Saturday, August 15, 2009

മരിക്കാത്ത ഓർമ്മകൾ-20

അന്ന് വൈകുന്നേരം രാധികയെ കണാൻ അവസരം ഒത്തുവരും എന്നതിനാൽ ഞാൻ വളരെ സന്തോഷവാനായിരുന്നു, ഉച്ചയ്ക്കും, ബ്രഡ്ഡും, മുൻസിപ്പലിറ്റിയുടെ ജീവന്‍‌രക്ഷ ഔഷധമായ ക്ലോറിൻ വാട്ടറും ആയിരുന്നു ഞങ്ങളുടെ ആശ്രയം. തണുത്ത വെള്ളം കുടിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി എങ്കിലും ബ്രഡ് തൊണ്ടയിൽ നിന്നും ഇറങ്ങാൻ വേറെ വഴി ഒന്നുമില്ലായിരുന്നു, അല്ലെങ്കിൽ അടുത്ത ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ “ബ്രഡ് തൊണ്ടയിൽ കുരുങ്ങി മരിച്ച നിലയിൽ, മൂന്ന് യുവാക്കളെ വാടക വീട്ടിൽ കണ്ടെത്തി” എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രശസ്തർ ആകുമായിരുന്നു.
“ഫാക്ടറി” യിൽ ഞങ്ങളുടെ ജീവിതം ഇഴുകിച്ചേർന്നു എന്നതാവും ശരി, സ്വപ്നങ്ങൾ ഞങ്ങൾക്കും കൂട്ടിനെത്തി, പൈസ കൊടുക്കാതെ കാണാൻ പറ്റിയ വിഷ്വൽ അതല്ലെ ഉള്ളു, പുതിയതായി എത്തിയ പെൺകുട്ടി (യുവതി) ഫോർമാനുമായി എന്തോ വാക്കുതർക്കം, എന്താണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല മല്ലു പെൺകുട്ടികളോട് വടക്കന്മാർക്ക് ഒരു പ്രത്യേഗ താത്പര്യമുണ്ട്, ആത് നിലനിർത്താൻ നമ്മുടെ സഹോദരിമാർ വളരെ പരിശ്രമിക്കാറും ഉണ്ട്.ആ പെൺകുട്ടിയുടെ സമീപനം എന്തൊ എനിക്ക് ദഹിച്ചില്ല, ഒരു അടക്കമില്ലായ്മ തോന്നി, അന്ന് അവൾ ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപോയി, അവളെ വിളിച്ച വാക്കുകൾ പിന്നീട് ആരോ മൊഴിമാറ്റം ചെയ്ത് പറഞ്ഞപ്പോൾ എന്റെ തലകറങ്ങി, ഇങ്ങനെയും തെറി ഉണ്ടോ എന്ന് ഞാൻ അത്ഭുതപ്പെട്ടു,സങ്കടപ്പെടാനും സഹതപിക്കാനും ഒരു ദിവസം അവൾ തരും എന്ന് ഞാൻ അന്ന് കരിതിയിരുന്നില്ല.
വൈകിട്ട് ഞങ്ങൾ റൂമിൽ വരുമ്പോൾ പതിവിന് വിപരീതമായി ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ വേഗം കുളിച്ച് വസ്ത്രങ്ങൾ മാറി. ഉണ്ണിച്ചേട്ടൻ ഉദാസീനനായി കട്ടിലിൽ കിടക്കുന്നു.
“എന്തുപറ്റി ഉണ്ണിച്ചേട്ടാ, ഇന്ന് പതിവില്ലാതെ കിടക്കുന്നത്, എന്തെങ്കിലും വയ്യാഴിക ഉണ്ടോ“
“ഏയ് അങ്ങനൊന്നുമില്ല, എന്തുപറ്റി മണ്ണണ്ണ തീർന്നോ ? “
“അതെ, രാവിലെ കാപ്പി ഇട്ടപ്പോൾ ആണ് മനസ്സിലായത് “

“ഒരു കാര്യം ചെയ്യ്, സുന്ദരനും നീയും കൂടെ പോയ് അശോകന്റെ കടയിൽ നിന്നും മണ്ണണ്ണ വാങ്ങിക്ക് വില കൂടുതലായിരിക്കും എന്നാലും സാരമില്ല”
ഉണ്ണിച്ചേട്ടൻ പോക്കറ്റിൽ നിന്നും പൈസ എടുത്തുതന്നു, ഞാനും സുന്ദരനും മണ്ണണ്ണ വാങ്ങാൻ പുറപ്പെട്ടു, സുന്ദരൻ വെളുത്ത കന്നാസ് പ്ലാസിക്ക് കൂടിനൂള്ളിൽ തിരുകി, ഞങ്ങൾ അശോകന്റെ കട ലക്ഷമാക്കി നടന്നു, കുറെ ചെന്നപ്പോൾ എതിരെ രാധിക വരുന്നു. എന്റെ നെഞ്ചിടിപ്പ് കൂടി, അടുത്ത് വന്നപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു.
