ഞങ്ങൾക്ക് പിറകിൽ രാധിക, ഞാൻ പോരുന്നത് ഇവൾ കണ്ടിരിക്കും, അല്ലെങ്കിൽ ചിലപ്പോൾ എന്തെങ്കിലും വാങ്ങാൻ വന്നതായിരിക്കും.
“മണ്ണണ്ണ തീർന്നുപോയി..”
“ഇവിടെ മണ്ണണ്ണയ്ക്ക് തീ വിലയാ ഒരു ലിറ്റർ വാങ്ങിയാൽ മതി നാളെ ഞാൻ സംഘടിപ്പിച്ച് തരാം”
അവളുടെ സ്വരത്തിലെ അടുപ്പം ഞാൻ ശ്രദ്ധിച്ചു, ലൌലെറ്റർ കൊടുത്ത് പ്രേമിക്കുന്നത് കണ്ടിട്ടുണ്ട് ഇവിടെ മണ്ണണ്ണ കൊടുത്തും വാങ്ങിയും ഒരു പ്രേമം തളിരിടുന്നു. ഒരു പെട്രോളിയം പ്രേമം, കടയിൽ നിന്നും ഞങ്ങൾ മണ്ണണ്ണ വാങ്ങി രാധിക ഒരു കൂട് മെഴുകുതിരിയും വാങ്ങി ഞങ്ങൾക്കൊപ്പം നടന്നു മണ്ണണ്ണ ക്യാൻ ഞാൻ സുശീലന്റെ കൈയ്യിൽ കൊടുത്തു രണ്ട് കൈകളും ഫ്രീയാക്കി…. വിരലുകൾ എപ്പോൾ കഥപറയും എന്ന് പറയാൻ പറ്റില്ലല്ലോ നമ്മുടെ ഭാഗം ക്ലിയർ ആക്കി വയ്ക്കാം. പക്ഷേ ഇത്തവണ വിരലുകൾ ഒന്നും പറഞ്ഞില്ല നിരാശയോടെ ഞാൻ കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി.
“നാളെ വൈകുന്നേരം ഞാൻ വാങ്ങികൊണ്ട് വരാം”
“ശരി എന്നാൽ “
അവൾ താമസിക്കുന്ന വീട് എത്തിയപ്പോൾ കോണിപ്പടിവഴി അവൾ മുകളിലേയ്ക്ക് കയറിപ്പോയി, ഇടയ്ക്ക് തിരിഞ്ഞ് എന്നെ നോക്കി പണ്ട് ശകുന്തള നോക്കിയപോലെ, കാലിൽ ദർഭമുനകൊണ്ടെന്ന് ഭാവിച്ച് ദുഷ്യന്തനെ നോക്കിയപോലെ, ദൈവമേ സ്റ്റെയറിൽ വച്ച് വല്ല ആണിയും കാലിൽ കൊണ്ടാൽ കാൽ സെപ്റ്റിക്കായതുതന്നെ,
“അളിയാ മതി ബാക്കി നാളെ നോക്കാം”
എന്റെ നോട്ടം പരിസരം മറന്നാണെന്ന് മനസ്സിലാക്കാൻ സുന്ദരന്റെ മധുമൊഴി കേൾക്കേണ്ടി വന്നു, അവൻ നടന്ന് കുറച്ച്ദൂരും ചെന്നിരുന്നു. ഞങ്ങൾ ചെല്ല്ലുമ്പോൾ സുന്ദരൻ കിഴങ്ങും സവാളയും തക്കാളിയും ഒക്കെ അരിഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. സുശീലൻ പെട്ടന്നുതന്നെ മണ്ണണ്ണ ഒഴിച്ച് സറ്റൌകത്തിച്ചു, സവാളയും തക്കാളിയും എല്ലാം വഴറ്റിയതിനുശേഷം കിഴങ്ങ് ഇട്ടു അല്പ നേരം കൂടി ഇളക്കി പിന്നെ അതിൽ മീറ്റ് മസാലയും ഉപ്പും ചേർത്തു. എന്റെ ഭാഗം പൂർത്തിയാക്കി ഇനീ സുശീലന്റെ മുഖത്തെ ഭാവവ്യത്യാസമനുസരിച്ച് എത്രവേവായി എന്ന് തീരുമാനിക്കാം.ഉണ്ണിച്ചേട്ടൻ എത്തിയപ്പോൾ നേരം നാന്നായി വൈകിയിരുന്നു, വിശപ്പ് ക്ഷമയെ പരീക്ഷിക്കുന്ന ഘട്ടമെത്തിയപ്പോൾ സുശീലൻ തന്നെ സങ്കടനിവർത്തിക്ക് കാരണമായി,
