്കുകയല്ലാതെ വേറെ വഴി ഒന്നുമില്ലായിരുന്നതിനാൽ
ആരോടും പരിഭവംപറയാനോ, കുറ്റപ്പെടുത്താനോ ആവുമായിരുന്നില്ല. വൈകിട്ട് സുന്ദരൻ വരുമ്പോഴേയ്ക്കും
അത്താഴത്തിന്റെ കാര്യംഞാൻ ശരിയാക്കുമായിരുന്നു. സുന്ദരൻ ജോലികഴിഞ്ഞ് എത്തുമ്പോഴേയ്ക്കും
ഞാൻ ഉറങ്ങിയിരിക്കും. സുന്ദരന് കൊറിയർ കമ്പനിയിലെ ജീവിതംമടുത്തുതുടങ്ങി, കൊറിയർ കമ്പനി
നടത്തിയിരുന്നത് നാരായണൻകുട്ടി എന്ന ഞങ്ങളുടെ നാട്ടുകാരാൻ ആയിരുന്നു. ഒരു ദിവസം നാരായണൻ
കുട്ടിയുടെ അളിയൻ മുരളിയുമായി സുന്ദരൻ റൂമിൽ വന്നു, മുരളിയെ ഞങ്ങൾ നേരത്തെ പരിചയപ്പെട്ടിരുന്നു,
ഞങ്ങൾ സുന്ദരന്റെ കാര്യം മുരളിയുമായി ചർച്ച ചെയ്തു, മുരളിക്ക് സുന്ദരന്റെ കാര്യത്തിൽ
പ്രത്യേഗിച്ച് ഒന്നും പറയാനില്ലായിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു നാമെല്ലാവരും
മനപൂർവ്വം വിസ്മരിക്കുന്ന ഒരു യാഥാർത്ഥ്യം ഒരു ദിവസം കൊഴിഞ്ഞു പോയി എന്നതിന് മരണത്തിലേയ്ക്കുള്ള
യാത്രയിൽലൊരു ദിവസം കൂടെനമ്മൾ പിന്നിട്ടു എന്നാണ്. ജീവിത തിരക്കിനിടയിൽ അല്ലെങ്കിൽ
അതിജീവനത്തിൽ നാം മറ്റെല്ലാം മറക്കുന്നു.
ഒരു ദിവസം രാധിക
എന്നെ വിളിച്ചു , ഓഫീസിലെ ലാൻഡ് ലൈനിലാണ് കോൾ വന്നത് ആരാണ് വിളിക്കുന്നത് എന്നറിയാനുള്ള
ആകാംക്ഷ എന്നിൽവർദ്ധിച്ചു വന്നു, സീമ ആയിരുന്നു ഫോൺ ഏടുത്തത്. അവൾ ഫോണെനിക്കു തന്നു
“രാധിക മാഡം
ആണ് ലൈനിൽ “
“ഉം”
ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്, ആകെ ഒരു കൺഫ്യൂഷൻ, ഞൻ റിസീവർ
ചെവിയോട് ചേർത്തു മറുതലയ്ക്കൽ രാധികയുടെ ശബ്ദം
“നാളെ ലീവെടുക്കാമോ”
“ഉം…, എന്തുപറ്റി ? “
“നാളെ ഒരു സ്ഥലം
വരെ പോകാനാണ്”
“എവിടെയാ
?”
“നാരായണയിൽ”
നാരായണ എന്ന സ്ഥലം അന്നെനിക്ക് അത്ര പരിചയമില്ലായിരുന്നു, അതിന്റെ അടുത്തായിരുന്നു
പേരമ്മയുടെ മക്കൾ താമസിച്ചിരുന്നത്. ഇതുവരെ അവിടെ പോയിട്ടില്ല, അവൾ ഞാൻ താമസിക്കുന്ന
സ്ഥലം തപ്പിപിടിച്ച് അവിടെഎത്തി ആ കഥ പിന്നീടൊരിക്കൽ ഞാൻ പറയാം. രാധിക എന്തിനാണ്
നാരായണയിലേയ്ക്ക് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.
“എന്തിനാ നാരായണയില്പോകുന്നത്
“
“എന്റെ ചേച്ചി
അവിടെ ഉണ്ട്”
“ചേച്ചി
??”
എനിക്കറിയാവുന്ന ചേച്ചി രമണിയാണ് അവര് ഇവളുടെ കൂടെ ആണ് താമസിക്കുന്നത്
പിന്നെ ഏതാ ഈ പുതിയ ചേച്ചി, ഞാൻചോദിക്കുന്നതിന് മുൻപു തന്നെ അവൾ പറഞ്ഞു
“അച്ഛന്റെ ജേഷ്ഠന്റെ
മകളാണ്, “
“ ഓ അതുശരി ഞൻ വിചാരിച്ചു ഇതേതാ ഈപുതിയ ചേച്ചി “
“നീ അധികം വിചാരിക്കേണ്ട”
“ഓക്കെ ഞാൻ
നിർത്തി എപ്പോൾ പോകണം ?”
“നാളെ ഉച്ചകഴിഞ്ഞ്
“
“ശരി ഞാൻകിളവനോട്
സംസാരിക്കട്ടെ “
“സംസാരിക്കാനൊന്നുമില്ല നീ വന്നേ പറ്റു”
“ശരി..”
ഈ വിഷയം കിളവനോട് എങ്ങനെ അവതരിപ്പിക്കും, പോയില്ലങ്കിൽ പിന്നെ
അവളുടെ പരിഭവം. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത
രീതിയിൽ കാര്യങ്ങൾ ഭംഗിയാക്കണം, എന്നിലെ കാമുക ഹൃദയംപരവശനായി, ഏതായാലും ഇന്ന് കിളവനോട് ചോദിക്കേണ്ട. നാളത്തെ മൂഡ് അനുസരിച്ച്
കാര്യങ്ങൾ ശരിയാക്കാം. വൈകുന്നേരം പതിവ് പോലെ ഞാനും സുരേഷും ഒരുമിച്ച‌് ഓഫീസിൽ നിന്നും ഇറങ്ങി ബസ്സ്റ്റോപ്പിലേയ്ക്ക് നടന്നു.
1 comment:
ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്, ആകെ ഒരു കൺഫ്യൂഷൻ, ഞൻ റിസീവർ ചെവിയോട് ചേർത്തു മറുതലയ്ക്കൽ രാധികയുടെ ശബ്ദം
Post a Comment