വൈകിട്ട് ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ ഒത്തുകൂടി, പ്രധാന ചർച്ചാവിഷയം എന്റെ പുതിയ ജോലിക്കാര്യമായിരുന്നു. അജീഷിനോട് നന്ദി പറയാൻ അവന്റെ റൂം എവിടെ എന്നറിയില്ലത്ത കാരണത്താൽ അന്ന് നടന്നില്ല.എന്റെ പഴയ അന്നദാധാവിന്റെ ചോദ്യത്തിന്, ഞാൻ വരാതിരുന്നതിനെക്കുറിച്ച് സുന്ദരന്റെ വിശധീകരണം “സിക്ക്” ആണ് എന്നായിരുന്നു. ഗബ്ബർ സിംഗ് എന്ന സർദാർ പയ്യനായിരുന്നു കമ്പനിയുടെ ഓണർ കം മാനേജർ കം അക്കൌണ്ടന്റെ കം സെയിൽസ് . ഒരു ഒറ്റയാൾ പട്ടാളം അനന്തമായ തസ്തികകൾക്ക് അധിപനായിരുന്നു ആ ഇരുപത്തഞ്ചുവയസ്സുകാരൻ.
“സിക്ക് ആണ് എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു അവന്റെ പ്രതികരണം”
“ഒന്ന് അമർത്തി മൂളി… “
“ഉണ്ണിച്ചേട്ടാ കേട്ടിടത്തോളം അത് ഒരു പെശക് മൂളൽ ആണെന്ന് തോന്നുന്നു”
“എന്തായാലും ഇന്ന് ബീഫ് വാങ്ങാതിരുന്നത് മണ്ടത്തരമായി, അളിയന് പണികിട്ടിയതല്ലെ അടിച്ച് പൊളിക്കാമായിരുന്നു”
ഞാൻ സുശീലനെ തറപ്പിച്ച് ഒന്നു നോക്കി, എന്നാ എന്നെ അങ്ങ് കൊല്ലടാ…… എന്ന രീതിയിൽ,
“സുശീലാ ആദ്യ ശമ്പളം കിട്ടുമ്പോൾ നമ്മൾക്ക് അടിച്ച് പൊളിക്കാം അതുവരെ നീ ക്ഷമിക്ക് ”
ഭക്ഷണത്തിന് ശേഷം ഞങ്ങൾ കുറച്ച്നേരം കൂടെ നാട്ടുകാര്യം പറഞ്ഞിരുന്നു,…
രാവിലെ ആദ്യമേതന്നെ ഞാൻ കുളികഴിഞ്ഞെത്തി, റൊട്ടിക്കുള്ള മാവ് കുഴച്ചു, പിന്നെ രാവിലത്തെ കട്ടൻ കാപ്പിക്കുള്ള വെള്ളം സ്റ്റൌവ്വിൽ വച്ചു, റൊട്ടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ അപ്പോൾ സുന്ദരനും കുളി കഴിഞ്ഞെത്തി. ഞാൻ നല്ല ഉത്സാഹത്തിലായിരുന്നു കാരണം എനിക്ക് എന്റെ ട്രേഡിലേയ്ക്ക് മാറാൻ പറ്റി എന്നതുകൊണ്ട്, അല്ലെങ്കിൽ ഗബ്ബർ സിംഗിന്റെ പണിശാലയിൽ തുടർന്നാൽ ജീവിതം സ്വാഹഃ ആകും എന്ന തിരിച്ചറിയൽ തന്നെ.
വിശക്കുന്നുണ്ടെങ്കിലും കഴിക്കാൻ ഒരു മൂടില്ലായിരുന്നു. രണ്ട് റൊട്ടി ഒരു വിധത്തിൽ കഴിച്ചു ആകെ ഒരു പരവേശം എന്തായിരിക്കും അവിടെ ചെയ്യെണ്ടിവരുക, എങ്ങനെ തുടങ്ങും തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ വന്നു ആകെ ഒരു ടെൻഷൻ ഹൃദയമിടിപ്പിന്റെ വേഗത കൂടിവന്നു. സകലദൈവങ്ങളേയും മനസ്സിൽ വിചാരിച്ചു കംപ്ലീറ്റ് പാർട്ടികളും എന്റെ ദീനരോധനം (പ്രാർത്ഥന) കേട്ടിരിക്കും.