“രണ്ടാളും കൂടെ എങ്ങോട്ടാ രാത്രിയിൽ”
“അശോകന്റെ കട വരെ, മണ്ണണ്ണ തീർന്നു “
“ഞാൻ നിങ്ങൾക്ക് മണ്ണണ്ണ വാങ്ങാൻ പോകുകയായിരുന്നു, ഞങ്ങളുടെ മക്കാൻ മാലിക്കിന്റെ ( വീട്ടുടമയുടെ) റേഷൻ കാർഡ് സംഘടിപ്പിച്ചു. “
“വളരെ ഉപകാരം, തൽക്കാലത്തെയ്ക്ക് ഞങ്ങൾ ഒരു ലിറ്റർ വാങ്ങിക്കട്ടെ ഞങ്ങൾ വരാതെ രാധിക പോകരുത്”
“ശരി തിരക്കില്ലങ്കിൽ ഞാൻ പെട്ടന്ന് വരും നിങ്ങൾ താമസിക്കാതെ എത്തണം”
“ശരി..”
ഞങ്ങൾ വേഗം കട ലക്ഷ്യമാക്കി നടന്നു,
“കാമുകന്റെ നടത്തത്തിന് ഭയങ്കര സ്പീട് ആണല്ലോ”
ഞാൻ തിരിഞ്ഞ് സുന്ദരനെ നോക്കി,
“അതെ അല്പം തിരക്കിലാണ്, സാറിന് ന.പ. നഷ്ടം വരത്തില്ലെ പോരെ”
“ഉവ്വേ…”
“നിനക്കൊക്കെ ഉപകാരം ചെയ്യുന്നവരെ പാമ്പ് കൊത്തും എന്ന് പറഞ്ഞാൽ അതിൽ അതിശയിക്കാനൊന്നുമില്ല“
“ഒരു കാര്യം എനിക്കുതോന്നുന്നു ഈ “പാമ്പ്” കൊത്തിയെ പോവു”
“സുന്ദരാ ഈ ലോകത്ത് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനായിട്ടുണ്ട് നിനക്കതിൽ ഒന്നും എന്താ താത്പര്യമില്ലാത്തത് “
“ശരി ഞാൻ വാ പൊത്തുന്നു”
പിന്നെ സുന്ദരൻ അധികം ഒന്നും പറഞ്ഞില്ല, ഞങ്ങൾ വേഗം അശോകന്റെ കട ലക്ഷ്യമാക്കി നടന്നു, അവിടെ അല്പം തിരക്കുണ്ടായിരുന്നു. പെട്ടന്ന് ഞങ്ങൾ മണ്ണണ്ണ വാങ്ങി, അപ്പോൾ സുന്ദരന്റെ വക കമന്റ്
“അളിയാ കൊറിക്കാൻ എന്തെങ്കിലും വാങ്ങ് അവൾ മണ്ണണ്ണയുമായി വരുമ്പോൾ നല്ല ഒരു ചായയും എന്തെങ്കിലും കൊറിക്കാനും കൊടുക്കണ്ടേ “
“എടാ ദ്രോഹി നീ അന്നു പണിതപാരയുടെ വിഷമം ഇന്നും മാറിയിട്ടില്ല വട്ടച്ചെലവിന് വച്ച മുപ്പത് രൂപയിൽ ഇനീ പത്തുരൂപയെ ഉള്ളു. അവന്റെ ഒടുക്കത്തെ ഒരു സ്നേഹം, സ്വന്തം നാട്ടുകാരന്റെ ചോരകുടിക്കുന്ന നീ ഒന്നും ഒരുകാലത്തും നന്നാവില്ല എന്റെ ദാരിദ്രക്കാവിലമ്മയാണെ സത്യം”
“എടാ നീ ശപിക്കല്ലെ, ആകെ അർദ്ധപ്പട്ടണിയാ അത് മുഴുപ്പട്ടണി ആകും”
സുന്ദരൻ എന്നെ നോക്കി ചിരിച്ചു, വേഗം വീട്ടിൽ എത്താൻ ഞാനവനെ പ്രോത്സാഹിപ്പിച്ചു, ഞങ്ങളുടെ പതചലനങ്ങൾക്ക് വേഗം കൂടി, ഇടുങ്ങിയ ഗള്ളിയിലൂടെ റൂം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, ഗള്ളിയിൽ എപ്പോഴും നല്ലതിരക്കാണ്, അലഞ്ഞിതിരിയുന്ന നാൽക്കാലികളും നായ്ക്കൂട്ടങ്ങളും പതിവ് കാഴ്ച്ച ആയിരുന്നു, നേരം ഇരുട്ടിത്തുടങ്ങിയിരുന്നു എങ്കിലും അങ്ങിങ്ങായി നാണം കുണുങ്ങി നിൽക്കുന്ന നിയോൺ വിളക്കുകൾ തെരുവിന് ഒരു ഈസ്റ്റ്മാൻ ഫിലിമിന്റെ ദൃശ്യഭംഗി നൽകി. എന്റെ മനസ്സിൽ രാധികയായിരുന്നു, സുന്ദരൻ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, ഞാൻ മൂളികേട്ടുകൊണ്ട് നടന്നു ദൂരെ ഞങ്ങളുടെ വീട് കാണായി……..

Monday, August 3, 2009

മരിക്കാത്ത ഓർമ്മകൾ-19

അടുത്ത ദിവസം രാവിലെ ഞങ്ങൾ പതിവ് പോലെ, ജോലിക്ക് പോകാൻ തയ്യാറായി, സുന്ദരൻ കുളികഴിഞ്ഞ് ആദ്യം എത്തി, അടുത്തത് എന്റെ ഊഴമായിരുന്നു, ഞാൻ തോർത്ത് തോളിലിട്ട് ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു ( ഓടി എന്നതാവും ശരി, ജനുവരിയിലെ തണുപ്പ് അസ്ഥിവരെ തുളച്ച്കയറുന്ന പ്രതീതി), ബക്കറ്റിലെ വെള്ളം തലവഴി പൊക്കി ഒഴിച്ചു, സോപ്പ് തേച്ചു എന്ന് വരുത്തി കാരണം അത് വരെ നിൽക്കാനുള്ള ത്രാണി എന്റെ ശരീരത്തിനുണ്ടായിരുന്നില്ല, വ്യക്തി ശുചിത്വം എന്ന മലയാളിയുടെ ദുരഭിമാനം പേർത്തും, പേർത്തും കൂടെകൂട്ടിയവനായിരുന്നു ഞാനും അതുകൊണ്ട് കുളിക്കാതിരിക്കാൻ മനസ്സ നുവദിച്ചില്ല.
കുളികഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ, വിഷണ്ണനായിരിക്കുന്ന സുന്ദരൻ, സുശീലനാവട്ടെ ഇനിയും രണ്ട് മിനിട്ട്കൂടെ ഉറങ്ങാം എന്ന കണക്കുകൂട്ടലിൽ, ചുരുണ്ട് കിടക്കുന്നു. കൂട്ടിയിടിക്കുന്ന പല്ലിനെ നിയന്ത്രിക്കാൻ ഒരു വിഭലശ്രമം ഞാൻ നടത്തി എങ്കിലും, അത് നിർവിഗ്നം തുടർന്നു.
“ എന്തുപറ്റി അളിയ…? ”
“ ഇനീ എന്നാ പറ്റാനാ..?”
ഈശ്വരാ ഇവന്റെ ജനന സമയം ശാരദാമ്മയോട് ചോദിച്ചറിയണം, ഞാൻ സുന്ദരന്റെ അമ്മയെ ശാരദാമ്മ എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് എന്നോട് നല്ല താത്പര്യമായിരുന്നുതാനും.
“ഉം…, നീ കാര്യം പറയടാ..”
“ഇന്ന് വായു ഭക്ഷിക്കാം..”
“വായുവാണെങ്കിൽ കുറയ്ക്കണ്ടാ , ഫ്രീ ആയി കിട്ടുന്നതല്ലെ!! എടാ പുല്ലെ കാര്യം എന്താണെന്ന് പറ“
എനിക്ക് ശരിക്കും ദേഷ്യം വന്നു,സുന്ദരന്റെ മുഖം ഗൌരവം നിറഞ്ഞതായിരുന്നെങ്കിലും, അതിന്റെ കോണിൽ ഒരു പുഞ്ചിരിവിടർന്നു..
“സ്റ്റൌവ്വിൽ മണ്ണണ്ണ ഇല്ല…”
“ഇതിനാണോ നീ ഒരു മാതിരി അമ്മായിയമ്മ പോരു പോലെ മുഖവും വീർപ്പിച്ചിരുന്നത് “
“എനിക്ക് വിശന്നിട്ട് വയ്യാ, കമ്പനിയിലെ പണിയാണെങ്കിൽ മനുഷ്യന്റെ ആയുസ്സ് എടുക്കുന്നതും”
“നീ സമാധാനിക്ക് സുന്ദരാ നമുക്ക് വഴി ഉണ്ടാക്കാം “
ഞാൻ സറ്റൌ എടുത്ത് കുലുക്കിനോക്കി, അല്പം മണ്ണണ്ണ ഉണ്ടെന്ന് തോന്നുന്നു, പമ്പ് ചെയ്ത് സറ്റൌവ്വിൽ കാറ്റ് നിറച്ചു,
“സുന്ദരാ നമുക്ക് ഇന്ന് ബ്രഡ്ഡും, കട്ടനും ആക്കാം എന്നാ പറയുന്നു”
സുന്ദരൻ എന്നെ നോക്കി, അവന്റെ മുഖം വീർത്തുതന്നെ ഇരുന്നു, ഈശ്വരാ ഇവൻ പെണ്ണായി പിറന്നിരുന്നേൽ കെട്ടുന്നവന്റെ ജീവിതം അതോടെ പൊക ആകുമായിരുന്നു,
“ നീ ഒരു കാര്യം ചെയ്യ്, കാപ്പിക്ക് വെള്ളം എടുത്തുകൊണ്ട്‌വാ“
“എടാ ഞാൻ ആദ്യം കാപ്പിക്ക് വെള്ളം വെച്ചതാ, സ്റ്റൌ അണഞ്ഞപ്പോൾ മനസ്സിലായി മണ്ണണ്ണ തീർന്നെന്ന്, ഇനീ നീ കത്തിച്ച് നോക്ക് “
അവന്റെ സംസാരത്തിലെ കളിയാക്കൽ എനിക്ക് മനസ്സിലായി, എന്തായാലും ഒന്നു ശ്രമിച്ച് നോക്കാം. ഞാൻ സറ്റൌവ്വിന്റെ നോബ് തുറന്നു, അല്പം എണ്ണ പുറത്തേയ്ക്ക് ചീറ്റിത്തെറിച്ചു, ഞാൻ അതിലേയ്ക്ക് തീപ്പെട്ടികൊള്ളി കത്തിച്ച് പിടിച്ചു, സറ്റൌവ്വ് കത്തിത്തുടങ്ങി, ചുവപ്പിൽ നിന്നും ഇളം നീല ജ്വാലയിലേയ്ക്ക് സറ്റൌവ്വിലെ തീപടർന്നു ഞാൻ കാപ്പി പാത്രം വച്ചു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ തീ അണഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അപ്പോഴേയ്ക്കും സുശീലൻ ഉണർന്നു,
“അളിയന്മാർ രണ്ടും കൂടെ എന്താണ് രാവിലെ പണി “
“അയ്യോ മക്കൾക്ക് പോത് നിറയ്ക്കാനുള്ള വെള്ളം കാച്ചുവാരുന്നു… എന്താ ഇപ്പോൾ വേണോ “
സുന്ദരന്റെ മൂഡ് ശരിയല്ലന്ന് സുശീലന് മനസ്സിലായി, അവൻ ബ്രഷ് എടുത്തുകൊണ്ട് ബാത്ത്റൂമിലേയ്ക്ക് നടന്നു. ഞാൻ വീണ്ടും സ്റ്റൌ കത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. അല്പം കഴിഞ്ഞപ്പോൾ സുശീലനും “കുളി” കഴിഞ്ഞെത്തി. ഞങ്ങളുടെ തീവ്രശ്രമത്തിൽ, സുശീലനും പങ്കാളിയായി, സ്റ്റൌ ചരിച്ച് പിടിച്ച് തീകത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചു, സുശീലൻ സോസ്പാൻ (ചായപാത്രം) പൊക്കി പിടിച്ചു, അവസാനം വെള്ളം തിളച്ചു, കടിച്ചുകുടയുന്ന തണുപ്പിന് തടയിടാനുള്ള ഞങ്ങളുടെ പരിശ്രമം വിജയിച്ചു, ക്ലോക്കിലെ വലിയ സൂചി പന്ത്രണ്ടും പിന്നിട്ട് മുന്നോട്ട് കുതിച്ചു,പൊട്ടിച്ച ബ്രഡ്പായ്ക്കറ്റിൽ നിന്നും ബ്രഡ് ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു, അവസാനത്തെ ബ്രഡ്പീസ് മാത്രം കൂടിൽ ശേഷിച്ചു (അത് കടിച്ചുതിന്നുക എന്നത് ശ്രമകരമായ പണിയായതിനാൽ)
സുന്ദരന്റെ മുഖം പ്രസന്നമായി, ഉണ്ണിച്ചേട്ടൻ ഇനിയും എത്തിയിട്ടില്ല, കുറച്ച് ദിവസമായി ഉണ്ണിച്ചേട്ടന്റെ ജീവിത രീതിയിൽ മൊത്തം ഒരു മാറ്റം കാണുന്നു, പുലർന്നതിന് ശേഷമാവും നൈറ്റ്ഡ്യൂട്ടി ഉള്ളപ്പോൾ എത്തുക. ഞങ്ങൾ വൈകുന്നേരം എത്തുന്നതിന് മുൻപെ ചേട്ടൻ റൂമിൽ നിന്നും പോയിരിക്കും, ആകെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്പോലെ എനിക്ക് തോന്നി, പക്ഷേ എന്താണ് എന്ന് വ്യക്തമായില്ല.
അന്ന് ഞങ്ങൾ ആയിരുന്നു ആദ്യം കമ്പനിയിൽ എത്തിയത്, അല്പനേരം കഴിഞ്ഞപ്പോൾ ആളുകൾ ഓരോരുത്തരായി വന്നു തുടങ്ങി.ജോലിതുടങ്ങി അല്പം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവിടേയ്ക്ക് വന്നു, കാഴ്ച്ചയിൽ തന്നെ മനസ്സിലായി ഒരു മല്ലു (വടക്കന്മാർ നമുക്ക് തന്നെ ഓമന പേർ “മല്ലു”) ആണെന്ന്. അധികം, പൊക്കമില്ലാത്ത ഇരുനിറക്കാരി ആയിരുന്നു ആ പെൺകുട്ടി, ഏകദേശം ഇരുപത്തിരണ്ട് വയസ്സ് ഉണ്ടാവും. സാമാന്യം നല്ല രീതിയിൽ അവൾ ഹിന്ദി സംസാരിക്കുമായിരുന്നു.ഫോർമാൻ ആകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി, പുതിയ നിയമനം, അങ്ങനെ ഞങ്ങളുടെ കമ്പനിയിൽ (കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലെ) മല്ലൂസിന്റെ എണ്ണം കൂടിവന്നു, കുറഞ്ഞവേദനം, കൂടിയ കാര്യക്ഷമത, ഇതിൽ കൂടുതൽ എന്താണ് ഒരു തൊഴിൽ ദാദാവിന് വേണ്ടത്. കമ്പനിയിലെ ജോലി എല്ലാം ഒരുവിധം നന്നായി തന്നെ നീങ്ങി, ഉള്ളപണി പോകരുത് എന്ന ആത്മാർത്ഥത ഞങ്ങളുടെ പ്രവർത്തിയിൽ നിഴലിച്ചിരുന്നു.