“അളിയാ എനിക്ക് വിശക്കുന്നു, ഉണ്ണിച്ചേട്ടനെ നോക്കുന്നതിൽ കാര്യമില്ല നമുക്ക് കഴിക്കാം “
എല്ലാവരും അവന്റെ തീരുമാനത്തോട് യോജിച്ചു, സാവധാനം ഇത്തരം തീരുമാനങ്ങൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നുതുടങ്ങി. സുശീലനും സുന്ദരനും അവരുടെ പരിചയക്കാർ മുഖാന്തിരം പണി അന്വേഷിക്കുന്നത് ഊർജ്ജസ്വലമാക്കി, സുശീലന് ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗ് സെക്ഷനിൽ പണിശരിയായി, മറ്റൊരാൾ മുഖേന സുന്ദരന് ഒരു കൊറിയർ കമ്പനിയിൽ ഡെലിവറിബോയിയുടെ പണിയും കിട്ടി.
ഞങ്ങളുടെ മുന്നിൽ വലിയഒരു പ്രശ്നമവശേഷിച്ചത് ഗബ്ബർ സിംഗിന്റെ കൈയ്യിൽ നിന്നും എങ്ങനെ പൈസ മേടിക്കും എന്നതായിരുന്നു. ശമ്പളം കൊടുക്കുന്ന ദിവസം ഞാനും പോയി പതിനഞ്ച്ദിവസത്തെ ശമ്പളം എനിക്ക് കിട്ടാനുണ്ട്. എല്ലാവർക്കും ശമ്പളം കൊടുത്തു, ഞങ്ങൾ ഓഫീസിലേയ്ക്ക് കയറിച്ചെന്നു. ഫാക്ടറിയിൽ ആരും ഞങ്ങളെ കൂടാതെ ഇല്ലായിരുന്നു. ഞങ്ങൾക്ക് പൈസ തരില്ല അടുത്തമാസമേ തരു എന്ന് “ മുതലാളി “ കട്ടായം പിടിച്ചു, ഇന്നുതന്നെ വേണമെന്ന് ഞങ്ങളും അവസാനം ഞങ്ങൾ പുറത്തിറങ്ങി ഗയിറ്റിന്റെ വാതിൽക്കൽ നിന്നു. ഞങ്ങളുടെ ഉള്ളിലെ സഖാക്കൾ തലഉയർത്തിന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഗബ്ബർ സിംഗ് അരയിൽ നിന്നും ബൽറ്റ് ഊരി. അപ്പോഴേയ്ക്കും അയാളുടെ സഹോദരനും അവിടേയ്ക്ക് വന്നു. എനിക്ക് അല്പം ഭയം വന്നുതുടങ്ങി കാരണം അവരുടെ ടാർജറ്റ് ഞാനായിരുന്നു, തല്ലുകൊണ്ടാൽ നാണക്കേട് എന്നതിലുപരി പിന്നെ ആര്യവൈദ്യശാലയിലെ ഒരു ഉഴിച്ചിൽ ഇല്ലാതെ നിവർന്ന് നിൽക്കാൻ പറ്റുമോ എന്ന് സംശയമാണ്. പഞ്ചാബികൾ തല്ലുന്ന കാര്യത്തിൽ മിടുക്കന്മാരാണെന്നാണ് കേട്ടത് ഈശ്വരാ, സുന്ദരനേയും സുശീലനേയും കണ്ടാൽ ആരും തല്ലില്ല, ചെണ്ടക്കോൽ പോലെ വളഞ്ഞ വാരിയെല്ലും പഞ്ഞിപ്പുല്ല് പോലത്തെ നെഞ്ചിലെ രോമവും കണ്ടാൽ ആരും ബോൺവിറ്റ വാങ്ങിക്കൊടുക്കും.