“എടാ ആദ്യ ദിവസമല്ലെ നേരത്തെ ചെല്ല്, ആദ്യ ദിവസം തന്നെ നോട്ടപ്പുള്ളി ആകേണ്ട”
“അതെ”
ചേട്ടൻ പറഞ്ഞത് നേരായിരുന്നു ഇന്നുവരെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു “ലേറ്റ് കമർ” അല്ലെങ്കിൽ ഒരു ഒടുവിലാൻ ആയിരുന്നു.സ്കൂളിൽ, കോളേജിൽ…. എന്നുവേണ്ട പോയസ്ഥലത്തെല്ലാം അതുതന്നെ അതിനെപ്പറ്റി ഇനി ഒരവസരത്തിൽ പറയാം. പെട്ടന്നുതന്നെ ഞാൻ ഡ്രസ്സ് ചെയ്യാൻ തുടങ്ങി ഇന്നലെ ഒരു രൂപ കൊടുത്താണ് ഷർട്ടും പാന്റും ഇസ്തിരി ഇടീച്ചത്, ഇസ്തിരി വടിവുകൾ എല്ലാം ഉറപ്പ്വരുത്തി ഷർട്ടും പാന്റും ധരിച്ചു. അനുസരണകെട്ട മുടിയെ തല്ലിയൊതുക്കി, വീണ്ടും ഉയർന്നുനിന്നവരെ വെളിച്ചെണ്ണ ഇട്ട് തലോടി ഇരുത്തി. പതിവിൽ കവിഞ്ഞ പ്രകടനങ്ങൾ കണ്ടിട്ടാവണം സുന്ദരൻ വക കമന്റ്,
“എടാ കാക്ക കുളിച്ചാൽ കൊക്കാകുമോ ?”
കണ്ണാടിയിൽ നിന്നും മുഖം അടർത്തിമാറ്റി ഞാൻ അവനെ നോക്കി
“തമാശിച്ചതാ…..”
“സത്യം പറയുന്നവൻ കമ്മ്യൂണിസ്റ്റ്കാരനാണല്ലോ”
“എന്റെ സുന്ദര ചില സത്യങ്ങൾ പറയാൻ പാടില്ല പ്രത്യേഗിച്ചും ഇത്തരം അവസരങ്ങളിൽ, അവന്റെ ഒടുക്കത്തെ ഒരു തമാശ, മനുഷ്യൻ ഇവിടെ മാക്സിമം ഗറ്റപ്പ് ഉണ്ടാക്കാൻ പാടുപെടുകയാ…. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലെ”
“എന്തോന്ന്…..”
“ഓ ഹിന്ദി പറഞ്ഞാൻ നിനക്ക് മനസ്സിലാവില്ലല്ലോ….”
“ വാചകമടിച്ച് സമയം കളയാതെ പോകാൻ നോക്ക് നോസൌബാരാ ബസ്സ് ഭയങ്കര തിരക്കുള്ളതാ ഡക്കയിൽ നിറുത്തിയാൽ ഭാഗ്യം അല്ലെങ്കിൽ നേരെ ക്യാമ്പിൽ ചെന്നു പോകാൻ നോക്ക്”
ദൈവമെ പരീക്ഷണം ബസ്സിന്റെ രൂപത്തിൽ ആകുമോ ? ഞാൻ ഒരുക്കം പൂർത്തിയാക്കി പഴസ് പാന്റിന്റെ പിറകിലെ പോക്കറ്റിൽ ഇട്ടു.
“ചേട്ടാ എന്നാൽ ഞാൻ ഇറങ്ങുകയാണ്, സുന്ദരാ സുശീല അപ്പോൾ പിന്നെ വൈകിട്ട് കാണാം”
ഞാൻ യാത്രപറഞ്ഞ് ഇറങ്ങി, റൂമിൽ നിന്നും പത്ത് മിനിട്ട് ദൂരം നടക്കണമായിരുന്നു ബസ്റ്റോപ്പിലേയ്ക്ക്, വഴിയിൽ പരിചയമുള്ള മുഖങ്ങൾ പലതും കണ്ടു, കുശലം ചോദിക്കാനുള്ള സമയം ഇല്ലാതിരുന്നതിനാൽ ചിരിച്ച് സൌഹൃദം പുതുക്കി,നായ്ക്കൾക്കും നാൽക്കാലികൾക്കും സൈക്കിൾറിക്ഷയ്ക്കും ഇടയിലൂടെ ഞാൻ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. സ്റ്റോപ്പിൽ ചെറിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. മറ്റുള്ളവരെ അവരുടെ ഡ്രസ്സ്, ഷൂ, ബാഗ് ഇതൊക്കെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രദ്ധിച്ച് വീക്ഷിച്ചു പിന്നെ അതുമായി എന്റെ വേഷത്തെ തുലനം ചെയ്തുനോക്കി, മാറ്റങ്ങൾ എന്നെ ഗ്രസിച്ചുതുടങ്ങിയത് ഞാൻ അറിഞ്ഞു, അവരിൽ നിന്നും ഒട്ടും മോശമായിരുന്നില്ല എന്റെ ഭാവങ്ങൾ അത് നല്ല ഒരു ഊർജ്ജമായിരുന്നു. അല്പം സമയം കഴിഞ്ഞപ്പോൾ നോസൌ ബാരാ നമ്പർ ബ്ലൂലൈൻ ബസ്സ് വന്നു ഒന്നുരണ്ട്പേർ അവിടെ ഇറങ്ങി, എന്നെക്കൂടാതെ രണ്ട് പേർകൂടെ അവിടെനിന്നും കയറി. ടിക്കറ്റ് എടുത്ത് അധികം തിരക്കില്ലാത്ത ഭാഗത്തെയ്ക്ക് ഞാൻ മാറിന്നു. കിംഗ്സ്വേക്യാമ്പിൽ നിന്നും കുറെ അധികം ആളുകൾ കയറി പിന്നെ നല്ല തിരക്കായിരുന്നു എന്റെ ഒരു കൈ പഴ്സിന്റെ പുറത്ത് വച്ചിരുന്നു അല്ലെങ്കിൽ നമ്മളെക്കാൾ ഉത്തരവാധിത്വത്തോടെ അത് ഏറ്റെടുക്കുന്നവർ ഡെൽഹിയിൽ ധാരളമുണ്ട്, ഏകദേശം മുക്കാൽ മണിക്കൂർകൊണ്ട് ബസ്സ് ശക്തിനഗറിൽ എത്തി.
റോഡ് മുറിച്ച്കടന്ന് ഞാൻ ഓഫീസ് ലക്ഷ്യമാക്കി നടന്നു, വല്ലാത്ത ഒരു അനുഭൂതിയിൽ………….പുതിയ ഒരു ജീവിതത്തിലെയ്ക്ക്……,
5 comments:
എന്റെ സുന്ദര ചില സത്യങ്ങൾ പറയാൻ പാടില്ല പ്രത്യേഗിച്ചും ഇത്തരം അവസരങ്ങളിൽ, അവന്റെ ഒടുക്കത്തെ ഒരു തമാശ, മനുഷ്യൻ ഇവിടെ മാക്സിമം ഗറ്റപ്പ് ഉണ്ടാക്കാൻ പാടുപെടുകയാ…. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലെ
നല്ല വിവരണം--തുടര്ന്നുള്ള വിവരമറിയാന് കാത്തിരിക്കുന്നു.
നല്ല ശൈലി. എല്ലാം കഴിഞ്ഞിട്ട് കമന്റ് ഇടാം എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു. നന്നാവുന്നുണ്ട്... ആശംസകള്
Post a Comment