എന്റെ ചുമലിൽ പിടിച്ച് ഗബ്ബ്ബർ സിംഗ് തള്ളി
“സാലാ….. ഏക് പൈസ നഹി ദൂംഗാ മേം “
എന്റെ നിയന്ത്രണവും വിട്ടു പണിചെയ്തതിന്റെ ശമ്പളം ചോദിച്ചതിന്, തെറിവിളിച്ചാൽ അത് കേൾക്കാൻ മാത്രം ദുർബലനായിരുന്നില്ല ഞാൻ
“ക്യാ ബോലാ തൂ….”
ഞാനും അവന്റെ നേരെ അടുത്തു, ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു ഇന്ന് തല്ല് കിട്ടും, ജീവിതത്തിൽ ആദ്യമായി തല്ലുകൊള്ളാൻ പോകുന്നു. സുന്ദരന്റേയും സുശീലന്റേയും മുഖം പേടിച്ച് വിളറിയിരുന്നു.ഒച്ചയും ബഹളവും ആയപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി, ഗബ്ബർ സിംഗിന്റെ അമ്മയും സഹോദരിയും താഴേയ്ക്ക് ഇറങ്ങിവന്നു.
“ക്യാ ഹോരഹാഹെ വഹാം പെർ ?”
അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഗബ്ബർ സിംഗ് ശബ്ദം കുറച്ചു, പിന്നെ അവർ നിർബന്ധിച്ചപ്പോൾ സുന്ദരന്റേയും , സുശീലന്റേയും ശമ്പളം നൽകി അവന്റെ ദേഷ്യം മുഴുവൻ എന്നോടായിരുന്നു…… ഒരുകാര്യം എകദേശം ഉറപ്പായി, എന്റെ പൈസ സ്വാഹാ…… എന്നിലെ കമ്മ്യൂണിസ്റ്റ് ചിന്ത അത് ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. ജോലിചെയ്യുന്നവന് ന്യായമായ വേതനം നൽകണം. അല്ലെങ്കിൽ സമ്മതിച്ച ശമ്പളം നൽകണം അല്ലെങ്കിൽ അത് ചൂഷണമാണ്, ദുർബ്ബലന്റെ മേൽ ബലവാനായ ബൂർഷ്വാസി നേടുന്ന അതീശത്വം. എന്റെ മനസ്സ് കലുഷമായിരുന്നു. ശബ്ദം താഴ്ത്തി സുന്ദരൻ പറഞ്ഞു
“പോട്ടടാ… നമ്മൾ എത്ര പൈസ വെറുതെ കളയുന്നു, വിട്ടുകള. ഞങ്ങളുടെ പൈസ ഉണ്ടല്ലോ തൽക്കാലം നമ്മൾക്ക് പിടിച്ച് നിൽക്കാം”
സുന്ദരൻ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സ് അടങ്ങിയിരുന്നില്ല. ദേഷ്യവും സങ്കടവുമെല്ലാം എന്നെ അസ്വസ്ഥനാക്കി,ഗബ്ബർസിംഗിന്റെ മുഖം മനസ്സിൽ നിന്നും മായാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവന്നു. സുന്ദരനും, സുശീലനും പുതിയജോലിയ്ക്ക് പോയി, ഇൻഡോർ ആയതിനാൽ സുശീലന് സുഖമായിരുന്നു, സുന്ദരന്റെ കാര്യം അല്പം പരിങ്ങലിലും. രാവിലെ തുടങ്ങുന്ന ജോലി ഏറെവൈകി ആവും അവസാനിക്കുക, ഭാഷയുടെ പ്രശ്നം ഒരു വശത്ത്, ജീവിത പ്രശ്നം മറുവശത്ത് എന്തുജോലിയും ചെയ്യും എന്ന ഭാഷ്യത്തെ ദൈവം പരീക്ഷിക്കുകയാണോ എന്ന് തോന്നുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങൾ.